Image

വീടിനൊരുപാട് പറയാനുണ്ടാകും ( കവിത : മിനി ആന്റണി )

Published on 15 January, 2024
വീടിനൊരുപാട് പറയാനുണ്ടാകും ( കവിത : മിനി ആന്റണി )

പലവർണ്ണത്തിലുള്ള
മതിലുകൾ 
കൊണ്ടലങ്കരിച്ച
ഇടവഴിയിലൂടെ
നിങ്ങൾ വരുന്നതും നോക്കി
അക്ഷമയോടിരിക്കുന്നു
എന്റെ വീട്

വീടിനൊരുപാട്
പറയാനുണ്ടാകും നിങ്ങളോട്.
മനപ്പൂർവ്വം
ഞാൻ പറയാതിരുന്നിട്ടുള്ളത്
ഞാനിതുവരെ പറഞ്ഞിട്ടും
നിങ്ങൾക്ക് മനസ്സിലാകാത്തത്
അങ്ങനെയങ്ങനെ
എന്റെ വീടിനൊരുപാട്
പറയാനുണ്ടാകും.

ഇടത്തരക്കാരന്റെ
ആഡംഭര മോഹത്തെപ്പറ്റി
മോഹം തീർക്കാൻ
തലയിലേറ്റുന്ന ചുമടിനെ പറ്റി
ഭാരം താങ്ങി
ഒടിഞ്ഞു തൂങ്ങിയ
ചുമലിനെ പറ്റി
എല്ലാം വലിച്ചെറിഞ്ഞ്
ശൂന്യമാകാനാശിക്കുന്ന
മനസ്സിനെ കുറിച്ച്
വീടിനെന്തെല്ലാമെന്തെല്ലാം
പറയാനുണ്ടാകും.

വെള്ളപൂശി വെളുക്കെ ചിരിച്ച
ചുമരൊക്കെ 
മുഷിഞ്ഞ് പോയെന്നും
മുഷിപ്പീ ചുമരിനപ്പുറം
കടന്നെന്നും
പൂപ്പലും പായലും കേറി
കൊരഞ്ഞ് പോയത്
വീട് മാത്രമല്ലെന്നും
കെട്ടാത്ത മതിലും
വെക്കാത്ത ഗേയ്റ്റും കടന്ന്
നിങ്ങളെത്തും നേരം
പറയാതെ പറയുമെന്റെ വീട്.

അഴുക്കുപിടിച്ച ഉമ്മറത്തൂണും
പൊടിഞ്ഞ ചവിട്ടിക്കടിയിലെ
പൊട്ടലുവീണ ടൈലും
ശൂന്യമായ ഹാളും
നിറം മങ്ങിയ കർട്ടനുകളും
നിശബ്ദമായ മുറികളും
തുറക്കാത്ത ചില വാതിലുകളും
നിർവ്വികാരമായ അടുക്കളയും
ഒരു കണ്ണാടി പോലെ
എന്നെ നിങ്ങൾക്ക് കാട്ടിത്തരും.

ആഗ്രഹിച്ച്
വരുന്നതല്ലേ നിങ്ങൾ.
എന്റെ വീട്
കാണാനാഗ്രഹിച്ച് വരുന്നതല്ലേ.
കണ്ണും നട്ടിരിക്കുകയാണെന്റെ വീട്.
ഒന്ന് മിണ്ടാനും പറയാനും.

ആശങ്കപ്പെടാനാണ്
ആവലാതിപ്പെടാനാണ്
ഞാൻ വീടിനും വീടെനിക്കും
അന്യമായാലോയെന്ന്
സങ്കടപ്പെടാനാണ്

അന്ന് നിങ്ങളെന്നെ കാണും
ഇതുവരെ കാണാത്ത മാതിരി .
എന്റെ വീടുമെന്നെ കാണും
ഇതുവരെ  കാണാത്ത മാതിരി.

അലറി ചിരിക്കുന്നതും
ഉറക്കെയുറക്കെ
സംസാരിക്കുന്നതും കേട്ട്
നിങ്ങളൽഭുതപ്പെടും
വീട്ടിലും ഞാനിങ്ങനെത്തന്നെ
ആണല്ലോയെന്ന്.
വീടുമൽഭുതപ്പെടും
എനിക്കിപ്പോഴിങ്ങനെ
ചിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് .

വീട് പറയുന്നതൊന്നും
നിങ്ങൾ കേൾക്കാതിരിക്കണമല്ലോ
വീടിന്റെ  ഭാവങ്ങളൊന്നും
നിങ്ങളറിയാതിരിക്കണമല്ലോ
വീടിന്റെ കരച്ചിൽ
എനിക്കും വീടിനുമപ്പുറം
എത്താതിരിക്കണമല്ലോ.
അതുകൊണ്ട്
അതിഥികൾ മാത്രമായി
നിങ്ങളീ പടിയിറങ്ങുവോളം
ഞാനാർത്തലച്ച്
ചിരിച്ച് കൊണ്ടേയിരിക്കും.

നിങ്ങൾക്ക് മുന്നിൽ
ഞാനെന്നും പഴയ
ഞാനായിത്തന്നെയിരിക്കണമല്ലോ.
സങ്കടങ്ങളില്ലാത്ത
എപ്പോഴും ചിരിക്കുന്ന ഞാൻ.

( ഇതൊക്കെ പണ്ട് ഞാനെഴുതീതാന്നേ.  അന്ന് ഞാനങ്ങനെയാരുന്നോ ? എനിക്കോർമ്മേല്ല. ഞാനില്ലാത്ത വീട് ഇപ്പോഴെന്ത് പറയാവോ? )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക