Image

സൗഹാര്‍ദ്ദ സന്ദേശമാകട്ടെ, ഇഫ്താര്‍ സംഗമങ്ങള്‍(നൈന മണ്ണഞ്ചേരി)

നൈന മണ്ണഞ്ചേരി Published on 30 March, 2023
സൗഹാര്‍ദ്ദ സന്ദേശമാകട്ടെ, ഇഫ്താര്‍ സംഗമങ്ങള്‍(നൈന മണ്ണഞ്ചേരി)

         അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നടന്ന ഇഫ്താര്‍ വിരുന്നിന്റെ കാര്യം ''ഇ മലയാളി''യില്‍  വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.  അതില്‍ പങ്കെടുത്ത അഞ്ഞൂറോളം  പേരില്‍  മറ്റു സമുദായത്തില്‍ പെട്ട നൂറ്റന്‍പതോളം പേരും ഉണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.പലപ്പോഴും എവിടെയും മത സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ കേട്ടു കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരം ചടങ്ങുകള്‍ ഏറെ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്.

        ഇങ്ങകലെ കൊച്ചു കേരളത്തില്‍ നിന്നും ഈ നല്ല വാര്‍ത്ത വായിച്ചപ്പോഴുണ്ടായ സന്തോഷം അവിടുത്തെ മലയാളി അസോസിയേഷനുകളുമായി പങ്കു വെക്കുകയും, മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്താന്‍ അവര്‍ക്ക്  കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

             കേരളത്തിലും വര്‍ഷങ്ങളായി തുടരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ സന്ദേശവും മതസൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു തരുന്നു.രാഷ്ട്രീയ സംഘടനകളും മതസംഘടനകളുമൊക്കെ നേതൃത്വം നല്‍കുന്ന ഇഫ്താര്‍ വിരുന്നുകള്‍ കൂടാതെ അതാതു നാടുകളിലെ പ്രമുഖര്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകളുമുണ്ട്. ഗവര്‍ണറും  മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുള്‍പ്പെടെയുള്ള ഭരണാധിപന്‍മാര്‍ സംഘടിപ്പിക്കുന്ന നോമ്പുതുറ സംഗമങ്ങള്‍ വേറെ. .വിവിധ സംഘടനകളില്‍ പെട്ടവര്‍ക്കും വിവിധ ജാതി മതങ്ങളില്‍ പെട്ടവര്‍ക്കും ഒത്തു കൂടാനും സൗഹാര്‍ദ്ദം പങ്കു വെക്കാനുമുള്ള പൊതു വേദി എന്ന നിലയിലും ഇഫ്താര്‍ സംഗമങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

       അതോടൊപ്പം മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ഇഫ്താര്‍ സംഗമത്തിനായി മാത്രമല്ല  വീട്ടിലെ നോമ്പു തുറക്കായാലും നാം തയ്യാറാക്കുന്ന വിഭവങ്ങള്‍ അമിതമാകാനും പാഴായിപ്പോകാനും ഇടയാകരുത് എന്നതാണ്. ഒരിക്കലും ഏതുകാര്യത്തിലായാലും ആര്‍ഭാടവും അമിതത്വവും ഇഷ്ടപ്പെടുന്നവരല്ല അല്ലാഹുവും പ്രവാചകനും [സ.അ]

         ''നിങ്ങള്‍ കടലിലെ വെള്ളത്തില്‍ നിന്നാണ് അംഗശുദ്ധി വരുത്തുന്നതെങ്കില്‍ പോലും  അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. കേവലം പട്ടിണി കിടന്നതു കൊണ്ടുമാത്രം നോമ്പാകില്ല. റമസാന്‍ മാസത്തില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ആരാധനകള്‍ കൃത്യമായി നിര്‍വ്വഹിക്കണം. നിര്‍ബന്ധമായ സക്കാത്ത് കൊടുക്കണം. പ്രത്യേകിച്ചും സഹജീവി സ്‌നേഹം റമസാന്‍ മാസത്തിലെന്നല്ല, എപ്പോഴും നമുക്കുണ്ടാകണം. അത്യുഷ്ണത്തില്‍ കേരളം  വലയുമ്പോള്‍, ചൂടിന്റെ കാഠിന്യത്താല്‍ കുട്ടികളും പ്രായമായവരും മാത്രമല്ല എല്ലാവരും പ്രയാസപ്പെടുമ്പോള്‍  അവര്‍ക്കൊരു താങ്ങായി,തണലായി ദാഹജലം നല്‍കാനുള്ള സംവിധാനവും ഒരുക്കാവുന്നതാണ്.

          ''തണ്ണീര്‍ പന്തല്‍ '' തുടങ്ങിയ പല പേരുകളില്‍ സംഘടനകളും ഭരണാധികാരികളും നാടിന്റെ പല ഭാഗങ്ങളിലും അതിനു സംവിധാനമുണ്ടാക്കുന്നു എന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്.  ദാനധര്‍മ്മാദികളിലും ആരാധനാകര്‍മ്മങ്ങളിലും മുഴുകിയും സഹജീവി സ്‌നേഹം പ്രകടിപ്പിച്ചും ഇതരമതസ്ഥരോട്  സൗഹാര്‍ദ്ദം പ്രകടിപ്പിക്കുകയും ചെയ്യുന്നതാകട്ടെ  ഈ റമസാന്‍ മാസം..
.............................................................................................................................................................................................................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക