Image

വയലാർ സ്മരണാഞ്ജലി : രമണി അമ്മാൾ

Published on 31 October, 2022
വയലാർ സ്മരണാഞ്ജലി : രമണി അമ്മാൾ

ചന്ദ്രക്കളഭം ചാർത്തിയുറങ്ങുന്ന പ്രണയമനോഹര തീരങ്ങളിൽനിന്ന്, സ്നേഹിച്ചു കൊതിതീരാതെയും,
ജീവിച്ചുമതിയാവാതെയും,
വയലാർ രാമവർമ്മയെന്ന
അനശ്വര കവി മടങ്ങിപ്പോയിട്ട്  47 വർഷങ്ങൾ... !

സ്വർഗ്ഗത്തിൽനിന്നും വിരുന്നു വരുന്ന സ്വർഗ്ഗകുമാരികളായി ചിത്രശലഭങ്ങളായി, ആ ഗന്ധർവ്വകവിയുടെ ഗാനങ്ങൾ ഇന്നും നമ്മെ തേടിയെത്തുന്നു..

മലയാള ചലച്ചിത്ര ഗാനങ്ങളിലെ സുവർണ്ണ രേഖയാണ് വയലാർ രാമവർമ്മ. 
നിലാവിന്റെ രസഭേദങ്ങളും, മഴയുടെ പകർന്നാട്ടങ്ങളും, കാറ്റിന്റെ അലസ ഗമനങ്ങളും, 
പൂവുകളുടെ വർണ്ണ വൈവിധ്യങ്ങളുമെല്ലാം മലയാളി കേട്ടറിഞ്ഞതും, കണ്ടാസ്വദിച്ചതും, 
വയലാർ ഗാനങ്ങളിലൂടെയാ
യിരുന്നു.
അദ്വിതീയമായ കാവ്യ ചൈതന്യം കൊണ്ട് ആസ്വാദകരുടെ മനസ്സിൽ കുളിരു പകർന്ന കവി എന്നതിലുപരി, ജീവിതത്തെ ആഴത്തിൽ നോക്കിക്കണ്ട തത്ത്വചിന്തകനായിരുന്നു വയലാർ. 

വയലാർഗാനങ്ങൾ വെറും പാട്ടുകളായിരുന്നില്ല. സമ്പുഷ്ടമായ കാവ്യബിംബങ്ങളുടെ അക്ഷയഖനിയായിരുന്നു. നിലാവിൽ ജ്വലിക്കുന്ന ചന്ദ്രകാന്തം പോലെ അവ നമ്മുടെയെല്ലാം മനസ്സുകളെ പ്രകാശപൂരിതമാക്കി.

മനസ്സൊരു മയിൽപ്പേട, മണിച്ചിറകുള്ള മയിൽപേട, മാരിപ്പൂ കണ്ടും 
മാനപ്പൂ കണ്ടും മദിക്കും മയിൽപ്പേട'' 
എന്ന ഒറ്റഗാനം മതിയാവും വയലാർ ഗാനങ്ങളിലെ കാവ്യബിംബങ്ങളുടെ ആഴമറിയാൻ. 
അസ്ഥികൾ അഴിയിട്ട ഉടൽക്കൂട്ടിലെ 
പാവം തടവുകാരിയായി മനസ്സിനെ സങ്കൽപ്പിച്ച മറ്റാരുണ്ട്..! 

വയലാറിന്റെ പ്രണയഭാവന കൈവെക്കാത്ത തലങ്ങളില്ല. ഭാരതപ്പുഴയിലെ ഓളങ്ങളും, ആലുവാ പുഴയുടെ തീരങ്ങളും പാടിയ എത്രയെത്ര പ്രണയകവിതകൾ! 

"ഇതിഹാസങ്ങൾ ജനിക്കും മുമ്പേ, 
ഈശ്വരൻ ജനിക്കും മുമ്പേ പ്രകൃതിയും കാലവും, പിന്നെ കവിയും  ഒരുമിച്ചു പാടീ പ്രേമം..
ദിവ്യമാമൊരനുഭൂതി..

പ്രണയഗാനങ്ങളെഴുതുമ്പോള്‍ വയലാറിന്റെ തൂലിക മന്മഥശരങ്ങളായി മാറുന്ന ഇന്ദ്രജാലത്തിന് എത്രയോ ഗാനങ്ങള്‍ ഉദാഹരണങ്ങൾ..!
 ‘വെണ്ണതോല്‍ക്കുമുടലോടെ…… 

സംഗമം സംഗമം ത്രിവേണി സംഗമം ……..

‘ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദന്‍തോട്ടം എനിക്കുവേണ്ടി ……. 

‘താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി …… 

പുഷ്പഗന്ധി സ്വപ്‌നഗന്ധി പ്രകൃതി ……

‘നാളികലോചനേ നിന്‍ മിഴികള്‍ക്കിന്നു നീലിമയെന്തിനു കൂടി ……. 

‘തങ്കത്തളികയില്‍ പൊങ്കലുമായ് വരും തൈമാസ തമിഴ് പെണ്ണേ ….. 
‘ഇരുന്നൂറ് പൗര്‍ണ്ണമി ചന്ദ്രികകള്‍……. 

‘പനിനീര്‍മഴ പൂമഴ തേന്‍മഴ …… 
എന്നീ ഗാനങ്ങളൊക്കെ പുരുഷ ചേതനകളെ രതിസാഗരത്തിന്റെ കാണാച്ചുഴികളിലേക്ക് കൂട്ടി കൊണ്ടുപോയി അനുഭൂതികള്‍ പകര്‍ന്നു നല്‍കിയവയായിരുന്നു.

പ്രണയം പോലെ പ്രണയഭംഗങ്ങളേയും വളരെ വാചാലമായാണ് വയലാർ ആവിഷ്ക്കരിച്ചത്. 

നെഞ്ചു പൊട്ടി കരയുന്ന എത്രയോ കാമുക ഹൃദയങ്ങളെ വയലാർ നമുക്ക് കാണിച്ചു തന്നിരിക്കുന്നു... 

"സുമംഗലീ നീയോർമ്മിക്കുമോ, സ്വപ്നത്തിലെങ്കിലും ഈ ഗാനം.. '..

സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ സന്ധ്യാപുഷ്പവുമായ് വന്നു....

കണ്ണൂനീർ മുത്തുമായ് കാണാനെത്തിയ.കതിരുകാണാക്കിളി ഞാൻ.. 

പ്രേമഭിക്ഷുകീ....ഭിക്ഷുകീ
ഏതു ജന്മത്തിൽ, 
ഏതു സന്ധ്യയിൽ എവിടെവച്ചു കണ്ടു.....

മാനസ മൈനേ വരു..
മധുരം കിളളിത്തരൂ...
എന്നിങ്ങനെ എഴുതപ്പെട്ട വയലാർ ഭാവന ഇന്നും എന്നും നമ്മുടെ മനസ്സിൽ വികാരത്തിന്റെ ഓളക്കുത്തുകൾ തീർത്തുകൊണ്ടിരിക്കും..

സ്ത്രീയുടെ മനസ് ഒരു പക്ഷേ സ്ത്രീയേക്കാൾ മനസ്സിലാക്കിയ കവിയാണ് വയലാർ. 
അമ്മയായും കാമുകിയായും ദേവതയായും  കവിതകളിൽ 
സ്ത്രീ നിറയുന്നു. അമ്മയോടുള്ള തന്റെ ഗാഢമായ ആത്മബന്ധം കുറിച്ചിട്ട,
അമ്മേ,... അമ്മേ. അവിടുത്തെ മുമ്പിൽ ഞാനാര്? ദൈവമാര്..?' എന്ന ഒറ്റ ഗാനം കൊണ്ട് സ്ത്രീയെ ദൈവത്തേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിക്കുന്നു വയലാർ.  

നൂറു കണക്കിന് കവിതകളും ആയിരത്തി നാനൂറിൽപ്പരം നാടക/ ചലച്ചിത്രഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച വയലാർ എന്ന അനശ്വരകവി  . മതിയാകും വരെ, കൊതി തീരും വരെ ഈ നിത്യഹരിതഭൂമിയിൽ വാഴാൻ കൊതിച്ച മനുഷ്യ സ്നേഹിയായിരുന്നു.

പാലാഴി കടഞ്ഞെടുത്ത് അദ്ദേഹം നമുക്ക് പകർന്നു നൽകിയ അമൃതകുംഭം കാലമെത്ര കഴിഞ്ഞാലും ഇവിടെ ബാക്കിയുണ്ടാവും..

ARTICLE ABOUT VAYALAR RAMA VARMA   REMANY AMMAL

Join WhatsApp News
പ്രിയ ഉണ്ണികൃഷ്ണൻ 2022-10-31 10:26:44
വളരെ വളരെ മനോഹരം. ഗംഭീര അവലോകനം. മനുഷ്യന്റെ വികാരങ്ങളെ ഇത്രമേൽ ആഴത്തിൽ വർണ്ണിച്ച ഒരു കവി വേറെ ഉണ്ടാവില്ല. അഭിനന്ദനങൾ 🌹🌹🌹🙏🙏🙏
Sreelatha RNair 2022-10-31 10:50:58
Excellent write up..Congrats🌹 പ്രിയ കവിക്ക് പ്രണാമം 🙏🏻
Lathaprem Sakhya 2022-10-31 13:26:01
A great summing up Remani, you have etched him vividly. Thank you
ഗീതാഞ്ജലി 2022-10-31 13:57:52
വളരെ മനോഹരം 🙏🙏🙏👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക