Image

പക തീരാതെ: ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ് (മെഡിക്കല്‍ ഡയറി - 8)

ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ് Published on 18 June, 2022
പക തീരാതെ: ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ് (മെഡിക്കല്‍ ഡയറി - 8)

മെഡിക്കല്‍ ഡയറി - 8

ദൈവം  കറുത്ത ചുട്ടികുത്തിയ നെറ്റിയുമായി ഭയന്നോടിയ കായേന്‍ പോകുന്നതിനു മുമ്പ് ഹാബേലിനെ തിരിഞ്ഞു നോക്കി. ഹാബേലിന്റെ മുഖത്ത് ഈച്ചകള്‍ പൊതിഞ്ഞിരുന്നു ...അവന്റെ അടയാത്ത കണ്ണുകള്‍ക്കുമേലും ഈച്ചകള്‍ ഉണ്ടായിരുന്നു. വായുടെ കോണുകളിലും, അടികളെ തടയാന്‍ ഉയര്‍ത്തിപ്പിടിക്കേ കൈകളിലേറ്റ മുറിവുകള്‍ക്ക് മീതേയും ഈച്ചകള്‍ ഉണ്ടായിരുന്നു ..

ഉറക്കം വിട്ടുണര്‍ന്ന കായേന്‍ ഉച്ചരിച്ച ആദ്യ വാക്കുകള്‍ ഇവയായിരുന്നു 'അവന്‍ എന്റെ കൂടെപ്പിറപ്പായിരുന്നു. ഞാനവനെ കൊന്നു ..
തന്റെ ശിഷ്ടകാലം മുഴുവന്‍ കായേന്‍ തന്റെ അനുജനെ ഓര്‍ക്കാന്‍ പോകുന്നത് അങ്ങിനെയാണ് ' . (ഷുസെ സരമാഗു - കായേന്‍ )
 സ്‌നേഹരാഹിത്യങ്ങളുടെ, പകയുടെ, അസൂയയുടെ കഥകള്‍ ലോകാരംഭം മുതലേയുണ്ട്.  ഈ ഭൂമിയില്‍ നടന്ന എല്ലാ യുദ്ധങ്ങളും, കലാപങ്ങളും മണ്ണിനും പെണ്ണിനും വേണ്ടിയായിരുന്നു. എന്നാല്‍ കായേന്‍ തന്റെ അനുജനെ കൊല്ലുന്നത് 'അസൂയ'മൂത്താണ്. അനുജന്‍ ഹാബേല്‍ വിശ്വാസത്താല്‍ ദൈവത്തിനു കായെന്റേതിലും ഉത്തമമായ യാഗം കഴിച്ചു. അതിനാല്‍ ദൈവം അവന് നീതിമാന്‍ എന്ന് സാക്ഷ്യം കൊടുത്തു. കായേനാകട്ടെ തന്റെ ബലിവസ്തുക്കളുടെ കാര്യത്തില്‍ നീതി പുലര്‍ത്തിയില്ല. ദൈവം അവന്റെ ബലിയില്‍ പ്രസാദിച്ചുമില്ല.

ഇന്നത്തെ മെഡിക്കല്‍ ഡയറിക്കുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു ഞാന്‍. ഷുസെ സരമാഗുവിന്റെ Death at intervals തപ്പിനടന്ന എന്റെ കയ്യില്‍ തടഞ്ഞത് 'കായേന്‍' ആണ്. അലസ്സമായി വായിച്ചു വരുമ്പോള്‍ എന്റെ ഉടലാകെ ഉലഞ്ഞു പോയി. സോദരഹത്യ ... സഹോദരന്റെ  ചോര കുതിര്‍ന്ന മണ്ണില്‍ നിന്നും നീതിക്കായി വിണ്ണിലേക്ക് നോക്കി കേഴുന്നു ... സരമാഗുവിന്റെ ഈ വിവരണം അതി തീക്ഷ്ണമാണ്.

1990 കളുടെ മധ്യത്തിലാണീ സംഭവം . അന്നും ഞാന്‍ ഡ്യൂട്ടിയില്‍ ആയിരുന്നു. ഡ്യൂട്ടിക്കിടയിലാണ് വിചിത്രമായ പിന്നാമ്പുറ കഥകളുള്ള കേസുകള്‍ വീണു കിട്ടുന്നതെന്ന് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഒരു കനം കുറഞ്ഞ ഡ്യൂട്ടിദിവസത്തിന്റെ വൈകുന്നേരം. സൂര്യന്‍ അപ്പോഴുമുണ്ട്. ഞാന്‍ casualty ഓപ്പറേഷന്‍ theatre ലെ ഡ്യൂട്ടി റൂമില്‍ തന്നെ. Casualty Duty Ortho surgeon ന്റെ ഒരു കാള്‍. 'വടിവാളുകൊണ്ടുള്ള വെട്ടുകളാണ്, രണ്ടുപേരുണ്ട്. സഹോദരങ്ങള്‍ എന്നു തോന്നുന്നു'.
പക മൂത്ത് പരസ്പ്പരം വെട്ടിയതാണ്. ഒരാള്‍ക്ക് വലത്തേ കാലിലാണ് സാരമായ പരിക്ക്.. മുട്ടിനു താഴെ എല്ലുകള്‍വരെ ആഴമുള്ള മുറിവുകള്‍. ദേഹത്തവിടിവിടെ മറ്റു മുറിവുകള്‍. രണ്ടാമത്തെ ആളുടെ ഇടത്തെ കൈക്കാണ് സാരമായ മുറിവുള്ളത്. Fore arm ന്റെ ഉള്‍വശത്തു പേശികളെയും, രക്തക്കുഴലുകളെയും, nerve കളെയും മുറിച്ച് ...
ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഒന്നിനു പിറകെ ഒന്നായി കേസുകള്‍ ആഘോഷമായി കൊണ്ടുവരുന്നതിന്റെ കടകട ശബ്ദം എനിക്ക് കേള്‍ക്കാറായി.

സര്‍ജന്‍ വരാന്‍ ഞാന്‍ കാത്തിരുന്നു. പെട്ടെന്ന് തീയേറ്ററിനുള്ളിലെ കൊറിഡോറില്‍ നിന്നും, ചില ബഹള ങ്ങളും വാക്കുതര്‍ക്കങ്ങളും ട്രോളി നീങ്ങുന്നതിന്റെ ശബ്ദവും കേട്ട ഞാന്‍ പുറത്തിറങ്ങി.
ഞാന്‍ കണ്ട കാഴ്ച വിചിത്രമായിരുന്നു. ട്രോളികളില്‍ കിടക്കുന്ന ഈ സഹോദരന്‍മാര്‍ പരസ്പ്പരം അസഭ്യം പറയുകയും കാലു കൊണ്ട് ആകാവുന്നത്ര എത്തിക്കുത്തി ചവിട്ടുവാന്‍ ശ്രമിക്കുകയുമാണ്. ഞാന്‍ രണ്ടു ട്രോളിക്കും മധ്യേ നിന്ന് ഇവരുടെ ആക്രമണങ്ങളെ തടയാന്‍ ശ്രമിച്ചു. 'നിങ്ങളെന്താണീ കാണിക്കുന്നത് ?, നിങ്ങള്‍ക്കുടനെ സര്‍ജറി ഉള്ളതല്ലേ? 

കൂട്ടത്തില്‍ മൂത്തവന്‍ എന്നു തോന്നിയവന്‍ അലറിക്കരഞ്ഞു. 'ഡോക്ടര്‍ ഒന്നു മാറി നിന്നേ, ഇവനെ ഇന്നു കൊന്നിട്ടേ ഉള്ളൂ ഞാന്‍.'

അവന്‍ വീണ്ടും ഇടത്തെ കാല്‍ നീട്ടി അനിയനെ തൊഴിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 'ഡോക്ടര്‍ക്കറിയുമോ ഇവനെന്റെ പെണ്ണിനെ തന്നെയേ കണ്ടുള്ളുവോ ലോഹ്യം കൂടാന്‍, ഞാനവന്റെ ഏട്ടനല്ലേ. എന്റെ പെണ്ണിനോട് തന്നെയവന്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു '. 
ഞാന്‍ അനിയനെ ശ്രദ്ധിച്ചുനോക്കി. അനിയന് നല്ല വെളുപ്പു നിറമായിരുന്നു. മുടിച്ചുരുളുകള്‍ നെറ്റിയിലേക്ക് വീണു കിടക്കുന്നു. മുഖത്ത് ചെറിയൊരു കോറല്‍, അവിടെ രക്തപ്പൊടിപ്പ്. ഇടതുകൈ വലതുകൈ കൊണ്ടു താങ്ങിപ്പിടിച്ചിരിക്കുന്നു. കയ്യിലെ ബാന്‍ഡ് ഐഡില്‍ ചോര നനഞ്ഞിരിക്കുന്നു.

ഞാന്‍ അവനോടു ചോദിച്ചു, നേരാണോ ഈ കേള്‍ക്കുന്നത്?

ഇതിനിടയിലും അവന്റെ മറുപടി എന്നെ രസിപ്പിച്ചു.
'അതിനേട്ടായി അവളെ കല്യാണം കഴിച്ചിട്ടൊന്നുമില്ലല്ലോ, പിന്നെന്താ, ഞാനൊരുസെറ്റു കുപ്പിവള പള്ളിപ്പെരുന്നാളിന് വാങ്ങിക്കൊടുത്തു. അത്രേയുള്ളു. അതിനാ അവന്‍ എന്നെ ഇങ്ങനെ വെട്ടിയത് .. 
നീയും വെട്ടിയില്ലേ, നീയത്ര പാവമൊന്നുമല്ല .. ഞാന്‍ പറഞ്ഞു. അതു പിന്നെ എന്റെ മേലു നൊന്താല്‍ ഞാന്‍ നോക്കി നില്‍ക്കണോ.
അപ്പോഴേക്കും ഡ്യൂട്ടി ഓര്‍ത്തോ സര്‍ജന്‍ പി ജി കളൊപ്പം ഹാജരായി. 
മാഡം നമുക്ക് ആദ്യം ഹാന്‍ഡ് ചെയ്യാം, അതൊന്നു settle ആയാല്‍ second theater ല്‍ കാലു കയറ്റാം.  ഒരു ക്വിക്ക് PAC ഞാന്‍ രണ്ടു പേര്‍ക്കും നടത്തി. യുവാക്കകളായിരുന്നതിനാല്‍ മറ്റ് അസുഖങ്ങള്‍ ഒന്നും അവര്‍ക്കുണ്ടായിരുന്നില്ല. രണ്ടു പേര്‍ക്കും I V fluids തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. അനുജന് ഇടതു കയ്യിലെ സര്‍ജറിക്കു വേണ്ടി ആ സൈഡില്‍ കഴുത്തിനു സൈഡില്‍ കൂടി Brachial plexus block കൊടുക്കാം . 

തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലും ചേട്ടന്‍ അനിയനെ തല്ലാനും, തൊഴിക്കുവാനുമുള്ള ശ്രമങ്ങള്‍ നടത്തി.  അവന്‍ എന്റെ നേരേ ഡോക്ടറെ എന്നലറി വിളിച്ചു. എന്തു വേണം ..? ഞാന്‍ ചോദിച്ചു. പക തീരാതെ അവന്‍ പറഞ്ഞു, അവന്റെ കൈ നന്നായി തുന്നിക്കൊടുക്കരുത് ഡോക്ടറെ, അവനിനി ആ കയ്യ് എനിക്കുനേരേ ഉയര്‍ത്തരുത്. ശരി ശരി, ഞാന്‍ സമ്മതിച്ചു.

അനിയന്‍ മെലിഞ്ഞിരുന്നതിനാല്‍ block കൊടുക്കല്‍ അത്ര ശ്രമകരമായിരുന്നില്ല.. Block പൂര്‍ണമായും വിജയിച്ചു. 
അവന്റെ കയ്യ് തളര്‍ന്നുപോയി. ചെറിയ sedation കൊടുത്ത് ഞാനവനോട് ചോദിച്ചു. നീയെന്തിനാ ചേട്ടന്റെ പെണ്ണിനോട് ലോഹ്യത്തിന് പോയത്? 
അവന്‍ കുറച്ചു ശാന്തനാണ്. 'എനിക്ക് പ്രേമമൊന്നും ഇല്ല ഡോക്ടറെ, ഒരു സ്‌നേഹത്തിനു വാങ്ങി കൊടുത്തതാ'. 
ഇനി ആ വഴിക്കെങ്ങും പോയേക്കരുത്, ഞാനവന് താക്കീതു കൊടുത്തു.  അവന്‍ അപ്പോഴേക്കും ഉറങ്ങിപ്പോയി.
 ഇതിനിടയില്‍ത്തന്നെ ഞാന്‍ പുറത്തിറങ്ങി. അപ്പോഴും ചേട്ടന്‍ കലിപ്പില്‍ തന്നെ. 'ഡോക്ടറെ അവനിനി ആ കൈ പൊക്കരുത് .. അങ്ങനെയേ ചെയ്തു കൊടുക്കാവൂ . 

ഇങ്ങനെ പക പാടില്ല, ഞാനവന് വേദമോതി.

തിയേറ്ററില്‍ കയറ്റി spinal anaesthesia നല്‍കുമ്പോഴും അവന്‍ പിറുപിറുത്തുകൊണ്ടിരുന്നു. അനിയന്റെ കയ്യ് ശരിയാക്കല്ലേ ശരിയാക്കല്ലേ, എന്നു പ്രാര്‍ത്ഥിക്കും പോലെ. 

അവന്റെ ആഴത്തിലുള്ള മുറിവുകള്‍ തുന്നിച്ചേര്‍ത്തു. എല്ലുകള്‍ക്ക് ചെറിയ പരി ക്കുകളെ ഉണ്ടായിരുന്നുള്ളു. സര്‍ജറിക്കിടയിലും അനിയന്റെ കയ്യ് ശരിയാക്കരുതേ എന്നവന്‍ പകതീരാതെ 'പ്രാര്‍ത്ഥിച്ചു'കൊണ്ടിരുന്നു.

രണ്ടു കേസുകളും ഇറക്കാറായപ്പോള്‍ സര്‍ജന്‍ പറഞ്ഞു. ഒരുത്തനും കൂടിയുണ്ട്..!  ഞാന്‍ അന്തം വിട്ടു നിന്നു. താമസിയാതെതന്നെ അവനെയും തീയേറ്ററിനുള്ളില്‍ കൊണ്ടുവന്നു.  PAC ക്കിടയില്‍ ഞാന്‍ അവനോടു ചോദിച്ചു,  നീയും പ്രേമിക്കുന്നത് അവളെത്തന്നെയാണോ? നിനക്കെങ്ങനെ ഈ മുറിവുകള്‍.? 'അയ്യോ ഡോക്ടറെ ഞാന്‍ അവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതാ, അപ്പോള്‍ കിട്ടിയതാ ഇതൊക്കെ. അവളെന്റെ സ്വന്തം പെങ്ങളാണു ഡോക്ടറെ..

മൂന്നുനാലു മുറിവുകള്‍ ചോരതൂവി നിന്നു അവന്റെ ഉടലില്‍. വടിവാള്‍ ഉരസ്സിയപോലെ അത്ര ആഴമില്ലാത്ത നീണ്ട മുറിവുകള്‍. അവന്‍ കരയുകയായിരുന്നു.  'ഡോക്ടറെ എനിക്കൊന്നു ചത്താല്‍ മതിയായിരുന്നു. ഇതിവിടം കൊണ്ടൊന്നും അവസാനിക്കാന്‍ പോണില്ല. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന് . വിശ്വസിച്ചുപോയി ഞാനെന്റെ സുഹൃത്തുക്കളെ. ഒരുത്തനും ഞാനവളെ കൊടുക്കുകയില്ല... 

പക തീരാതെ അവനും..

ആലോചിച്ചു നോക്കിയേ ഇവരില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു പോയിരുന്നെങ്കില്‍ എന്ന്.  ഇതൊരു ഒറ്റപ്പെട്ട കേസ് ഒന്നുമല്ല. സമാന രീതിയില്‍ എത്ര കേസുകള്‍. 

കൊല്ലണമെന്ന് ഉദ്ദേശിച്ചു ചെയ്തതെല്ലാം കൊലതന്നെയാണ്. കാരമസോവ് ബ്രോതേര്‍സ്, fratricides, അങ്ങനെ എത്ര ഇതിഹാസങ്ങള്‍ വേറെ. 

സ്‌നേഹരാഹിത്യങ്ങളുടെ വയല്‍ വരമ്പുകള്‍ക്ക് അത്ര കട്ടിയില്ല, ഒന്നു തട്ടിയാല്‍ മതി തിട്ടപൊളിഞ്ഞു സ്‌നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങാന്‍. എന്നാല്‍ പകയുടെ 'തടയിണകള്‍' പൊളിക്കുവാന്‍ അത്ര എളുപ്പമല്ല. ഒരു പ്രണയപ്പകപോലും അത്ര ലളിതമായി കരുതരുത്. 'ഒരംഗുലം മണ്ണു പോലും കലഹങ്ങള്‍ ഇല്ലാതെ, ഇന്നോളം ഈ ഭൂമിയില്‍ സഹോദരങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെ ട്ടിട്ടില്ല ' എന്ന ബോബി ജോസ് കപുച്ചിന്റെ വരികള്‍ ആരെയാണ് വിറപ്പിക്കാത്തത് .. !

ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ്

Read more: https://emalayalee.com/writer/213

Join WhatsApp News
Blessings ! 2022-06-20 15:10:15
The author - compassionate, skillful in the writing too :) addressing what has afflicted humanity since The Fall - 'death entered through the envy of the devil ..' , its pride and refusal to requite The Love in which it was created , thus choosing to destroy man, who carry the image of God , having free will ..many either ignorant / unwilling to discern the enemy , believing the enemy lie to look to creatures alone , having lived lives that deny The Lord as source of all good .. Cain could have asked The Lord who came to correct him as to how to remedy the evil in his heart .. winning over the spirit of pride and envy who had become the false god . https://www.queenofthedivinewill.org/wp-content/uploads/2020/01/Little-Catechism-of-the-Divine-Will-1.pdf Thank God we live in times with flood waters of much good means of seeking help in The Spirit, for the Love and power in The Precious Blood -https://www.solanuscenter.org/prayer-for May our efforts , esp as entrusted to The Mother bring forth much good , even if in hiddeness in this world , yet , abundant in harvest in the coming eternal realms .. Blessings !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക