Image

ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിങിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ ഏഴ് ശതമാനം കുറവ്

Published on 27 April, 2024
ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിങിൽ   കഴിഞ്ഞ തവണത്തേതിനേക്കാൾ  ഏഴ് ശതമാനം  കുറവ്

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റ പോളിങ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാൾ 7 % കുറവ്. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു. ഇന്നലെ രാത്രി എട്ടേ കാലിന് വന്ന ഒടുവിലത്തെ വിവരം അനുസരിച്ച് 70.35 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവാണിത്.

കണ്ണൂരിൽ കൂടിയ പോളിങും പത്തനംതിട്ടയിൽ കുറഞ്ഞ പോളിങും രേഖപ്പെടുത്തി.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം,ആറ്റിങ്ങൽ മണ്ഡലങ്ങളിലും,ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. കോൺഗ്രസിന് മുൻതൂക്കമുള്ള കോവളത്തും,കഴിഞ്ഞ തവണ ബിജെപി വോട്ടുയർത്തിയ നേമം നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ് രേഖപ്പെടുത്തി. അരുവിക്കര,കാട്ടാക്കട മേഖലകളിലും പോളിങ് വർധിച്ചു. പോളിംഗ് ശതമാനത്തിലെ മാറ്റം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടാക്കിയെന്നും,ജാതി സമവാക്യങ്ങൾക്ക് മാറ്റം ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തൽ.

പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും പോളിങിൽ കാര്യമായ കുറവുണ്ടായി. പൊതുവേ തണുപ്പൻ മട്ടിലാണ് മധ്യകേരളവും തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. കോട്ടയത്ത് പോളിങിൽ വലിയ കുറവുണ്ടായത് ഇതിന് ഉദാഹരണം. തൃശൂരിലും ആലത്തൂരിലും വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. പാലക്കാടും പോളിങിൽ ഗണ്യമായ കുറവുണ്ടായി. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളത്തും ഇടുക്കിയിലും ചാലക്കുടിയിലും പ്രതീക്ഷിച്ച പോളിങുണ്ടായില്ല. യുഡിഎഫിനും ബിജെപിയ്ക്കും സ്വാധീനമുള്ള കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ പോളിങ് കുറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക