Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-15 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 21 July, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-15 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

101
ഹൃദയത്തുടിപ്പുകള്‍

അമ്മച്ചിയുടെ നാല്‍പ്പതാം വയസ്സിലാണു ഞാന്‍ ജനിച്ചത്. എനിക്കു നാല്‍പ്പതു കഴിയുംവരെ അമ്മച്ചി ജീവിച്ചിരുന്നു. എന്റെ നാല്‍പ്പതാം വയസ്സിലാണു ചെറുതു ജനിച്ചത്. അവള്‍ക്കു നാല്‍പ്പതാകുംവരെ ഞാനുണ്ടാകുമെന്ന് അവള്‍ക്കു വാക്കു കൊടുത്തിട്ടുണ്ട്. പോയാലൊരു വാക്ക്, അത്രയല്ലേയുള്ളു!
ചെറുതിനെ ഗര്‍ഭിണിയായിരുന്നപ്പോളുണ്ടായിരുന്ന കോംപ്ലിക്കേഷനോടൊപ്പം പഞ്ചസാരയുടെ അസുഖവുംകൂടി വന്നതിനാലാവാം, കുഞ്ഞിന്റെ കുഞ്ഞുഹൃദയത്തിനു സാരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അമേരിക്കയിലെത്തിയശേഷം, അച്ഛായുടെ പേരുള്ള ഒരു ഡോക്ടറുടെ മാന്ത്രികക്കൈകളാണ് ആ കുഞ്ഞുഹൃദയം തുന്നിച്ചേര്‍ത്തത്!
കൈപ്പുണ്യം നിറഞ്ഞ ആ കൈകളില്‍ ഒന്നു സ്പര്‍ശിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാനിന്നും കരുതുന്നു. ആ പുണ്യാത്മാവിന്റെയടുത്ത് ഞങ്ങളെയെത്തിച്ചത് പ്രേമച്ചേച്ചിയായിരുന്നു. തമ്പിച്ചാച്ചനോടും
പ്രേമച്ചേച്ചിയോടുമുള്ള സ്‌നേഹവും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാംദിവസം നദിക്കുട്ടിയുടെ കല്യാണത്തിന് ഒരു തുമ്പിയെപ്പോലെ അവള്‍ പറന്നുനടന്നത് അവിശ്വസനീയമായിരുന്നു.
ഇന്നേവരെ പാലോ പഴങ്ങളോ പച്ചക്കറികളോ മീനോ ഇറച്ചിയോ മുട്ടയോ ഒന്നും കഴിക്കാതെ, കുതിരയെ ഓടിച്ചുനടക്കുന്ന അവള്‍ പലര്‍ക്കുമൊരത്ഭുതമാണ്!
ഇഷ്ടത്തോടെ കഴിക്കുന്ന അല്‍പ്പാഹാരം മാത്രമാണ് അവള്‍ക്കാവശ്യമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കഴിഞ്ഞദിവസം അവള്‍ പറഞ്ഞു, എനിക്ക് എഴുത്തിനോടുള്ള ഇഷ്ടംപോലെതന്നെയാണ് കുതിരയോട് അവള്‍ക്കുമുള്ളതെന്ന്. എന്തായാലും ഞങ്ങളുടെ ഇഷ്ടങ്ങള്‍ തിരിഞ്ഞുപോകാതിരുന്നതു നന്നായി. പൊടിയും ചൂടുമൊക്കെ സഹിച്ച് ദേഹമനങ്ങി പണിയെടുക്കേണ്ടിവന്നേനേ! എഴുത്താകുമ്പോള്‍ വെറുതെ എവിടെയെങ്കിലും കുത്തിയിരുന്നാല്‍ മതിയല്ലോ!

102
പ്രാണികള്‍ ഭീകരജീവികളാണ്!

ബജാജിന്റെ സ്പിരിറ്റ് ഒരു പതിനൊന്നുകാരി ഓടിച്ചുനടക്കുമ്പോള്‍ ഒന്‍പതുവയസ്സുകാരന്‍ ചോദിക്കുന്നു, സ്‌കൂട്ടറോടിക്കുമ്പോള്‍ ഒരു ചിത്രശലഭം പറന്നുവന്നാല്‍ ചേച്ചിയെന്തുചെയ്യുമെന്ന്! ചോദിക്കുന്നയാളും ഒട്ടും മോശമല്ല.
അവനോടിക്കുമ്പോള്‍ ഒരു പ്രാണി ക്രോസ് ചെയ്താല്‍ എന്തുചെയ്യുമെന്നായിരുന്നു അവനാലോചിച്ചത്. രണ്ടാള്‍ക്കും പ്രാണികളെ പേടിയാണ്! എറണാകുളം ചോയ്‌സ് ഗാര്‍ഡനില്‍ താമസിക്കുമ്പോഴാണ്, ചെറിയ
കുട്ടികളായിരുന്നെങ്കിലും മക്കള്‍ സ്‌കൂട്ടറോടിക്കാന്‍ പഠിച്ചത്. ചോയ്‌സില്‍നിന്ന് ടോക് എച്ച് സ്‌ക്കൂള്‍വരെയുള്ള വഴിയിലോടിക്കാന്‍ മാത്രമേ അവര്‍ക്കു പെര്‍മിഷനുണ്ടായിരുന്നുള്ളു.
കാനഡയിലെ ആയിരത്തിയൊരുനൂറ്റിയറുപത്തെട്ടടി പൊക്കമുള്ള സി എന്‍ ടവറില്‍ എഡ്ജ് വാക്കിംഗ് നടത്തിയിട്ടു മടങ്ങുമ്പോള്‍ ഏതോ കുഞ്ഞു പ്രാണികളെക്കണ്ടു പേടിച്ച്, റോഷേല്‍ പ്രാണനും കൊണ്ടോടിയതാണ് എനിക്ക് ഏറ്റവും തമാശയായിത്തോന്നിയത്!

103
പിറന്നാളുകള്‍ 

കൊച്ചുതോമായ്ക്ക് ആറാംപിറന്നാള്‍ വളരെ പ്രത്യേകതയുള്ളതായിരുന്നു. തമ്പിക്ക് അബുദാബിയിലെ എണ്ണക്കമ്പനിയില്‍ ആറാഴ്ച ജോലിചെയ്താല്‍ പിന്നെ മൂന്നാഴ്ച അവധിയാണ്. മകന്റെ പിറന്നാളുകള്‍ പലപ്പോഴും ആ ആറാഴ്ചകളില്‍ പെട്ടുപോയിരുന്നു.
ഡാഡിയോടൊപ്പമുള്ള ആദ്യപിറന്നാളിന്റെ ഹൈലൈറ്റ്, ട്രഷര്‍ഹണ്ടായിരുന്നു. മനുഷ്യരെയും വാഹനങ്ങളെയും മരങ്ങളെയും ചെടികളെയുമൊക്കെ സൂചനകളാക്കി, ഡാഡി വിഗഗ്ദ്ധമായി തയ്യാറാക്കിയ ട്രഷര്‍ഹണ്ട്!


എന്റെ അച്ഛായ്ക്ക് മക്കളുടെയും കൊച്ചുമക്കളുടെയും പിറന്നാളുകളാഘോഷിക്കുന്നതു വലിയ സന്തോഷമായിരുന്നു. അതുകൊണ്ടുതന്നെ അച്ഛായുടെ മരണത്തിന്റെ പിറ്റേമാസം മകളുടെ പിറന്നാള്‍ ചെറിയ രീതിയില്‍ ആഘോഷിച്ചു. പായസത്തിന് ഇളക്കിക്കൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

104
മോഹച്ചിറകില്‍ പറക്കാനാകാതെ…

എറണാകുളത്തെ തീയേറ്ററില്‍, കണ്ണുകള്‍ പൊത്തി, വിരലുകള്‍ക്കിടയിലൂടെ മാത്രം ഭയത്തോടെ കണ്ട   ഇന്‍ഡിപെന്‍ഡന്‍സ് ഡേ  എന്ന സിനിമയുടെ രണ്ടാംഭാഗം ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍, മകള്‍ക്ക് ഒരു ജെറ്റ് പറപ്പിക്കാന്‍ പറ്റാഞ്ഞതിന്റെ വിഷമം മാത്രം!
പേടികളെല്ലാം ഉള്ളിലിട്ടു പൂട്ടിക്കെട്ടി, അമേരിക്കന്‍ എയര്‍ഫോഴ്‌സില്‍ ചേരുമ്പോള്‍ വിമാനം പറപ്പിക്കണമെന്ന മോഹവും അവള്‍ സൂക്ഷിച്ചിരുന്നു. ആ മോഹം സാക്ഷാത്ക്കരിക്കണമെങ്കില്‍ ഒരുപാടു വര്‍ഷങ്ങള്‍ മിലിട്ടറിയില്‍ തുടരേണ്ടതുള്ളതിനാല്‍ തല്‍ക്കാലം അതുപേക്ഷിക്കുകയായിരുന്നു.
പിരിമുറുക്കത്തിന്റെ മുള്‍മുനയില്‍ നാലു വര്‍ഷങ്ങള്‍! ഓരോ ദിവസവും പരീക്ഷകളും പരീക്ഷണങ്ങളും.
ആദ്യത്തെ ഡിപ്ലോയ്‌മെന്റ് ഖത്തറിലായിരുന്നു. അവിടെയുള്ള ബന്ധുക്കളെ കാണുന്നതിനുപോലും വലിയ നിയന്ത്രണമായിരുന്നു. വളരെനാളത്തെ പരിശ്രമത്തിനുശേഷമാണ് കുറച്ചു മണിക്കൂറുകളനുവദിച്ചുകിട്ടിയത്.
കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു മലയാളിപ്പെണ്‍കുട്ടി അമേരിക്കന്‍ എയര്‍ഫോഴ്‌സില്‍ ഇതാദ്യമായിരിക്കും. ഓട്ടവും ചാട്ടവും നീന്തലും ഹൈക്കിംഗും ക്യാമ്പിംഗുമൊക്കെ ഇവിടെ ജനിച്ചുവളരുന്ന കുട്ടികള്‍ക്കു പരിചിതമാണ്.

ഇതൊക്കെ മിലിട്ടറി ട്രെയിനിംഗിനു വളരെയധികം സഹായിക്കും. ആറാംക്ലാസ്സെത്തുമ്പോള്‍ ഒരാഴ്ചത്തെ ഒരു ക്യാമ്പുണ്ട്. ചെറിയ രീതിയില്‍ ഒരു മിലിട്ടറി ക്യാമ്പ്. പക്ഷേ, ഹൈസ്‌ക്കൂളിലെ അവസാനവര്‍ഷമായിരുന്നു
അവളിവിടെയെത്തിയത്.

105
സ്‌നോ വെഡ്ഡിംഗ്
Part 1

വെഡ്ഡിംഗ് ബെല്‍ മുഴങ്ങിത്തുടങ്ങി. മതവും ജാതിയും ദേശവും വ്യത്യസ്തമാണെങ്കിലും പരസ്പരം മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന, പക്വതയെത്തിയ രണ്ടുപേരൊന്നിക്കുന്ന സന്തോഷത്തിലാണു ഞങ്ങള്‍.
റോഷേലിന്റെയും ഹെന്‍ട്രിയുടെയും വെഡ്ഡിംഗ് ബെല്‍ മുഴങ്ങിത്തുടങ്ങി... ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാത്ത, സ്വര്‍ണവും ഡയമണ്ടുമില്ലാത്ത, മഞ്ഞിന്റെ വെണ്‍മയും തണുപ്പുംനിറഞ്ഞ, ഒരു സ്‌നോ വെഡ്ഡിംഗ്! അതായിരുന്നു അവളുടെയാഗ്രഹം.
ലെയ്ക്ക് റ്റാഹോ എന്ന സ്ഥലത്ത്, ഒരു കൊച്ചു പള്ളിയില്‍, മഞ്ഞിന്റെ പശ്ചാത്തലത്തില്‍ മിന്നുകെട്ട്. രണ്ടു നാളുകള്‍ക്കുശേഷം, സാന്‍ഫ്രാന്‍സിസ്‌കോയില്‍ റിസപ്ഷന്‍. അതായിരുന്നു പ്ലാന്‍.
ഇന്നത്തെ യാത്ര സ്‌കോട്‌സ്‌ഡെയ്‌ലിലേക്കാണ്. മഞ്ഞുപോലെ വെളുത്ത ഒരു ഗൗണന്വേഷിച്ചുള്ള യാത്ര. ഹെന്‍ട്രി കൂടെയുണ്ടായിരുന്നെങ്കിലും മനോഹരമായ ഗൗണും വെയ്‌ലുമണിഞ്ഞുനില്‍ക്കുന്ന പ്രിയസഖിയെ കാണാന്‍ തരപ്പെട്ടില്ല. വരന്‍ വിവാഹദിവസത്തിനുമുമ്പ് വിവാഹവസ്ത്രം ധരിച്ച ഭാവിവധുവിനെക്കാണുന്നതു നിര്‍ഭാഗ്യമാണത്രേ! പക്ഷേ എന്റെ കണ്ണും മനസ്സും നിറച്ച കാഴ്ചയായിരുന്നു അത്.
വിവാഹദിവസത്തിലേക്ക് ഇനി കൃത്യം നൂറ്റിയെഴുപത്തിയൊന്‍പതു ദിവസം! ലേഡി ഡയാനയുടെയും ചാള്‍സ് രാജകുമാരന്റെയും വിവാഹവീഡിയോ കാണണമെന്നു തോന്നി.
ലോകം മുഴുവനാഘോഷിച്ച ആ വിവാഹമാമാങ്കം കണ്ടും കേട്ടും ഗൂഗിള്‍ ചെയ്തും കൊച്ചുപെണ്ണന്ന്  ലേഡി ഡയാനയുടെ ഫാനായി മാറിയ ദിവസം. അവളുടെ ജന്‍മദിനത്തിലാണ് ഡയാനയെ അടക്കംചെയ്തതെന്ന് അവള്‍ സങ്കടത്തോടെ പറയുന്നതുകേട്ടു.
ഒരു കുഞ്ഞു വെഡ്ഡിംഗ് സെറിമണി എന്ന റോഷേലിന്റെ ആഗ്രഹത്തിനൊപ്പം മുതിര്‍ന്നവരെ മാത്രം ഉള്‍പ്പെടുത്തി ഒരു റിസപ്ഷന്‍. കുട്ടികളില്ലാതെ എന്താഘോഷം! പല കാരണങ്ങളാല്‍ ഇവിടെയതു സാധാരണം. വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റ് മാനേജ്‌മെന്റുമെല്ലാം അവര്‍തന്നെ!
സമ്മാനങ്ങള്‍ക്കുപകരം പ്രിയപ്പെട്ടവരുടെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നതെന്ന് ഗിഫ്റ്റ് രജിസ്ട്രി എന്ന കോളത്തില്‍ അവളെഴുതിച്ചേര്‍ത്തിട്ടുണ്ട്.
സാധാരണഗതിയില്‍ ചില കടകളുടെ പേരുകളാണു കൊടുക്കുക. അവിടെ, ദമ്പതികള്‍ സെലക്ട് ചെയ്തുവച്ചിരിക്കുന്ന സാധനങ്ങളില്‍ ഏതെങ്കിലുമാണു സമ്മാനമായി നല്‍കുക.

Part 2

മനോഹരമായ  കോള്‍ മാന്‍ഷന്‍  എന്ന കൊട്ടാരത്തിലാണ് റിസപ്ഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലില്‍, ഫ്രെഡറിക് എന്ന ഫ്രെഡി, അദ്ദേഹത്തിന്റെ സുന്ദരിയും ഗായികയുമായ ഭാര്യ ബെസ്സിയോടൊപ്പം താമസിക്കാനായി, ബെര്‍ലിംഗാം ഹില്‍സ് എന്ന സ്ഥലത്ത്, നാല്‍പ്പതേക്കറില്‍ പണിതു പൂര്‍ത്തിയാക്കിയ, അന്‍പത്തിമൂന്നു മുറികളുള്ള ഒരു കൊട്ടാരമാണ് കോള്‍
മാന്‍ഷന്‍. വെറും രണ്ടു വര്‍ഷങ്ങള്‍ മാത്രമാണ് അവരൊരുമിച്ച് ആ കൊട്ടാരത്തില്‍ കഴിഞ്ഞത്. 1916 ല്‍ ഫ്രെഡിയും ബെസ്സിയും വേര്‍പിരിഞ്ഞു.
മനോഹരവും വശ്യവുമായ കോള്‍ മാന്‍ഷന്‍, വിവാഹച്ചടങ്ങുകള്‍ക്കും മറ്റാഘോഷങ്ങള്‍ക്കും അനുയോജ്യമാണ്.
വൈറ്റ് വെഡ്ഡിംഗ് ആഗ്രഹിച്ചു കഴിഞ്ഞ വര്‍ഷംതന്നെ പറഞ്ഞുറപ്പിച്ച, ലെയ്ക് റ്റാഹോയിലെ കൊച്ചുപള്ളിയില്‍നിന്ന് അപ്രതീക്ഷിതമായി ഒരറിയിപ്പു കിട്ടി.
ഡിസംബറില്‍ തീര്‍ക്കേണ്ടിയിരുന്ന, പള്ളിയുടെ അറ്റകുറ്റപ്പണികള്‍ അല്‍പ്പംകൂടി നീണ്ടുപോകാന്‍ സാധ്യതയുണ്ടത്രേ. ജനുവരി ആറാംതീയതിയാണു വിവാഹം തീരുമാനിച്ചിരുന്നത്. ചെറിയൊരാളല്‍ ഉള്ളിലുണ്ടായെങ്കിലും ലാഘവത്തോടെ പ്രശ്‌നം പരിഹരിക്കാമെന്നുറപ്പിച്ചു.
വലിയ വിഷമംകൂടാതെ പ്രധാനകടമ്പ കടന്നുകിട്ടി. ജനുവരിയില്‍ നിശ്ചയിച്ച വിവാഹം നടത്താമെന്നും പള്ളിയുടെ അറ്റകുറ്റപ്പണികള്‍ ഫെബ്രുവരിയിലേക്കു മറ്റിവച്ചെന്നും പള്ളിയിലെ ഫാദര്‍ ഒലിവര്‍, ഇന്നലെ റോഷിനെ വിളിച്ചറിയിച്ചു.
മാതാവിന്റെ പേരിലുള്ള ആ പള്ളിയുടെ ചിത്രം ഒരിക്കല്‍ക്കൂടി മനസ്സില്‍ തെളിഞ്ഞുവന്നു.
മഞ്ഞിലൂടെ കൊതിതീരെ നടന്നതിനുശേഷമാണു പള്ളിയ്ക്കകത്തു കയറിയത്. വര്‍ണനാതീതമായ ഒരു ഭംഗിയും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ഉള്ളില്‍ നിറഞ്ഞുനിന്നിരുന്നു. മനോഹരമായ അള്‍ത്താര, മഞ്ഞുപുതച്ചു കിടക്കുന്നതു കാണാം.
വിവാഹദിനത്തില്‍ പള്ളിക്കകം മോടിപിടിപ്പിക്കാന്‍ പൂക്കളും മറ്റലങ്കാരങ്ങളും വേണ്ടെന്നാണ് റോഷേലിന്റെ അഭിപ്രായം. റിസപ്ഷനു തെരഞ്ഞെടുത്തിരിക്കുന്ന മാന്‍ഷനും അതിന്റെ പ്രൗഢികൊണ്ടുതന്നെ കണ്ണിനു കുളിര്‍മയേകുന്നതാണ്.
അവിടെയും പൂക്കളുടെ അതിപ്രസരവും പൊടിപ്പും തൊങ്ങലുമൊന്നും ആവശ്യമില്ലെന്നാണ് അവള്‍ പറയുന്നത്.
ഏജന്‍സികളെയൊന്നുമാശ്രയിക്കാതെ, ഇന്‍വിറ്റേഷന്‍ കാര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ മകള്‍ മണിക്കൂറുകളും ദിവസങ്ങളും ചെലവഴിച്ചതു നഷ്ടമായില്ല. അവള്‍ ആഗ്രഹിച്ച രീതിയില്‍ത്തന്നെ പ്രിന്റ് ചെയ്തു കിട്ടിയതായിപ്പറഞ്ഞു. നാട്ടില്‍നിന്നു വരാനാഗ്രഹിക്കുന്നവര്‍ക്കു വിസയ്ക്ക് അപ്ലൈ ചെയ്യാന്‍, ഇന്‍വിറ്റേഷന്‍ കാര്‍ഡ് അമേരിക്കന്‍ എംബസിയില്‍ കാണിക്കേണ്ടതായിട്ടുണ്ട്. സമയത്തുതന്നെ ക്ഷണക്കത്ത് അവിടെയെത്തിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണിപ്പോള്‍.

Part 3

ഇന്നു നാട്ടിലേക്കു വിളിച്ചപ്പോള്‍ പലരും ചോദിച്ചു, മകളെ കെട്ടിച്ചയയ്ക്കുന്നതില്‍ സങ്കടമുണ്ടോ എന്ന്. സന്തോഷമേ തോന്നിയിട്ടുള്ളു എന്നതാണു സത്യം!
പതിനെട്ടാംവയസ്സില്‍ ഷിക്കാഗോയിലേക്കു പോയതുമുതല്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനുശേഷം മിലിട്ടറിയിലേക്ക്. നാലു വര്‍ഷത്തെ മിലിട്ടറി ജീവിതവും കഴിഞ്ഞു വീണ്ടും കോളേജിലേക്ക്.
ഇരുപത്തിയേഴാംവയസ്സില്‍ അവള്‍ക്കൊരു നല്ല കൂട്ടുകാരനെ കിട്ടുന്നതില്‍ മനസ്സുനിറയെ സന്തോഷമല്ലാതെ മറ്റൊന്നുമില്ല!
കെട്ടിച്ചയയ്ക്കുക എന്ന പ്രയോഗത്തിന് ഇവിടെ പ്രസക്തിയൊന്നുമില്ല. അപ്രതീക്ഷിതമായി ഒരുദിവസം ഹെന്‍ട്രി അവളോടു വിവാഹാഭ്യര്‍ത്ഥന നടത്തി.


കരുതിവച്ചിരുന്ന മോതിരം അവളുടെ വിരലിലണിയിച്ചു. അതുവഴി കടന്നുപോയ ഒരപരിചിതന്‍, ആ മനോഹരമുഹൂര്‍ത്തം ക്യാമറയില്‍ പകര്‍ത്തി അവര്‍ക്കു സമ്മാനിച്ചു. പിന്നീടു രണ്ടാളും,  സാന്‍ഫ്രാന്‍സിസ്‌കോയുടെ ചാരുതയുള്ള പശ്ചാത്തലത്തില്‍ അവരുടെ കുറച്ച് എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പകര്‍ത്തിയതോടെ ആ ചടങ്ങു പൂര്‍ത്തിയായി!
പരസ്പരം സമ്മാനങ്ങള്‍ കൈമാറി, ഹെന്‍ട്രിയുടെ കുടുംബത്തോടൊപ്പം ഞങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. റോഷേലും ഹെന്‍ട്രിയുമൊരുമിച്ച് ഒരു തോണി തുഴയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ആ തോണിക്കുചുറ്റും ഒരു സുരക്ഷിതാവരണം തീര്‍ത്തു.
പൊന്നും പണവുംകൊണ്ടല്ല; സ്‌നേഹവും സഹകരണവുംകൊണ്ട്! അവര്‍ക്കാവശ്യം അതു മാത്രമായിരുന്നു.

Part 4

മകളുടെ വിവാഹദിവസം രാവിലെ കണ്ണു തുറന്നത് ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നതുകേട്ടാണ്. ചെന്നുനോക്കിയപ്പോള്‍ അത്ഭുതംകൊണ്ടും സന്തോഷംകൊണ്ടും കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായി, ഞാന്‍. നാട്ടില്‍നിന്നു പ്രിയപ്പെട്ടവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍, മുന്‍കൂട്ടിയറിയിക്കാതെ എത്തിയിരിക്കുന്നു! അപ്രതീക്ഷിതമായി എല്ലാവരേയും കണ്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അവര്‍ക്ക് എന്തുതരം ഭക്ഷണമാണ് ഉണ്ടാക്കിക്കൊടുക്കേണ്ടത്? ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല.
അപ്പോഴേക്കും ചിലര്‍ സമ്മാനങ്ങളുമായി വന്നുതുടങ്ങി. അവരോടെല്ലാം സംസാരിക്കണമെന്നുണ്ട്. എന്നാല്‍, പള്ളിയിലേക്കു പോകുമ്പോള്‍ കൈയില്‍ കരുതേണ്ട കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് അപ്പോഴാണ് ഓര്‍മ വന്നത്. നേരത്തേ എല്ലാം എടുത്തുവയ്‌ക്കേണ്ടതായിരുന്നു. ഓരോന്നോരോന്ന് അവിടെനിന്നും
ഇവിടെനിന്നുമൊക്കെ തപ്പിയെടുത്തു കൊച്ചുപെണ്ണിനെ ഏല്‍പ്പിച്ചു.
അക്കൂട്ടത്തില്‍ വിവാഹമോതിരവുമുണ്ടായിരുന്നു. റിസപ്ഷന് എനിക്കുടുക്കാന്‍ വാങ്ങിവച്ചിരുന്ന വസ്ത്രം എത്ര തെരഞ്ഞിട്ടും കാണുന്നില്ല! സ്‌ക്കൂളില്‍ ഇനിയും വിളിച്ചുപറഞ്ഞിട്ടില്ല. സെല്‍ഫോണും കണ്ടില്ല. നേരത്തേ വിളിച്ചുപറയേണ്ടതായിരുന്നു. വന്ന അതിഥികള്‍ ഓരോരോ സമ്മാനങ്ങള്‍ തരാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ മനസ്സ് എങ്ങും നില്‍ക്കുന്നില്ല. പള്ളിയിലേക്കിറങ്ങാന്‍ സമയമായോ എന്നു സംശയിച്ചുനില്‍ക്കുമ്പോള്‍ അലാറമടിക്കുന്നതു കേട്ടു.
കണ്ണുമിഴിച്ചു നോക്കിയപ്പോഴാണ്, ഞാന്‍ സ്വപ്നംകാണുകയായിരുന്നെന്നു മനസ്സിലായത്!
സംഭവിക്കാനുള്ളതൊക്കെ സംഭവിക്കുമെന്നു വിശ്വാസമുള്ളതുകൊണ്ട് മകളുടെ വിവാഹദിനത്തെക്കുറിച്ചു കാര്യമായ പിരിമുറുക്കമൊന്നുംതന്നെയില്ലാതിരിക്കെ ഇത്തരമൊരു സ്വപ്നം എങ്ങനെയുണ്ടായി എന്ന കണ്‍ഫ്യൂഷനിലാണിപ്പോള്‍.
സ്വപ്നത്തെക്കുറിച്ചു റോഷിനോടു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞത്, നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും കുറച്ചൊക്കെ തെറ്റുകുറ്റങ്ങളുണ്ടാവുമെന്നും അതുകൊണ്ട് അവളും ആ ദിവസത്തെക്കുറിച്ചോര്‍ത്ത് ഒട്ടും ആശങ്കപ്പെടാറില്ലെന്നുമാണ്!
വിവാഹദിനത്തിലേക്ക് ഇനി നൂറ്റിപ്പത്തു ദിവസങ്ങളുടെ ദൂരം മാത്രം.

read more: https://emalayalee.com/writer/225

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക