Image

വസന്തം, ഗ്രീഷ്മം ( കവിത: ആറ്റുമാലി)

Published on 30 June, 2023
വസന്തം, ഗ്രീഷ്മം ( കവിത: ആറ്റുമാലി)

മോഹങ്ങൾ എത്രയൊക്കെയാവാം, ഒരായിരം?
അതെ, അത്രമാത്രം; എനിയ്ക്കുമത്രയേ മോഹങ്ങളുളളൂ. 
മോഹങ്ങളുടെ കൈയ്ക്കു പിടിച്ചാണല്ലോ മുന്നോട്ട് യാത്ര;
മോഹങ്ങളില്ലാതെ യാത്ര അസാധ്യമെന്ന് ആരാണറിയാത്തത്!

നാടോടിയെപ്പോലെ നാടായ നാടെല്ലാം ചുറ്റിത്തിരിയണം;
നഗരങ്ങളിൽ നിർഭയം രാപാർക്കണം. നീലാകാശം 
തൊടുന്ന സുന്ദര സൌധങ്ങളിൽ കയറിയിറങ്ങണം.   
ഉറങ്ങാത്ത തെരുക്കളിൽ, മഞ്ഞപ്രഭയിൽ മുങ്ങിമയങ്ങണം!

നാട്ടിൻപുറത്തിന്റെ തേനൂറും നന്മകൾ നുണയണം,
തെളിനീരിൽ മുങ്ങണം, തൊടിയിലെ പച്ചപ്പിലുറങ്ങണം. 
കിളിക്കൊഞ്ചൽ കേട്ടുണരണം, നൂറുനൂറു വർണ്ണശലഭങ്ങൾ
ചിറകുവിരിക്കുന്ന സുപ്രഭാതങ്ങളെ വരവേല്ക്കണം. 

കടലിലിറങ്ങണം, തിരകളിൽ മുങ്ങിപ്പൊങ്ങണം
തിരനിരകൾക്കൊപ്പം സുവർണ്ണ തീരങ്ങളെ പുണരണം;
തീരത്തെ സ്വർണ്ണത്തരികളിൽ പാദമുദ്രകൾ പതിപ്പിക്കണം. 
ചക്രവാളത്തിലെ അന്തിച്ചുവപ്പ് മനസ്സിൽ പകർത്തണം!

തീർന്നില്ല; കുടുംബത്തേക്കുറിച്ച് ഇനിയും പറഞ്ഞില്ല. 
കുടുംബിനിയെ, മക്കളെ, കുഞ്ഞുമക്കളെക്കുറിച്ച്. 
പറഞ്ഞാൽ  തീരില്ല; പിന്നെയും പിന്നെയും മോഹങ്ങൾ,
തിരകൾ തീരത്തെന്നപോലെ, ഒന്നിന് പിന്നിലൊന്നായി ...... 
****   ****
കിടപ്പിലായിട്ട് എത്രയോ നാളാകുന്നു. ഇനിയും എത്ര നാൾ?
മരുന്നിന്റെ മനം മടുപ്പിക്കുന്ന മണമാണ് മുറിയിലെപ്പോഴും. 
സന്ദർശക പ്രവാഹം നിലച്ചു, സഹതാപത്തിന്റെ കുത്തൊഴുക്കും. 
ഇന്ന് ഒരു മോഹമേയുള്ളൂ: ഒന്നെണീക്കാൻ കഴിഞ്ഞെങ്കിൽ!  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക