Image

ഇല പൊഴിക്കുന്ന മരങ്ങൾ: നോവലെറ്റ്-തുടരുന്നു, മിനി സുരേഷ്

Published on 23 April, 2022
ഇല പൊഴിക്കുന്ന മരങ്ങൾ: നോവലെറ്റ്-തുടരുന്നു, മിനി സുരേഷ്

ഭാഗം.3

മാറ്റങ്ങൾ കണ്ടു തുടങ്ങിയത് പെട്ടെന്നാണ്. ഒരു ശനിയാഴ്ച, വൈകുന്നേരങ്ങളിൽ പണിക്കാരുടെ ആഘോഷങ്ങളിലാണ്തുടക്കം. പിന്നെയതൊരു പതിവായി.
തന്റെ കാര്യങ്ങളെല്ലാം ആകെ അവതാളത്തിലായി. പല രാത്രികളിലും രാജുവിനെകാത്തിരുന്ന് ഭക്ഷണം പോലും കഴിക്കാതെ മയങ്ങിപ്പോയിട്ടുണ്ട്. കുടിച്ച് ബോധം കെട്ടുറങ്ങുന്ന രാജുവിനെയായിരിക്കും പുലർച്ചെ വാതിൽ തുറന്ന് നോക്കുമ്പോൾ കാണുന്നത്. തലേന്ന് കൂലി കിട്ടിയതിന്റെ യാതൊരു അവശേഷിപ്പുകളും പോക്കറ്റിൽ കാണാറുമില്ല. എത്ര വഴക്കു പറഞ്ഞാലും
അവൻ മറുത്തൊരക്ഷരം പറയില്ല. 'ഇനി കുടിക്കത്തില്ല സാറേ എന്നുപറഞ്ഞ് കാലിൽ
കെട്ടിപ്പിടിച്ച് കരയും. ആവർത്തനങ്ങളുടെ പതിപ്പുകൾ നീണ്ടു പോയി. 

"സാറിനെ വിശ്വസിച്ചല്ലേ അവനെ ഇവിടെ നിർത്തിയത്. ചീത്ത കൂട്ടുകെട്ടിൽ പെട്ട് എന്റെകൊച്ച് നശിച്ചു. വീട്ടിലും ഒന്നും തരുന്നില്ല. അവന്റെഅമ്മയും കുറ്റപ്പെടുത്തിയതു തന്നെയായിരുന്നു. മദ്യത്തോടുള്ളആസക്തി അതിനോടകം അവനെ കീഴ്പ്പെടുത്തിയിരുന്നു. ആ നീരാളിപ്പിടുത്തത്തിൽനിന്ന് അവനെയെങ്ങനെ രക്ഷപെടുത്തുമെന്ന ആധി പലപ്പോഴും തന്റെ ബ്ലഡ്പ്രഷർഉയർത്തി.

"അപ്പാപ്പൻ ആ ജവാനെ പറഞ്ഞു വിടാൻ നോക്ക്"
പെങ്ങളുടെ മകൻ ജയ്മോൻ താക്കീതുമായി വന്നു.
"ജവാനോ, ഏതു ജവാൻ" അത്ഭുതത്തോടെയാണ്
ചോദിച്ചത്.
"അല്ല,അപ്പോൾ ഇതൊന്നും അറിയുന്നില്ലേ. നമ്മടെ രാജൂന് നാട്ടുകാരിട്ട പേരല്ലേ.

"ഏറ്റവും വില കുറവുള്ള മദ്യത്തിന്റെ പേരാണതപ്പാപ്പാ. കൂട്ടം കൂടുമ്പോൾ അവൻ എപ്പോഴും വാങ്ങിച്ചു കൊണ്ട് ചെല്ലുന്നതും ജവാനാണത്രേ, തന്റെ മുഖത്തെ മായാത്ത ആകാംക്ഷ കണ്ടാവണം
അവൻ തുടർന്നു. 
"വില കുറവെന്നു പറഞ്ഞാൽ ഏകദേശം അറുനൂറ് രൂപയൊക്കെ വരും. സാധാരണക്കാരുടെ മദ്യം എന്നാണതിനെ വിളിക്കുന്നതും.
"കൊള്ളാം ,അതാണോ വിലക്കുറവെന്ന് പറയുന്നത്. ഒരു തൊഴിലാളിക്കു കിട്ടുന്നതിന്റെ നല്ലൊരു പങ്ക് മദ്യക്കടയിലേക്കാണ് പോകുന്നതെന്ന് സാരം. എണ്ണൂറ് രൂപ ദിവസക്കൂലി വാങ്ങുന്നവൻ അറുനൂറ് രൂപ മദ്യത്തിനായി ചിലവിടുന്നു. പിന്നെയെങ്ങനെ അവന്റെ കുടുംബം ബുദ്ധിമുട്ടാതിരിക്കും .ആരോഗ്യം നശിക്കുമെന്നതും ഇവരോർക്കുന്നില്ലല്ലോ ..കർത്താവേ"
"രാജുവിനെ പറഞ്ഞു വിട്ടേര് അപ്പാ ,വേറെ ആളെ അന്വേഷിക്കാം. ജയ്മോന്റെ ഇടപെടലാകണം, പിറ്റേന്ന് തന്നെ മകന്റെ ഫോൺ വന്നു.

ഭാഗം.4


ജോലിയിൽ നിന്നും ഒഴിവാക്കിയെങ്കിലും രാജു ഇടക്ക് വിശേഷങ്ങൾ അന്വേഷിക്കുവാൻ വരുമായിരുന്നു. ജന്മബന്ധങ്ങളുടെ കെട്ടുപാടുകളില്ലാത്ത അദൃശ്യമായ സ്നേഹത്തിൻറെ കണ്ണി തങ്ങൾക്കിടയിലുണ്ടായിരുന്നു. തെങ്ങിനു തടമെടുക്കുകയോ,മുറ്റം തൂക്കുകയോഅങ്ങനെ എന്തെങ്കിലുമൊരു പണി തപ്പിപ്പിടിച്ച് ചെയ്യുകയും ചെയ്യും.


"എടാ,നിനക്കീ ശീലമങ്ങ് ഉപേക്ഷിച്ചു കൂടേ. മദ്യപിച്ചില്ലേൽ നിന്നെക്കൊണ്ട് ഒരു കുഴപ്പവുമില്ലല്ലോ. എവിടേലും ധ്യാനത്തിനു പോയി ഇതിൽ നിന്നും മുക്തി നേടാൻ നോക്കണം. ഉപദേശിച്ചു മടുത്തിരുന്നെങ്കിലും കാണുമ്പോൾ അവനോട് പറയാതിരിക്കുവാനാകുമായിരുന്നില്ല.
"നിന്റെ പെങ്ങൾക്ക് നല്ല ഒരാലോചന വരുമോടാ നീയിങ്ങനെ നടന്നാൽ. നിനക്കുംഒരു ജീവിതമൊക്കെ വേണ്ടേ". പറയുന്നതൊക്കെ വെള്ളത്തിൽ വരച്ച പോലെയാണെന്ന്  അറിയാമായിരുന്നു.
"ചെയ്യാം സാറേ...ഇന്നു മുതൽ നിർത്തുകയാണ്." പക്ഷേ ക്യാൻസർ പോലെ പടർന്നു കയറിയ മദ്യാസക്തി  അവനെ പിടിവിടാതെ  മുറുക്കി വലിച്ചു കൊണ്ടേയിരുന്നു.


കൊറോണ പെയ്തിറങ്ങിയ നാളുകളിൽ പുതിയ ഒരാളെ കണ്ടെത്തുന്നത്അപ്രാപ്യമായതിനാൽ പുറം പണികളുടെ ചുമതല രാജുവിന് തന്നെയായി.
കൊറോണ തകർത്താടിയപ്പോൾ സാമൂഹിക അകലത്തിന്റെ ഭാഗമായി മദ്യഷാപ്പുകളും അടച്ചിടപ്പെട്ടു. ഒത്തിരിക്കാലങ്ങൾക്ക് ശേഷം രാജു പഴയ ആളായി മാറുന്നത് സന്തോഷത്തോടെ കണ്ടു.

മാറി മാറി വരുന്ന ഭരണകൂടങ്ങൾക്ക് നല്ലൊരു വരുമാനം മദ്യ നികുതിയിനത്തിൽ ലഭിക്കുന്നുണ്ട്.
എത്രയോ കുടുംബങ്ങളെ കണ്ണീരിലേക്കും,നാശത്തിലേക്കും തള്ളി വിടുന്നഈ സാമൂഹിക വിപത്ത് സത്യത്തിൽ ഭരണകൂടങ്ങൾക്ക് തടയാവുന്നതേയുള്ളൂ.

"സാറേ,ഒരു വയ്യായ്ക വന്ന് ആശൂത്രിലായിപ്പോയി''.
രാജുവാണ്. താൻ നാട്ടിലെത്തിയ വിവരം ആരെങ്കിലും പറഞ്ഞ് അറിഞ്ഞുകാണും. 
"നീയെന്നോടൊന്നും മിണ്ടണ്ടെടാ'', കസേരയിൽ കിടന്നിരുന്ന കുടയെടുത്ത് അവന്റെ ചുമൽ നോക്കിരണ്ടെണ്ണം കൊടുത്തു.
"ഇനിയിങ്ങനെ ഒന്നും ഉണ്ടാകത്തില്ല സാറേ. കൈകൂപ്പിക്കൊണ്ട് അവൻ പറഞ്ഞു. അമ്മേടെ കൂടെ ചേർത്തലേൽ ഒരു അമ്പലത്തിൽ പോകുവാനിരിക്കുകയാണ്. അവിടുന്നു കിട്ടുന്ന തീർത്ഥം കുടിച്ചാൽ പിന്നെ വെള്ളമടിക്കാൻ തോന്നത്തില്ലെന്ന്. 

" പിന്നേ,നിനക്ക് സ്വയം തോന്നണം. നന്നാകണമെന്ന്. അല്ലാതെ എങ്ങും പോയിട്ട് ഒരു കാര്യവുമില്ല." ദേഷ്യമാണ് ആദ്യം തോന്നിയത്. അവന്റെ കണ്ണുകളിലെ നിഷ്കളങ്കത കണ്ടപ്പോൾ പാവം തോന്നി.
"വല്ലതും കഴിച്ചായിരുന്നോടാ ചെറുക്കാ. ഇല്ലേൽ ഇഡലി മേടിക്കാം"അയാൾ വാത്സല്യമുള്ള പിതാവായി.
"മുറ്റത്തെ ഇലയൊന്ന് തൂത്തു വാരിക്കളയട്ടെ . എന്നിട്ടാകാം സാറേ."
"പെങ്ങൾടെ കോളേജിലെ ഫീസ് സാറടച്ചെന്ന് അവള് പറഞ്ഞായിരുന്നു"
നാട്ടുവിശേഷങ്ങളും ,വീട്ടുകാര്യങ്ങളുമൊക്കെ അവൻ സന്തോഷത്തോടെപറയുന്നത് കേട്ടപ്പോൾ മനസ്സിന് നല്ല ഉന്മേഷം തോന്നി.
"രണ്ടാഴ്ച കഴിഞ്ഞാൽ മാവേന്ന് ഇല പൊഴിയുന്ന കാലംമാറും. പിന്നെ മാവ് തളിർക്കുവാൻ തുടങ്ങുന്ന 
സമയമാകും".  
  
താൻ സാകൂതം നോക്കിയിരിക്കുന്നത് കണ്ടാകണം അവൻ പറഞ്ഞത്.
അതെ ഇലപൊഴിയും കാലവും ഒരു നാൾ കഴിയും. അപ്പോൾ പ്രതീക്ഷകളുടെ തളിർപ്പുകളും വിടരും. കാലത്തിന്
അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ ഇനിയും കഴിയും.

അവസാനിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക