Image

ആനയും തയ്യൽക്കാരനും : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 3)

Published on 14 May, 2022
ആനയും തയ്യൽക്കാരനും : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 3)
 
 
കുറുമ്പനായ ഒരു തയ്യൽക്കാരന്റെയും, അതേ നാണയത്തിൽ തിരിച്ചടിച്ച കുറുമ്പൻ ആനയുടെയും കഥ നമ്മളാരും മറന്നിട്ടില്ല. പഴത്തിന് പകരം തുമ്പിക്കയ്യുടെ തുമ്പത്തൊരു കുത്ത് സൂചികൊണ്ട്. അതേ തുമ്പിക്കയ്യിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരു കുടം വെള്ളം തയ്യൽക്കാരന്റെ മുഖത്തേയ്ക്ക് തെറിപ്പിച്ച് ആന പകരം വീട്ടി.
' അതില്പിന്നെ അയാൾ ആനയോടു കളിച്ചിട്ടില്ല' .
കുട്ടികൾ കോറസായി. 
എന്റെ കൊച്ചുമകൾ മുങ്ങിക്കളഞ്ഞു . ''Ammamma you try another thrilling story next time.''
 
ഈ കഥയുമായി യാതൊരു ബന്ധവുമില്ല നമ്മുടെ മെഡിക്കൽ ഡയറിക്ക്.
പ്രവാചകന്റെ അൽമിത്ര അൽ മുസ്തഫയോട് ചോദിച്ചതുപോലെ ഒരാൾ ഇൻബോക്സിൽ വന്ന് ഒരു ചോദ്യം. മാഡം, ഞങ്ങളോട് റാഗിങിനെക്കുറിച്ചു പറയുമോ, നിങ്ങളുടെ കാലത്ത് റാഗിങ് ഉണ്ടായിരുന്നോ?
റാഗിങ് എന്നുമുണ്ടായിരുന്നു കൂട്ടരേ, ഞങ്ങളുടെ കാലത്തും ഒട്ടും കുറവില്ലായിരുന്നു. അന്നൊക്കെ ഞാനൊരു പൂച്ചക്കുഞ്ഞിനെപ്പോലെ പാവം ചമഞ്ഞു നടന്നു. എന്നിട്ടും കിട്ടി പൊതിരെ റാഗിങ്. എനിക്കു കിട്ടിയതിനൊക്കെ കാരണം എന്റെ അപ്പനാണ് - അപ്പൻ മാത്രം.
പാലാ, കാഞ്ഞിരപ്പള്ളി നസ്രാണി അച്ചായന്മാരെക്കുറിച്ചു നിങ്ങൾക്ക് എന്തു ധാരണയുണ്ട് ..?
നല്ല അലക്കിത്തേച്ച മുണ്ടും ഷർട്ടും. ഷർട്ടിന്റെ സ്ലീവിലും കോളറിനു താഴെയും സ്വർണ ബട്ടൻസ്. ഇവയെ ബന്ധിപ്പിച്ചു ചെറിയ സ്വർണച്ചെയിൻ. എടുപ്പിലും നടപ്പിലും സംസാരത്തിലും നല്ല അച്ചായത്തരം. റോസ് മേരിയും മ്യൂസ് മേരിയും എഴുതിയിട്ടുണ്ട് ധാരാളം ഇവരെ കുറിച്ച് .
"സ്നേഹിച്ചാൽ നക്കിത്തിന്നും, ദ്രോഹിച്ചാൽ കുത്തിക്കൊല്ലും.
മധുരിച്ചിട്ടു തുപ്പാനും വയ്യ, കയ്ച്ചിട്ടിറക്കാനും വയ്യ, അതാണ്‌...
പതിനൊന്നു മക്കളിൽ ഒന്നിനെപ്പോലും സ്കൂളിൽ ചേർക്കാൻ പോയിട്ടില്ല എന്റെ അപ്പൻ. ഗതികെട്ടിട്ട് ഇളയ പുന്നാരമകനെ സ്കൂൾ മാറ്റിച്ചേർക്കാൻ പോയതോ നല്ല പുളിവാറുമായിട്ട്.
ഓർക്കണം, ഈ അപ്പനാണ് എനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയപ്പോൾ എവിടെ വേണമെങ്കിലും ഇറങ്ങി വരാൻ വെമ്പി നിന്നത്. MBBS ന് എനിക്ക് അഡ്മിഷൻ കിട്ടിയതൊക്കെ നാട്ടിൽ പാട്ടാക്കി അപ്പൻ അഭിമാന പൂരിതനായി   എനിക്ക് ഓവർകോട്ട് വേണമല്ലോ? താമസംവിനാ  അപ്പൻ അടുത്ത ഹോസ്പിറ്റലിലെ ഫിസിഷ്യൻ Dr. കുമുദാഭായിയെ സമീപിച്ചു. "എന്റേത് പഴയത്, ഇപ്പോൾ style മാറിയിട്ടുണ്ട്."
 
പണ്ട് ടെന്നീസ് പ്ലേയർ മാർഗരറ്റ് കോർട് ഇട്ടിരുന്ന നീളം കൂടിയ playing suit എനിക്കോർമ്മ വന്നു. 
'നമുക്ക് റെഡിമെയ്ഡു വാങ്ങാം ' ഞാൻ പറഞ്ഞു..
അതു വേണ്ടാ, നിന്റെ ആദ്യത്തെ over coat ഗോപിയ്ക്കു തുന്നണമെന്ന് ഒരേ വാശി. 
ഗോപിച്ചേട്ടനോ !ഞാൻ പകച്ചുനിന്നു. അതിനു പുള്ളിക്കാരൻ ഇതേവരെ ഇങ്ങനെ ഒന്നു തയ്ച്ചിട്ടില്ലല്ലോ? 
ഈ ഗോപിച്ചേട്ടൻ ആരെന്നല്ലേ? ചാച്ചന്റെ textiles ലെ തയ്യൽക്കാരൻ. ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ സർവ്വവസ്ത്രങ്ങളും തുന്നിത്തന്നത് ഗോപിച്ചേട്ടനാണ്. ഈ ഓവർകോട്ട് തുന്നൽ പുള്ളിയുടെ അവകാശമാണ്പോലും.
 
ഇനിയാണ് കഥയുടെ പൂരം. ഒരു ടാക്സിയിൽ ഞാനും ഗോപിച്ചേട്ടനും അപ്പനും കോട്ടയം മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിൽ എത്തുന്നു. ഹോസ്റ്റൽ അഡ്മിഷൻ എടുക്കുന്നു. 
അവർ രണ്ടുപേരും അവിടെ കണ്ട ചില മെഡിക്കൽ students നോട് വന്ന കാര്യം പറഞ്ഞു. "ഒരു ഓവർ coat വേണം, അളവെടുക്കാനാണ് ". ചിലർ ഒന്നും മിണ്ടാതെ മാറി നിന്നു. അതു കാതോടു കാതോരം പലരുമറിഞ്ഞു. അറിഞ്ഞവർ അറിഞ്ഞവർ അവിടെ വന്ന് ഞങ്ങളെ ഒളിഞ്ഞു നോക്കി. ചിലർ ചുണ്ടു കോട്ടി. ചിലർ മൂക്കത്തും മറ്റുചിലർ ചുണ്ടിലും, കവിളിലും വിരൽ വച്ചു. ഒരാൾ നെറ്റിയിൽ ഇടിച്ചു. ഒരു അത്ഭുത ജീവിയെ കാണും പോലെ അവരെന്നെ തുറിച്ചുനോക്കി. ഞാനാകെ തളർന്നു പോയി. ഭൂമി പിളർന്നു പാതാളത്തിലേക്കു പോയെങ്കിൽ....
 
അപ്പോൾ ദൈവം പറഞ്ഞു വിട്ടതു പോലെ സാരിക്കുമേൽ ഓവർകോട്ടും ഇട്ടൊരു സുന്ദരി കടന്നു വന്നു. അതിന്റെ മുഖത്ത് അൽപ്പം മനുഷ്യപ്പറ്റുണ്ടെന്നു കണ്ട് ഞാൻ അടുത്തു ചെന്നു. ഈ ഓവർകോട്ട് ഒന്നു തരുമോ, Tailor കൂടെയുണ്ട്. ഒന്നളവെടുത്തു പടംവരയ്ക്കണം, ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. 
ഒന്നു തടഞ്ഞു നിന്ന ശേഷം ഉടൻ വരാം എന്നു പറഞ്ഞവർ ഹോസ്റ്റലിനുള്ളിലേക്ക് പോയി. അതേ വേഗത്തിൽ മറ്റൊരു ക്ലീൻ കോട്ടുമായി  തിരിച്ചു വന്നു. ഗോപിച്ചേട്ടൻ ഫോൺടേബിളിൽ കോട്ട് വിരിച്ചിട്ട് പറഞ്ഞമാത്രയിൽ ടേപ്പ്, പെൻസിൽ ഇവ ഉപയോഗിച്ച് പണി പറ്റിച്ചു. 
"What is your name ?" ഇതിനിടയിൽ അവർ എന്നോട് പേരു ചോദിച്ചു. ഞാൻ പേരു പറഞ്ഞു. Oo, കുൻജമ്മ ജോർജ്. 
അപ്പോൾ മാത്രമാണ് തോളറ്റംവരെ വെട്ടിയിട്ടിരിക്കുന്ന അവരുടെ മുടി ഞാൻ ശ്രദ്ധിച്ചത്. അവരൊരു മലയാളിയേ അല്ല. ഞാൻ പേരു ചോദിച്ചു. 
I am Anjana Nayak. But you shouldn't repeat it to any of your seniors. 
Anjana കുറച്ചു serious ആയിരുന്നു എന്നു ഞാൻ ശ്രദ്ധിച്ചു. കോട്ട് തിരികെ കൊടുത്ത് നന്ദിപറഞ്ഞു ഞാൻ 'രക്ഷപെട്ടു'. 
 
മോശം പറയരുതല്ലോ, ഗോപിച്ചേട്ടൻ തയ്ച്ച ആദ്യ ഓവർകോട്ട് ഗംഭീരം.
ക്ലാസ്സ്‌ തുടങ്ങുന്നതിനു തലേദിവസം തന്നെ ഹോസ്റ്റലിൽ എത്തി. 
ഞാൻ റാഗിങ് പേടിച്ച് റൂമിനു വെളിയിൽ ഇറങ്ങിയില്ല. പക്ഷേ സ്വന്തം tailor സഹിതം ലേഡീസ് ഹോസ്റ്റലിൽ വന്നു seniors ന്റെ ഓവർ കോട്ട് ചോദിച്ച എന്റെ അതിക്രമത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുന്നു.
അത്താഴം കഴിക്കാൻ first years മുഴുവൻ വരി വരിയായി dinning ഹാളിൽ ചെല്ലാൻ ഉഗ്രശാസനയുമായി seniors എല്ലായിടത്തും കറങ്ങി നടന്നു. ഞങ്ങൾ അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ വരിയായി നിന്നു. 
Self introduction. ഏതുപേരു കേട്ടാലും seniors കൂക്കി വിളിച്ചു. ഇതാരാടോ ഈ horrible പേരു തനിക്കിട്ടത്. 
കേട്ടിട്ട് ശർദ്ദിക്കാൻ വരുന്നു. 
ചില നല്ല seniors അതും പറഞ്ഞ് ഇറങ്ങിയോടി. എന്റെ ഊഴമെത്തി. ഞാൻ ...... ജോർജ്‌ എന്നു പറഞ്ഞവസാനിപ്പിച്ചില്ല, കൂട്ട അട്ടഹാസം, കൂക്കുവിളി. 'എല്ലാരും ഓടിവായോ ... ഇതാ സ്വന്തമായി തുന്നൽകാരനെയും കൊണ്ടു കോട്ടു തുന്നിക്കാൻ വന്ന പാലാക്കാരി..
അങ്ങോട്ട്‌ മാറി നിൽക്ക്.. ഒന്നു നന്നായി കണ്ടോട്ടെ.. '
 
എന്റെ അപ്പന് കണക്കിന് തെറികിട്ടി. ഗോപിച്ചേട്ടനെ ഇനി പറയാത്തതൊന്നുമില്ല. അവസാനം എന്നെ അവർ 'കോത്താഴത്തുകാരി ' എന്നു വിളിച്ചു. 
അപ്പന് തലയിൽ മൂളയില്ലെന്നു പറഞ്ഞത് എനിക്കു തീരെ സഹിച്ചില്ല. പക്ഷെ സഹിച്ചല്ലേ പറ്റു. 
ഞാൻ കരച്ചിലിന്റെ വക്കിലെത്തി. അപ്പോൾ ചില നല്ല seniors എന്നെ വിരട്ടി ഓടിച്ചു, "കേറിപ്പോടോ മുറിയിൽ, അല്ലേ തന്നെ വച്ചേക്കില്ല."
ഞാൻ വേഗം റൂമിൽ കയറി ഒളിച്ചു. അവിടെ എന്റെ സഹപാഠി സബിതയെ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു. സബിത എന്നെ ആശ്വസിപ്പിച്ചു.
പിറ്റേന്നു രാവിലെ പ്രാതൽ സമയത്ത് അവിടെയും ഇവിടെയും പലപല റാഗിംഗ് സെക്ഷൻ. അപ്പോഴേക്കും തുന്നൽക്കാരനെ കൊണ്ടുവന്നതിലുപരി എന്റെപേരിൽ  മറ്റൊരാരോപണം കൂടി. "തന്റെ വീട്ടിൽ ആനയുണ്ടല്ലേടോ, എന്താടോ കൊമ്പനോ, പിടിയോ"?
കൊമ്പൻ ...
ഞാൻ പറഞ്ഞു. 'അതിനു പേരില്ലേടോ, അതു കൂടി ചേർത്തു പറഞ്ഞാൽ തനിക്കെന്താ നഷ്ടം? '
"രവീന്ദ്രൻ."
എന്നാപ്പിന്നെ tailor - റെക്കൂട്ടി അതിന്റെ പുറത്തങ്ങ് എഴുന്നള്ളിയാൽ പോരായിരുന്നോ? എല്ലാംകൂടി ഒരാനച്ചന്തം വന്നേനെല്ലോ..
 
ഞാനാകെ ആസ്വസ്ഥയായി. ആനക്കാര്യം എങ്ങിനെ seniors അറിഞ്ഞു എന്നായി എന്റെ ആധി. ഞാൻ എത്തുന്നതിനു മുൻപേ വാർത്ത ലേഡീസ് ഹോസ്റ്റലിൽ എത്തി. എന്റെ രണ്ടു നാട്ടുകാർ, സീനിയേഴ്സ് ആയ പുരുഷന്മാർ  അവിടെ പഠിക്കുന്നുണ്ട്. അവരാണ് ഈ കൊടുംചതിയുടെ പിന്നിൽ.
 
മെഡിക്കൽ കോളേജിലേക്ക് ആദ്യമായി പോകും വഴി ആൺകുട്ടികൾ വഴിയിൽ തടഞ്ഞു നിർത്തി. 
എന്റെ പേരിനു മുൻപിൽ ' ആന ' ചേർത്ത് എനിക്കു ചെല്ലപ്പേരു വീണു. അവരിൽ പലരും ആദ്യദിനം തന്നെ വിവാഹാലോചന തുടങ്ങി. ആനയെ സ്ത്രീധനമായി കിട്ടുമോ, കിട്ടണം എന്നൊക്കെ വരെയെത്തി ശാഠ്യങ്ങൾ .
ചിലർക്ക് അവരുടെ കാമുകിയ്ക്കു കൊടുക്കാൻ ആനവാൽ വേണം, മറ്റുചിലർക്ക് ഒരു രോമം മതി. ആനക്കൊമ്പ് തന്നെ ചോദിക്കാൻ ധൈര്യം കാട്ടിയവരും ഉണ്ട്. ഇവരെങ്ങാൻ എന്റെ അപ്പന്റെ മുന്നിൽ വന്നുപെട്ടാൽ ഉറപ്പ്, ഈ മെഡിക്കൽ കോളേജിൽ നിന്നും ഞാൻ ഡോക്ടറായി പുറത്തിറങ്ങില്ല.
 
ആയിടെയാണ് ഞങ്ങളുടെ freshers welcome എന്ന പ്രോഗ്രാം. അതൊരു Grant function ആണ്‌. അതു കഴിഞ്ഞാൽ പിന്നെ റാഗിങ് പാടില്ല എന്നാണ്.
 
Freshers welcome നു ഞങ്ങളുടെ 'രവിയെ'എഴുന്നള്ളിച്ചു കൊണ്ടുവരണമെന്നായി ചില seniors.
 
എനിക്കൊന്നു ചത്തു കിട്ടിയാൽ മതിയെന്നായി. ഞാനിതു വീട്ടിൽ മിണ്ടിയതേയില്ല.
 അറിഞ്ഞാൽ, 'എന്റെ അപ്പനല്ലേ മോൻ ' , അപ്പോൾ തന്നെ നെറ്റിപ്പട്ടവും കെട്ടി രണ്ടു ദിവസം മുമ്പേ പുറപ്പെടും. മകൾക്കു കിട്ടിയ 'ഗമ' പോരാഞ്ഞു കുറച്ചു കൂടി ഇരിക്കട്ടെ എന്നാവും.
 
Tailor ന്റെ കയ്യിൽ തുന്നാൻ കൊടുക്കാൻ അളവ് സഹിതം ചില തുണികളൊക്കെ seniors തന്നുവെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. 
 
മെഡിക്കൽ കോളേജിലെ പഠനമവസാനിപ്പിച്ചു വിടപറഞ്ഞെങ്കിലും എന്റെ  പേരിലുള്ള 'ആനയ്ക്ക് ' മാറ്റം വന്നില്ല. പിന്നെ അവിടെ anaesthesia ഡിപ്പാർട്മെന്റിൽ ജോലിയിലിരിക്കെ ചിലരൊക്കെ വന്നു ചോദിക്കാറുണ്ട്, "മാഡം ആ ആന ഇപ്പോഴും ഉണ്ടോ ? ."
 
ഒരാനയും തുന്നൽക്കാരനും ചേർന്ന് എനിക്കിട്ടു പണിത 'പാര' ... പോരേ..?
 
ഇനി റാഗിങ്ങിനെക്കുറിച്ച് - ഞാനൊരു perfect anti - raggist ആണ്‌. അത് ആരെയും ഒരു വിധേയത്വവും പഠിപ്പിക്കാൻ പോകുന്നില്ല. അല്ലെങ്കിൽ തന്നെ എന്തിനാണ് നാം ആരുടെയെങ്കിലും 'വിധേയൻ ' ആകുന്നത് ?
 
എല്ലാവരുടെയും മുഖം മനസിലുണ്ട്. ആരോടും നീരസ്സങ്ങളില്ലാതെ ...
 
Bye..
Dr. Kunjamma George.12/05/2022.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക