Image

റാണി ബി മേനോൻ എഴുതുന്ന കിനാശ്ശേരിക്കാലം  ഇ-മലയാളിയിൽ വായിക്കുക

Published on 29 September, 2022
റാണി ബി മേനോൻ എഴുതുന്ന കിനാശ്ശേരിക്കാലം  ഇ-മലയാളിയിൽ വായിക്കുക

കിനാശ്ശേരിക്കാലം-1

സൂര്‍ത്തുക്കളേ കിനാശ്ശേരി എന്ന ജനറിക് നെയിം തല്‍ക്കാലം ഞാനെടുത്തോട്ടെ? പകരം അതിലും നല്ലൊരു നാട്ടുപേര് എന്റെ കുരുട്ടു ബുദ്ധിയിലുദിക്കുംവരെയെങ്കിലും?
അപേക്ഷയാണ്. കേള്‍ക്കുമാറാകണം.(പാവമാമെന്നെ കാക്കുമാറാകണം-പാവമാണ്, കണ്ടാല്‍ മനസ്സിലാവും)
അപ്പോ തൊടങ്ങാം.
കിനാശ്ശേരി ഗ്രാമം. മറ്റേതൊരു ഗ്രാമവും പോലെ എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തമായ (എന്റെ സങ്കല്പത്തിലെ)ഒരു നെഹ്‌റൂവിയന്‍ ഗ്രാമമായിരുന്നു(ഒരു സ്റ്റൈലിന് പറഞ്ഞതാ, നിര്‍വചനം ചോദിച്ചു പീഡിപ്പിക്കരുത് പ്ലീസ്). ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസല്‍മാന്‍മാരും താന്താങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും പങ്കുവച്ചും, മുന്‍കാല ഡംഭുകള്‍ അയവിറക്കിയും, സ്‌നേഹത്തോടെയും ചിലപ്പോഴൊക്കെ മുറുമുറുപ്പോടെയും അടുത്തടുത്ത ചെറുവീടുകളില്‍ താമസിച്ചു.
സ്വയം പര്യാപ്തം എന്നു ഞാന്‍ പറഞ്ഞത് വെറുതെയല്ല. കിനാശ്ശേരിക്ക് സ്വന്തമായി പലചരക്കു കട, ചായക്കട തയ്യല്‍ക്കട, തുണിക്കട, കള്ള/ ചാരായ ഷാപ്പുകള്‍..., എന്നിവയും, അധ്യാപകര്‍, അലക്കുകാര്‍, ക്ഷുരകന്‍, വൈദ്യന്‍, തയ്യല്‍ക്കാരന്‍,..... എന്നീ സര്‍വീസ് പ്രൊവൈഡേഴ്‌സും,
ഭ്രാന്ത്, പാണ്ട്, ക്ഷയ, കുഷ്ഠ രോഗികളും
ബുദ്ധിജീവി, ബുദ്ധി ഇല്ലാത്ത ജീവി, മന്തന്‍, പൊട്ടന്‍, അഹങ്കാരി.... എന്നീ ജീവിവൃന്ദവും, മറ്റു പക്ഷിമൃഗാദികളും, വൃക്ഷലതാദികളും, എന്നുവേണ്ട എല്ലാ 'സെറ്റപ്പും' സ്വന്തം.
നോഹയുടെ പേടകം എന്നു പറയാം.
പശുവിനെ വളര്‍ത്തുന്നവരുടെ വീടുകളില്‍ നിന്നും പശു വളര്‍ത്താത്തവര്‍ പാലും മോരും വാങ്ങി. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് കല്യാണിയും, കാമാക്ഷിയും, അമ്മിണിയും(എല്ലാം അമ്മ എന്നു ചേര്‍ത്തു വായിക്കുക) വെള്ളം ചേര്‍ത്ത് അഡ്ജസ്റ്റ് ചെയ്ത് എല്ലാവര്‍ക്കും വീതം വച്ചു. പാലില്‍ വെള്ളം കൂടുതലാണെന്നു മുറുമുറുത്ത കമലാക്ഷി ടീച്ചറോട്
'എന്തു ചെയ്യാനാ ടീച്ചറെ കത്തണ ചൂടല്ലെ പശു കണ്ടമാനം വെള്ളം കുടിക്കണ്ട് അതോണ്ടാ' എന്നു കല്യാണിയമ്മ സമാധാനം പറഞ്ഞു. കമലാക്ഷിടീച്ചര്‍ മുഖം കയററിപ്പിടിച്ച് അകത്തേയ്ക്ക് കയറിപ്പോയി. അവരുടെ അമ്മായിയമ്മചെവി കേള്‍ക്കാത്ത സാവിത്രിയമ്മ വീണ്ടും അതേ ചോദ്യം ചോദിച്ചു. കല്യാണിയമ്മ അതേ പാഠം ഉച്ചത്തില്‍ ചൊല്ലി. മുകളിലിരുന്ന് അതുകേട്ടൊരു പുള്ള് ചിരി സഹിക്കാനാവാതെ പറന്നുപോയി.


# കിനാശ്ശേരിക്കാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക