Image

തിരുവനന്തപുരം സംഭവം: ആരാണ് കുറ്റക്കാർ? (നടപ്പാതയിൽ ഇന്ന് -107:ബാബു പാറയ്ക്കൽ)

Published on 02 May, 2024
തിരുവനന്തപുരം സംഭവം: ആരാണ് കുറ്റക്കാർ? (നടപ്പാതയിൽ ഇന്ന് -107:ബാബു പാറയ്ക്കൽ)

ഒരു കെ എസ് ആർ ടി സി ബസ് ഉൾപ്പെട്ട തിരുവനന്തപുരം സംഭവമാണല്ലോ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ചാനൽ ചർച്ചകളിൽ വരുന്ന സി പി എം പ്രതിനിധി ഒഴികെ എല്ലാവരും, ആങ്കർ ഉൾപ്പെടെ, മേയർ ആര്യയെ അക്ഷരാർഥത്തിൽ വലിച്ചു കീറുകയാണ്. ഇവിടെ യഥാർത്ഥത്തിൽ ആരാണ് കുറ്റകൃത്യം ചെയ്തത്? 

അത് മനസ്സിലാക്കണമെങ്കിൽ ഇതിൽ ഉൾപ്പെട്ട വ്യക്തികൾ ആരൊക്കെയാണെന്ന് മനസ്സിലാക്കണം. ഒന്ന്, തിരുവനന്തപുരം മേയർ. അതായത്, തിരുവനന്തപുരം നഗരം ഭരിക്കുന്ന അധികാരി. പഴയകാല വ്യവസ്ഥിതി ഇന്നും തുടർന്നിരുന്നെങ്കിൽ അവർ തമ്പുരാട്ടിയാണ്. അവരുടെ അടുത്ത് മുഖം കാണിക്കാൻ പോലും അത്ര എളുപ്പമല്ല. മറ്റൊന്ന് അവരുടെ ഭർത്താവായ എം എൽ എ. യും! എതിർ സ്ഥാനത്തു നിൽക്കുന്നത് സർക്കാർ ബസ് 710 രൂപ ദിവസക്കൂലിക്ക് ഓടിക്കുന്ന ഒരു ഡ്രൈവർ. നാട്ടിൽ ബംഗാളിക്കു പോലും ഒരു ദിവസത്തെ കൂലിയായി കുറഞ്ഞത് ആയിരം രൂപ കൊടുക്കണം. എന്നിട്ടും അവരുടെ കാറിനു സൈഡ് കൊടുക്കാതെ ബസ് അശ്രദ്ധമായി ഓടിച്ചു. അതിനു പുറമേ വെറും 24 വയസ്സ് മാത്രം പ്രായമുള്ള എട്ടും പൊട്ടും തിരിയാത്ത ആ പെൺകുട്ടിയെ ലൈംഗികചേഷ്ഠ കാണിച്ചു തമ്പുരാട്ടിയുടെ മാനം തിരുവനന്തപുരത്തിന്റെ തെരുവീഥിയിൽ വലിച്ചെറിഞ്ഞ കശ്മലൻ. മാർക്സിസ്ററ് പാർട്ടിയുടെ വക്താവിന്റെ വാക്കു കടമെടുത്താൽ 'കൊടും കുറ്റവാളിയായവൻ.' 

ഇനി, കൊടും കുറ്റവാളിയായവനെ എങ്ങനെ സർക്കാർ ബസ് ഓടിക്കാൻ നിയോഗിച്ചു എന്നൊക്കെ ചിലർ ചോദിച്ചേക്കാം. ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് ആരെങ്കിലും ഓടിക്കട്ടെ. ഈ ഡ്രൈവർക്കു പോലും ശമ്പളം കൊടുത്തിട്ടു 30 ദിവസങ്ങൾ കഴിഞ്ഞു. അതല്ലല്ലോ വിഷയം. 

ഇയാൾ ചെയ്തത് വലിയൊരു കുറ്റം തന്നെയാണ്. തിരുവനന്തപുരത്തെ തിരക്കേറിയ തെരുവീഥിയിൽ കൂടി അലക്ഷ്യമായി ഇത്ര വലിയൊരു വാഹനം അതിവേഗം ഓടിച്ചു. ഈ അപകടം മനസ്സിലായ പ്രതിബദ്ധതയുള്ള ജനപ്രതിനിധിയായ ഭാര്യയും ഭർത്താവും അധികാരത്തിന്റെ ഗർവ്വ് ഒന്നും കാട്ടാതെ അയാളുടെ മുൻപിൽ കയറി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കാർ വിലങ്ങി ബസ് നിർത്തിച്ചതു കൊണ്ട് വലിയൊരു അപകടം ഒഴിവായി എന്ന് വേണം കരുതാൻ. ഈ രക്ഷാപ്രവർത്തനത്തിനു കാണിച്ച ധൈര്യത്തിന് രാഷ്ട്രപതിയുടെ അവാർഡ് നൽകുന്നതിനു പകരം അവരെ വലിച്ചു കീറാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ആര്യയെ ആ സ്ഥാനത്തു പ്രതിഷ്ഠിച്ച പാർട്ടി തന്നെയാണ് ഇന്ന് കേരളം ഭരിക്കുന്നതും. തമ്പുരാട്ടിയുടെ ഭരണത്തിന് കീഴിലാണ് തിരുവിതാംകൂർ രാജകുടുംബം പോലും. അച്ഛൻ രാജാവും ആ നഗരത്തിൽ തന്നെയാണ് താമസിക്കുന്നതും. 'കാരണവർക്ക് അടുപ്പിലും തൂറാം' എന്ന പഴഞ്ചൊല്ല് മലയാളത്തിൽ തന്നെയാണ്. ഇതൊന്നും മനസ്സിലാകാത്ത ഒരു ചെറുപ്പക്കാരൻ ഡ്രൈവർ ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു ക്ഷമ പറഞ്ഞു തടിതപ്പിയാൽ തടി കേടാകാതെ സൂക്ഷിക്കാം. അയാളുടെ പണി ഏതായാലും പോകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. 

ഇപ്പോൾ തന്നെ നിരവധി കേസുകൾ ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും ചില കേസുകൾ കൂടിയാകാം. ഇതിനെല്ലാം മൂകസാക്ഷിയായിരുന്ന 'മെമ്മറി കാർഡ്' ഇപ്പോൾ തിരോധാനം ചെയ്യപ്പെട്ടിരിക്കുന്നു. ആരാണതിനു പിന്നിൽ എന്നാണ് പൊലീസിന് മാത്രം ഇപ്പോഴും മനസ്സിലാകാത്തത്. ശാസ്ത്രീയമായി ചിന്തിച്ചാൽ 42 ഡിഗ്രി ചൂടിൽ ഏതാണ്ട് 19 മണിക്കൂർ എയർക്കണ്ടീഷൻ പോലുമില്ലാത്ത വണ്ടി ഓടിയപ്പോൾ ആ കൊടും ചൂടിൽ മെമ്മറി കാർഡ് ആവിയായി പോയതാകാനാണ് സാധ്യത. അല്ലെങ്കിൽ യാത്രക്കാരെല്ലാം ഇറങ്ങിപ്പോയപ്പോൾ അപകടം മനസ്സിലാക്കി അത് തന്നെ ഇറങ്ങിപ്പോയതായിരിക്കാം. അല്ലാതെ ആ കുറ്റവും പാവം തമ്പുരാട്ടിയുടെയും ഭർത്താവിന്റെയും തലയിൽ കെട്ടിവയ്ക്കാനായി അവരുടെ പ്രേരണ മൂലം പോലീസ് തന്നെ എടുത്തു മാറ്റി എന്നൊക്കെ ആരോപിക്കുന്നത് ഒരു തരം ഫോബിയ പോലെയുള്ള മാനസികാവസ്ഥയാണ്. 

ആവശ്യമില്ലാതെ എപ്പോഴും ഏതുകാര്യത്തിനും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെയും ഭരണാധികാരികളെയും കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ആ ബസിലെ യാത്രക്കാരോട് ഇറങ്ങിപ്പോകാൻ എം എൽ എ പറഞ്ഞപ്പോൾ തന്നെ യാതൊന്നും പ്രതികരിക്കാതെ പഞ്ച പുശ്ചമടക്കി ഇറങ്ങിപ്പോയ യാത്രക്കാരെ പോലെയുള്ള പ്രതികരണശേഷി നഷ്ട്ടപ്പെട്ട പ്രജകൾ ഉള്ളിടത്തോളം, വായിൽ വെള്ളമൊഴിച്ചു കിടന്നുറങ്ങുന്ന സാംസ്കാരിക നായകർ ഉള്ളിടത്തോളം, ഇവിടെ ഞങ്ങൾ ഭരിക്കും. ഞങ്ങൾക്ക് തോന്നിയതുപോലെ. വേണ്ടിവന്നാൽ ഇനിയും ബസുകൾ തടയും. യാത്രക്കാരെ ഇറക്കി വിടും. കാരണം, ധാരാളം ബസുകൾ തടഞ്ഞും തീവച്ചും കല്ലെറിഞ്ഞും വളർന്നവരാണ് ഞങ്ങൾ. അതുകൊണ്ടു വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട. ഇത് കേരളമാണ്. ഇഷ്ടപ്പെടാത്തവർക്കു നാട് വിട്ടുപോകാം.
______________________

Join WhatsApp News
Modern Politics 2024-05-02 13:51:21
The modern political leaders like Trump, Putin, Modi, Pinarayi etc thrive on lies and their followers follow their attitude.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക