Image

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രവാസികളെ ദ്രോഹിയ്ക്കുന്നത്: നവയുഗം.

Published on 20 February, 2024
 നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രവാസികളെ ദ്രോഹിയ്ക്കുന്നത്: നവയുഗം.

ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിനു ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രവാസികള്‍ക്ക് വളരെയേറെ ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലങ്ങളില്‍ നിരവധി അപേക്ഷകളും , ചര്‍ച്ചകളുമെല്ലാം നടത്തിയതിന്റെ ഫലമായിട്ടാണ് ഗള്‍ഫില്‍ പരീക്ഷക്കായുള്ള കേന്ദ്രം അനുവദിച്ചു കിട്ടിയത്. അത് റദ്ദാക്കുക വഴി പ്രവാസികളെ ദ്രോഹിയ്ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആരോപിച്ചു.

പ്രവാസലോകത്തുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ സമയത്തു നാട്ടിലെ അതാതു കേന്ദ്രങ്ങളില്‍ എത്തിക്കാനായി ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ട അനിവാര്യതയില്‍ ആണ് പ്രവാസ ലോകം ഇപ്പോള്‍ എത്തിയിരിയ്ക്കുന്നത്.  

കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തി വിജയിപ്പിക്കേണ്ടതിനു പകരം, ആ സംവിധാനം തന്നെ പിന്‍വലിക്കുക വഴി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാവുന്ന അസൗകര്യവും, അമിത പണച്ചിലവും, തൊഴില്‍ വിഷയങ്ങളും കേന്ദ്രസര്‍ക്കാര്‍  കണ്ടില്ലെന്നു നടിക്കുകയാണ്. പല സ്വകാര്യകമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പരീക്ഷ എഴുതാന്‍ കുട്ടികളെ നാട്ടില്‍ കൊണ്ട് പോകാന്‍ സമയത്തു ലീവ് കിട്ടുക എന്നത് വളരെ പ്രയാസകരമാണ്. വിമാന ടിക്കറ്റിന് അനിയന്ത്രിതമായ നിരക്കുകള്‍ ആണ് വിമാനകമ്പനികള്‍ ഇപ്പോള്‍ ഈടാക്കി കൊണ്ടിരിക്കുന്നത്. അതിലും കേന്ദ്രസര്‍ക്കാര്‍ പ്രവാസികള്‍ക്ക് അനുകൂലമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തു പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, കേരളസര്‍ക്കാരും, നോര്‍ക്കയും ഈ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തി നിലവിലെ സ്ഥിതി തുടരാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട്  എടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നവയുഗം  സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി നിവേദനം സമര്‍പ്പിച്ചു.

രാഷ്ട്രീയമായ സമവായം സാധ്യമല്ലെങ്കില്‍, നിയമപരമായ വഴികള്‍ തേടി പ്രവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പ്രവാസി സംഘടനകള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക