Image

അമേരിക്കയിൽ അനുസ്യുതം അരങ്ങേറുന്ന ഡോക്ടറേറ്റ് വിപ്ലവം (സുരേന്ദ്രൻ നായർ)

Published on 09 January, 2024
അമേരിക്കയിൽ അനുസ്യുതം അരങ്ങേറുന്ന ഡോക്ടറേറ്റ് വിപ്ലവം (സുരേന്ദ്രൻ നായർ)

ലോകത്തെവിടെയും പ്രാഞ്ചിവേഷം കെട്ടാൻ എന്നും മലയാളി മുന്നിലുണ്ടാകും. മലയാളികൾ സ്വയം കൊട്ടി ഘോഷിക്കുന്ന മഹത്വങ്ങൾ സജി ചെറിയാന് പോലും രോമാഞ്ചമുണ്ടാക്കുന്നവയാണ്. മലയാളി
അസോസിയേഷനുകളിൽ സർവ്വ സാധാരണമായ പരസ്പരം മുതുകു ചൊറിഞ്ഞു കൊടുക്കുന്ന പൊന്നാട പരിഹാസ്യം അരങ്ങു വാഴുമ്പോൾതന്നെ അവരിൽ പലരും നേരം ഇരുട്ടി വെളുക്കുമ്പോൾ
ഡോക്ടർമാരായി അവതരിക്കുന്ന പുത്തൻ പ്രതിഭാസമാണ് ഇപ്പോഴത്തെ ട്രെൻഡ്.
                        
കേരളത്തിൽ സ്വന്തം പേരിനോടോപ്പം പിതാവിന്റെ പേരുചേർക്കുന്ന പതിവ് സാധാരണമാണല്ലോ. പക്ഷെ കേരളംകടന്നു അമേരിക്കയിലെത്തി ഒന്ന് ഇരിപ്പ് ഉറപ്പിച്ചു കഴിയുമ്പോൾ പിതാവിന്റെ പേരിന്റെ
അക്ഷരങ്ങൾ കൊണ്ടുമാത്രം ജനശ്രദ്ധ കിട്ടില്ലെന്ന്‌ കണ്ടാണ് ഇത്തരക്കാർ വ്യാജ നിർമ്മിതികൾക്കുള്ള അന്വേഷണങ്ങൾ തുടങ്ങുന്നത്.
                      
തുശ്ചമായ ചെലവിൽ കേരളത്തിൽ ലഭിക്കുന്ന വാഴക്കുല ഡോക്ടറേറ്റിന് തുല്യമായഗവേഷണ ബിരുദങ്ങളും ബോംബെ എൽ എൽ ബി യും ബിരുദാനന്തര ബിരുദങ്ങളും അമേരിക്കയിലെ തൊഴിൽ രംഗത്ത് ഒരിക്കലും പച്ചപിടിക്കാത്തതിനാൽ  തൊഴിൽ അന്വേഷകരല്ല
അസോസിയേഷൻ സ്ഥാനമോഹികളാണ് ഈ മുക്കുപണ്ടങ്ങളുടെ ഗുണഭോക്താക്കൾ.
                         
അഭിനവ ഡോക്ടർമാരുടെ അവതരണം ആരംഭിക്കുന്നത് സാധാരണ ഒക്ടോബർ നവംബർ മാസങ്ങളിലാണ്. കാരണംഒട്ടുമിക്ക അസോസിയേഷനുകളിലും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് ആ സമയങ്ങളിലാണ്. നാഷണൽ സംഘടനകളിൽ കണ്ണുള്ളവർ മുഖം മിനുക്കൽ അൽപ്പം നേരത്തെ തുടങ്ങുമെന്ന് മാത്രം. പള്ളിക്കുടങ്ങളിലെ പത്രാസും ബാലജന സഖ്യത്തിലെ വീരസ്യങ്ങളും ലോക്കൽ കമ്മിറ്റികളിലെ തിണ്ണ മിടുക്കുമൊന്നും മതിയാകില്ലഎന്ന് ബോധ്യമാകുന്ന സമൂഹ സേവന തല്പരരായ പുത്തൻ കൂറ്റുകാരാണ് ഡോക്ടർ പത്രാസ് കാട്ടിഎതിരാളികളെ വെല്ലുവിളിക്കുന്നതിനും നിർദ്ദോഷികളായ മലയാളികളെ പറ്റിക്കുന്നതിനുംകച്ചകെട്ടി ഇറങ്ങുന്നത്. ഇക്കാരണം കൊണ്ടുതന്നെ യഥാർത്ഥ ഡോക്ടറേറ്റുള്ള നിരവധിപേർ പൊതു വേദികളിൽ അവരുടെ പദവി മറച്ചു വയ്ക്കുകയുംചെയ്യുന്നു.
                  
അമേരിക്കയിൽ സാധാരണ ഒരാളിന് ഡിഗ്രി പഠനം പൂർത്തിയാക്കി ഡോക്ടറെറ് ഡിഗ്രി സമ്പാദിക്കാൻ നാല് മുതൽ ആറുവരെ വര്ഷങ്ങളിലെ കഠിനാധ്വാനം വേണമെന്നിരിക്കെ ചില ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പിലെ ഉൾനാടൻ സർവകലാശാലകളിലും അതിന്റെ കാലാവധി മുതൽമുടക്കിന്റെ വലുപ്പത്തിനനുസരിച്ചു ചുരുങ്ങി ചുരുങ്ങി  ശൂന്യാവസ്ഥയിൽ എത്തുമെന്നാണ് പരീക്ഷണാർത്ഥം അന്വേഷിച്ച ചിലർ സ്ഥിരീകരിക്കുന്ന വിവരം. ഫോട്ടോയും പണവും അയച്ചാൽ മടക്ക തപാലിൽ കിട്ടുന്ന ഡോക്ടറേറ്റും നിലവിലുണ്ടെന്ന് ചില ഓൺലൈൻ സൈറ്റുകളും അവകാശപ്പെടുന്നു. അവിടെ കോളേജും വിഷയവും പ്രബന്ധവും ഗൈഡുമെല്ലാം വിർച്യുൽ എന്നു മാത്രം.
                    
തുടർ പഠനത്തിനോ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനോ തൊഴിൽ നേടാനോ വ്യാജനെ ഉപയോഗിക്കാത്തിടത്തോളം അധികാരികളെയോ
നിയമ വ്യവസ്ഥയെയോ ഭയപ്പെടേണ്ടതുമില്ല. വൈദ്യശാസ്ത്ര രംഗത്ത്, എം.ഡി. എന്നുകൂടി ചേർക്കാൻ മെഡിക്കൽ ഡോക്ടർമാർ
ശ്രദ്ധിക്കുന്നതിനാൽ വ്യാജന്മാർ ജീവഹാനിയുണ്ടാക്കി ജയിലിലാകില്ല എന്ന് കുടുംങ്ങങ്ങൾക്കും ആശ്വസിക്കാം.
                    
പുറമെ കാണുമ്പോൾ നിരുപദ്രവകരമാണെന്ന് തോന്നുന്ന ഈ തുന്നിച്ചേർക്കൽ  മലയാളികളെല്ലാം തൊണ്ട തൊടാതെ വീഴുന്നില്ല എന്നതാണ് നേര്. ഭൂരിപക്ഷവും പുശ്ചത്തോടെ കാണുന്ന ഈ പ്രയോഗം അണിയുന്നവന് മാത്രമാണ് അലങ്കാരമായി തോന്നുന്നത്.
                 
അടുത്തകാലത്ത് ഒരു സ്റ്റാർഷോയുടെ ഭാഗമായി ഇവിടെയെത്തിയ ഒരു മിമിക്സ് കലാകാരൻ തന്നോടൊപ്പം നാട്ടിൽ രണ്ടാം വർഷ
ഇംഗ്ലീഷ് രണ്ടു പ്രാവശ്യം എഴുതി തോറ്റു വിവാഹാനന്തരം അമേരിക്കയിലെത്തിയ ഒരു പഴയ സഹപാഠിയെ കണ്ടു. പരിപാടിയുടെ സംഘാടകരിൽ പ്രമുഖനായ അയാളെ സ്വാഗതം
പറയാനായി ക്ഷണിച്ച സുന്ദരിയായ അവതാരിക അയാളുടെ പേരിനോടോപ്പം ഡോക്ടർ പദവി കൂട്ടിച്ചേർത്തു ബഹുമാനം കൂട്ടിയപ്പോൾ കക്ഷിയാകെ സംശയത്തിലായി. തനിക്കു ആള് മാറിയതാണോ, പിൻ കർട്ടനിടയിലൂടെ ഒളിഞ്ഞു
നോക്കി സംശയ നിവൃത്തി വരുത്തിയ കൂട്ടുകാരൻ ഉറപ്പിച്ചു,തനിക്കു തെറ്റിയിട്ടില്ല തന്നോടൊപ്പം ട്യൂട്ടോറിയൽ കോളേജിൽ പഠിച്ചിരുന്ന വിവാഹാനന്തരം കംപ്യൂട്ടർ ഡാറ്റ എൻട്രി പഠിച്ചു വിമാനം കയറി അമേരിക്കയിലെത്തിയ പഴയ സതീർഥ്യൻ തന്നെയാണ് ഡോക്ടറായി വേദിയിൽ ആഗതനായിരിക്കുന്നത്. അമേരിക്കയിലെ ഈ ഡോക്ടർ വിപ്ലവം അയാൾ കേരളത്തിലെ ഡോക്ടർമാരെയും അറിയിച്ചു സന്തോഷം പങ്കുവച്ചു.

Join WhatsApp News
Mathappan 2024-01-09 09:38:01
ഇത് പുതിയ കാര്യമല്ല എങ്കിലും, ശ്രീമാൻ സുരേന്ദ്രൻ ഒന്നുകൂടെ എഴുതി ഓർമ്മിച്ചതിലും മറ്റും വളരെ സന്തോഷം. ഇവിടെ ഫേക്ക് ഡോക്ടർമാരെ തട്ടിയിട്ട് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ഈ കൂട്ടത്തിൽ തന്നെ മറ്റു പലതും കൂട്ടിച്ചേർത്തെഴുതണം, അല്ലെങ്കിൽ പിന്നീട് സുരേന്ദ്രനും മറ്റും എഴുതിയാൽ നന്നായിരുന്നു. ഫേക്ക് എഴുത്തുകാരെ പറ്റി, കാശ് കൊടുത്ത് എഴുതിവരുത്തി ഇവിടുത്തെ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി നോവൽ പോലും പ്രസിദ്ധീകരിക്കുന്ന വിദ്വാന്മാരെ പറ്റി കൂടെ എഴുതണം. അവർ വമ്പൻ എഴുത്തുകാരാണെന്നാണ് അവരുടെ വിചാരം, സത്യത്തിൽ അവരിൽ പലർക്കും ഒരു അങ്ങാടി മരുന്നിന്റെ ലിസ്റ്റ് പോലും എഴുതാൻ കഴിയില്ല. പിന്നീട് അന്യോന്യം പരസ്പരം പൊന്നാട കൊടുക്കുന്നവരെ പറ്റിയും പൊന്നാട വാങ്ങുന്നവരെ പറ്റിയും ഫലകങ്ങൾ കൊടുക്കുന്നവരെ പറ്റിയും ഫലകങ്ങൾ വാങ്ങുന്നവരെ പറ്റിയും, തുടർന്നുള്ള ഫോട്ടോ വാർത്താ വിപ്ലവത്തെ പറ്റിയും തുറന്നടിച്ചെഴുതണം. പല അനർഹരായ വ്യക്തികൾ ആണ് പൊന്നാട വാങ്ങുന്നതും അതുപോലെ കൊടുക്കുന്നതും. ചില ഒറ്റയാൻ സംഘടനക്കാരും, ചില കിംഗ് മേക്കർ സംഘടനക്കാരും, പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പുന്നാട പുതപ്പിക്കുന്നു, പലതും സർപ്രൈസ് ആയി തന്നെ, സംഘടനയിലെ കമ്മറ്റിക്കാരുവോടുപോലും ആലോചിക്കാതെ കൊണ്ടുവന്ന് പഴയ തുണി ആണെങ്കിലും പുതപ്പിക്കുന്നു. സാഹിത്യ സംഘടനക്കാരും എഴുത്ത് സംഘടനക്കാരും വരെ ഇത്തരം വിലകുറഞ്ഞ പരിപാടികൾ നടത്തുന്നു. കമ്മ്യൂണിറ്റി കോളേജിൽ നിന്നുപോലും ഡോക്ടറേറ്റ് കൊടുക്കുന്നുണ്ടെന്നാണ് ചിലരുടെ വാദം. എന്നാൽ അർഹതപ്പെട്ട, തികച്ചും തത്വം വിശ്വസിക്കുന്നവർ ഇതൊന്നും കൊടുക്കാറുമില്ല, ഇതൊന്നും വാങ്ങാറുമില്ല. ഇവരൊക്കെ എത്ര വമ്പൻ ആണെങ്കിലും കൊമ്പൻ ആണെങ്കിലും താങ്കളെപ്പോലുള്ളവർ എഴുതണം. ധൈര്യമായി പ്രസംഗിക്കണം. ഇത്രയും കുത്തിക്കുറിക്കുന്ന മാത്തപ്പൻ എന്ന എന്നെ ദയവായി ഒരു ഡോക്ടറേറ്റ് തന്നോ, ? പൊന്നാട പുതപ്പിച്ചോ അവഹേളിക്കരുത്. ഞാൻ ഇപ്പോഴേ തന്നെ അതെല്ലാം നിരാകരിക്കുന്നതായി ഇവിടെ പ്രഖ്യാപിക്കുന്നു. . അതുപോലെ എനിക്ക് സ്വന്തമായി എഴുതാൻ കഴിവില്ലാത്തപ്പോൾ ഞാൻ എൻറെ എഴുത്തു നിർത്തും. പിന്നെ ഈ മലയാളിയിൽ ഇന്നലെ ആരോ മുഖസ്തുതിയെ പറ്റി എഴുതിയിരിക്കുന്നത് വായിച്ചു. അതും വളരെ നന്നായിരിക്കുന്നു. ഇവിടെ ഏത് മീറ്റിങ്ങിൽ ചെന്നാലും മുഖസ്തുതി പറച്ചിൽ. ഇല്ലാത്ത ഗുണങ്ങളെപ്പറ്റി യോഗ്യതയെപ്പറ്റി പൊക്കി പൊക്കിയുള്ള ഇൻട്രൊഡക്ഷൻ. മുതുക് ചൊറിച്ചിൽ പുറം ചൊറിച്ചിൽ അങ്ങനെ അത് കേട്ട് നമ്മുടെ സമയം നഷ്ടമാകുന്നു, പലനിരൂപണങ്ങളും അങ്ങനെയൊക്കെ തന്നെ. എന്ന് നിർഭയം, നന്ദിയോടെ നിങ്ങളുടെ സ്വന്തം മാത്തപ്പൻ.
Abdul punnayurkulam 2024-01-09 14:54:50
Investing 4-6 years in college to achieve doctorate degree is hard, so people trying to obtain it in slick way!
Philippose 2024-01-09 15:26:00
ഫേക്ക് ഡോക്ടറേറ്റ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എഴുപതുകളുടെ മത്യത്തിൽ ആണെന്ന് തോന്നുന്നു ഇതിൻറെ തുടക്കം. ഒരു ഡിഗ്രി പോലും ഇല്ലാത്തവരാണ് കൂടുതലും ഡോക്ടറേറ്റിനുവേണ്ടി ഓടുന്നത്. ഒരു പഹയൻ ഫേക്ക് ഡോക്ടറേറ്റ് വച്ച് ഇന്ത്യൻ കോൺസുലേറ്റിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചത് ഓർക്കുന്നു. അവർ പെട്ടന്ന് കണ്ടെത്തുകയും വാണിംഗ് കൊടുക്കുകയും ചെയ്തീട്ടുണ്ട്. ഇന്റർവ്യൂന് ചെന്നപ്പോൾ ആണ് സംഗതി പൊളിഞ്ഞു പോയത്. പിന്നെ നല്ല പെർസെന്റ് കേമന്മാരും ഡോക്ടറേറ്റ് കിട്ടിയാൽ ഉടൻതന്നെ സ്റ്റേറ്റ് വിടുകയാണ് ചെയ്യുക. ഇങ്ങനെ ന്യൂ യോർക്ക്, ന്യൂ ജേഴ്സി മുതലായ സ്ഥലങ്ങളിൽ നിന്നും ഫ്ലോറിഡ, ടെക്സാസ് സ്റ്റേറ്റുകളിലേക്കു പോയവർ ധാരാളം. എനിക്കറിയാവുന്ന പലരും ഫൊക്കാന, ഫോമാ മുതലായവയിൽ വലിയ വലിയ സ്ഥാനങ്ങളിൽ ഇരുന്നവരും ഇപ്പോൾ ഇരിക്കുന്നവരും ഉണ്ട്. ഒരു പഹയൻ ന്യൂ യോർക്ക് ൽ ടാക്സി ഓടിച്ചിരുന്ന ആളാണ്. മിടുക്കന്മാർ ഫേക്ക് ബാച്ചലേഴ്‌സ് ഡിഗ്രിയുംഎക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉം ഉണ്ടാക്കി ന്യൂ യോർക്ക് സിറ്റിയിൽ കടന്നു കൂടിയവരും ഉണ്ട്. എല്ലാ മിടുക്കന്മാർക്കും നന്മകൾ നേരുന്നു.
സുരേന്ദ്രൻ നായർ 2024-01-09 15:59:45
സത്യസന്ധമായ മേൽ പ്രതികരണങ്ങൾക്ക് നന്ദി. മലയാളികളിൽ ആർക്കെങ്കിലും ഒരു സ്വയം വിമര്ശനത്തിനോ ആത്മ പരിശോധനക്കോ ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഉപകാരപ്പെടട്ടെ എന്ന് ആശിക്കാം
ഡോ. സുരേഷ് കുറുപ്പ് 2024-01-10 00:45:18
വളരെ കഷ്ടപ്പെട്ട് മെഡിക്കൽ സ്കൂളിൽ പഠിച്ചും, ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിച്ചും നേടുന്ന ഡോക്ടറേറ്റുകൾ ഒരു അംഗീകാരം തന്നെയാണ്. അങ്ങനെയുള്ളവർക്ക് സമൂഹത്തിൽ ഒരു ബഹുമാനം കിട്ടാറുമുണ്ട്. പക്ഷെ ഇത് കാണുന്ന പ്രാഞ്ചിയേട്ടന്മാർക്ക് ഡോക്ടറേറ്റ് എങ്ങനെ ചുളുവിൽ അടിച്ചെടുക്കാം എന്നതാവും ചിന്ത. കാശുമുടക്കി ഒരെണ്ണം ഒപ്പിച്ചെടുത്തൽ പിന്നെ അക്കാര്യം നാലുപേരെ എങ്ങനെ അറിയിക്കും എന്നതാകും ചിന്ത. ഇലക്ഷന് നിൽക്കുക, ആരെക്കൊണ്ടെങ്കിലും പുകഴ്ത്തി എഴുതിപ്പിക്കുക, അവാർഡുകൾ സ്പോൺസർ ചെയ്യുക, ചാരിറ്റി തുടങ്ങുക, മതം, ധ്യാനം, യോഗ, ജോതിഷം തുടങ്ങിയ മേഖലകളിൽ ഏർപ്പെടുക എന്നതൊക്കെ ഓരോരുത്തരും ചെയ്യുന്നു. അക്കാദമിക പണ്ഡിതർ സാധാരണ ഡോക്ടർ എന്ന് വയ്ക്കാറില്ല, പകരം പേരിന്റെ അറ്റത്തു PhD എന്ന് കാണിക്കുന്നു. അതാണ് അതിന്റെ ഒരു ശരിയും. എന്നാൽ ചില മലയാളി ഗവേഷണ പണ്ഡിതന്മാർ അവർക്ക് PhD ആണെന്ന് പറയാൻ താല്പര്യമില്ല. ഒറ്റ നോട്ടത്തിൽ മെഡിക്കൽ ഡോക്ടർ ആണെന്ന് മറ്റുള്ളവർ ധരിച്ചാൽ അത് വല്യ ഗമ ആണല്ലോ. എല്ലാത്തിനും എളുപ്പ വഴി നോക്കുന്ന മലയാളിക്ക് പാടുപെടാതെ തന്നെ ഒരു ഡോക്ടറേറ്റ് നേടാൻ പെടാപ്പാട് പെടുമ്പോൾ അത് വിറ്റു കാശാക്കാനും ചിലർ തല്ലിപ്പൊളി യൂണിവേഴ്സിറ്റികൾ തുടങ്ങും. "വിദ്വാനെന്നു കരുതുന്നു ചിലർ, വിദ്യയൊട്ടും തീണ്ടുകെന്നാകിലും". പൊങ്ങച്ച നിമിത്തം ബഹുകൃത വേഷം.
ഡോക്ടറായിരുന്ന പപ്പു 2024-01-11 01:22:26
ഒരു കാലത്ത് കേരളത്തിൽ വ്യാജ ഡോക്ടറുമാരുടെ കളിയായിരുന്നു എറണാകുളത്തു പുളിക്കൻ ഡോക്ടറുടെ മകനെ ഐസ് കട്ടയുടെ പുറത്ത് തുണിയില്ലാതെ ഇടുത്തിയപ്പോളാണ് സത്യം പുറത്തു വന്നത് . ഇമലയാളിയിൽ വരുന്ന എല്ലാ ഡോക്ടരന്മാരെയും ഐസിന്റെ പുറത്തു ഇരുത്തി നോക്കണം ഞാൻ ഐസ് കട്ടയുടെ പുറത്തു ഇരുന്നാണ് ഇതെഴുതുന്നത് എഴുതി കഴിഞ്ഞപ്പഴേക്കും എന്റെ ഡോക്ടറേറ്റ് ഇതാ താഴെകിടക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക