Image

ഇന്നസെന്റ് ഒരു പാഠപുസ്തകം (ചിഞ്ചുതോമസ്)

ചിഞ്ചുതോമസ് Published on 28 March, 2023
ഇന്നസെന്റ് ഒരു പാഠപുസ്തകം (ചിഞ്ചുതോമസ്)

രോഗാവസ്ഥയില്‍ അല്ലെങ്കില്‍ മരണക്കിടക്കയില്‍  ആയിരിക്കുമ്പോള്‍ ഭയപ്പെടുത്തി അത്രെയും നാള്‍ തുടര്‍ന്നു പോന്ന വിശ്വാസം വെടക്കാക്കി കാണിച്ച് രോഗിയുടെ വിശ്വാസത്തെ തനിക്കാക്കുന്ന ഏര്‍പ്പാടുമായി ചുറ്റും കൂടുന്ന ദൈവ ദാസന്മാരെ തന്റെ സങ്കീര്‍ണ്ണമായ നര്‍മ്മത്തിലിട്ടു വട്ടം കറക്കി പറഞ്ഞു വിട്ടിരുന്നു മഹാനായ നടന്‍ ഇന്നസെന്റ്.  മനുഷ്യക്ക് വെറുതേ ഉണ്ടാകുന്ന എല്ലാത്തിനോടുമുള്ള പേടി മാറ്റാന്‍ ഇന്നസെന്റ് തനിക്ക് ഉണ്ടായ അനുഭവങ്ങള്‍  വിളിച്ചു പറയും വഴി സഹായിച്ചിരുന്നു. മറ്റുള്ള രോഗം പിടിപെട്ടു എന്ന് കേള്‍ക്കുമ്പോള്‍ മനുഷ്യര്‍ക്ക് അതൊക്കെ നേരിടാന്‍ ഉണ്ടാകുന്ന ധൈര്യം കാന്‍സര്‍ പിടിപെട്ടു എന്ന് കേള്‍ക്കുമ്പോള്‍ പൊതുവേ ഉണ്ടാകാറില്ല. അത് പിടിപെട്ടു എന്ന് കേള്‍ക്കുമ്പോഴേ ആ രോഗി മാനസികമായി മരണപ്പെടുന്നു എന്നുള്ളതാണ് ഒരു വിധത്തില്‍ സത്യം. പിന്നെ ഉള്ള അവരുടെ ജീവിതം ചികില്‍സിച്ചും പേടിച്ചും മുന്‍പോട്ട് പോകുന്നു. അങ്ങനെ ജീവിക്കുന്ന ജീവിതം അവര്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുമില്ല. അങ്ങനെ ഉള്ള രീതികള്‍ക്ക് ഇന്നസെന്റ് എന്ന മനുഷ്യന്‍ ഒരു തടയിട്ടിട്ടാണ് കടന്നു പോയത്. അദ്ദേഹം ജീവിച്ച നാള്‍ വരെ കാന്‍സര്‍ കൂടെ ഉണ്ടെങ്കിലും പഴയപോലെ മനുഷ്യരെ ഒക്കെ കണ്ട് പേടി ഇല്ലാതെ തമാശകള്‍ പറഞ്ഞും ജീവിതാനുഭവങ്ങള്‍ പറഞ്ഞും സന്തോഷമായി ജീവിച്ചു തീര്‍ത്തു. 
അല്ല ആരാണ് രോഗം വരാത്തവര്‍ ?

അല്ല ആരാണ് ഭൂമി അവസാനിക്കുന്നത് വരെ ജീവിക്കുന്നവര്‍ ?
ഒരു നാള്‍ പോകണ്ടേ! അതിപ്പോ കാന്‍സര്‍ ആണേലും മറ്റെന്താണേലും! അതിനെന്തിനാണ് പേടിക്കുന്നത് ? ജനിച്ചാല്‍ ഉറപ്പുള്ള ഒന്ന് മരണമെല്ലേ? രോഗം വരുന്നത് പാപം ചെയ്തിട്ടെന്നാരുപറഞ്ഞു? അങ്ങനെ എങ്കില്‍ പാപം ചെയ്യാത്തവര്‍ രോഗബാതിതര്‍ ആകില്ലേ? അവര്‍ മരിക്കില്ലേ? 

ഒരു പ്രത്യേക ജാതികള്‍ മാത്രമേ സ്വര്‍ഗ്ഗത്തു കടക്കൂ എന്നാരു പറഞ്ഞു? സ്വര്‍ഗ്ഗം ഉണ്ടെന്നാരു പറഞ്ഞു? ഉണ്ടാകാം. എങ്കിലും അതോര്‍ത്തു പേടിപിച്ച് ജാതി മാറ്റണം മതം മാറ്റണം എന്ന് ദൈവം പറഞ്ഞോ? 

ജോണ്‍ ബ്രിട്ടാസ് പറഞ്ഞ പോലെ കാന്‍സറിന് എട്ടിന്റെ പണിയെല്ലേ കിട്ടിയത്. നര്‍മ്മം കൊണ്ട് ഭീകര രൂപിയായ രോഗത്തെ അമ്മാനമാടി അത് വെറും ഒരു രോഗമാണ് എന്ന തിരിച്ചറിവ് അതിനും ഉണ്ടാക്കി കൊടുത്ത്! എന്തൊരു മുട്ടന്‍ പണിയായിപ്പോയി. ഇനി അത് ഇരിഞ്ഞാലക്കുട ഭാഗത്തേക്ക് വരില്ല. അത്ര നാണംകെട്ടു കാന്‍സര്‍ ഇന്നസെന്റിനെ പിടികൂടിയപ്പോള്‍. 

കുര്‍ബാന കൂടാന്‍ പോകും വഴി പാമ്പുകളി കണ്ട് അവിടെ കുറേ നേരം നോക്കി നില്‍ക്കുന്ന ലാഘവത്തോടെ  സിനിമയില്‍ ഒന്ന് എത്തി നോക്കിയ ആളാണ് എപ്പോ മടുക്കുന്നോ അപ്പോള്‍ വണ്ടി വിടുംന്ന്. തന്റെ അഭിനയം കണ്ട് മടുത്തിട്ടുണ്ട് പോലും! പ്രേക്ഷകര്‍ക്ക് അതൊന്നും അഭിനയമായി തോന്നിയില്ല ഇന്നസെന്റിനെ അവര്‍ ഇന്നസെന്റ് ആയിട്ടുതന്നെ പല സിനിമകളില്‍ പല പേരുകളില്‍ കാണുകയായിരുന്നു. ഞാന്‍ മടുത്തിട്ടേ ഉണ്ടായിരുന്നില്ല. 
ചെല്ലുന്നിടത്തെല്ലാം ഒന്നാമനാകണം എന്ന് നിര്‍ബന്ധമാണ്. എല്ലായിടത്തും ഒന്നാമതാണ്. ദൈവത്തിനോട് പറഞ്ഞുത്രേ കൊണ്ടുപോയാല്‍ ആ കസേര തെരേണ്ടി വരുംന്ന്. എന്നെക്കാള്‍ ഒരു പടി താഴെ ഇരിക്കാന്‍ പറ്റുമോ ദൈവത്തിന് എന്ന് ചോദിച്ചുത്രേ. അപ്പോള്‍ ദൈവം മടങ്ങി പോയിട്ട് പിന്നെ വന്നു കൊണ്ടുപോയി. അപ്പോള്‍ ആ കസേര കൊടുത്തിട്ടുണ്ടാകും. ദൈവം നോക്കിപ്പോഒരു നല്ല രസികന്‍ ജ്ഞാനി. സ്വര്‍ഗ്ഗത്തുള്ള ആള്‍ക്കാര്‍ക്കും പ്രചോദനമാകട്ടെ എന്ന് കരുതിയിട്ടുണ്ടാകും. അല്ല അങ്ങനെ അല്ല എന്ന് നമുക്ക് പറയാന്‍ പറ്റുമോ?

മാധവിക്കുട്ടി(കമലാദാസ്) തന്റെ കിടക്കക്ക് ചുറ്റും ഓടി കളിക്കുന്ന കൃഷ്ണനെ കണ്ടു എന്ന് പറയുമ്പോള്‍ നമുക്ക് കണ്ടില്ല, അങ്ങനെ ഇല്ല എന്ന് പറയാന്‍ പറ്റുമോ? അതുപോലെ തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക