Image

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ (അനശ്വരർ: എസ്. ബിനുരാജ് )

Published on 29 March, 2023
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ (അനശ്വരർ: എസ്. ബിനുരാജ് )

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? ഒരു യാത്ര പോകുമ്പോള്‍ നല്ല ഒരു കാഴ്ച കാണുമ്പോള്‍ ഒരു മഴ പെയ്യുമ്പോള്‍ ഒക്കെ പ്രിയപ്പെട്ട ആ ഒരാള്‍ കൂടി അരികില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകില്ലേ?

സ്നേഹിക്കുന്ന മനസുകളുടെ ഈ ആഗ്രഹം ഒരു സാര്‍വലൗകിക സത്യമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി" എന്ന എക്കാലത്തെയും മനോഹരമായ പ്രണയഗാനം ഒ എന്‍ വി എഴുതിയതും. ഈ ഗാനത്തിന്റെ പിറവി അതീവ ഹൃദ്യമാണ്. അതിനെ കുറിച്ച് ഗാനനിരൂപകനായ ടി പി ശാസ്തമംഗലം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്കില്‍ നില്‍ക്കുമ്പോഴാണ് ടി പി യെ ജി ദേവരാജന്‍ വിളിക്കുന്നത്. "നീ ഇങ്ങോട്ട് ഒന്ന് വാ" അത്രയേ ഉള്ളൂ. വേറെ ചോദ്യവും ഉത്തരവും ഒന്നുമില്ല. ചെന്നില്ലെങ്കില്‍ പിന്നെ പിണക്കമാവും. അതാണ് ദേവരാജന്‍ മാഷ്. 

ആകസ്മിക അവധിയുമെടുത്ത് ടി പി നേരെ ദേവരാജന്റെ കരമനയിലുള്ള വീട്ടിലെത്തുന്നു. ഹാര്‍മോണിയത്തിന് മുകളില്‍ ഒരു കവിത എഴുതിയ കടലാസ് ഇരിപ്പുണ്ട്. അത് നോക്കി ഈണമിടാനുള്ള ശ്രമത്തിലാണ്. കടലാസിലെ കൈപ്പട കണ്ടപ്പോള്‍ ടി പിക്ക് ആളെ പിടി കിട്ടി. "ഇത് ഒ എന്‍ വി യുടെ കൈപ്പടയല്ലേ" ടിപിക്ക് അത്ഭുതം അടക്കാനായില്ല. കാരണം ഒ എന്‍ വിയും ദേവരാജനും തമ്മില്‍ പിരിഞ്ഞിട്ട് എട്ട് വര്‍ഷം കഴിഞ്ഞിരുന്നു. ഇരുവരും മുന്‍ശുണ്ഠിയില്‍ ഡോക്ടറേറ്റ് എടുത്തവര്‍. വിട്ടുകൊടുക്കില്ല ഒട്ടും. സൗന്ദര്യപിണക്കം വന്നാല്‍ പിന്നെ പറയണോ. ദേവരാജന്റെ സൗന്ദര്യപിണക്കവും കുപ്രസിദ്ധമാണ്. ശ്രീകുമാരന്‍ തമ്പിയുമായുള്ള മാഷിന്റെ സൗന്ദര്യപിണക്കത്തില്‍ മലയാളത്തില്‍ നഷ്ടമായത് കുറെ നല്ല ഗാനങ്ങളും നേട്ടമായത് എം കെ അര്‍ജ്ജുന്‍ എന്ന സംഗീത സംവിധായകനുമാണല്ലോ. തമ്പി സാറും ഈഗോയുടെ കാര്യത്തില്‍ മോശമായിരുന്നില്ല.

"അതെ ഇത് എഴുതിയത് ഒ എന്‍ വി തന്നെ. എട്ട് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്. അത് നിന്നെ അറിയിക്കണമെന്ന് തോന്നി". ദേവരാജന്‍ പറഞ്ഞു. 
"പക്ഷേ ഈ വെറുതെ എന്ന വാക്ക് എനിക്കങ്ങോട്ട് വരുതിയിലാക്കാന്‍ പറ്റുന്നില്ല" കമ്പോസിംഗിന്റെ തമ്പുരാന്‍ ആയ ദേവരാജന്‍ ആണ് പറയുന്നത്. 
"ഒരു മാത്ര വെറുതെ നിനച്ചു പോയി..." എന്നതിലെ 'വെറുതെ' ആണ് ദേവരാജന്‍ മാഷിനെ കുഴയ്ക്കുന്നത്. പക്ഷേ ആ വെറുതെ പാട്ടിന്റെ ആത്മാവ് ആണ് താനും. എന്തിനാണ് ഒരാള്‍ മറ്റൊരാളെ കുറിച്ച് വെറുതെ നിനയ്ക്കുന്നത്?

ദേവരാജന്‍ മാഷ് ഇതു പോലെ എത്ര വെറുതെ കണ്ടിരിക്കുന്നു. "ബ്രഹ്മാവിനാണോ ആയുസ്സിന് പഞ്ഞം" എന്ന് പറഞ്ഞ് ടി പി പടിയിറങ്ങാനൊരുങ്ങി.

 "നാളെ രാവിലെ തരംഗിണിയില്‍ എത്തണം, അവിടെയാണ് റെക്കോഡിംഗ്". മാഷ് ഓർമ്മിപ്പിച്ചു.

അടുത്ത ദിവസം തരംഗിണിയില്‍ കേട്ടത് ഇനി വരാനുള്ള അനന്തകോടി തലമുറകള്‍ ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാന്‍ പോകുന്ന ഒരു പാട്ടിന്റെ പല്ലവിയായിരുന്നു. വെറുതെ പോലെയുള്ള പിടി തരാത്ത വാക്കുകള്‍ ഒക്കെ ഒരു നാദവൈഖരയില്‍ ഒഴുകിപ്പോയി. പാട്ട് കേട്ട ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ അരികില്‍ ആ നിമിഷം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി.

നീയെത്ര ധന്യ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജേസി മുന്‍കൈയെടുത്താണ് പിണങ്ങിപ്പിരിഞ്ഞിരുന്ന രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളെ ഒരു പാട്ടിലൂടെ വീണ്ടും ഒരുമിപ്പിച്ചത്. വര്‍ഷം 1987. 

പിന്നീട് ആരോ ഒ എന്‍ വിയോട് ചോദിച്ചു. ആ പാട്ടിലെ നീ ആരാണ് എന്ന്. രാത്രിമഴ പെയ്തു തോര്‍ന്ന നേരത്തും കാതരയായൊരു പക്ഷി ചിലച്ച നേരത്തും കവി അരികില്‍ ഉണ്ടാവാന്‍ ആഗ്രഹിച്ചത് ആരെയാണ്? അത് ജി ദേവരാജന്‍ തന്നെയായിരുന്നു എന്നായിരുന്നു ഒ എന്‍ വിയുടെ മറുപടി. അത്രമേല്‍ ഗാഢമായിരുന്നു അവരുടെ സ്നേഹബന്ധം. 1952ല്‍ പൊന്നരിവാളമ്പിളിയില്‍ തുടങ്ങിയ ബന്ധം. അത് മറ്റൊരു കഥയാണ്. അഗാധമായ സൗഹൃദത്തിന്റെ കഥ.

1987 ലെ മാർച്ച് 20നാണ് നീയെത്ര ധന്യ എന്ന പടം റിലീസ് ആകുന്നത്. അപ്പൊൾ ഈ പാട്ടിനും 36 വയസു തികഞ്ഞു എന്ന് പറയാം. പക്ഷേ ഓർമ്മകളിൽ അതിന് പ്രായം ആകുന്നതേയില്ല.

ഓരോരുത്തര്‍ക്കും ഓരോരുത്തരാണ് അരികില്‍ വേണ്ടത്. ഏകാകിയായി ആര്‍ക്കാണ് ജീവിക്കാനാവുക? സ്നേഹിക്കാനുള്ള മനുഷ്യന്റെ കഴിവ് ഇല്ലാതാകുന്നത് വരെ ഈ പാട്ട് മരണമില്ലാതെ തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക