Image

സ്വവര്‍ഗ്ഗാനുരാഗികളേയും ട്രാന്‍സ്ജന്‍ഡേഴ്‌സിനേയും സ്‌നേഹിക്കണോ  അതോ വിധിക്കണോ? (ലാലി ജോസഫ്)

Published on 06 January, 2024
സ്വവര്‍ഗ്ഗാനുരാഗികളേയും ട്രാന്‍സ്ജന്‍ഡേഴ്‌സിനേയും സ്‌നേഹിക്കണോ  അതോ വിധിക്കണോ? (ലാലി ജോസഫ്)

ഫ്രാന്‍സീസ് പാപ്പ സ്വവര്‍ഗ്ഗാനുരാഗികളെ കത്തോലിക്കാ പുരോഹിതമാര്‍ക്ക് അനുഗ്രഹിക്കാം എന്നുള്ള അനുവാദം കൊടുത്ത ഡിക്രി ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ലേഖനം എഴുതണമെന്നുള്ള തോന്നല്‍ ഉണ്ടായത് സ്വഭാവികം.

ഇവര്‍ ഓരോരുത്തരും ഏതെങ്കിലും ഒരു കുടുംബത്തിന്റെ ഭാഗമായി ജന്മം കൊണ്ടവരാണ്. നമ്മളുടെ സഹോദരനോ സഹോദരിയോ, മകനോ മകളോ, ബന്ധുവോ ആകാം. അതുമല്ലങ്കില്‍ പിറക്കാന്‍ പോകുന്ന പേരകുട്ടികള്‍ ആകാം. അങ്ങിനെ ആകില്ല എന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കുകയില്ല.
ശാസ്ത്രീയമായി എല്ലാം പുരുഷനിലും സ്ത്രി ഹോര്‍മോണും എല്ലാം സ്ത്രിയിലും പുരുഷഹോര്‍മോണും ഉണ്ട്. ഈ ഹേര്‍മോണുകളുടെ ഏറ്റകുറച്ചിലുകള്‍ ജന്‍ഡര്‍ നിഗമനങ്ങളില്‍ സംശയം ഉളവാക്കാറുണ്ട്. ഹിന്ദു പുരാണങ്ങളിലെ അര്‍ദ്ധനാരീശ്വര സങ്കല്പം അതിന് ഉദ്ദാഹരണം ആണ്. ശിവനും പാര്‍വതിയും കൂടിയുണ്ടായ അര്‍ദ്ധനാരീ സങ്കല്പം വടക്കേ ഇന്ത്യയില്‍ ആണും പെണ്ണും അല്ലാത്ത ഈ പിറവികളെ ആദരിക്കുന്നതും അവരില്‍ നിന്നും അനുഗ്രഹം വാങ്ങിക്കുന്നതും പുതിയ സംരഭങ്ങളെ തൊട്ടനുഗ്രഹിക്കാന്‍ ഇവരെ ക്ഷണിക്കുന്നതും സര്‍വ്വസാധരണമാണ്. ഇവിടെ ഈ കൂട്ടര്‍ ദൈവതുല്യരാണ്.

കുടുംബത്തില്‍ ഇങ്ങിനെ ഒരു കുട്ടി പിറന്നാല്‍ അവരോടു എങ്ങിനെ പെരുമാറണം. കളവു പറഞ്ഞു ജീവിക്കുവാന്‍ പ്രേരിപ്പിക്കണമോ? അതോ “ഗേ” ആയ കുട്ടിയുടെ സത്യത്തെ മൂടി വച്ചു കൊണ്ട് നിര്‍ബ്ബദ്ധിച്ച് ഒരു പെണ്ണിനെ കൊണ്ട് വിവാഹം നടത്തി അവരുടെ ജീവിതത്തെ നശിപ്പിക്കണമോ? അതോ താല്‍ക്കാലികമായി സ്പര്‍ശനത്തില്‍ ഉണ്ടാക്കിയെടുക്കുന്ന സംഭോഗത്തെ ശിശുവാക്കി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയെ അംഗികരിക്കണമോ അങ്ങിനെയുള്ള ദമ്പതികള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടോ? അതോ ഇല്ലയോ? എന്ന് നാം അന്യേഷിക്കേണ്ടിയിരിക്കുന്നു.

എല്ലാം മനുഷ്യരേയും ജനിപ്പിച്ച ദൈവം തന്നെയാണ് അവരേയും ജനിപ്പിച്ചത്. നമ്മള്‍ക്ക് ഉണ്ടാകുന്ന കുട്ടിയുടെ അവസ്ഥ എതു രീതിയില്‍ ആയാലും അതേ അവസ്ഥയില്‍ ഉള്‍കൊണ്ട് അവര്‍ക്ക് സ്‌നേഹവും പിന്തുണയും കൊടുക്കുക എന്നതു മാത്രമേ നമ്മളില്‍ നിഷിപ്തമായിട്ടുള്ളു. അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് മാത്രമാണുള്ളത്. അവര്‍ക്ക് സ്‌നേഹവും കരുണയും കൊടുത്ത് ചേര്‍ത്തു നിര്‍ത്തുന്ന കുടുംബവും സമൂഹവുമാണ് അവര്‍ക്ക് വേണ്ടത്.
ഒരുപാട് വേദനാജനകമായ അനുഭവങ്ങളില്‍ കൂടി ഇവര്‍ കടന്നു പോയിട്ടുണ്ട്. ജീവിതം മനോഹരവും വിലപ്പെട്ടതുമാണ്. അവരുടെ ജീവിതം വീര്‍പ്പു മുട്ടി കഴിയാനുള്ളതല്ല. മറിച്ച് സന്തോഷത്തോടെ അഭിമാനത്തോടെ അവരുടെ മുഴുവന്‍ സര്‍ഗ്ഗശേഷിയും പുറത്തെടുത്ത് ജീവിക്കാനുള്ളതാണ്. ഈ അവസ്ഥ അവര്‍ തിരഞ്ഞെടുത്തതല്ല. ഇത് ജനിതകമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഈ മാനറിസം അവരില്‍ കണ്ടു തുടങ്ങുന്നുണ്ട്. ഇവരെ എതിര്‍ക്കുന്ന ഈ തലമുറയുടെ കാലം കഴിഞ്ഞാല്‍ ഇത് വളരെ നോര്‍മല്‍ ആയി മാറികഴിഞ്ഞിരിക്കും.

90 വയസുള്ള എന്റെ ഒരു ബന്ധുസ്ത്രിയോട് ഞാന്‍ ചോദിച്ചു നിങ്ങളുടെ കല്ല്യാണം എങ്ങിനെയായിരുന്നു? അവര്‍ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. അന്നെനിക്ക് പ്രായം പതിമൂന്ന്. പെണ്ണ് കാണല്‍ ചടങ്ങ് ഉണ്ടായിരുന്നില്ല. കാര്‍ന്നോന്മാര്‍ കണ്ടുറപ്പിച്ച കല്ല്യാണം. കല്ല്യാണത്തിന്റെ അന്ന് ചെറുക്കന്റെ മുഖം ഒന്നു കണ്ടു അത്ര തന്നെ. ആദ്യ രാത്രി അമ്മായിയമ്മയുടേയും നാത്തൂന്റേയും കൂടെയാണ് കിടന്നുറങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ കാണുകയും അടുക്കുകയും ആരും കാണാതെ മിണ്ടുകയും ഒക്കെ തുടങ്ങുന്നത്. ഒരുമിച്ചു കിടക്കാന്‍ മുറിയും മറ്റും ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ ചെറുക്കനും പെണ്ണും വര്‍ഷങ്ങളോളം ഒന്നിച്ചു നടന്നതിനു ശേഷം മാത്രമാണ് അവര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഓരോ തലമുറയും മണ്‍മറഞ്ഞു കഴിയുമ്പോള്‍ ഉണ്ടായ മാറ്റങ്ങളെ സൂചിപ്പിക്കാനാണ് ഈ സംഭവം ഇവിടെ വിവരിച്ചത്.

“ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേേഹിക്കണം എന്നല്ലേ യേശുക്രിസ്തു പഠിപ്പിച്ച പാഠം. ആരേയും മാറ്റി നിര്‍ത്തി സ്‌നേഹിക്കുവാന്‍ പറഞ്ഞിട്ടില്ല. വ്യഭിചാരിയായ സ്ത്രിയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നിട്ട് ചോദിച്ചു “ മോശയുടെ ന്യായ പ്രമാണത്തില്‍ ഞങ്ങളോടു കല്‍പ്പിച്ചിരിക്കുന്നത് ഇവളെ കല്ലെറിയണം എന്നാണ്, യേശു ക്രിസ്തു പറഞ്ഞു നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ അവരെ ഒന്നാമതായി കല്ലെറിയട്ടെ. അവര്‍ ഓരോരുത്തരായി വിട്ടു പോയി. (യോഹന്നാന്‍ 8—4:9 )
വിശുദ്ധ മത്തായിയുടെ സുവിശേഷം 7 ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട് “ നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്, നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളേയും വിധിക്കും നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും. യോഹന്നാന്റെ സുവിശേഷം 8ാം അദ്ധ്യായം 15 മുതല്‍ 16 വരെയുള്ള വാക്യത്തിലും വിധിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. “നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു: ഞാന്‍ ആരേയും വിധിക്കുന്നില്ല. ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല. ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്റെ വിധി സത്യമാകുന്നു.

ആരേയും വിധിക്കാന്‍ നമ്മള്‍ക്ക് അവകാശം ഇല്ല. വിധി ദൈവത്തിന് വിട്ടു കൊടുക്കുക. സ്‌നേഹം പറയുവാനുള്ളതല്ല അത് കര്‍മ്മത്തില്‍ കൂടി കാണിച്ചു കൊടുക്കേണ്ടതാണ്. കൊരിന്ത്യര്‍ 1 ാം അദ്ധ്യായം 13ാം വാക്യത്തില്‍ പറയുന്നുണ്ട് “ ആകയാല്‍ വിശ്വാസം , പ്രത്യാശ, സ്‌നേഹം, ഈ മൂന്നും നിലനില്‍ക്കുന്നു. ഇവയില്‍ വലിയതോ സ്‌നേഹം തന്നെ.

“ഗേ” ആയ ഒരു വിയറ്റ്‌നാം വിമുക്തഭടനായിരുന്നു ലിയോണാര്‍ മാറ്റ്‌വിച്ച് അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ കൊത്തി വച്ചിരിക്കുന്നത് ഇങ്ങിനെയാണ് “ WHEN  I WAS  IN THE MILITARY THEY GAVE ME  A MEDAL FOR KILLING TWO MEN AND A DISCHARGE FOR LOVING ONE.” കൊന്നതിന് മെഡല്‍ കൊടുക്കുകയും സ്‌നേഹിച്ചതിന് പുറത്താക്കപ്പെട്ട ഒരു വിമുക്തഭടന്റെ വേദനയാണ് തന്റെ ശവകുടീരത്തില്‍ കൊത്തിവച്ചിരിക്കുന്നത്. മരിച്ച വ്യക്തിയുടെ വേദനയില്‍ പൊതിഞ്ഞ വാക്കുകള്‍, 87വയസായ പോപ്പ് ഫ്രാന്‍സിസ് ഇവരോടു കാണിക്കുന്ന കാരുണ്യം ഇതൊന്നും എങ്ങിനെയാണ് കണ്ടില്ല എന്ന് നടിക്കുവാന്‍ സാധിക്കുന്നത്.
കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ മധ്യേ പുരോഹിതന്‍ കര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി കൈകള്‍ ഉയര്‍ത്തി പിടിച്ച് ഇങ്ങിനെ പ്രാര്‍ത്ഥിക്കുന്നുണ്ട് “ കര്‍ത്താവേ ശക്തനായ ദൈവമേ, പ്രധാനാചാര്യനും സാര്‍വ്വത്രിക സഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ മാര്‍ ഫ്രാന്‍സീസ് പാപ്പക്കും വേണ്ടിയും ഈ കുര്‍ബ്ബാന സ്വീകരിക്കണമേ. പക്ഷെ ഏതെങ്കിലും പുരോഹിതര്‍ ഒരു “ഗേ” കുട്ടിയെ പോപ്പ് പറഞ്ഞത് അനുസരിച്ചു കൊണ്ട് അനുഗ്രഹിക്കുവാനുള്ള ധൈര്യം കാണിക്കുമോ? അനുസരണക്കേട് പാപം എന്നു പറയുന്നവര്‍ തന്നെ അനുസരണക്കേടു കാണിക്കുന്നു. സ്‌നേഹത്തോട് എത്ര പേര്‍ അവരെ ചേര്‍ത്തു നിര്‍ത്തും? വിധിക്കുവാന്‍ നമ്മള്‍ക്ക് ആര്‍ക്കും അവകാശം ഇല്ല. സ്‌നേഹിക്കുവാന്‍ മാത്രം ആണ് ദൈവം പഠിപ്പിക്കുന്നത്.

മതഭ്രാന്ത് പിടിച്ച കുറെ ആളുകള്‍ ഈ നാട്ടില്‍ (USA) ചെയ്തു കൂട്ടിയ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന അറും കൊലപാതകങ്ങള്‍ അവയുടെ വ്യക്തമായ അന്വേഷണങ്ങള്‍ , കോടതി നിരീക്ഷണങ്ങള്‍ ഇവയൊക്കെയാണ് ഒബാമാ ഭരണകൂടത്തിന് LGBTQ marriage right legal ആക്കുവാന്‍ തീരുമാനിച്ചത്. സമൂഹത്തില്‍ ഒളിച്ചും കളവു പറഞ്ഞും ഭയപ്പെട്ടും ജീവിക്കേണ്ടവര്‍ അല്ല ഈ മനുഷ്യര്‍ എന്ന തിരിച്ചറിവ് മനുഷ്യര്‍ക്ക് ഉണ്ടാകട്ടെ..

Join WhatsApp News
Jose kavil 2024-01-08 02:14:16
ഒരു പാപത്തെ പ്രോൽസാഹിപ്പിക്കു ന്നതിനോട് യോജിപ്പില്ല.ആണും ആണും സെക്സ് ചെയ്യുന്നതിനെ എന്തിന് ബ്ളസ് ചെയ്യണം .വ്യഭിചാരം സ്വവർഗ്ഗ ഭോഗം ഇത് ചെയ്യുന്നവർ സ്വർഗ്ഗരാജ്യം അവകാശ മാക്കുന്നില്ല എന്നു ബൈബിൾ പറയുമ്പോൾ ഇത് ചെയ്യുന്ന വരെ അനുഗ്രഹി ക്കണം എന്നു പോപ്പു പറയുന്നത് തെറ്റ് തന്നെ .പിന്നെ പോപ്പിനെ എതിർക്കാൻ ആരും തുനിയുന്നില്ല അത്ര മാത്രം .പക്ഷെ പാപത്തെ പ്രോൽ സാഹിപ്പിക്കരുത് .അതു തെറ്റു തന്നെ .എങ്കിൽ പാപം പൊറുക്കാം പശ്ചാത്ത പിക്കാം .പാപികളെ സ്നേഹി ക്കാനും കഴിയണം. പക്ഷെ പാപത്തെ പ്രോൽസാ ഹിപ്പിക്കു ന്നത് തെറ്റ് തന്നെ .വ്യഭിചാരം , സ്വവർഗ്ഗ ഭോഗം ഇതെല്ലാം തെറ്റാണ് അതിന് അനുഗ്രഹം വിരോധാ ഭാസമാണ്. സമൂഹത്തെ നശിപ്പിക്കുന്ന മാർഗ്ഗം നല്ലതല്ല
You Said It 2024-01-08 10:00:46
You said it, Jose Kavil. One should agree his comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക