Image

ബാംഗ്ളൂർ ഡേയ്‌സ് (ഹാസ്യനോവല്‍- 2: ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 21 April, 2022
ബാംഗ്ളൂർ ഡേയ്‌സ് (ഹാസ്യനോവല്‍- 2: ജോൺ കുറിഞ്ഞിരപ്പള്ളി)
രണ്ട് അതിഥികൾ
 
ജോർജ്ജ്‌കുട്ടി തുറന്നുവച്ച ആ പാക്കറ്റിലേക്ക് നോക്കി ഞാൻ അമ്പരന്ന് നിന്നുപോയി.ജോർജ്ജ്‌കുട്ടി എന്നോട് വീണ്ടും അതേ ചോദ്യം ആവർത്തിച്ചു.
"താനെന്താ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ?കമോൺ,കൂൾ.ഇതൊരു കോഴിയാണ് ."
അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു.
"ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?"
"ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല.”
"ഇതെന്ത് ചെയ്യാൻ പോകുന്നു.?"
"താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ."
"ഇതെങ്ങനെ ജോർജ് കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു?.ഞാൻ എല്ലാവരോടും മാത്യു എന്നു മാത്രമേ എൻ്റെ പേര് പറഞ്ഞിട്ടുള്ളൂ."
" ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയയാം.തൻ്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് ,താൻ ഒരു മത്തായി ആണ് എന്ന്."
ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു.ഇവനെ ഒതുക്കണം.
ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു,
"വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം...."
"അല്പം......? അതൊന്നും ഇവിടെ നടക്കില്ല."
"വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം.താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്.ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ.അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ.അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം"
"എന്തിന് ? "
"ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം.ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം."
"ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?"
"താൻ പോയിട്ടുവാടോ."
"അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം."
"അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. "
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോർജ്‌കുട്ടി പറഞ്ഞു,"നാശം,ഇതാരാ ഈ സമയത്തു് മനുഷ്യനെബുദ്ധിമുട്ടിക്കാൻ വരുന്നത്?താനൊരുകാര്യം ചെയ്യ്,ഈ കോഴിയെ ശരിയാക്കി മുറിച്ചുവയ്ക്ക്.ഞാൻ അത് ആരാണ് എന്ന് നോക്കിയിട്ടുവരാം."
"വേണ്ട,ജോർജ്‌കുട്ടിക്ക് അത് വിഷമമാകും.ഞാൻ പോയി നോക്കാം"
ജോർജ്ജ്‌കുട്ടി ഒരു പുളിച്ച ചിരിയോടെ അയാളുടെ ജോലി തുടർന്നു.
ഞാൻ വാതിൽ തുറന്നു,രണ്ടുചെറുപ്പക്കാർ മുറ്റത്തു് നിൽക്കുന്നു..
"എന്താ?ആരാ?"
ഒരാൾ പറഞ്ഞു,"ഞാൻ ജോസഫ്,നാട്ടുകാർ അച്ചായൻ എന്നുവിളിക്കും.ഇത് സെൽവരാജൻ."
"സെൽവരാജനെ വിളിക്കുന്ന പേര് ?"
"അത് സെൽവരാജൻ തന്നെ.നിങ്ങൾ മലയാളികളാണ് അല്ലേ?ഇനി മലയാളത്തിൽ സംസാരിക്കാം."
"അപ്പോൾ ഇത്രയും സമയം ഏതു ഭാഷയിലാണ് സംസാരിച്ചത്?"
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ജോർജ്ജ്‌കുട്ടി പുറത്തേക്ക് വന്നു.കോഴിയെ മുറിച്ചുകൊണ്ടിരുന്ന കത്തിയും കയ്യിലുണ്ട്.
കത്തി കണ്ടപ്പോൾ രണ്ടുപേരും ഒന്ന് പരുങ്ങി.അവരുടെ ഭാവമാറ്റം കണ്ട് ജോർജ്ജ്‌കുട്ടി പറഞ്ഞു,"പേടിക്കണ്ട,ഞാനൊരു കോഴിയെ പാകം ചെയാനുള്ള തയാറെടുപ്പിലാണ്."
അവർ രണ്ടുപേരും ഞങ്ങളുടെ വീടിനടുത്തു തന്നെയാണ് താമസിക്കുന്നത്.ആരോ അവരോടു പറഞ്ഞു രണ്ടു മലയാളികൾ അയൽവക്കത്തു താമസത്തിന് വന്നിട്ടുണ്ട് എന്ന്.അങ്ങനെ പരിചയപ്പെടാൻ വന്നതാണ്.
"ഞങ്ങളെപ്പോലെ പ്രശസ്‌തരായ ആളുകളെ ഞങ്ങൾ പറയാതെ തന്നെ നിങ്ങൾ തിരിച്ചറിഞ്ഞല്ലോ.ഞാൻ ജോർജ്‌കുട്ടി,ഇത് എൻ്റെ സുഹൃത്ത് മത്തായി,സോറി മാത്യു.കയറി വരൂ."
അവർ രണ്ടുപേരും അകത്തേക്ക് കയറി.
"നിങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇവിടെനിന്നു കഴിക്കാം.താൻ എന്ത് പണിയാണ് നമ്മളുടെ സന്ദർശകരോട് കാണിച്ചത്?അവരെ മുറ്റത്തുതന്നെ നിർത്തി സംസാരിക്കുന്നത് മോശമല്ലേ?."
അവർ അകത്തുകയറിക്കഴിഞ്ഞപ്പോൾ ജോർജ്ജ്‌കുട്ടി പറഞ്ഞു,"എനിക്ക് ഒരു സഹവാസിയുണ്ട് ,പത്തുപൈസയുടെ പണി അറിയില്ല. ചപ്പാത്തിയും കറിയുമുണ്ടാക്കാനാറിയാത്ത ഒരു മത്തായി":
അച്ചായൻ പറഞ്ഞു",സെൽവരാജാൻ എക്സ്പെർട്ട് കുക്കാണ്.നിമിഷനേരംകൊണ്ട് ചപ്പാത്തി ഉണ്ടാക്കും."
സെൽവരാജൻ പറഞ്ഞു, "അച്ചായൻ കോഴി കറിവയ്ക്കാൻ സമർഥനാണ്.
നല്ല ചങ്ങനാശേരി മോഡൽ കറിവയ്ക്കും ."
ജോർജ്‌കുട്ടിയുടെ അഭ്യാസം ഏറ്റു.
സെൽവരാജൻ ചപ്പാത്തി ഉണ്ടാക്കുന്ന ജോലിയും അച്ചായൻകോഴി കറിവയ്ക്കുന്ന പണിയും ഏറ്റെടുത്തു.
"കറിക്ക് ഉപ്പ് കൂടിപ്പോകാതെ ശ്രദ്ധിക്കണം,എനിക്ക് ചപ്പാത്തി കരിഞ്ഞത് കാണുന്നത് ഇഷ്ടമല്ല."
ഇങ്ങനെ കുക്കിങ്ങിന് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ജോർജ്പ്കുട്ടി ഗിത്താർ കയ്യിലെടുത്തു.
ജോർജ് കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.
എല്ലാം ഞങ്ങൾ സഹിച്ചു,എന്ന് പറയുന്നതാണ് ശരി.
ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു.
"നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.നാലുപേർ ഇല്ലെങ്കിൽ അത് പാപമാണ്.ഭാഗ്യം ഇപ്പോൾ നമ്മൾ നാലുപേർ ഉണ്ടല്ലോ..ബൈബിളിൽ അത് കൃത്യമായി പറയുന്നുണ്ട്."ജോർജ് കുട്ടി പറഞ്ഞു.
"ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ ".
"തനിക്കു വിവരമില്ല.ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?"
"ഇല്ല" ,ഞാൻ പറഞ്ഞു.
"വായിച്ചാൽ വിവരം വയ്ക്കും.ഇല്ലങ്കിൽ ഇങ്ങനെ ഇരിക്കേണ്ടിവരും.എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ നാലുപേർ ഉണ്ടല്ലോ.അതുകൊണ്ട് ദൈവസാന്നിധ്യം ഇവിടെയുണ്ട്.."
.എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
"അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്."
ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.".
“ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം."
സെൽവരാജനും അച്ചായനും പരസ്പരം നോക്കിയിരുന്നു.
അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.
"താൻ ആ ബൈബിൾ താഴെ വയ്ക്ക്."ഞാൻ പറഞ്ഞു.
"അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം."
ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു.
“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു,ഏഴ് യെശയ്യാവു അഞ്ചാം അദ്ധ്യായം. "
ഞാൻ മിണ്ടാതെയിരുന്നു.
"കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?"
ഞാൻ പറഞ്ഞു," ഇല്ല."
"സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?ഒരു ഹാഫ് ബോട്ടിൽ വിസ്‌കി.നമ്മൾ നാലുപേർക്ക് ഒന്നും ആകില്ല.ഒരു ഹാഫും കൂടി വാങ്ങിയാലോ?ഞാൻ പോകുമായിരുന്നു പക്ഷേ,കോഴിയൊക്കെ മുറിച്ചതുകൊണ്ട് കുളിക്കാതെ എങ്ങനെ പുറത്തുപോകും?"
"ഞാൻ വാങ്ങിക്കൊണ്ടുവരാം"സെൽവരാജൻ പറഞ്ഞു.
"എങ്കിൽ സമയം കളയണ്ട,വേഗം പോയി വാങ്ങി വാ."
സെൽവരാജൻ അച്ചായനെ നോക്കി.
അച്ചായൻ കറിയുടെ ഫിനിഷിങ് ജോലിയിലാണ്.ജോർജ്ജ്‌കുട്ടി ഗിത്താർ തല്ലിപൊളിക്കുന്നു.ഞാൻ അങ്ങകലെ ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ടുരസിക്കുകയാണ്.
സെൽവരാജൻ അച്ചായാനെ ദയനീയമായി നോക്കി.
"ഇതെന്താ താൻ പോയില്ലേ?"ജോർജ്ജ്‌കുട്ടി.
സെൽവരാജൻ തലയിൽ ചൊറിഞ്ഞുകൊണ്ട് നിൽക്കുകയാണ്.
"അച്ചായാ കാശുകൊട് ,ഞാൻ ഗിത്താർ വായിക്കുന്നത് നിർത്തണോ?"
ഒന്നും മിണ്ടാതെ പോക്കറ്റിൽ നിന്നും പൈസ എടുത്തുകൊടുത്തു അച്ചായൻ.
"നിങ്ങൾ ഒരു കൈകൊണ്ടു കൊടുക്കുന്നത് മറ്റേ കൈ അറിയരുത്.".
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും.
ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്.
സെൽവരാജൻ കാശ് വാങ്ങി ബാറിലേക്ക് ഓടി.
ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടീ ഗിറ്റാർ വായന ഉച്ചത്തിലാക്കി..ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായിരുന്നു .ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല.
ഞാൻ ചോദിച്ചു,"ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?"
"എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്ട്രിങ്ങിൽ തട്ടിയാൽ മതി"
സെൽവരാജൻ അരക്കുപ്പി മാക്‌ഡോവൽസ് വാങ്ങി ഓടി വന്നു.
സെൽവരാജനും ജോസഫ് അച്ചായനും അവരുടെ ചരിത്രം വിളമ്പി.സെൽവരാജൻ പാലക്കാടുകാരനാണ്.സംസാരത്തിൽ ഒരു പാലക്കടൻ ശൈലി എപ്പോഴും ഉണ്ട്.അല്പം ഇരുണ്ട നിറവും ഉരുണ്ട ശരീരവും ആണ്.ഒരു ഗുസ്തിക്കാരനാണ് എന്ന് തോന്നും കാഴ്ചക്ക്.
അച്ചായൻ തനി ചങ്ങനാശ്ശേരിക്കാൻ.പൊക്കം കുറഞ്ഞു ക്ലീൻ ഷേവ് ചെയ്‌തു താനൊരു സുന്ദരനാണ് എന്ന ഭാവത്തിലാണ് സംസാരവും പെരുമാറ്റവും.സംസാരം തുടങ്ങിയാൽ നിറുത്തില്ല.
ഭക്ഷണം കഴിഞ്ഞു പാത്രങ്ങളെല്ലാം കഴുകിവച്ചു അച്ചായനും സെൽവരാജനും .
നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ജോർജ്‌കുട്ടി കൂടെ നിന്നു.
അകത്തെ മുറിയിൽ ഭിത്തിയിൽ ചാരിവച്ചിരിക്കുന്ന എയർ ഗൺ കണ്ട് സെൽവരാജൻ ചോദിച്ചു,"അതെന്താ,തോക്ക് ആണോ ?"
"യെസ്,തോക്ക് അല്ലങ്കിൽ തുപ്പാക്കി."
"പൊട്ടുമോ?".
"എന്താ സംശയം?കാണണോ?"
"വേണ്ട,ഇതുരാത്രി സമയമാ.ശബ്ദം കേട്ട് വല്ലവരും ഓടി വരും"ഞാൻ പറഞ്ഞു.
അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,"അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു.കുറച്ചുകാലമായി നായാട്ടിന് പോയിട്ട്."
ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?.
"ഞങ്ങളും വരുന്നു".അച്ചായനുംസെൽവരാജനും ഒന്നിച്ചുപറഞ്ഞു.
"നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ടു നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?"
ഞാൻ വെറുതെ കളിയായിചോദിച്ചു.
"വേട്ട നായ്ക്കൾ ഇല്ല.അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം."
താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി.ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട.ഞാൻ തീരുമാനിച്ചു.
"ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് പതിനെട്ട് അദ്ധ്യായം ആറ്.,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? ."
ഞാൻ ഫ്ലാറ്റ്.
"ഇനി ഹൌസ് ഓണറുടെ പിള്ളേരെ കൊണ്ടുപോകാൻ മടിയുണ്ടെങ്കിൽ വേണ്ടന്ന് വയ്ക്കാം.അച്ചായനും സെൽവരാജനും ഉണ്ടല്ലോ."
ജോർജ്‌കുട്ടി എയർ ഗൺ എടുത്തുകൊണ്ടുവന്നു.പോയിൻറ് ത്രീയുടെ ഒരു പെല്ലറ്റ് എങ്ങനെയാണ് ലോഡ് ചെയ്യുന്നത് എന്ന് വിശദീകരിച്ചുകൊടുത്തു. സെൽവരാജനും അച്ചായനും അതിൻറെ പ്രവർത്തനം ജോർജ്‌കുട്ടി വിശദമായി വിവരിച്ചുകൊടുത്തെങ്കിലും അത്ര വിശ്വാസം വരുന്നില്ല..
"ഇത് വച്ച് ശരിക്കും വെടി വയ്ക്കാൻ പറ്റുമോ"അവർക്ക് രണ്ടുപേർക്കും സംശയം തീരുന്നില്ല.
"ഏതു മൃഗമാണ് ഈ തോക്കുകൊണ്ട് വെടിവച്ചാൽ ചാകുക?"അച്ചായൻ എരിവ് കൂട്ടുകയാണ്.
"നിങ്ങൾക്ക് എന്നെ അപമാനിക്കാം.പക്ഷേ എൻ്റെ തോക്കിനെ അപമാനിക്കരുത്."
ജോർജ്‌കുട്ടി എഴുന്നേറ്റു.
ഞാൻ ചോദിച്ചു,”താൻ എങ്ങോട്ടാ ഈ തോക്കുമായി,ഈ രാത്രിയിൽ?"
വാശിക്ക് എന്ത് ഗുലുമാലാണ് ജോർജ്‌കുട്ടി കാണിക്കാൻ പോകുന്നത് എന്ന് ഞാൻ ശരിക്കും ഭയപ്പെട്ടു.
"ഛെ,ഇത് നല്ല തമാശ. എനിക്ക് ഒന്ന് ടോയിലറ്റിൽ പോകാൻ നിങ്ങളുടെ അനുവാദം വാങ്ങണോ?"
"ടോയിലറ്റിൽ തോക്കും കൊണ്ടാണോ പോകുന്നത്?"അച്ചായനും സെൽവരാജനും അതാണ് സംശയം.
"എങ്കിൽ താൻ ഇത് പിടിക്ക്",എന്നുപറഞ്ഞു ജോർജ്‌കുട്ടി സെൽവരാജൻറെ കയ്യിലേക്ക് എയർ ഗൺ കൊടുത്തു.
സെൽവരാജൻ അത് വാങ്ങുന്ന സമയം ജോർജ്‌കുട്ടി ഞങ്ങളെ നോക്കി സെൽവരാജൻ കാണാതെ ഒരു സിഗ്നൽ തന്നു.സെൽവരാജൻ തോക്ക് കയ്യിൽ വാങ്ങിയ സമയം ഞങ്ങൾ മൂന്നുപേരും ,"ഠോ ",എന്ന് ഉച്ചത്തിൽ ഒരു ശബ്ദം ഉണ്ടാക്കിയതും സെൽവരാജൻ ബോധംകെട്ട് വീണതും ഒന്നിച്ചായിരുന്നു..
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക