Image

ചായക്കടയിലെ ചെറിയാപ്പു (ഷുക്കൂർ ഉഗ്രപുരം)

Published on 22 January, 2024
ചായക്കടയിലെ ചെറിയാപ്പു (ഷുക്കൂർ ഉഗ്രപുരം)

ചായക്കടയിലെ സാമൂഹിക ശാസ്ത്രം

സാമൂഹികവൽക്കരണം എന്ന സംജ്ഞ വികസിപ്പിച്ചതും വിശദീകരിച്ചതും ജർമ്മൻ സോഷ്യോളജിസ്റ്റായ Georg Simmel (1858) ആണ്. ഓരോ പ്രദേശങ്ങളിലും നടക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വിപ്ലവങ്ങളിലും നവോത്ഥാനങ്ങളിലും ഓരോ പ്രദേശത്തേയും സാമൂഹിക സ്ഥാപനങ്ങൾക്ക് കൃത്യമായ പങ്കുണ്ട്. നാട്ടുമ്പുറത്തെ മിക്കവാറും ജനങ്ങൾക്ക് പ്രാപ്യമായ സാമൂഹികോദ്ഗ്രഥനം നടക്കുന്ന സ്ഥാപനമാണ് (Institution) ചായക്കടകൾ. അതിനാൽ അവിടെയെത്തുന്ന വ്യക്തികളുടെ പ്രധാന Socialization agent കൂടിയാണ് ഈ ചായക്കടകൾ. പത്രങ്ങളും റേഡിയോകളും ടെലിവിഷൻ ചാനലുകളും നൽകുന്ന വാർത്താ വിവരങ്ങളെ അവിടെയെത്തുന്ന ആളുകൾ വിശകലനം ചെയ്യുകയും അതിനെ അടിസ്ഥാനപ്പെടുത്തി സംവാദങ്ങളും സംവേദനങ്ങളും നടക്കുകയും അതിന്റെ അടിസ്ഥാനവിജ്ഞാന കൈമാറ്റങ്ങൾ നടക്കുകയും പൊതുബോധ (Public conscience) രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഗ്രാമീണ ഇടവും കൂടിയാണ് ചായപ്പീടികകൾ. മുമ്പ് ദിനപത്രമോ അല്ലങ്കിൽ റേഡിയോയോ, ഇന്ന് ടെലിവിഷനോ ഇല്ലാത്ത ഗ്രാമീണ ചായപ്പീടികകൾ തുലോം കുറവാണ്. സദാസമയവും സംവാദം നടക്കുന്ന ഒരിടം കൂടിയാണത്. മലയാളിയെ കൃത്യമായ രാഷ്ട്രീയ ബോധമുള്ളവനാക്കി മാറ്റുന്നതിൽ നാട്ടുമ്പറത്തെ ഇത്തരം ചായക്കടകൾക്ക് വലിയ പങ്കുണ്ട്. സ്നേഹവും നർമ്മവും സഹാനുഭൂതിയും ഇഴചേർന്ന ജീവിതമാണ് ചായപ്പീടികകൾ പഠിപ്പിക്കുന്നത്. 

മുമ്പ് ഇത്തരം ചായക്കടകളിൽ ഹാഫ് ചായയും ഫുൾചായയും ലഭ്യമായിരുന്നു. "ഒരു ചായ രണ്ടായി വരട്ടെ" എന്നത് ഇത്തരം ചായക്കടകളിൽ മുമ്പെ ഉള്ള ഒരു കമന്റാണ്. ഒരു ചായ പകുത്ത് കൂടെയുള്ളവനും പങ്കിട്ട് കഴിച്ച് ജീവിച്ച ഒരു സാമൂഹിക ക്രമത്തിന്റെ കൂടി പരിഛേദമാണ് ഇത്തരം ചായക്കടകൾ. ചായ കച്ചവടത്തിന്റെ വാണിജ്യ ലാഭ നഷ്ട സാധ്യതകൾക്കപ്പുറം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒരു മുഖം കൂടിയുണ്ട് ഇത്തരം കച്ചവ സ്ഥാപനത്തിന്. അറിഞ്ഞോ അറിയാതെയോ ഇത്തരം പീടികകൾ Political correctness കൂടി നിർവ്വഹിച്ചു പോന്നിട്ടുണ്ട്. ‘’അവർണരെന്ന്‌ കണക്കാക്കപ്പെട്ടവർക്ക്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയും ചായക്കടയിൽ ചിരട്ടയിലായിരുന്നു ചായ നൽകിയിരുന്നത്‌. ഇതിനെതിരെ സ്വന്തമായി ചായക്കടയുണ്ടാക്കി ഗ്ലാസിൽ ചായ നൽകി വർക്കല രാഘവൻ പ്രതിഷേധിച്ചു’’ (സാമൂഹ്യപരിഷ്‌കരണവും കേരളീയ നവോത്ഥാനവും - പ്രൊഫ. വി കാർത്തികേയൻനായർ). കേരളീയ നവോത്ഥാന ചരിത്രത്തിലും ചായക്കടകൾക്ക് പങ്കുണ്ടെന്ന് കാണാം. രാവിലേയും വൈകുന്നേരവും നല്ലൊരു ചായ കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും എല്ലാ മലയാളികളും. തമിഴൻമാരെ സംബന്ധിച്ചിടത്തോളം ഉഗ്രൻ ചായ ലഭിക്കുക എന്നത് അവർക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. എല്ലാ വസ്തുക്കൾക്കും അതിന്റേതായ തമിഴ് പദം കണ്ടെത്താൻ ശ്രമിക്കുന്ന ഭാഷാ സ്നേഹികളാണ് തമിഴർ. എന്നാൽ ചായയ്ക്ക് അവർ Tea എന്ന ആംഗലേയ പദമാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. ചായയും കടിയും എന്നത് ഭാഷാഭേദങ്ങളൊന്നും കൂടാതെ മലയാള ഭൂമിയുടെ ഏത് മുക്കിലും മൂലയിലും ഉപയോഗിക്കാവുന്ന പദമാണ്. അത്രമേൽ ചായയും കടിയും മലയാളിയേയും കീഴ്പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ഥ ജാതി മത വർഗ്ഗ ശ്രേണികളിലുള്ള അനേകം മനുഷ്യർ സ്വാതന്ത്ര്യത്തോടെ ഒരുമിച്ച് കൂടുന്ന ഇടം ചായപ്പീടിക പോലെ മറ്റൊന്നുണ്ടാകാൻ ഇടമില്ല. മതകീയതയും വർഗ്ഗീയതയും തീവ്രവാദവും മലയാളിയുടെ മനസ്സിൽ കടന്നുകയറാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരം ഇടങ്ങളാണ്.  

ഒരു നല്ല കപ്പ് ചായ (A Nice Cup of Tea) എന്ന തലക്കെട്ടിൽ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരൻ George Orwell 1946 ൽ തന്നെ ഒരു ലേഖനമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നല്ല ഒരു കപ്പ് ചായ ഉണ്ടാക്കാൻ 11 സ്റ്റെപ്പുകളുണ്ട്. എന്നാൽ നാട്ടുമ്പുറത്തെ ചായ കാച്ചലുകൾക്ക് സൈദ്ധാന്തികമായുള്ള എഴുതപ്പെട്ട രീതികളൊന്നുമില്ല, ഓരോ ചായക്കാരന്റേയും നിപുണത അനുസരിച്ച് നിർമിക്കപ്പെടുന്നതാണത്. സമാവറും, ചായസഞ്ചിയും, ഉയരത്തിലുള്ള ചായയടിയും ചേരുമ്പോൾ സംഗതി ഗംഭീരമാകും. പൊടിച്ചായയും വെള്ളം കുറവ് ചായയും കടുപ്പമുള്ള ചായയും ലൈറ്റ് ചായയും അങ്ങനെ നീണ്ട ഓരോ വക ഭേദങ്ങൾ ഇവയിൽ കാണാനാകും. പാൽ ചായ (Milk tea) യുടെ വരവോടെ വലിയ രീതിയിലുള്ള വിപണന സാധ്യതകൾ മുൻ നിർത്തി ഭീമൻ ഗ്രൂപ്പുകൾ വരെ ഇന്ന് വ്യത്യസ്ഥ ചായ ഉൽപന്നങ്ങളുമായി രംഗത്തുണ്ട്. എന്നാൽ അവയ്ക്കൊന്നുമില്ലാത്ത സാമൂഹിക ശാസ്ത്ര Role നിർവ്വഹിക്കാനാകുന്നത് ചായപ്പീടികകൾക്കാണ്. 

പറ്റുബുക്ക് 

എത്ര ഭീമൻ Multinational Company കൾ വന്നാലും അവക്കൊന്നും നിലനിർത്തിപ്പോകാൻ കഴിയാത്ത വിശാല സംവിധാനമാണ് "പറ്റുക്ക്". കിട്ടാനുള്ള കടങ്ങൾ മുഴുവൻ എഴുതി വെക്കുന്ന ഒരു പുസ്തകമാണത്. ചായയും കടിയും എത്ര വേണമെങ്കിലും കടമായി കഴിക്കാം. കാശ് ഉള്ളപ്പോൾ നൽകിയാൽ മതി. ഓണത്തിനോ ദീപാവലിക്കോ വിശുവിനോ മുന്നോടിയായി കടം കൊടുത്തു തീർത്താൽ മതി എന്ന ഒരു അലിഖിത നിയമം നിലവിലുണ്ട്. നാട്ടുമ്പുറങ്ങളിൽ അതും കൊടുക്കാനാവാത്ത ഗ്രാമീണർ ധാരാളം. അവസാനം കുറച്ചൊക്കെ പണം കിട്ടിക്കഴിയുമ്പോൾ ബാക്കിയുള്ള പണം എഴുതിത്തള്ളുന്ന മനുഷ്യത്വ നിലപാടാണ് അത്തരം കടകൾക്കുള്ളത്. മിക്കവാറും നാട്ടുമ്പുറത്തെ ചായക്കടകളിലൊക്കെ ബീഡി സിഗരറ്റ് ഒരു വീട്ടിലേക്ക് തൽക്കാലത്തേക്ക് വേണ്ട പഴം പച്ചക്കറി പാല് അച്ചാറ് പലഹാരങ്ങൾ എന്നിവയും ഉണ്ടാകും. ബീഡി വെറ്റില മുറുക്കാന് കൂൾ ഡ്രിങ്ക്സ്  എന്നിവയും വില്പനയ്ക്ക് ഉണ്ടാകും.

ചെറിയാപ്പൂന്റെ ചായക്കട

ഞങ്ങളുടെ പ്രദേശത്ത് നാല് പതിറ്റാണ്ടിലധികം അത്തരം ഒരു ചായക്കട നടത്തിയ വ്യക്തിയാണ് ചെറിയാപ്പുക്ക. ഗ്രാമങ്ങളിലെ നാട്ടുനൻമകൾ കാത്തുസൂക്ഷിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും ഇത്തരം ചായപ്പീടികകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. "ചെറ്യാപ്പോ തട്ടാന് ഒരു ചായ" - തട്ടാൻ പറങ്ങോടച്ഛൻ ചായക്ക് വേണ്ടി പീടികയിൽ വന്നപ്പോൾ കടയുടെ പാചക മുറിക്കകത്തുള്ള ചെറ്യാപ്പുവിനെ വിളിച്ച് കൊണ്ട് സുഹൃത്ത് പറഞ്ഞു. ഉടനെ ചെറിയാപ്പുക്കയുടെ മറുപടി - "തട്ടാന് ഇവിടെ ചായ ഇല്ല, കുടിക്കാനേ ഒള്ളൂ". കാര്യം പിടി കിട്ടിയോ? 
തട്ടാൻ പറങ്ങോടൻ എന്നായിരുന്നു ആ മനുഷ്യനെ നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അവരുടെ കുലത്തൊഴിൽ സ്വർണ്ണപ്പണിയായിരുന്നു, അതായിരുന്നത് കൊണ്ടാണ് പറങ്ങോടൻ തട്ടാൻ പറങ്ങോടനായി പരിണമിച്ചത്. 
തട്ടാനൊരു ചായ എന്ന കലർപ്പുള്ള ചോദ്യത്തിനെതിരെ ചെറ്യാപ്പുവിന്റെ പ്രതിഷേധം കൂടിയായിരുന്നു ആ മറുപടി! കേവല തമാശകൾക്കപ്പുറം നർമ്മത്തിന്റെ വക്കിലും കോണിലും ചിന്താമർമ്മത്തിന്റെ ഉടലാഴങ്ങൾ ഒളിപ്പിക്കുന്നവരാണ് യഥാർത്ഥ നർമ്മ ധർമ്മം പ്രചരിപ്പിക്കുന്നവർ! ചെറ്യാപ്പു അങ്ങനെയുള്ള ഒരു മനുഷ്യനാണ്.

ചെറ്യാപ്പുവിന്റെ നർമ്മങ്ങളെ ക്രോഡീകരിച്ചാൽ നാട്ടു നൻമയുടെ ഗന്ധമുള്ള നല്ലൊരു സമാഹാരം തന്നെ ലഭിക്കും. പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്ന സരസനായ ദാർശനിക സൂഫി നസറുദ്ദീൻ ഹോജയുടെ നർമ്മങ്ങളെ പോലെ സരസവും ധൈഷണികവുമായ കഥകൾ കൊണ്ട് ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയായിരിക്കും അവ. ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും നല്ല ചായ കിട്ടിയിരുന്നത് ചെറ്യാപ്പുക്കയുടെ പീടികയിലായിരുന്നു. പൈസയില്ലാത്ത കാലത്ത് പാവപ്പെട്ടവർക്ക് ചായയും പൊറോട്ടയും കഴിക്കാനും ഒരു സ്കീമുണ്ടായിരുന്നു! ഒരു ചായയും രണ്ട് പൊറോട്ടയും (കറി കൊണ്ട് പെയ്ന്റടിച്ചത്) അഞ്ചോ ഏഴോ രൂപ മാത്രമായിരുന്നു! കറിക്ക് പൈസ വേണ്ട എന്നതാണ് പ്രത്യേകത.

പഴയ കാലത്ത് ചായപ്പീടിക നടത്തിപ്പുകാരന്റെ ഏറ്റവും വലിയ ലാഭം കുറേ പേർക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞു എന്ന ധർമ്മത്തിന്റെ നന്മ മാത്രമാണ്. കച്ചവടമൊക്കെ നിർത്തി വലിയ സമ്പാദ്യമൊന്നും ഇല്ലാതെ മറ്റു കാര്യങ്ങളിലേക്ക് വഴി മാറി സഞ്ചരിച്ച ചില മനുഷ്യരോട് കച്ചവടം കൊണ്ട് നിങ്ങൾ എന്താണ് നേടിയത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയാണ് മുകളിലെഴുതിയത്!! ആധുനിക വാണിജ്യശാസ്ത്രമോ എം.ബി.എയോ ഒന്നും അവർ പഠിച്ചിട്ടില്ല, പക്ഷേ മാനവികതയിൽ ഊന്നിയ നൈതികത അവർ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ചെറിയാപ്പുവിനൊക്കെ കിട്ടാനുള്ള പറ്റുകൾ (കടങ്ങൾ) മുഴുവൻ കിട്ടിക്കഴിഞ്ഞാൽ നല്ലൊരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ മാത്രമുള്ള അത്രയും പണമുണ്ടാകും. Folk knowledge ഉം Folk history യും Fable ഉം തലമുറകളിലേക്ക് പ്രസരിപ്പിക്കുന്നതിൽ ഇത്തരം Tea shops നും Petty shops നും പങ്കുണ്ട്. 

Join WhatsApp News
Sunil 2024-01-23 15:15:02
Very good writing. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക