Image

മണ്ണാങ്കട്ടയും കരിയിലയും (ഒരു സ്ത്രീ ഒറ്റയ്ക്ക് കാശിക്ക് പോയ കഥ)-പുസ്തകപരിചയം- പ്രിയ സുനില്‍)

പ്രിയ സുനില്‍ Published on 25 April, 2024
മണ്ണാങ്കട്ടയും കരിയിലയും (ഒരു സ്ത്രീ ഒറ്റയ്ക്ക് കാശിക്ക് പോയ കഥ)-പുസ്തകപരിചയം- പ്രിയ സുനില്‍)

ഒരു സ്ത്രീ ഒറ്റയ്ക്ക് കാശിക്ക് പോയ കഥയ്ക്ക് മണ്ണാങ്കട്ടയും കരിയിലയും എന്ന പേരാണ് ശ്രീമതി ദുര്‍ഗ മനോജ് കൊടുത്തിരിക്കുന്നത്. സത്യം പറഞ്ഞാല്‍ കാശി എന്ന വാക്ക് ഞാനും ആദ്യം കേട്ടത് മണ്ണാങ്കട്ടയും കരിയിലയും എന്ന കഥയില്‍ നിന്ന് തന്നെയായിരുന്നല്ലോ ! പരസ്പരം സംരക്ഷിക്കപ്പെടേണ്ട രണ്ടു പേര്‍ കൈ കോര്‍ത്ത് പിടിച്ച് കാശിക്ക് പോകാനിറങ്ങുന്നതും പകുതിക്ക് വച്ച് പരസ്പരം വേര്‍പിരിഞ്ഞ് കാശിയെത്തും മുന്‍പേ മോക്ഷ പ്രാപ്തി കൈവരിക്കുന്നതുമാണ് കഥയില്‍. പക്ഷേ ദുര്‍ഗമനോജിന്റെ യാത്രയില്‍ രണ്ടു പേരില്ല.. മണ്ണാങ്കട്ടയായും കരിയിലയായും എഴുത്തുകാരി മാത്രം. പറന്നു പോവുകയോ നനഞ്ഞു കുതിരുകയോ ചെയ്യില്ലെന്നുറപ്പുള്ള അര്‍പ്പണ ബോധവും ആത്മവിശ്വാസവും ശക്തിപകര്‍ന്ന് ഒറ്റയ്‌ക്കൊരു കാശിയാത്ര ! യാത്രയുടെ ലക്ഷ്യം മോക്ഷം നേടലുമല്ല.. ദുര്‍ഗമനോജിന്റെ കാഴ്ചപ്പാടില്‍ മോക്ഷമെന്നാല്‍ ജീവിച്ചിരിക്കുന്ന കാലം ആനന്ദത്തോടെ കഴിയാന്‍ സാധിക്കലാണ്. പിന്നെന്തിനാണ് ഈ യാത്രയെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഈ പുസ്തകം ! 

എന്തിനാണ് യാത്ര ചെയ്യുന്നതെന്ന് അഞ്ച് പേരോട് ചോദിച്ചാല്‍ അഞ്ചുത്തരങ്ങളാവും കിട്ടുക. ഇങ്ങനെ പല താല്പര്യങ്ങളുള്ള ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്താല്‍ എല്ലാവര്‍ക്കും യാത്ര സഫലമാകുമോ ? എന്നാല്‍ ഒറ്റയ്ക്ക് പോയാലോ ? ഇഷ്ടമുള്ള സ്ഥലത്ത് കുറച്ച് കൂടുതല്‍ സമയം ചെലവഴിക്കാം. കാണേണ്ട എന്ന് തോന്നുന്ന സ്ഥലങ്ങള്‍ ഒഴിവാക്കാം. സ്വന്തമായി ആസൂത്രണം ചെയ്ത വഴിയിലൂടെ  സ്വതന്ത്രമായി സഞ്ചരിക്കുന്നതിന്റെ സംതൃപ്തി ! പുസ്തകവായനയിലൂടെ  വായനക്കാര്‍ക്കത് കൃത്യമായി ലഭിക്കുന്നുണ്ട്. 

ദുര്‍ഗ മനോജിനെ ആദ്യം പരിചയപ്പെടുന്നത് കഥാകൃത്ത് എന്ന നിലയിലാണ്. കഥയെഴുതുന്നവര്‍ എന്തെഴുതിയാലും ആദിമധ്യാന്തം ഒരു കഥയ്ക്ക് വേണ്ട അടുക്കും ചിട്ടയും അതിനുണ്ടാവും..  ' പെണ്ണെന്ന ഭയം തലമുറകള്‍ കൈമാറി വന്ന ജനിതക കോഡിങ്ങ് എന്റെ ഉള്ളിലും അലതല്ലിയിരുന്നു ' എന്ന ആശങ്കയോടെയുള്ള തുടക്കം ഈ യാത്ര എന്തായിത്തീരും എന്ന ജിജ്ഞാസ കൊണ്ടുവരുന്നുണ്ട്. പിന്നീട്  ലല്ലയെന്ന ചെല്ലപ്പേരുള്ള മകനെപ്പോലൊരുവനെ ഗൈഡായി കിട്ടിയതോടെ ഓ ഇനി ഭയപ്പെടാതെ സഞ്ചരിക്കാമെന്ന് വായനക്കാരും ആശ്വാസം കൊള്ളുന്നു. വാരാണസിയില്‍ നിന്നുള്ള ഓരോ അനുഭവവവും ഇതുപോലെ ആകാംക്ഷ നിലനിര്‍ത്തി തുടര്‍ന്നും സഞ്ചരിക്കുന്നു. അവസാനം ലല്ലയെ പ്പിരിയുമ്പോഴുള്ള മാതൃസഹജ വേദന വായനയ്‌ക്കൊടുവിലും ബാക്കിയാവുന്നു.

ദശാശ്വമേധ്ഘാട്ട്, വാരാണസി കാശി വിശ്വനാഥ ക്ഷേത്രം, രാംനഗര്‍ കോട്ട, സാരാനാഥ് തുടങ്ങി പ്രധാന സന്ദര്‍ശന സ്ഥലങ്ങളെല്ലാം നേരില്‍ കണ്ട പോലെ പുസ്തകത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും എന്നെ ഏറ്റവും ആകര്‍ഷിച്ചത് മഹാത്മാഗാന്ധി കാശി വിദ്യാപീഠ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഭാരത് മാതാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞതാണ്. ഇവിടെ ഒരു ഉപദേവനുണ്ടെങ്കില്‍ അതു രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് എന്ന വാചകം ഹൃദയസ്പര്‍ശിയായി. 
' ഭക്തര്‍ക്ക് വലിയ പ്രതീക്ഷയില്ലാത്ത മന്ദിര്‍ ആയതിനാല്‍ പരിപാലനവും ഏതാണ്ട് കണക്കാണ് ' എന്ന വാചകത്തില്‍ ചെറിയൊരു സങ്കടം നിഴലിച്ചു. ചരിത്രവും പുരാണവും യാത്രാനുഭവങ്ങളും ഇഴ ചേര്‍ത്ത് ഭക്തിയുടെ ഭാഷയില്‍ എഴുതപ്പെട്ട പുസ്തകമെന്നാണ് മണ്ണാങ്കട്ടയും കരിയിലയും വായിക്കുമ്പോള്‍ എനിക്ക് തോന്നിയത്. കാശി യാത്രയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ തിരിച്ചറിവും വേറിട്ടതായി തോന്നി. ' കാശി വാര്‍ദ്ധക്യത്തില്‍ സന്ദര്‍ശിക്കേണ്ട ഇടമല്ല.. പൂര്‍ണ ആരോഗ്യത്തോടെ ഇവിടം സന്ദര്‍ശിച്ച് പൂര്‍ണബോധത്തോടെ കണ്ണുതുറന്ന് കാഴ്ചകള്‍ കാണുമ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദര നഗരമായി കാശി മാറുന്ന കാഴ്ച കാണാം ! ദേഹവും ദേഹിയും രണ്ടാകുന്നതിന് മുന്‍പേ ഞാനാര് എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ വാരാണസി എന്ന കാശിക്ക് സാധിക്കുന്നു. '
യാത്രാ വിവരണം
ദുര്‍ഗ മനോജ്
പ്രസാധകര്‍ - മാക്‌സ് ബുക്‌സ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക