Image

ഗായിക കെ.എസ് ചിത്രയെ സംഘിണിയാക്കുന്ന സൈബര്‍ ഇരുട്ടിലെ ഞാഞ്ഞൂലുകള്‍...(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 20 January, 2024
ഗായിക കെ.എസ് ചിത്രയെ സംഘിണിയാക്കുന്ന സൈബര്‍ ഇരുട്ടിലെ ഞാഞ്ഞൂലുകള്‍...(എ.എസ് ശ്രീകുമാര്‍)

സൈബര്‍ ഇടങ്ങളുടെ ഇരുട്ടിന്റെ മറവിലും സോഷ്യല്‍ മീഡിയകളുടെ കാണാപ്പുറങ്ങളിലും പരിക്കേല്‍ക്കാതെയിരുന്ന് വ്യക്തികളെ അപമാനിക്കുന്നതില്‍ ഒരുതരം ഇന്ദ്രിയസുഖം കണ്ടത്തുന്ന ഭീരുക്കളാണ് പരമ സാത്വികയായ ഗായിക കെ.എസ് ചിത്രയ്ക്കെതിരെയും വിഷം തുപ്പുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന് ചിത്ര പറഞ്ഞതാണ് ഇവരുടെ നിലംതൊടാതെയുള്ള കലിതുള്ളലിന് കാരണം.

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര സോഷ്യല്‍ മീഡിയയിലൂടെയാണ് അഭ്യര്‍ത്ഥന നടത്തിയത്. അയോധ്യയില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍ ഉച്ചയക്ക് 12. 20 ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാന ഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, എന്നാണ് ചിത്ര വീഡിയോയില്‍ പറഞ്ഞത്. സംഭവത്തില്‍ ചിത്രയെ അനുകൂലിച്ചും അപമാനിച്ചും നടക്കുന്ന വന്‍തോതിലുള്ള പ്രതികരണങ്ങള്‍ തുടരുന്നു.

അതേസമയം, ചിത്രയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തുകയുണ്ടായി. ''സഹിഷ്ണുതയുടെ പര്യായമായ കേരളത്തിന് യോജിക്കുന്നതാണോ ഇതൊക്കെ. ശബരിമലയില്‍ ആചാരലംഘനത്തിന് നിന്നവരാണ് ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്...'' വി മുരളീധരന്‍ പറഞ്ഞു. ''അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്...'' വി.ഡി സതീശന്റെ പ്രതികരണമിങ്ങനെ.

ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്താണെന്നും അവരെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ട കാര്യം ഇല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പി തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്നും കെ.എസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമര്‍ശിക്കപ്പെടുകയാണെന്നും എന്നാല്‍, അതിന്റെ പേരില്‍ ചിത്രയെ അടച്ചാക്ഷേപിക്കാന്‍ തങ്ങള്‍ ഇല്ലെന്നുമാണ് എം.വി ഗോവിന്ദന്റെ നിലപാട്.

ആര്‍ക്കെതിരെ എന്തും പറയാനുള്ള അഴുകിയമനസിന്റെ പ്ലാറ്റ്ഫോമായി സോഷ്യല്‍ മീഡിയ ദുര്‍ഗന്ധപൂരിതമായിട്ട് നാളുകളേറെയായി. ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കും എന്ന് പറയുന്നത് ഇത്തരം സൈബര്‍ ഭിക്ഷാംദേഹികളുടെ കാര്യത്തിലാണിപ്പോള്‍ കൂടുതല്‍ ശരിയാവുന്നത്.

മലയാളികളുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത അനുഗ്രഹീത ഗായികയാണ് കെ.എസ് ചിത്ര. ചിത്രയെ ആ ഒരു കോണിലൂടെ മാത്രമേ നമുക്ക് കാണാനാവൂ. അതുകൊണ്ട് തന്റെ ഇഷ്ട മൂര്‍ത്തികളില്‍ ഒരാളായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്ര പ്രതിഷ്ഠ നടക്കുമ്പോള്‍ ചിത്ര ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തിയത് സ്വാഭാവികം. ചിത്രയ്ക്ക് ഏതെങ്കിലും രീതിയിലുള്ള കടുത്ത രാഷ്ട്രീയ വിശ്വാസം ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ ഈ ഗായിക കടുത്ത ഭക്ത ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭക്തിയും സംഗീതവും മാത്രമാണ് ചിത്രയുടെ മാര്‍ഗം.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ എല്ലാ ഹൈന്ദവ ഭവനങ്ങളിലും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞതിന്റെ പേരില്‍ ചിത്രയെ ഒരു സംഘിണിയായി ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചില നികൃഷ്ട അഴിഞ്ഞാട്ടക്കാര്‍. നട്ടാല്‍ കുരുക്കാത്ത നുണയുടെ അടിസ്ഥാനത്തിലാണ് ആര്‍ക്കും ഒരു ഉപദ്രവമില്ലാതെ ഒതുങ്ങിക്കഴിയുന്ന ചിത്രയെ ഇക്കൂട്ടര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. രാമക്ഷേത്രവും പ്രതിഷ്ഠയും സംബന്ധിച്ച് ബി.ജെ.പിക്കും സംഘപരിവാറുകാര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അതിലേയ്ക്ക് ചിത്രയെ കൊണ്ടുവന്ന് മുതലെടുക്കേണ്ടതില്ല.

ആരെങ്കിലും ചന്ദനക്കുറിയോ സിന്ദൂരമോ തൊട്ടാല്‍ അവരൊക്കെ സംഘപരിവാറുകാരാണെന്ന് ബോധപൂര്‍വം മുദ്രകുത്തുന്നത്   വാസ്തവത്തില്‍ നിലനില്‍പ്പിന്റെ ഭയം മൂലമാണ്. സകല ഹിന്ദുക്കളെയും ഹൈന്ദവ വിശ്വാസികളെയും സംഘിക്കൂടാരത്തില്‍ പാര്‍പ്പിക്കാന്‍ ഇവര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. ജനാധിപത്യ സംവിധാനത്തില്‍ സംഘപരിവാര്‍ ആശയത്തോട് യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്.

ചിത്ര ഇവിടെ ഒരുതരത്തിലുമുള്ള രാഷ്ട്രീയം പറഞ്ഞിട്ടില്ല. മറിച്ച്, തന്റെ അഭ്യര്‍ത്ഥനയിലൂടെ ചിത്ര തന്റെ അടിയുറച്ച ദൈവവിശ്വാസം ഏറ്റുപറയുകയാണ് ചെയ്തത്. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഏതു വിശ്വാസത്തിലും ഏത് ആശയത്തിലും ജീവിക്കുവാന്‍ ചിത്രയ്ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശത്തിന്റെ പിന്തുണയും സുരക്ഷിതത്വവുമെപ്പോഴുമുണ്ട്.

ചിത്രയെയും പിന്ന കുറിതൊടുന്ന ഹിന്ദുക്കളെയും കാവിയുടുപ്പിക്കാന്‍ ശ്രമിക്കുന്ന നവവിപ്ലവ വേതാള ജന്‍മങ്ങള്‍ ഒരുകാര്യം  ഓര്‍ക്കുന്നത് നന്ന്. നിങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് ശ്രദ്ധിക്കുക. ചിത്ര പ്രാര്‍ത്ഥിക്കുന്നതും അഭ്യര്‍ത്ഥിക്കുന്നതുപോലെ രാമനാമ മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഖരിതമാകട്ടെ...നിലവിളക്കുകള്‍ തെളിയട്ടെ...ആ പ്രകാശം   വികല മനസിലെ ഇരുട്ടിനെ അകറ്റട്ടെ...

അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍മ്മ അമൃതം ഗമയ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക