Image

നഗര മധ്യത്തിൽ ഒരു അനസ്തേഷ്യ ക്ലാസ്സ്‌ (അനുഭവം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 05 January, 2023
നഗര മധ്യത്തിൽ ഒരു അനസ്തേഷ്യ ക്ലാസ്സ്‌ (അനുഭവം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )
.
"ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാ. വിത്തൗട്ട് മാത്തമാറ്റിക്സ് ഭൂമിയൊരു വട്ടപൂജ്യമാണ്". ഇങ്ങനെ പറഞ്ഞത് സ്ഫടികത്തിലെ ചാക്കോ മാഷ് ആണ് . അതേപോലെ ഒരു മാഷ് എന്റെ ഉള്ളിലും ഉണ്ട്. മെഡിക്കൽ ലോകത്തിന്റെ സ്പന്ദനം നിലനിർത്തുന്നത് 'അനസ്തേഷ്യ' എന്ന് കരുതുന്ന  ഒരു അനസ്തീഷ്യയോളജിസ്റ്റ്. ഞങ്ങൾ ഇല്ലെങ്കിൽ മെഡിക്കൽ ലോകം നിശ്ചലമായേക്കുമെന്ന്  ഭയപ്പെടുന്ന ഒരു അതിവിചാരം എനിക്കുണ്ട്.
 
കോവിഡിന് ശേഷം ചെരുപ്പ് വാങ്ങൽ വളരെ കുറവായിരുന്നു. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അകത്തേക്കും പുറത്തേക്കുമായി ഒരു ചെരുപ്പ് മാത്രം അവശേഷിച്ചു.  കണ്ടാൽ അത്രയ്ക്കൊന്നും വില തോന്നാത്ത 3000 രൂപയുടെ ഒരു ബ്രാൻഡ് ചെരുപ്പ്. അതിന് കാര്യമായ തേയ്മാനം ഒന്നും വന്നിട്ടില്ലെങ്കിലും പുറത്തേക്കിടുന്നത് അകത്ത് എങ്ങനെ ഇടും എന്നൊരു വീണ്ടുവിചാരം എനിക്കുണ്ടായി.  പിന്നെ ആലോചിച്ചില്ല കോട്ടയം ടൗണിൽ പ്രശസ്തമായ ഒരു ചെരിപ്പു കടയിലാണ് കയറി പറ്റിയത്. കാലിൽ കിടക്കുന്ന വിലകൂടിയ ചെരിപ്പ് അവർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. മാഡം എവിടെയാണ് വർക്ക് ചെയ്യുന്നത് എന്ന അവരുടെ ചോദ്യത്തിന് പല മുനകൾ ഉണ്ടല്ലോ എന്ന് എനിക്ക് വെറുതെ തോന്നിയതല്ല.
ഏത് റേഞ്ചിലുള്ള ചെരിപ്പ് വേണം എടുക്കുവാൻ എന്നതാണ് പ്രധാനം വിഷയം. ഞാൻ പറഞ്ഞു ഡോക്ടറാണ്. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്തു. ഏത് വിഭാഗത്തിൽ ആയിരുന്നു?   അനസ്തീഷ്യ വിഭാഗത്തിൽ.. അടുത്ത ചോദ്യം ഉടനെ വന്നു. അപ്പോൾ കുട്ടികളെ പഠിപ്പിക്കേണ്ട അല്ലേ?. 
പതിവ് ചോദ്യം, എനിക്ക് കേട്ടപ്പോൾ ചിരി വന്നു.90% സാധാരണക്കാരുടെയും ഒരു ധാരണയാണ് മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പഠിപ്പിക്കുന്നു, ചിലർ രോഗികളെ കാണുന്നു, മറ്റു ചിലർ ജോലിയെടുക്കുന്നു. സാധാരണ ഞാൻ എന്തെങ്കിലും ഒന്നു പറഞ്ഞ് ഒഴിഞ്ഞുമാറാറാണ്‌ പതിവ്..പക്ഷെ അന്ന് ഞാൻ സംസാരിക്കാൻ പറ്റിയ ഒരു മൂഡിലായിരുന്നു.
 
See. Medical college ലെ എല്ലാ ഡോക്ടർസും ജോലി ചെയ്തു കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അല്ലെങ്കിൽ  കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ഷോപ്പിൽ ഉണ്ടായിരുന്ന രണ്ടു യുവാക്കൾ കൂടി എനിക്കു മുൻപിൽ വന്നു നിന്നു, "ക്ലാസ്" അറ്റൻഡ് ചെയ്യാൻ. ഞാൻ തുടർന്നു, ഇപ്പോൾ അന്നേസ്തേഷ്യ ആണെന്ന് വച്ചോ,. ഓപ്പറേഷനും, അന്നേസ്തെഷ്യയ്ക്കും ഉള്ള രോഗികളെ ഞങ്ങൾ ഒരുമിച്ചു കാണുന്നു. Problems ശ്രദ്ധിക്കുന്നു. അന്നേസ്തെസിയ്ക്ക് വന്നേക്കാവുന്ന റിസ്ക് പഠിച്ചു, ആ പ്രോബ്ലത്തിനും സർജറിക്കും ഏറ്റവും ഉചിതമായ അന്നേസ്തേഷ്യ ടെക്‌നിക് പ്ലാൻ ചെയ്യുന്നു. പിറ്റേന്ന് സർജറിക്കു മുൻപായി സ്റ്റുഡന്റസ് ആണ്‌ ഇവരെ identify ചെയ്ത് കറക്റ്റ് ഓപ്പറേഷൻ തിയേറ്ററിൽ എത്തിക്കുന്നത്.
 
പിന്നീടുള്ള അന്നേസ്തേഷ്യ പ്രക്രിയകൾ എല്ലാം സ്റ്റുഡന്റസ് കണ്ടും, കേട്ടും, ചെയ്തും പരിശീലിക്കുന്നു. ഞങ്ങൾ ഡോക്ടർസ് അവർക്ക് പറഞ്ഞു കൊടുത്തും കാണിച്ചു കൊടുത്തും, ചെയ്യിപ്പിച്ചും തെറ്റുകൾ തിരുത്തിയും പഠിപ്പിക്കുന്നു. ഒരു തരം ഗുരുകുല വിദ്യാഭ്യാസം പോലെ. ഒരുനാൾ ഈ കുട്ടികൾ ലാർവയിൽ നിന്നും വർണ്ണ ചിറകുകൂടഞ്ഞു പൂർണ്ണ വളർച്ചയെത്തിയ ചിത്ര ശലഭങ്ങൾ പുറത്തു വരുന്നത് പോലെ  സ്വതന്ത്രരായി   അന്നേസ്തേഷ്യ കൊടുക്കുവാൻ പ്രാപ്തരായ അന്നേസ്തേഷ്യ ഡോക്ടർസ് ആയി പുറത്തു വരുന്നു. മനസ്സിലായോ ?
 
ഞാൻ ക്ലാസ് ഒന്നു നിർത്തി. എനിക്കു ചുറ്റും ഓഡിയൻസ് കൂടിക്കൊണ്ടിരുന്നത്  ഞാൻ അപ്പോൾ മാത്രമാണ് ശ്രദ്ധിച്ചത്. ഒരു ചെറുപ്പക്കാരി കസേര വലിച്ചിട്ടിരിക്കുന്നു. അവരും "ക്ലാസ്സ്‌" കേൾക്കുകയാണ്..ആദ്യം കൂടെക്കൂടിയ രണ്ടു പയ്യൻസിനോട് ഞാൻ ചോദിച്ചു നിങ്ങൾ ചെരുപ്പ് വാങ്ങാൻ വന്നതാണോ? അല്ല ഇവിടുത്തെ സെയിൽസ്മാൻ മാരാണ്. ആൾക്കൂട്ടം കണ്ട് വന്നവർ വന്നവർ അവിടെ എത്തിനോക്കി. അവരും അവിടെ നില ഉറപ്പിച്ചു.
ഇനി പത്തോളജി ഡോക്ടർമാരുടെ കാര്യം എടുക്കാം. ഓപ്പറേഷനു ശേഷം ഇപ്പോഴും ജീവിച്ചിരിക്കുന്ന രോഗികളുടെ അവയവങ്ങളെയാണ് അവർ മൈക്രോസ്കോപ്പിന് അടിയിൽ വച്ച് വിശദമായി പരിശോധിക്കുന്നത്. അവർ കൊടുക്കുന്ന പത്തോളജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നെയുള്ള രോഗിയുടെ ചികിത്സ നടക്കുന്നത്.
 
മൈക്രോസ്കോപ്പിന് അടിയിലിരിക്കുന്ന ഈ 'ലോകം 'കുട്ടികൾ 50, 100 തവണ കണ്ടു മനസ്സിലാക്കിയാണ്  മനസ്സിൽ പ്രതിഷ്ഠമാക്കുന്നത്.  ഒരാൾ
സംശയം ചോദിച്ചു -അപ്പോൾ ഈ ഡെഡ് ബോഡി കീറിമുറിക്കുന്നവർ രോഗികളെ നോക്കുന്നുണ്ടോ? അനാടോമികാരുടെ കടാവറും പോലീസ് സർജന്റെ അല്ലെങ്കിൽ ഫോറിൻസിക്ക് സർജൻ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡെഡ് ബോഡിയും ഒക്കെ ഒരിക്കൽ ജീവനുള്ളവർ ആയിരുന്നല്ലോ? അപ്പോൾ അതും രോഗി പരിശോധനയും പഠിപ്പിയ്ക്കലുമായി വേണം കരുതാൻ. മനസ്സിലായോ?
 
മരിച്ചയാൾക്ക് നീതി കിട്ടുവാനാണ് ഒരു പോസ്റ്റ്മോർട്ടം നടത്തുന്നത്.. അവർ മനസ്സിലായി എന്ന് തലയാട്ടി. ആരും തലയാട്ടിപ്പോകും, അത്ര ഗംഭീര ക്ലാസ്സ്‌ അല്ലേ ചെരുപ്പുകടയിൽ നടക്കുന്നത്. അവസാനം ഞാൻ പറഞ്ഞു നിർത്തി. മനുഷ്യരുമായോ, മനുഷ്യാവയവങ്ങളുമായോ ബന്ധപ്പെട്ടാണ് അവിടെ എല്ലാ ശുശ്രൂഷകളും പഠിപ്പിക്കലും നടക്കുന്നത്.. അതു കൊണ്ടു തന്നെ മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർസും രോഗി ശുശ്രൂഷകരും ഒപ്പം ടീച്ചേഴ്‌സുമാണ്..
 
ഓഡിയൻസ് പിന്നേയും കൂടി വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം ബില്ലു കൊടുത്തു് വെളിയിൽ കടന്നു. ദോഷം പറയരുതല്ലോ കടയുടമ ചെരിപ്പുകൾക്ക് പുറമെ എനിക്കൊരു ലെദർ പേഴ്സ് കോംപ്ലിമെന്റ് ആയി വച്ചിരുന്നു. നോക്കണേ ഒരു ക്ലാസ്സ്‌ എടുത്തതിന്റെ വലുപ്പം..
 
 
Dr KUNJAMMA GEORGE 
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക