Image

വർഗീസ്സ് ഗൗഡർ (ബാംഗ്ലൂർ ഡേയ്‌സ് ഹാസ്യനോവല്‍-10: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 17 June, 2022
വർഗീസ്സ് ഗൗഡർ  (ബാംഗ്ലൂർ ഡേയ്‌സ് ഹാസ്യനോവല്‍-10: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞു ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു.ഒപ്പം പരിചയമില്ലാത്ത ഒരാളും ഉണ്ട്.

"ഇതെന്താ എല്ലാവരുംകൂടി ഈ സമയത്തു്?ചീട്ടുകളിക്ക് സമയമായില്ല." 

ഉടനെ അച്ചായൻ പറഞ്ഞു,"മാഷെ, നിങ്ങളെ തേടി വരികയായിരുന്നു.ഇത് വർഗീസ്സ് ,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്.പുള്ളിക്ക് ഒരു പ്രശനം.നിങ്ങൾ നാട്ടുകാരല്ലേ,ഒന്നു പരിചയപ്പെടുത്തിയേക്കാം  എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്."

അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ്സ്  നിന്നു.

"ഇവന്, അവൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെങ്കൊച്ചുമായി പ്രേമം."

"പ്രേമിച്ചോ,ഞങ്ങൾ  ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ?ഇനി അത് കലക്കാനൊന്നും ഞങ്ങൾക്ക് സമയമില്ല.".

"ഒന്ന് മിണ്ടാതിരി ജോർജ് കുട്ടി,അവർ പ്രശനങ്ങൾ എന്താണെന്ന് പറയട്ടെ.സഹായം തേടിവരുന്നവരെ പരിഹസിക്കരുത്."ഞാൻ പറഞ്ഞു.

"വർഗീസ്സിൻറെ പ്രേമഭാജനം  കാണുമ്പോൾ ചിരിക്കും പരിചയം കാണിക്കും.. എന്നാൽ അത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം.അതായതു തിങ്കളാഴ്ച ചിരിച്ചൽ പിന്നെ ചൊവ്വാഴ്ച മൈൻഡ് ചെയ്യില്ല.പിന്നെ ബുധനാഴ്ച ചിരിക്കും.അങ്ങനെയുള്ള ഒരാളോട് എങ്ങനെ ഇഷ്ടമാണെന്ന് പറയും?".അച്ചായൻ വിശദീകരിച്ചു.

"ഈ അസുഖം എൻ്റെ ഒരു സുഹൃത്തിനും ഉണ്ടായിരുന്നു.ഇപ്പോൾ ഒതുങ്ങി."ഞാൻ പറഞ്ഞു.

പാര തനിക്ക് നേരെയാണ് എന്നു മനസ്സിലാക്കി ജോർജ്‌കുട്ടി പറഞ്ഞു,"താൻ ഒന്ന് വെറുതെ ഇരിക്ക് ,ഒരു ദിവസം ചിരിക്കും പിറ്റേ ദിവസം മൈൻഡ് ചെയ്യില്ല,അല്ലെ?"

"അതെ,അതുകൊണ്ട് കാര്യം നേരെ പറയാൻ ഒരു ധൈര്യം വരുന്നില്ല."വർഗീസ്സ് പറഞ്ഞു.

"ധൈര്യം ഇല്ലാത്തവൻ ഈ പണിക്ക് പോകരുത്. വെളുത്ത വാവ് കറുത്തവാവ് എന്നൊക്കെ കേട്ടിട്ടില്ലേ.അങ്ങനെ വാവിൻറെ പ്രശനം  വല്ലതും ആയിരിക്കും."

"അതെന്താ?"

"നാട്ടിൽ പശുക്കൾക്കും മറ്റും വാവ് സമയങ്ങളിൽ ഇളക്കം ഉണ്ടാകുന്നത് കണ്ടിട്ടില്ലേ?.അതുപോലെ വല്ലതും ആയിരിക്കും.അതുകൊണ്ട് ഒരു മൃഗ ഡോക്ടറെ കണ്ടുനോക്ക്."

"തമാശ കളയൂ ജോർജ് കുട്ടി,ഇവന് ഭയങ്കര പേടി.എന്തുചെയ്യണം എന്നറിയില്ല."അച്ചായൻ പറഞ്ഞു.

"സാധാരണയായി രണ്ട് സാധ്യതകളാണ് കാണുന്നത്.കിട്ടിയ വിവരം വച്ചുനോക്കുമ്പോൾ . സാധ്യത ഒന്ന് ,ഗൗഢന്മാർ വർഗ്ഗീസിനെ എടുത്തിട്ടു പൊതിക്കും.അവൻ  വെറുതെ നിന്ന് കൊടുത്താൽ മതി.അവർ എല്ലാം  ചെയ്തുകൊള്ളും."

"രണ്ടാമത്തേത്?"

"അത് അതിലും എളുപ്പമാണ്.ഗൗഡന്മാർക്ക്  ഇഷ്ടപ്പെട്ടാൽ അവർ ബലമായി പിടിച്ചുകൊണ്ടുപോയി വീട്ടുതടങ്കലിൽ ആക്കി കല്യാണം  നടത്തും.വീടിന് പുറത്തുപോകാൻ  സമ്മതിക്കാതെ അവർ വീടിനുകാവൽ നില്കും.അങ്ങനെ ഒരുമാസം കഴിയുമ്പോൾ ഇയാൾ  ഒരു ഗൗഢനായി മാറിയിട്ടുണ്ടാകും."

"ഞാൻ ഗൗഡർ? " 

"അതെ,വർഗീസ്സ് ഗൗഡർ.പിന്നെ മൊദ്ധയും തിന്ന് സുഖമായിട്ടു ജീവിക്കാം."

"അതെന്താ സാധനം?"

"നമ്മൾ റാഗി എന്നും ചിലർ മുത്താറി എന്നും പറയുന്ന സാധനം പൊടിച്ചു് പാലിൽ കുറുക്കി  ഉരുളകളാക്കി വിഴുങ്ങുക.വെറും നിസ്സാരം പണിമാത്രം.പണി എളുപ്പമാ,വെറുതെ വിഴുങ്ങിയാൽ മതി."

"അയ്യോ,അതുപറ്റില്ല."

"വേണ്ട ,പട്ടിണികിടക്കുമ്പോൾ തിന്നോളും."

"ജോർജ്‌കുട്ടിചേട്ടാ  അതും ഇതും പറഞ്ഞു പേടിപ്പിക്കാതെ,ഒരു മാർഗം പറഞ്ഞതാ."വർഗീസ്സ്  കെഞ്ചി.

"ഞാൻ തിരക്കിലാണ്,തൽക്കാലം എൻ്റെ സുഹൃത്ത് ഈ കാര്യം ഏറ്റെടുക്കട്ടെ."എന്നെ നോക്കി ജോർജ്‌കുട്ടി പറഞ്ഞു.

"ഒരു കാര്യം ചെയ്യൂ,ഇത്  ഞങ്ങൾക്ക് വിട്ടു തന്നേക്ക് .ഞങ്ങൾ ഒന്നു നോക്കട്ടെ.പഠിച്ചു് റിപ്പോർട്ട്  തരാം."

വർഗീസ്സ്  പറഞ്ഞു,"ചേട്ടാ ചതിക്കല്ലേ." 

"ഒരു കോളും കൊണ്ടുവന്നിരിക്കുന്നു.നാട്ടുകാരുടെ തല്ലു മേടിച്ചുകൂട്ടാൻ ഒരു പണി.അല്ലെങ്കിൽത്തന്നെ ജോർജ് കുട്ടി ആവശ്യത്തിന്  പണി തരുന്നുണ്ട് ."ഞാൻ പറഞ്ഞു.

"ഇവനെ നമ്മുക്ക്  ഒഴിവാക്കാം  ഈ കേസ് ഞാൻ അനേഷിക്കാം.എൻ്റെ നാട്ടുകാരനായിപ്പോയില്ലേ."ജോർജ്‌കുട്ടി .

"സന്തോഷം,ചേട്ടന് കാര്യത്തിൻറെ ഗൗരവം മനസ്സിലായി."

എന്നെ നോക്കി ജോർജ്‌കുട്ടി പറഞ്ഞു,"ഇവൻ ഒരു കഞ്ഞിയാ.ഇവനെ ഒന്നിനും കൊള്ളില്ല.".

"ഒന്നരാടൻ  പ്രേമം,എന്ന് പേരിട്ടു നമ്മുക്ക് ഒരു സിനിമ പിടിക്കാം.സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ".അച്ചായൻ പറഞ്ഞു..

“കേസ് വിശദമായിട്ടു പഠിക്കണം.അത് ഇങ്ങനെ റോഡിൽ നിന്ന് സംസാരിക്കേണ്ട വിഷയമല്ല.ഒരു ചായയൊക്കെ കുടിച്ചു് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട വിഷയമാണ്.ഞങ്ങളുടെ വീട്ടിലേക്ക് പോകാമായിരുന്നു.ചായയുണ്ടാക്കാൻ വച്ചിരുന്ന പാല് പൂച്ച കുടിച്ചുപോയി."

"നിങ്ങൾക്ക് പൂച്ചയുണ്ടോ?"

"ഞങ്ങൾക്കില്ല.അയൽവക്കത്തു കാർക്ക് ഉണ്ട്.പാവം പൂച്ചയല്ലേ,വല്ലപ്പോഴും അല്ലേ പാൽ കുടിക്കാൻ കിട്ടുന്നത് എന്നുകരുതി കണ്ണടച്ചു."

"ആരാ കണ്ണടച്ചത്?അല്ല പൂച്ച കണ്ണടച്ചുപിടിച്ചാണ് പാല് കുടിക്കുന്നത് എന്ന് പറയുന്നത്  ശരിയാണല്ലേ?"സെൽവരാജൻ.

"പൂച്ച കുടിച്ചത്  സാരമില്ല.നമ്മുക്ക് വീട്ടിൽ  പോയി കട്ടൻ കാപ്പി കുടിക്കാം."വർഗീസ്സ് പറഞ്ഞു.

"കട്ടൻ കാപ്പി ഗൗഡർ വർഗീസ്സ്  കഴിച്ചോ,ഞങ്ങൾക്ക് വേണ്ട."ഞാൻ പറഞ്ഞു.

"എങ്കിൽ തട്ടുകടയിൽ പോയാലോ?"

" റോഡിൽ നിന്ന് ചർച്ചചെയ്യാൻ ഞാനില്ല.ഇവനോട് ചോദിച്ചുനോക്ക്.ചീപ്പ് പണികൾ ഇവൻ ചെയ്യും ." ഞാൻ ജോർജ്‌കുട്ടിയെ നോക്കി പറഞ്ഞു.

ജോർജ്‌കുട്ടി എങ്ങനെയും എൻ്റെ തലയിൽ വയ്ക്കാനുള്ള പരിപാടിയാണ്.

"എന്നാൽ ഹോട്ടലിൽ പോകാം".വർഗീസ്സ്  പറഞ്ഞു.

ഹോട്ടൽ മഞ്ജുനാഥയിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.എല്ലാവർക്കും ചായയും മസാലദോശയും വർഗീസ്സ്  ഓർഡർ ചെയ്തു.ചായകുടി കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,"നമ്മുക്ക് അല്പം നടന്നുകൊണ്ട് സംസാരിക്കാം."

വർഗീസ് ബില്ല് പേ ചെയ്തു, റെഡിയായി.ഞങ്ങൾ നടന്നു.

"അപ്പോൾ നമ്മളുടെ വിഷയം ഒന്നരാടൻ പ്രേമം ആണ്.എന്തുകൊണ്ടാണ് അവൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം  പരിചയം കാണിക്കുന്നത്?ചിലപ്പോൾ ആ ദിവസങ്ങളിൽ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകും എന്ന് ഞാൻ പറയുന്നില്ല.പക്ഷെ,ചാൻസ് ഉണ്ട്."

വര്ഗീസിൽ നിന്നും നെടുവീർപ്പ് ഉയർന്നു.

"ചങ്കിനിട്ടു കുത്താതെ ജോർജ് കുട്ടി."

"അടി ഒന്നും ആയിട്ടില്ല,വടി  വെട്ടാൻ പോയിട്ടേയുള്ളു."ജോർജ് കുട്ടി പറഞ്ഞു.

"അടിയുണ്ടാകും അല്ലെ.എന്നാൽ ഞാനില്ല"സെൽവരാജൻ.

"എടാ മണ്ടാ,ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?"

"അത്  ശരി.എന്നാലും തല്ലുണ്ടാകാൻ സാധ്യത കാണുന്നുണ്ട്.ഇനി ചായ കുടിക്കുന്നുണ്ടോ?"

"എന്താ?"

"ഇല്ലെങ്കിൽ പോയേക്കാം എന്ന് വിചാരിച്ചു .വെറുതെ എന്തിനാ തല്ലുകൊള്ളുന്നത്?".

"വർഗീസ്സ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട".ജോർജ് കുട്ടി പറഞ്ഞു.

"ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ?".അച്ചായൻ.

"അത് ബൈബിളിലുള്ളതാ.ദിനകരനെ കോപ്പി അടിച്ചതാ,"ഞാൻ പറഞ്ഞു.

അച്ചായനെയും സെൽവരാജനേയും വർഗീസ്സ് പറയുന്നത് സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിന്  അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു.എല്ലാ ദിവസവും ഇതേ സമയത്തു് ഹോട്ടൽമഞ്ജുനാഥയിൽ ഒരു ടേബിളിന് ചുറ്റുമിരുന്ന് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുക,എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു.വട്ടമേശ സമ്മേളനത്തിന് സൗകര്യമില്ലാത്തതുകൊണ്ട് ചതുര മേശ സമ്മേളനം ആയി മാറി.

ഒരാഴ്‌ച വൈകുന്നേരത്തെ ചായകുടിയും മസാലദോശയും വർഗീസ്സ്  സ്പോൺസർ ചെയ്തു.അന്വേഷണ കമ്മീഷൻ വർഗീസ്സ് പറയുന്നത് സത്യമാണ് എന്ന് മനസിലാക്കി റിപ്പോർട്ടും  തന്നു.

ഇനി എന്ത്? ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

കാഥികൻ കൊല്ലം രാധാകൃഷ്ണനും ഗോപാലകൃഷ്ണനും വിവരം അറിഞ്ഞു സ്ഥലത്തെത്തി,ഒരു പുതിയ കഥ കിട്ടിയ സന്തോഷത്തിലാണ് അവർ.

കഥക്ക്  ഒന്നരാടൻപ്രേമവും മസാല ദോശയും എന്ന് പേരും കൊടുത്തു.കേസ് അന്വേഷണം പൂർത്തിയായിട്ടൂ മാത്രം കഥാപ്രസംഗത്തിൻറെ കാര്യം പരസ്യമാക്കുകയുള്ളൂ എന്ന് ഒരു കരാറുണ്ടാക്കി തൽക്കാലം അവരെ ഒതുക്കി.

ഭാഗ്യം ഞങ്ങളെ തേടി വന്നു.

അടുത്ത ദിവസം നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ ഹൗസ്സ്  ഓണറിൻ്റെ  മകൾ മരിയയും  വർഗീസിൻ്റെ പ്രേമഭാജനവും  ഒന്നിച്ചു നടന്നു വരുന്നു.ഹൗസ് ഓണറുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു ഞങ്ങൾ.

അവരുടെ കുടുംബാംഗങ്ങളെപ്പോലെ അവർ ഞങ്ങളെ കരുതിവന്നു.ഞങ്ങളെ കണ്ടപാടെ മരിയ ചോദിച്ചു,"അണ്ണാ,ഈവനിംഗ് വാക്കിന് പോകറിൻങ്കളാ ?"

"ഉം,ഇതാരാ ഒപ്പം?"

മരിയ  ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്.അവൾ പറഞ്ഞു,"ഇത് അന്ന,എൻ്റെ കൂടെ കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു.ഇവള് ട്വിൻസാണ്,കൂടെയുള്ളത്  ബെന്ന.അവൾക്കു നാളെയാണ് ക്‌ളാസ് "

പ്രശനം പരിഹരിച്ചു.അത് ഇരട്ട കുട്ടികളാണ്.അതിൽ അന്നയാണ് വർഗീസ്സിനെ കാണുമ്പൊൾ ചിരിച്ചുകാണിക്കുന്നത്.ബെന്നയ്ക്ക് കാര്യം അറിയില്ല.

വിവരം അറിഞ്ഞ വർഗീസ്സ്, ."കർത്താവെ,ഞാൻ എങ്ങനെ അവരെ തമ്മിൽ തിരിച്ചറിയും?"

"ഏതായാലും തല്ലുകിട്ടും.ആര് തല്ലിയാലും  നോവും.പിന്നെയെന്തിനാ തിരിച്ചറിയുന്നത്?"സെൽവരാജന് അതാണ് സംശയം.

"അതിനു പണിയുണ്ട്."

"എന്ത് പണി?" വർഗീസ്സ് .

"നാളെ ഇതേ സമയത്തു ഹോട്ടൽ മഞ്ജുനാഥയിൽ വച്ച് നമ്മുക്ക് ചർച്ചചെയ്യാം. "

വർഗീസ്സ് സമ്മതിച്ചു.

"ഇത് വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണു എന്നുപറയുന്നതുപോലെയാണ്."

"അതെന്താ?"

"ഗൗഡർമാർ സൈക്കിൾ ചെയിൻ കുറുവടി മുതലായവയാണ് പ്രയോഗിക്കുക. അന്ന, ഐസ് ക്രീം ഫാക്ടറിയിൽ ജോലിയുള്ള ഗൊൺസാലസിന്റെയും മറിയയുടെയും  മകളാണ്,ആഗ്ലോ ഇന്ത്യൻ.അവർ കുറുവടിയും സൈക്കിൾ ചെയിനും   ഒന്നും ഉപയോഗിക്കാറില്ല."

"പിന്നെ?"

"വെറും റിവോൾവർ."

"എങ്കിൽ പരുന്തുംകൂട്  ശശിയുടെ കവിത നമ്മുക്ക് ചൊല്ലാം.തുളകൾ വീണ ഇലകളാണ് നാം."അച്ചായൻ .

"അപ്പോൾ ജോർജ്‌കുട്ടി, ഒരു രണ്ടുമൂന്ന് തുളകൾ പ്രതീക്ഷിക്കാം അല്ലേ?"ഞാൻ ചോദിച്ചു."

"ചിലപ്പോൾ അതിൽ കൂടുതലും വേണ്ടി വരും."

പേടിച്ചരണ്ടുപോയ വർഗീസ്സ് നിലവിളിച്ചുപോയി,"അമ്മാ ................"

വർഗീസ്സിൻ്റെ  നിലവിളികേട്ട് റോഡിൽക്കൂടി നടന്നുപോയ ഒരു സ്ത്രീ ഒരു പത്തുപൈസ തുട്ട് എടുത്ത് വര്ഗീസിനുനേരെനീട്ടി.

വർഗീസ്സ് അവരെ തുറിച്ചുനോക്കി..

"നിങ്കൾ പിച്ചക്കാരനല്ല?"

വർഗീസിന്റെ അമ്മാ വിളികേട്ട് അവർ പിച്ചക്കാരൻ ആണെന്ന് കരുതി ധർമ്മം കൊടുത്തതായിരുന്നു ആ പത്തു പൈസ.

ജോർജ്‌കുട്ടി പറഞ്ഞു,"വാങ്ങിക്കോ,ഒരു തൊഴിൽ  പഠിക്കുന്നത് നല്ലതാ,ഭാവിയിൽ ഉപകരിക്കും."

അപ്പോൾ കാഥികൻ കൊല്ലം രാധാകൃഷ്ണനും വാല്,ഗോപാലകൃഷ്ണനും ഞങളുടെ അടുത്തേക്ക് വന്നു.."അപ്പോൾ നമ്മുക്ക് കഥ ആരംഭിക്കാം അല്ലെ?

"സഹൃദയരെ ,ഞാൻ നിങ്ങളോടു പറയാൻ പോകുന്ന  കഥയുടെ പേര്,അന്നയും ബെന്നയും.

വിശ്വപ്രസിദ്ധനായ ലൂജിയാനോവിൻ്റെ ചക്രവാളങ്ങൾക്ക് അപ്പുറം എന്ന  നാടകത്തിൽ ഒരു സ്വപ്ന കഥാപാത്രമായി ആൻഡ്രൂ വേദിയിൽ വന്ന് സ്വപ്ന ലോകത്തെക്കുറിച്ചു പലതുംപറയുന്നു.ആ കിനാവിൻ്റെ കൂട്ടുകാരനെപോലെ ആയിരുന്നു നമ്മളുടെ വർഗീസും."

"എന്നിട്ട്?"

മഞ്ഞണിഞ്ഞ മാമലകൾക്കിടയിലൂടെ അവൾ നടന്നു,നമ്മളുടെ കഥ നായിക അന്ന.."

"അപ്പോൾ കഥ  നടക്കുന്നത് കാഷ്‌മീരിൽ ആണ് അല്ലേ?"

 "ഇതിലുംഭേദം ഗൗഡരുടെ തല്ലുകൊള്ളുന്നതാ."വർഗീസ്സ് പറഞ്ഞു.

"എന്നാൽ നിൽക്കണ്ട,ഓടിക്കോ."ജോർജ്‌കുട്ടി വിളിച്ചുപറഞ്ഞു.

ഞങ്ങൾ അനുസരിച്ചു,അല്ലാതെ അവിടെ നിന്നും രക്ഷപെടാൻ വഴിയില്ല.

read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക