Image

കണ്ടരെ പൂരം ചെമ്പായീക്ക്  (ഷുക്കൂർ ഉഗ്രപുരം )

Published on 16 February, 2024
കണ്ടരെ പൂരം ചെമ്പായീക്ക്  (ഷുക്കൂർ ഉഗ്രപുരം )

"ഞങ്ങൾ വിട്ട് മാറി കടലിനെ അഭിമുഖീകരിച്ചിരുന്നു. കല്ലുമോതിരങ്ങൾ കറങ്ങുന്ന വിരലുകളിൽ നിന്ന് തുടങ്ങി, കൈകളിലൂടെ, നെഞ്ചിലൂടെ ത്രികോണാകൃതിയിലുള്ള താടിയെല്ലിൽ വിങ്ങുന്ന രോമങ്ങളിലൂടെ സഞ്ചരിച്ച് ഞാനയാളുടെ തടാകം പോലുള്ള മിഴികളിലെത്തി നിന്നു. അപ്പോൾ അയാൾ ആദ്യമായി സംസാരിച്ചു.


      "കുഞ്ഞ് ഈ നാട്ടുകാരനല്ലേ?"

      "അതെ".

      "ഹിന്ദുവല്ലേ?"

      "അതെ"

      "ബീവിമാരുടെയും ഭഗവതിമാരുടെയും കഥകൾ കേൾക്കാൻ നടക്കുകയല്ലേ?"

      "അതെ. അതുതന്നെ!"

      "നമ്മുടെ നാട്ടിൽ വറ്റിത്താണ നൂറ് നൂറ് കഥകൾ കേൾക്കണോ? "

      "അയ്യോ വേണമല്ലോ."

പ്രായനിർണ്ണയം സാധിക്കാത്ത ഈ മനുഷ്യന്റെ അത്ഭുതജ്ഞാനത്തിൽ എനിക്കൊട്ടും അതിശയം തോന്നിയില്ല. നാടിന്റെ സ്ഥലപുരാണങ്ങൾക്കായി തെണ്ടുന്ന ഞാൻ ഒരു നായക്കുട്ടിയുടെ ആദരവോടെ അയാളിലേക്ക് ഒതുങ്ങിയിരുന്നു. 

  "മോനേ, ഇത് എത്രാമത്തെ ബീവിയാണെന്നറിയ്യോ?"

  "ഇല്ല"

  "ഇത് നമ്മുടെ നാട്ടിൽ വരുന്ന മൂന്നാമത്തെ ബീവിയാ. പിന്നെ ഒരിമ്മിണി ഭഗോതിമാരുണ്ട്. ദേവൻമാരുണ്ട്. ഔലിയാക്കൻമാരുണ്ട്. അവർക്കെല്ലാം പുരാണങ്ങളുമുണ്ട്."


       "ഇതെല്ലാം ആരുടേയാ?"

       "നമ്മുടെയെല്ലാം" 

       "പഷ്ട്! ഈ ബീവിമാരെല്ലാം മോന്റെയാണ്. മോൻ ഹിന്ദുവാണെങ്കിലും അതുപോലെത്തന്നെ ഈ ദേവൻമാരും ഭഗോതിമാരുമെല്ലാം എന്റേതുമാണ്. ഞാൻ മുസൽമാനാണെങ്കിലും----- 

       ആദ്യത്തെ ബീവി വന്നത് മോന്റെ സമുദായത്തിൽ നിന്നായിരുന്നു. അതെ, ഒരു നായർ തറവാട്ടിൽ നിന്ന്----- കേട്ടിട്ടുണ്ടോ അസ്തമിച്ച മേലേപ്പുല്ലാരത്തറവാട്ടിനെ പറ്റി? ശരി. കഥ ഞാൻ പറഞ്ഞു തരാം."


സൂഫി പറഞ്ഞ കഥ എന്ന വിഖ്യാത മലയാള നോവലിലെ വരികളാണ് മുകളിൽ എഴുതിയത്. നമ്മുടെ സമൂഹത്തിലെ മാറ്റിനിർത്താനാവാത്ത സ്നേഹ പാരസ്പര്യത്തിന്റെ കഥ പറയുന്ന സൂഫി പറഞ്ഞ കഥ മലയാളത്തിന് സമ്മാനിച്ചത് Ponnani school of thought (പൊന്നാനി ധൈഷണിക ചിന്താധാര) ലെ പ്രമുഖനായ തൂലികക്കാരൻ കെ.പി രാമനുണ്ണിയാണ്. സൂഫി പറഞ്ഞ കഥ ആഖ്യാനത്തിലെ പൊന്നാനി ദേശത്തെ വിശുദ്ധ മഖ്ബറയുടെ പിന്നിലെ ഐതിഹ്യം എത്ര വലിയ പൊരുൾ മുറ്റി നിൽക്കുന്നതാണ്! സമുദ്രം പോൽ പ്രവിശാലമായ ഹിന്ദുസ്ഥാനി ദേശ സംസ്ക്കാരത്തിലെ ഇരു പുഴകൾ ഒഴുകി ഇഴുകിച്ചേരുന്നത് ഈ വിശുദ്ധ ദേശത്തിന്റെ സംസ്കൃതിയുടെ സമുദ്രത്തിലാണ്! ഈ ദേശത്തെ ഞാൻ വിശുദ്ധ ദേശമെന്ന് എഴുതിയത് ആലങ്കാരികമായല്ല! Ponnani school of thought ലെ വിശ്വവിഖ്യാത ചരിത്രകാരൻ ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങൾ ഈ നാടിനെ കുറിച്ചെഴുതിയത് ശാന്തി ഭവനം, വിശുദ്ധ ഭൂമി - ദാറുൽ ഹുദ എന്ന് തന്നെയാണ്! 


ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ഇന്ന് ത്രിസന്ധ്യയിൽ പ്രാർത്ഥന കഴിഞ്ഞു വരുമ്പോൾ വീണ്ടും ആ പക്ഷിയുടെ ഗൃഹാതുരത ഉണർത്തുന്ന കരച്ചിൽ കേട്ടു. അല്ലാമാ ഗൂഗിൾ ആ പക്ഷിയെ പരിചയപ്പെടുത്തുന്നത് Indian Koel എന്നാണ്. നമ്മുടെ നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു തരം കുയിൽ. അതിമനോഹരമാണ് അതിൻ്റെ കരച്ചിൽ. സത്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലത്തിൻ്റെ ഒരു അടയാളമായിരുന്നു ആ പക്ഷിയുടെ കരച്ചിൽ. ബാല്ല്യകാല ഓർമ്മയുടെ ഒരു തുടികൊട്ടലായി ഇന്നും അത് മനസ്സിൽ കിടക്കുന്നു. 


അന്ന് വെള്ളിയാഴ്ച്ച സ്കൂളും മദ്റസയുമൊക്കെ ലീവായിരുന്നു. മാഷിൻ്റെയൊ ഉസ്താദിൻ്റെയൊ മഹാവെറുപ്പിക്കൽ മോന്ത കാണാതെ കുറച്ചധികം നേരം സ്വസ്ഥമായുറങ്ങാം എന്നതിനപ്പുറത്ത് ഒരുപാട് സമയം കളിക്കാനുള്ള സ്വാതന്ത്ര്യത്തിൻ വിഹായസ്സും നൽകിയിരുന്നത് അന്ന് വെള്ളിയാഴ്ച്ചകളായിരുന്നു. ആകെ നേരത്തെ ഉണരുന്ന ഒരേ ഒരു ദിവസം വെള്ളിയാഴ്ച്ചയായിരുന്നു. ബാക്കി എല്ലാ ദിവസങ്ങളിലും വൈകിയായിരുന്നു കുട്ടികൾ രാവിലെ എഴുന്നേൽക്കാറ്. 


സ്കൂളിൽ വല്ല ഗുണപ്പട്ടികയോ ആംഗലേയ പദാവലികളുടെ അർത്ഥമോ സാമൂഹിക ശാസ്ത്രം എസ്സയോ അങ്ങനെ ഏതെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. അതൊക്കെ മുഴുവൻ പഠിക്കാനൊന്നും ആരും മെനക്കെടാറില്ല - എന്നാലും "ഹൗ എവർ ദ ഐഡിയ വാസ് പർട്ടികുലർലി അട്രാക്റ്റീവ് റ്റു ദി സ്പൈനിയേഴ്സ് ആൻഡ് പോർച്ചുഗീസ്....." എന്നൊക്കെ ഏത് ജാഹിലും മനഃപ്പാഠം പഠിക്കുമായിരുന്നു. മദ്റസയിൽ പിന്നെ എടുത്ത പാഠം പഠിച്ചു തീർക്കൽ അന്ന് വാജിബായിരുന്നു. രണ്ടിടത്തും ബോധന ശാസ്ത്ര രീതികൾ ഒട്ടും ശരിയായിരുന്നില്ല. മദ്രസകളിലേത് കൂടുതൽ പിന്നാക്കമായിരുന്നു. 


ചുരുക്കത്തിൽ അന്ന് വെള്ളിയാഴ്ച്ചകളിൽ മാത്രമാണ് കുട്ടികൾക്ക് മനുഷ്യാവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നത്. സ്വാഭാവികമായും അങ്ങനെയൊരു ദിനത്തിൽ നേരത്തെ ഉണരുന്നത് കുട്ടികളുടെ സഹജവാസനയുടെ ഭാഗമാണ്. ബാല്ല്യകാലം കഴിഞ്ഞതിനു ശേഷം ആ കുയിലിൻ്റെ ശബ്ദം രണ്ടു തവണ മാത്രമെ കേട്ടിട്ടുള്ളൂ. അതിലൊന്ന് ഇന്നായിരുന്നു.


ഇന്ന് കുംഭം ഒന്ന് - ഞങ്ങളുടെ ഗ്രാമ്യ ഭാഷയിൽ കുഭം പിറക്കുന്നത് കണ്ടരുടെ പൂരത്തോടെയാണ്. അന്ന് ഇവിടെ ഇത്ര നിബിഡതയോടെ വീടുകളില്ല. തെക്ക് നിന്നും ചെണ്ടമുട്ടിൻ്റെ ശബ്ദവും ഉത്സവ ശബ്ദങ്ങളും കേൾക്കും. മിക്കവാറും സ്കൂൾ വിട്ടുവരുമ്പോഴാണ് ഇന്ന് കണ്ടരുടെ പൂരമാണെന്നറിയുക. കുരുത്തോല കൊണ്ട് റോഡിൻ്റെ വശങ്ങൾ അലങ്കരിച്ചിട്ടുണ്ടാകും. തെരുവുകളിൽ പല തരം കച്ചവടക്കാർ - മാല വള കളിപ്പാട്ടങ്ങൾ, ചക്കര മുട്ടായി ഇങ്ങനെ പലതരം വിൽപ്പനക്കാർ. ആകെ ഒരു ഉത്സവ ചൈതന്യം കാണാനാകും. ഈ കച്ചവടക്കാരിൽ നിന്നും മാലയും വളയും കളിപ്പാട്ടങ്ങളും വാങ്ങാൻ പണമില്ലാഞ്ഞിട്ടൊ മറ്റൊ അന്ന് അവ അടിച്ചുമാറ്റുന്ന കുട്ടികളും ധാരാളം ഉണ്ടായിരുന്നു. കച്ചവടക്കാരൻ വീർപ്പിച്ചു വെച്ച ബലൂണിലേക്ക് ഓറഞ്ച് തോലിൻ്റെ കറ ഞെക്കിച്ചീറ്റി ബലൂൺ പൊട്ടിക്കുന്ന വികൃതിപ്പയ്യൻസും അന്ന് ധാരാളമായിരുന്നു.   


പിന്നെ ഉത്സവങ്ങളുടേയും നേർച്ചകളുടേയുമൊക്കെ ഭാഗമായി അതിനടുത്തുള്ള തൊടിയിലും പറമ്പിലും പാടത്തുമൊക്കെ നടക്കുന്ന കിലുക്കിക്കുത്തും ചീട്ടുകളിയും മറ്റും അതാതിടങ്ങിൽ നടക്കുന്നണ്ടാകും. അന്നൊക്കെ പുണ്ണ്യാർ വെള്ളം ശേഖരിക്കാനൊ മറ്റൊ വെളിച്ചപ്പാടും സംഘവും ചെണ്ടയും കൊട്ടുമായി കിഴക്കോട്ടു പോകും. കൂടെ ചെറു സംഘമായി അതിൻ്റെ വാലായി ഞങ്ങളും കൂടുമായിരുന്നു. ചെണ്ടമേളത്തിൽ രസത്തിൽ ഞങ്ങൾ ആ വരിയിൽ നിന്നും  ഇങ്ങനെ വിളിച്ചു പറഞ്ഞു - കണ്ടൻ്റെ പൂരം ചെമ്പായീക്ക്. സത്യത്തിൽ ചെമ്പാഴിയുമായി അതിന് യാതൊരു ബന്ധവുമില്ല. അതിൻ്റെ Theology വസ്തുതകളൊക്കെ കുറേ കാലം കഴിഞ്ഞാണ് മനസ്സിലായത്. 


മുമ്പ് ഉത്സവനാളുകളിൽ പഴയ വാടക വീട്ടിലെ താമസം മാറിപ്പോയ അയൽവാസി മോഹനേട്ടൻ സ്ഥിരമായി വരവുണ്ടായിരുന്നു. ആ മനുഷ്യനൊക്കെ ഇപ്പോൾ ഹെയാത്തിലുണ്ടൊ എന്നറിയില്ല.  അന്നൊക്കെ പുലർച്ച വരെ മനുഷ്യർ മുറ്റത്തിലൂടെ വഴി നടക്കുന്നതിൻ്റെ കാലൊച്ച കേൾക്കുമായിരുന്നു. ചൂട്ട് കത്തിക്കാൻ അവർക്ക് വേണ്ടി തീകൊളുത്തി വെച്ച ഒരു വിളക്കും കുറച്ച് ഓലക്കൊടിയും പുറത്ത് ചേറ്റുപടിയിൽ വീട്ടുകാർ എപ്പോഴും കരുതി വെച്ചു. വൈജാത്യങ്ങളിലും സ്നേഹത്തിൻ്റെ കൊടുക്കൽ വാങ്ങലുകളിലൂടെ മനുഷ്യർ ഖൽബിലെ ഇരുട്ടിനെ ആട്ടിയോടിച്ച ഒരു കാലം. നന്മയുടെ ഒരു വസന്ത കാലം സൃഷ്ടിക്കാൻ നാം ഒരുമിക്കേണ്ടതുണ്ട്.

 

Join WhatsApp News
അജിത്ത് മേനോൻ 2024-02-16 10:11:49
ഗൃഹാതുരത ഉണർത്തുന്ന എഴുത്ത്. കഴിഞ്ഞ കാല നല്ല നാളുകൾ ഓർത്തു പോയി. ഡോ. ഷുക്കൂർ ഉഗ്രപുരത്തിനും ഇ- മലയാളിക്കും അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക