Image

അവർ അച്ഛനും മകനും ( കഥ: രമണി അമ്മാൾ )

Published on 05 July, 2023
അവർ അച്ഛനും മകനും ( കഥ: രമണി അമ്മാൾ )

വൈകുന്നേരം അഞ്ചുമണിക്കുളള മുംബൈ ഫ്ളൈറ്റിനാണ് രാഹുൽ പോകുന്നത്. 
വീട്ടിൽനിന്നും അഞ്ചു കിലോമീറ്റർ ദൂരമേയുളളൂ  എയർപോർട്ടിലക്ക്.
റൺവേ വലംവച്ചു കുതിച്ചുയരുന്ന വിമാനങ്ങൾ ടെറസ്സിൽ നിന്നാൽ വളരെ വ്യക്തമായി  കാണാം. ഒരുപൊട്ടുപോലെ  അകലെ മേഘപാളികളിൽ ഓരോ വിമാനവും ഉയർന്നുമറയുന്നതു നോക്കിനില്ക്കുന്നത് എപ്പോഴും മടുപ്പുളവാക്കാത്ത കാഴ്ച തന്നെ.

ജോലികിട്ടിയതിനുശേഷം  ഇതു മൂന്നാംവട്ടമാണ് രാഹുൽ
നാട്ടിൽ വന്നിട്ടു പോകുന്നത്.  
എയർപോർട്ടിൽ 
കാറുമായി ചെന്നു വിളിച്ചുകൊണ്ടു
വരുന്നതും, 
കൊണ്ടു വിടുന്നതും  അവന്റെ അച്ഛനാണ്.

മകൻ പോകുന്നതുവരെ
ആഴ്ചയിൽ 
ഒരുവട്ടമെങ്കിലും
അയാൾ വീട്ടിലേക്കു വരും.
അവനുമായി ഏറെനേരം
സിറ്റൗട്ടിലിരുന്നു സംസാരിക്കും..
ചിലപ്പോൾ രണ്ടുപേരും കൂടി
പുറത്തേക്കു പോകുകയും ചെയ്യും...

ആ ഭാഗത്തേക്കൊന്നും
താൻ നോക്കാറും കാണാറുമില്ല..

ഒന്നിച്ചു ജീവിക്കുമ്പോഴും
മറ്റൊരുവളെ മനസ്സിൽ
കൊണ്ടുനടന്ന വ്യക്തി..പിന്നീടവളെ ഭാര്യയുമാക്കി.
അയാളുടെ നിഴലുപോലും തന്നെ തീണ്ടാൻ പാടില്ല.  

രാഹുലിനു പത്തുവയസ്സുളളപ്പോഴാണ് തമ്മിൽ 
പിരിയുന്നത്.  

ഒപ്പം ജോലിചെയ്തു
കൊണ്ടിരുന്ന 
വിധവയും പണക്കാരിയുമാ
യ സ്ത്രീ പണ്ട് അയാളുടെ പ്രേമഭാജനമായിരുന്നത്രേ.. 
വീണ്ടും കണ്ടുമുട്ടിയപ്പോൾ 
തനിക്കു ഭാര്യയും കുട്ടിയുമുളള കാര്യം സൗകര്യപൂർവം മറന്നു കളഞ്ഞു.
സർക്കാരുദ്യോഗസ്ഥന്റെ നിയമാനുസൃത 
ഭാര്യ അവരായിരിക്കട്ടെ.

നിലവിലുളള
വിവാഹബന്ധം
കോടതി മുഖാന്തരം വേർപെടുത്തണം,
ഒരു മ്യുച്വൽ ഡൈവോഴ്സ്.
അച്ഛനെന്ന നിലയിൽ
മകനോടുളള കടമകൾ എക്കാലവും
നിർവ്വഹിക്കും..
വീടും പറമ്പും സ്വന്തം പേരിൽ എഴുതിത്തരും.
മാസംതോറും നിശ്ചിത തുകയും മുടക്കമില്ലാതെ ബാങ്കിലിടും...."

പ്രത്യേക ദൂതൻ 
വഴി അക്കാര്യങ്ങൾ  അവതരിപ്പിച്ചപ്പോൾ
ഒരുപാട്
ആലോചിക്കേണ്ടി
വന്നില്ല,
"സമ്മതം" എന്ന ഒരേയൊരു വാക്കു മൂളാൻ..!

ഇപ്പോൾ അയാൾക്ക് കുറ്റബോധമുണ്ടെന്നോ..!

മകനോടു പറഞ്ഞത്രേ,
"നിന്റെ 
അമ്മ ഒരു പാവമാണ്, അവളെ നോക്കിക്കോണമെന്ന്.

ഒരു സ്ഥലത്ത് സ്ഥിരമായി  ജോലിചെയ്യാൻ പറ്റുന്ന സാഹചര്യ
മുണ്ടായാൽ എന്റമ്മയെ ഞാനങ്ങു കൊണ്ടുപോകും...
മകൻ അച്ഛനു കൊടുത്ത മറുപടി.

ഒറ്റയ്ക്കിനി എത്രനാൾകൂടി..? ഒന്നു മിണ്ടാനും പറയാനുംകൂടി ആരുമില്ലാതെ.

കടലിന്റെ ആർത്തിരമ്പൽ  വാതിലടച്ചാലും വളരെയടുത്തു കേൾക്കാം..

സ്റ്റേഷൻ വിടുന്ന  തീവണ്ടികളുടെ ചൂളംവിളികൾ..

രാവെന്നും പകലെന്നുമില്ലാതെ
തലയ്ക്കുമുകളിലൂടെ പറന്നുയരുന്ന വിമാനങ്ങൾ..

അന്തരീക്ഷം ശബ്ദമുഖരിതം..
നിത്യപരിചിതം..
ഒരു മടുപ്പും അനാഥത്വവും തോന്നുന്നില്ല.

ജീവിതം വന്നവഴിയിലൂടെയെല്ലാം തിരിച്ചുവിട്ടവൾക്ക്
എന്ത് അസ്വസ്ഥതകൾ !

എങ്കിലും മകൻ മടങ്ങിപ്പോയ ഈ രാത്രി, ഉറക്കം
മറന്നുപോകുന്ന  കണ്ണുകൾ ഇറുകെയടച്ച് മോനുവിന്റെ മണമുളള കിടക്കയിലേക്ക്  ചാഞ്ഞു കിടക്കുമ്പോൾ തന്റെ നേർക്ക് സ്നേഹം പെയ്യുന്ന മിഴികൾ ഉയർത്തി അവൻ നോക്കുന്നതായി തോന്നി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക