Image

മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിനം (കഥ: ഷിജു കെ  പി)

Published on 08 June, 2023
മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിനം (കഥ: ഷിജു കെ  പി)

എന്നത്തേയും പോലെ രാവിലെ ആറു മണിക്ക് ഫോണിൽ അലാറം വെച്ച് നീതു കിടക്കാനൊരുങ്ങി.അപ്പോളാണ് മോൻ്റെ വക അമ്മെ ശൂ ശൂ മുള്ളണം.'ഉം അല്ലെങ്കിലും അമ്മമാർക്കാണല്ലോ ഈ പാടൊക്കെ.അച്ഛൻ സുഖമായി ഉറങ്ങുന്നത് കണ്ടില്ലേ.'അവള് തലയണ എടുത്ത് അയാളുടെ മുഖത്തേക്ക് എറിഞ്ഞു മോനെയും കൊണ്ട് ബാത്ത് റൂമിൽ പോയി. അതും കഴിഞ്ഞ് ഉറങ്ങാൻ വന്നപ്പോ അവൻ്റെ അടുത്ത ആവശ്യം 'അമ്മേ കഥ.' 'ഇന്ന് കഥയൊന്നും ഇല്ല.കിടന്ന് ഉറങ്ങ് മോനെ.നാളെ സ്കൂൾ ഉള്ളതല്ലേ.നേരെത്തെ എണീക്കണം.'അവനുണ്ടോ വാശിക്ക് വല്ല കുറവും.തുടങ്ങി അലമുറയിട്ട് കരയാൻ.കൊച്ചിൻ്റെ അച്ഛൻ ഞെട്ടി എണീറ്റു.'എന്താ ഉണ്ടായേ.'
'ഒന്നുമില്ല.ഉറങ്ങിക്കോ.'അവള് പറഞ്ഞു.'എൻ്റെ മോനെ നിൻ്റെ ഒരു കാര്യം.വാ കഥ പറഞ്ഞു തരാം.പണ്ട് പണ്ട് ഒരു കാട്ടില്... '
'അമ്മേ കുതിരേടെ കഥ വേണം.'
'ഓകെ.അത് തന്നെയാ പറയണത്. കാട്ടില് ഒരു കുതിര ഉണ്ടായിരുന്നു....'
അങ്ങനെ ഒരു കണക്കിന് കുതിരേടെ കഥ കേട്ട് അവനുറങ്ങി.
'ഇന്ന് പത്ത് മണിക്ക് കിടക്കണം എന്ന് വിചരിച്ചതാ.സമയം എത്രയായി.അയ്യോ ഒരു മണിയോ.'അവള് വേഗം കിടന്നുറങ്ങി.
രാവിലെ ഗേറ്റിൽ തട്ടും മുട്ടും കേട്ടാണ് നീതു എണീറ്റത്.'ങ്ങേ! എട്ട് മണിയോ.അപ്പോ അലാറം അടിച്ചില്ലെ.ഞാൻ ഇനി അത് ഓഫ് ചെയ്ത് വെച്ച് കിടന്നുറങ്ങിയോ.'അവള് ചാടിയെണീറ്റു ഗേറ്റ് തുറന്നു.പണിക്ക് വരുന്ന തമിഴത്തി ചേച്ചിയാണ്.'എന്നാച്ച് മോളെ.ലേറ്റായിടിച്ചാ..'
'ആ ചേച്ചി, ലേറ്റായി പോയി.'അവള് പാതിയുറക്കത്തിൽ പറഞ്ഞു.ഇനി അടുക്കളയിൽ എന്ത് ചെയ്യും.മോന് പോകും മുമ്പ് ബ്രേക്ഫാസ്റ്റ്,ലഞ്ച് എല്ലാം എങ്ങനെ ശരിയാക്കും.പിന്നെ ഒരു ഓട്ടമായിരുന്നു.ഒരു കണക്കിന് ദോശയും ചമ്മന്തിയും റെഡി ആക്കി. അവന് ഉച്ചക്ക് നൂഡിൽസ് പാക് ചെയ്തു.ഇതിനിടയിൽ പോത്ത് പോലെ കിടന്നുറങ്ങുന്ന അച്ഛനെയും മോനെയും എണീപ്പിച്ചു. ഇനി ചേട്ടനെ വിടണ്ടെ.ആൾക്ക് എന്താണ് കൊടുത്ത് അയക്കുക. ചോറ് അടുപ്പത്താ.എല്ലാം ശരിയാവും.ഇത്രേം ഒപ്പിച്ചില്ലേ ഒരു മണിക്കൂർ കൊണ്ട്.എന്തെങ്കിലും ഒക്കെ ചെയ്യാം.ഒരു കണക്കിന് മോനെയും റെഡിയാക്കി അവള് സ്കൂളിൽ ചെന്നപ്പോ അവിടെ അസംബ്ലി നടക്കുകയാണ്. ആകെ ശോകമയം.എന്ത് പറ്റി ആവോ?കുട്ടികളും കുറവ്.ഇവൻ്റെ ക്ലാസ്സിലെ കുട്ടികളെ കാണാനേ ഇല്ല.ടീച്ചർമാർ ഒക്കെ തല താഴ്ത്തി നിൽക്കുന്നു.അസംബ്ലി കഴിയും വരെ നിൽക്കാം.ഒന്നും മനസ്സിലാവുന്നില്ല.അസംബ്ലി കഴിഞ്ഞ് മോനെയും കൂട്ടി ഒന്നാം ക്ലാസ്സിലേക്ക് പോകും വഴി ടീച്ചറെ കണ്ടു.'എന്താ ടീച്ചറെ പറ്റിയത്.മോൻ്റെ ക്ലാസ്സിലെ കുട്ടികൾ ഒക്കെ എവിടെ?' ടീച്ചർ നീതുവിനെ കലങ്ങിയ കണ്ണുമായി നോക്കി.'ഞാൻ രാവിലെ നമ്മുടെ ക്ലാസിൻ്റെ ഗ്രൂപ്പിൽ മെസ്സേജ് അയച്ചിരുന്നു.അഞ്ചാം ക്ലാസ്സിലെ അരുൺ.. ഇന്നലെ അച്ഛൻ്റെയും അമ്മയുടെയും കൂടെ വെള്ളച്ചാട്ടം കാണാൻ പോയതാ.കല്ലിൽ വഴുക്കൽ ഉണ്ടായിരുന്നു...അവൻ വീണ് പോയി.കുറെ നേരം തിരഞ്ഞിട്ടാണ് ബോഡി കിട്ടിയത്...'ടീച്ചർ വിതുമ്പി കൊണ്ട് പറഞ്ഞു.'എൻ്റെ വീടിൻ്റെ അടുത്താ അവൻ്റെ വീട്.'നീതു ആകെ വല്ലാതെയായി.സാധാരണ ദിവസങ്ങളിൽ ഫോണിൽ മെസ്സേജ് വല്ലതും വന്നോ എന്നൊക്കെ നോക്കാറുണ്ട്.ഇന്ന് എണീക്കാൻ വൈകിയത് കൊണ്ട് ഒന്നിനും സമയം കിട്ടിയില്ല.അവള് മോനെയും കൊണ്ട് വീട്ടിൽ തിരിച്ചെത്തി.'ഫോൺ എവിടെയാ വെച്ചത്. ആ ബെഡ്റൂമിൽ തന്നെ കാണും.ഇന്ന് അത് എടുത്തിട്ടില്ല.'അവള് ഫോണെടുത്ത് നോക്കിയപ്പോൾ പുതിയ മെസേജ് ഒന്നും വന്നിട്ടില്ലല്ലോ.'ടീച്ചർ അയച്ചു എന്നാണല്ലോ പറഞ്ഞത്.പക്ഷേ നോട്ടിഫിക്കേഷൻ ഒന്നും വന്നിട്ടില്ല.ആഹ് എന്തായാലും വാട്ട്സ്ആപ് ഒന്ന് തുറന്നു നോക്കാം.ങ്ങേ!അനങ്ങുന്നില്ലല്ലോ. കോളും പോകുന്നില്ല.എൻ്റെ ഫോൺ ചത്തോ.അയ്യോ ഇനി ഞാൻ എന്ത് ചെയ്യും.'അവളാകെ പരിഭ്രമിച്ചു.അവള് ഫോണും എടുത്ത് കൊണ്ട് അടുത്തുള്ള മൊബൈൽ കടയിലേക്ക് ഓടി.അവർ വൈകുന്നേരം ആകുമ്പോളേക്കും ശരിയാക്കി തരാം എന്ന് പറഞ്ഞു.ഫോൺ കുറെ നാളായി സ്ലോ ആണ്.പഴയ ഫോട്ടോകൾ കളഞ്ഞാൽ സ്പെയ്സ് കിട്ടും എന്നൊക്കെ ചേട്ടൻ നേരെത്തെ പറഞ്ഞിരുന്നു.അവളൊന്നും ചെയ്തില്ല.എന്നിട്ടിപ്പോ ഒരു ദിവസം എണീറ്റ് നോക്കുമ്പോൾ ഫോണും ചത്തു .ഇനി എന്ത് ചെയ്യും.മോൻ്റെ ഹോം വർക്കും സ്കൂളിലെ കാര്യങ്ങളും ഒക്കെ വരുന്നത് അതിലാണ്.പെട്ടന്നാണ് നീതു മോനെ കുറിച്ച് ആലോചിച്ചത്.അവൻ എവിടെ.ഫോൺ കേടായ ധൃതിയിൽ ഓടിയപ്പോൾ അവനെ ശ്രദ്ധിച്ചില്ല.അയ്യോ വീട് പൂട്ടിയിട്ടാണോ ഇറങ്ങിയത്.അവള് സകല ദൈവങ്ങളെയും വിളിച്ച് കൊണ്ട് വീട്ടിലേക്ക് ഓടി.വീട് അടച്ചിട്ടില്ല.അപ്പോ മോനോ.'മോനേ 'എന്ന് അറിയാതെ ഒരു ആർത്തനാദം അവളുടെ ഉള്ളിൽ നിന്ന് വന്നു.അവള് എല്ലാ മുറിയിലും മോനെ തിരഞ്ഞു. എവിടെയും കാണാനില്ല. ഫോണുമില്ല കയ്യിൽ.എങ്ങനെ ചേട്ടനെ വിവരം അറിയിക്കും.എന്ത് ചെയ്യും.അവള് ബെഡ് റൂമിൽ ഇരുന്നു വാവിട്ടു കരഞ്ഞു. അപ്പോള് ബാത്ത് റൂമിൽ വെള്ളം തുറന്ന് വിട്ട ശബ്ദം.അവള് ഓടി ചെന്ന് വാതിൽ തുറന്ന് നോക്കുമ്പോൾ അപ്പുക്കുട്ടൻ മുള്ളി ട്രൗസർ വലിച്ച് കയറ്റുന്നു."ടാ.."അവളുറക്കെ വിളിച്ച് മോനെ കെട്ടി പിടിച്ച് കരഞ്ഞു.അപ്പു കുട്ടൻ പേടിച്ച് പോയി 'എന്താ അമ്മേ.അമ്മ എന്തിനാ കരയുന്നെ.'
'അല്ല നീ ഒറ്റക്ക് മുള്ളാനൊക്കെ പഠിച്ചില്ലേ.അത് കണ്ടപ്പോൾ അമ്മക്ക് സന്തോഷായി.'അവളുടെ ശ്വാസം അപ്പോളാണ് നേരെ വീണത്.'ഇന്ന് രാവിലെ മുതൽ ഫോൺ കേടായ കാരണം എന്തൊക്കെ പുകിലാ ഉണ്ടായേ.എണീക്കാൻ വൈകി,സ്കൂൾ മുടക്ക് ആണെന്ന് അറിയാതെ സ്കൂളിൽ പോയി ഹോ എനിക്ക് വയ്യ ചേട്ടാ.'വൈകിട്ട് ഭർത്താവ് വന്നപ്പോൾ അവൾക്ക് പറയാൻ ഒരു പാട് ഫോൺ വിശേഷങ്ങൾ ഉണ്ടായിരുന്നു.എന്നാൽ മോനെ മറന്ന് വാതിൽ പൂട്ടാതെ കടയിലേക്ക് ഓടിയ ഭാഗം അവള് ബുദ്ധിപൂർവ്വം ഒഴിവാക്കി.അല്ലെങ്കിൽ അതിൻ്റെ പാർശ്വഫലം അവള് തന്നെ അനുഭവിക്കേണ്ടി വരും.അവള് മനസ്സിൽ പറഞ്ഞു 'ഇനിയൊരിക്കലും എൻ്റെ മോനെ മറന്നൊരു കളിയില്ല.ദൈവമേ എന്നോട് പൊറുക്കേണേ.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക