Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 6 : മിനി ആന്റണി )

Published on 03 January, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ - 6 : മിനി ആന്റണി )

ചില കാര്യങ്ങൾ മനസിലാക്കാൻ ഭാഷ ആവശ്യമില്ലല്ലോ. തിയാമോ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാൻ 
ട്രാൻസലേറ്ററിന്റെ സഹായം എനിക്കാവശ്യമുണ്ടായിരുന്നില്ല. അതെന്താണെന്ന് ലോറൻസോയുടെ മുഖത്തു നിന്നുതന്നെ എനിക്ക് വായിച്ചെടുക്കാമായിരുന്നു.

ലോറൻസോ അത് പറഞ്ഞതിലല്ല. പറഞ്ഞപ്പോഴുള്ള അയാളുടെ മുഖഭാവം. അതാണെന്നെ ആശങ്കപ്പെടുത്തിയത്. ആ ഭാവം എനിക്ക് വളരെ പരിചിതമാണ്. വർഷങ്ങൾക്ക് പുറകിലൊരാൾ അയാളുടെ പ്രണയം വെളിപ്പെടുത്തിയത് ഇതേ വിധത്തിലാണ്.ഒരിക്കലും മറക്കാനാവാത്ത വിധം എന്റെ ഹൃദയത്തിൽ കോറിയിടപ്പെട്ട  ഒന്നാണത്.  

ആദ്യമായി കാണുന്ന ഒരാൾ . അതും ഒരു ടാക്സിഡ്രൈവർ. എന്നെയറിയാത്തവർക്ക് ഇതെന്ത് പ്രതിഭാസം എന്ന് തോന്നാം. ഇതെന്തൊരു തരം സ്ത്രീയാണ് എന്നും തോന്നാം. ഒരാളുടെ വികാരങ്ങൾ അയാളുടെത് മാത്രമാണ്. അതിൽ കൈകടത്താനോ അഭിപ്രായം പറയാനോ സാധിക്കണമെങ്കിൽ നമുക്കയാളായി ജീവിക്കേണ്ടിവരും.  അതിന് പറ്റാത്തിടത്തോളം ഒരാളെ മറ്റൊരാൾക്ക് എങ്ങനെ വിലയിരുത്താനൊക്കും.

കടൽത്തീരത്തുനിന്ന്  അക്കോമഡേഷനിലെത്തുന്നതു വരെ എന്നെപ്പോലെ  ലോറൻസോയും നിശബ്ദനായിരുന്നു.  എനിക്കെന്റെ ഏജന്റിനോട് കഠിനമായ വിദ്വേഷം തോന്നി.  തലേന്ന് രാത്രി വരെ നാപ്പിൾസിന് പോകുന്നെന്നാണ്  അയാൾ പറഞ്ഞിരുന്നത്. പെട്ടെന്നാണ് ആ തീരുമാനം മാറ്റി യാത്ര സിസിലിയയിലേക്കാക്കിയത്. അയാളങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് ലോറൻസോയെ കാണേണ്ടി വരുമായിരുന്നോ? അല്ലെങ്കിൽ സ്വിറ്റ്സർലണ്ടിൽ ആ മലയാളി ഫാമിലിയോടൊപ്പം രണ്ടു ദിവസം താമസിച്ചാലും മതിയായിരുന്നു. അതിനും തടസ്സം ആ ഏജന്റായിരുന്നു. അയാൾ എന്നിലുണ്ടാക്കിയ ഭീതിയായിരുന്നു.

റിയാദ് എയർപോർട്ട് ടെർമിനൽ ത്രിയിൽ സ്വിറ്റ്സർലണ്ടിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റും കാത്തിരിക്കുമ്പോഴാണ് ഞാനാ മലയാളി കുടുംബത്തെ പരിചയപ്പെടുന്നത്. എൽസയും ഹസ്ബന്റും അവരുടെ രണ്ടു പെൺകുട്ടികളും. വർഷങ്ങളായി സ്വിറ്റ്സർലണ്ടിലാണ് ജീവിതം. നാട്ടിൽ പോയി തിരിച്ചുവരികയാണ്. അവരില്ലായിരുന്നെങ്കിൽ സ്വിറ്റ്സർലണ്ടിൽ ഫ്ലൈറ്റിറങ്ങിയപ്പോൾ ഞാൻ ഒരുപാട് കഷ്ടപ്പെട്ടേനെ. എയർപോർട്ടിലെ തണുപ്പിൽ വിറച്ചു കൊണ്ടിരുന്ന എനിക്കരികിലേക്ക് ചെറിയൊരു ബ്ലാങ്കറ്റുമായി വന്ന എൽസ
ചിരിയോടെ ചോദിച്ചു.

"മലയാളിയാണ് അല്ലേ."  എന്നിട്ട് ആ  ബ്ലാങ്കറ്റുകൊണ്ട് എന്നെ പുതപ്പിച്ചു. 

ആശ്വാസം കൊണ്ടോ,പരിഭ്രമം കൊണ്ടോ,ഞാൻ ഇരുന്നിടത്തു നിന്നെണീറ്റുകൊണ്ടാണ് അതെ എന്ന് മറുപടി കൊടുത്തത്. പിന്നെ എൽസയോടൊപ്പം അവർ ഇരിക്കുന്നിടത്തേക്ക് പോയി. അവർ തന്ന കാപ്പിയും സ്നാക്സും കഴിച്ചു. സ്വിറ്റ്സർലന്റിൽ എയർപോർട്ടിന് പുറത്തെത്തുന്നതു വരെ ഒരാളോടും ഇറ്റലി എന്ന വാക്ക് മിണ്ടിപ്പോകരുത് എന്ന നിർദേശം പാലിക്കാൻ എനിക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. കാരണം എൽസ കുറച്ചുനേരം കൊണ്ട് എന്റെ രക്ഷാകർതൃത്വം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. സംസാരത്തിനിടയിൽ കടന്നുവരുന്ന ചോദ്യങ്ങൾക്ക് സമയമെടുത്ത് മറുപടി പറയേണ്ടി വന്നു എനിക്ക്.  

സ്വിറ്റ്സർലണ്ട് സന്ദർശിക്കാൻ വന്ന എഴുത്തുകാരിയായ ഒരു ടൂറിസ്റ്റ് . സ്വിറ്റ്സർലണ്ട് പശ്ചാത്തലമാക്കി ഒരു നോവലെഴുതാനാഗ്രഹിക്കുന്നു. വായന ഒരു ദിനചര്യയാക്കിയിരുന്നതു കൊണ്ടാവാം ഒരെഴുത്തുകാരിയായി സ്വയം വിശേഷിപ്പിക്കാൻ എനിക്ക് തോന്നിയത്. അവരത് വിശ്വസിച്ചു എന്ന് തോന്നുന്നു. അല്ലെങ്കിൽ ഞാനങ്ങനെ ആശ്വസിച്ചു എന്നും പറയാം.

സ്വിറ്റ്സർലണ്ടിൽ ഫ്ലൈറ്റിറങ്ങിയപ്പോൾ എനിക്കായി കാത്തുനിൽക്കും എന്നു പറഞ്ഞ വാഹനവും ഡ്രൈവറും ഇല്ല. അതിനുള്ള പണം ഏജന്റ് കൈപറ്റിയിരുന്നതാണ്. താമസം ഏർപ്പെടുത്തിയിരുന്ന ഹോസ്റ്റലെവിടെയാണെന്ന് എനിക്കൊരറിവും ഇല്ലായിരുന്നു.

എൽസ ഒരുപാട് നിർബദ്ധിച്ചു. അവരോടൊപ്പം താമസിക്കാമെന്ന്. എന്നാൽ എന്റെ കള്ളത്തരം അവർ മനസിലാക്കുന്നത് എനിക്കാലോചിക്കാനാവുമായിരുന്നില്ല. എന്നെ അത്രയേറെ കെയർ ചെയ്ത അവരെ ഞാൻ വഞ്ചിക്കുകയായിരുന്നു എന്ന കുറ്റബോധം എന്നെ അലട്ടി.  ആ വഞ്ചന അവർ തിരിച്ചറിഞ്ഞാൽ അവരുടെ മനസിൽ ഞാനെന്താവും എന്ന തോന്നൽ അതിലേറെയുണ്ടായി. അതിനാലാണ് എൽസയുടെ ക്ഷണം എനിക്ക് നിരസിക്കേണ്ടി വന്നത്. ഒടുവിൽ അവർ തന്നെയാണ്
എന്റെ കയ്യിലുള്ള ഡോക്യുമെന്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ള   ഹോസ്റ്റലിലേക്ക് ഒരു ടാക്സി ഏർപ്പാടാക്കി തന്നത്. പിന്നീട് ഞാനവിടെ സെയ്ഫായി എത്തിയില്ലേയെന്ന് വിളിച്ചന്വേഷിക്കുകയും ചെയ്തിരുന്നു.

എന്നാലാ ഏജന്റ് ! അയാളെന്താണ് ചെയ്തത്. ആദ്യമായി യാത്ര ചെയ്യുന്ന എന്നെപോലൊരാൾ അറിയാത്തൊരു രാജ്യത്ത് ഒറ്റപ്പെട്ടുപോയാലെന്തു ചെയ്യും. അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യും.
എന്തുമാത്രം ഉത്തരവാദിത്വമുണ്ട് അയാൾക്ക്. ഖത്താനിയയിൽ വന്നിറങ്ങിയപ്പോഴും അതു തന്നെയല്ലേ സംഭവിച്ചത്.  അവിടെ അയാൾ ആരെയെങ്കിലും ഏർപ്പാടാക്കിയിരുന്നെങ്കിൽ ഇതു വല്ലതും സംഭവിക്കുമായിരുന്നോ? നമ്മുടെ നാട്ടിൽ കണ്ടു ശീലിച്ചത് ഇങ്ങനെയൊന്നുമല്ലല്ലോ. എയർപോർട്ടിലേക്കനുഗമിക്കാനും എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാനും കുടുംബം മൊത്തമായിട്ടല്ലേ പോകാറുള്ളത്. ഒരു പക്ഷേ ഇതെന്റെ മാത്രം അനുഭവമാകാം എന്നാണ് ഞാനാദ്യമൊക്കെ ചിന്തിച്ചത്. എന്നാൽ പിന്നീടെനിക്ക് അത് തിരുത്തേണ്ടി വന്നു. 

ബോബിയും സുബിയും എന്നെയും പ്രതീക്ഷിച്ച് ഗെയ്റ്റിനരികിൽ തന്നെയുണ്ടായിരുന്നു. ലോറൻസോ കാറിൽ നിന്നിറങ്ങി ലഗേജ് എടുക്കാനെന്നെ സഹായിച്ചു. അയാളുടെ മുഖത്ത് സങ്കടം ഉണ്ടായിരുന്നതായി എനിക്ക് തോന്നി. ഞാൻ ലോറൻസോയ്ക്ക് അയാളാവശ്യപ്പെട്ടതിലും ഇരുപത് യൂറോ കൂടുതൽ നൽകി. പണം വാങ്ങിക്കൊണ്ട്
അയാൾ നന്ദി പറഞ്ഞു. 
     
     " ഗ്രാക്സ്യേ... ഗ്രാക്‌സ്യേ മിലെ"

"നൂറായിരം നന്ദി എന്നാണയാൾ പറഞ്ഞത്. തിരിച്ചൊരു നന്ദി പറ ചേച്ചി "
സുബി എന്നെ ഓർമ്മപ്പെടുത്തി.

ഞാനും ഒരു ഗ്രാക്സ്യേ തിരിച്ച് പറഞ്ഞു. കാറിൽ കയറി കൈവീശിക്കൊണ്ട് അയാൾ വീണ്ടും പറഞ്ഞു.

    "Arrivederci " (Goodbye )

ഇനിയും ഞാനയാളെ കണ്ടുമുട്ടുമോ എന്നാലോചിച്ചുകൊണ്ട്  കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. അയാൾ ഒരിക്കൽക്കൂടി കൈവീശിക്കാണിച്ചെങ്കിലെന്നാഗ്രഹിക്കുകയും ചെയ്തു.

പണ്ട് എന്റെ വിവാഹദിവസം എന്നെ ഭർതൃഗൃഹത്തിലാക്കി എല്ലാവരും തിരിച്ചു പോയപ്പോൾ ഉണ്ടായതുപോലൊരു തോന്നൽ ഇവിടെയും എനിക്കുണ്ടായി. ഞാൻ പെട്ടെന്ന് ഒറ്റക്കായി പോയതുപോലെ. വേണ്ടപ്പെട്ട ആരോ ഒരാളാണ്
ഇപ്പോഴിവിടുന്ന് പോയതെന്ന തോന്നൽ. എന്റെതായ എന്തോ ഒന്നെനിക്ക് നഷ്ടപ്പെടുന്നെന്ന തോന്നൽ. 

ഉടനെതന്നെ ഞാൻ മാറ്റി ചിന്തിച്ചു. ഇനിയും എനിക്കെന്താണ് നഷ്ടപ്പെടാനുള്ളത്. നഷ്ടങ്ങളുടെ വിലയും നഷ്ടപ്പെടുന്നതിന്റെ വേദനയും എന്നേക്കാളധികം ആർക്കാണറിയാവുന്നത്. അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠമെന്താണ് ?

"നഷ്ടപ്പെടുന്നതിനു മുൻപേ ഉപേക്ഷിക്കുക. ഇനിയൊരിക്കലും ഒന്നും നേടാനാഗ്രഹിക്കരുത്. അവനവനേക്കാൾ വലിയതായി മറ്റൊന്നുമില്ല. " വലിയൊരു ദീർഘശ്വാസമെടുത്തുകൊണ്ട് ഞാനീ പാഠം മനസിലുരുവിട്ടുകൊണ്ടിരുന്നു..

തീവ്രമായി സ്നേഹിക്കപ്പെടാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഞാനും ആഗ്രഹിക്കുന്നു. സ്നേഹിക്കപ്പെടാനായി എന്തും ത്യജിക്കുന്ന എന്തും വിട്ടുകൊടുക്കുന്ന ഒരു മനസെനിക്കുണ്ട്. ആ മനസിനെ ഞാൻ ഭയക്കുന്നു. ഒരിക്കൽ ഞാനതിനെ കീഴടക്കിയതാണ്. എങ്കിലും പൂർണ്ണമായും ഇല്ലാതായിട്ടില്ല.  അതവിടെയുണ്ട്. മനസിന്റെ നൂറായിരം അടരുകൾക്കിടയിൽ എവിടേയാ പതുങ്ങിയിരിപ്പുണ്ട്.  ചില സന്ദർഭങ്ങളിൽ അതിന്റെ തുടിപ്പെനിക്കറിയാനാകുന്നുണ്ട്.

സ്നേഹം  സന്തോഷമാണോ നൽകുന്നത്. എപ്പോഴുമങ്ങനെയല്ലെന്ന് പറയേണ്ടി വരും. സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാലത് പ്രണയമായി രൂപാന്തരപ്പെടുമ്പോഴുണ്ടാകുന്ന  ആനന്ദം അളക്കാനാവാത്തതാണ്. ആ ആനന്ദത്തിലേക്ക് 
പ്രണയിക്കുന്നവരൊതുങ്ങുന്നതോടെ ചുറ്റുമുള്ള ലോകം അവർക്കന്യമാകുന്നു. അതവരറിയുകയേയില്ല.  അതൊരുതരം ലഹരിയാണ്. എന്നാലേതൊരു ലഹരിയെയും പോലെ  അധികമാകുംതോറും അതിന്റെ അടിമയാകാൻ തുടങ്ങുന്നു. അത് പതിയെ സ്വാതന്ത്ര്യവും സമാധാനവും കവർന്നെടുക്കുന്നു.  എത്രത്തോളം  ആനന്ദിച്ചോ അതിനേക്കാൾ വേദനിപ്പിക്കുന്നു. ഒരു പെൻഡുലത്തേ പോലെ സ്ഥിരതയില്ലാതെ അതിങ്ങനെ ആടിക്കൊണ്ടേയിരിക്കും. സന്തോഷത്തിൽ നിന്ന് സങ്കടത്തിലേക്ക്. സങ്കടത്തിൽ നിന്നും വീണ്ടും സന്തോഷത്തിലേക്ക്. രണ്ടും അതിന്റെ പാരമ്യതയിൽ അനുഭവിക്കേണ്ടതായി വരുന്നു. പിന്നെ എവിടെയോ ഒരിടത്തുവച്ച് പ്രണയം ക്ഷയിക്കാൻ തുടങ്ങുന്നു.

എന്റെ ഒന്നാമത്തെ കാമുകൻ. അവന്റെ മുഖമാണ്  ലോറൻസോയിൽ കണ്ടത്. പ്രണയാതുരമായ അതേ മുഖഭാവം. വാക്കുകളാലല്ല കണ്ണുകളിലെ പ്രകാശത്താലാണ് അവനൊരിക്കൽ അവന്റെയിഷ്ടം എന്നിലേക്കെത്തിച്ചത്. അതൊരു നവംബർ മാസമായിരുന്നു.   നേർത്ത മഞ്ഞിൻകണങ്ങൾ  പറ്റിപ്പിടിച്ച പ്രകൃതി സുഖമുള്ളൊരു തണുപ്പിൽ ഉൻമേഷത്തിലും എന്നാൽ ആലസ്യത്തിലുമായിരിക്കുന്ന സുന്ദരമായ ഒരു പുലർക്കാലത്തിലാണ് അത് സംഭവിച്ചത്. പാലപ്പൂവിന്റെ വശ്യമായ സുഗന്ധം അപ്പോഴവിടെയെല്ലാം തങ്ങിനിന്നിരുന്നു.

ഭർതൃഭവനത്തിലെ എന്റെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു പ്രഭാതത്തിലെ കാൽനടയാത്ര. ആ യാത്രയിലാണ് ഞാനവനെ ആദ്യമായി കാണുന്നത്. കിഴക്കുനിന്നവനും പടിഞ്ഞാറു നിന്ന് ഞാനും പ്രഭാതസവാരിക്കിറങ്ങും. നടത്തത്തിനിടെ എന്നും കാണുകയും ചെയ്യാറുണ്ട്.  വർഷങ്ങളായി  അതങ്ങനെ സംഭവിച്ചുകൊണ്ടിരുന്നു. വിശാലമായ പാടശേഖരത്തിന്റെ നടുവിലൂടെയുള്ള ആ നീളൻറോഡിൽ വച്ചാണ് മിക്കവാറും ഒരേ സമയത്ത് പരസ്പരം നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ കടന്നു പോകാറുള്ളത്. പാടത്തിനക്കരെയാണ് എന്റെ വീട് .ഇക്കരെ അവന്റെതും.   സ്ഥിരം കാണുന്നവരായതു കൊണ്ട് ഒരു ചിരി കൈമാറാറുണ്ടെന്നതൊഴിച്ചാൽ  പരിചയക്കാരാണെന്ന് പറയാൻ മാത്രം പരിചയം പോലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.  

അക്കരെയും ഇക്കരെയുമായാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഭൂപ്രദേശത്തിന്റെ പ്രത്യേകതമൂലം ഈ രണ്ട് ദേശങ്ങളും രണ്ട് ദ്വീപുകളെ പോലെയാണ്.   അവിടെയുള്ളവർക്ക് ഇവിടേക്കോ ഇവിടെയുള്ളവർക്ക് അവിടേക്കോ പോകേണ്ട ഒരു കാര്യവുമില്ല. രണ്ട് ദേശങ്ങളെയും  ബന്ധിപ്പിക്കുന്ന ആ റോഡ് അടുത്തിടെയാണ് പണിതുയർത്തിയത്. മുൻപ് അത് വെറുമൊരു പാടവരമ്പ് മാത്രമായിരുന്നു. ഇപ്പോഴും നല്ല മഴക്കാലത്ത് കുറച്ച് ദിവസത്തേതെങ്കിലും  ആ റോഡ് മുങ്ങുകയും പാടം ഒരു കായലായി മാറുകയും ചെയ്യും. 

പാടത്തിനു നടുവിലൂടെയുള്ള നടത്തം കണ്ണിനും മനസിനും കുളിർമ്മ നൽകുന്നതു കൊണ്ടാണ് കുറച്ചധികം വളഞ്ഞതായിരുന്നിട്ടും ഞാൻ നടക്കുന്നതിനായി ആ വഴി തന്നെ തിരഞ്ഞെടുത്തത്. മിക്കവാറും വിജനമായ ആ വഴിത്താരയും ചുറ്റുമുള്ള കാഴ്ച്ചകളും എനിക്കിഷ്ടവുമായിരുന്നു. എന്നാൽ നടപ്പിനിടയിൽ സ്ഥിരമായി കാണുന്ന ഒരുവൻ  വർഷങ്ങൾക്കപ്പുറം അതേ വഴിയിൽ വച്ച് ഹൃദയമെനിക്കു മുന്നിൽ തുറക്കുമെന്ന് ആരറിഞ്ഞു.  

കഴിഞ്ഞ ഓണക്കാലത്തെ ആ വൺഡേ ടൂർ പ്രോഗ്രാം വരേക്കും എന്റെ സുഹൃത്തുമായി അവനുള്ള ബന്ധം എനിക്കറിയുകയേ ഇല്ലായിരുന്നു. അന്നാണ് , അവൾക്കൊപ്പമാണ് ഞാനവനോട് ആദ്യമായി സംസാരിക്കുന്നത്. പരിചയപ്പെടുന്നത്. അടുത്തിടെയാണല്ലോ അവളും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അതും തികച്ചും യാദൃശ്ചികമായി. സാധാരണ ആരുമായും ഒരു രീതിയിലും അടുപ്പമുണ്ടാക്കാൻ ആഗ്രഹിക്കാത്ത ഞാൻ അവളുമായി കൂട്ടുകൂടിയതും യാദൃശ്ചികമായിരിക്കും. ഒരു തിയേറ്ററിൽ ഒറ്റയ്ക്കൊരു സിനിമ കാണാനിറങ്ങിയതായിരുന്നു അവൾ. ഞാനും അങ്ങനെത്തന്നെ. 

ഞാനൊരു സിനിമാപ്രേമിയൊന്നും ആയിരുന്നില്ല. പൊള്ളുന്ന ചില ഉച്ചനേരങ്ങളിൽ എല്ലാ തിരക്കുകളും ഒഴിവാക്കി തിരക്കില്ലാത്ത ഒരു തിയേറ്ററിലെ തണുപ്പിൽ വെറുതെയിരിക്കുക. രസകരമായ സിനിമയാണെങ്കിൽ കുറച്ചുനേരം അതിലെ കഥാപാത്രങ്ങൾക്കൊപ്പം സ്വയം മറന്ന് സഞ്ചരിക്കുക. 

ഇടവേളയിലെ കോഫിയോടൊപ്പമുള്ള സംസാരമാണ് അവളെ എന്നോടടുപ്പിച്ചത്. ഒരേ രീതിയിൽ ചിന്തിക്കുന്നവർ എന്ന് തോന്നി.പിന്നീട് 
ഇടക്കൊക്കെ കാണാറുണ്ടെങ്കിലും എന്റെ ഒറ്റപ്പെടലുകളിൽ ഞാനവളെ കൂടെ കൂട്ടാറുണ്ടെങ്കിലും അവൾക്കെന്നെക്കുറിച്ചോ എനിക്കവളെക്കുറിച്ചോ കൂടുതലൊന്നും അറിയാമായിരുന്നില്ല. അത്തരം കാര്യങ്ങൾ  സംസാരിക്കാൻ ഞങ്ങളാഗ്രഹിച്ചിരുന്നുമില്ല. 
അതുകൊണ്ടായിരിക്കാം ഒരിക്കലും അവൻ ഞങ്ങളുടെ സംസാരത്തിൽ കയറി വരാതിരുന്നത്. അന്ന് ആ ടൂർ പ്രോഗ്രാമിൽ  അവന്റെ നിർദേശപ്രകാരം കടൽ കാണാനിറങ്ങുന്നതു വരെ, കടലിനുമീതെ പെയ്ത മഴ ഞങ്ങളൊന്നിച്ച് നനയുന്നതു വരെ അവൻ എനിക്കപരിചിതൻ തന്നെയായിരുന്നു.

പക്ഷേ ആ കണ്ടുമുട്ടലുകൾ  അനിവാര്യമായിരുന്നു. അവനെ എന്നിലേക്ക് ചേർത്ത് വെയ്ക്കാൻ കാലം മുൻപേ തീരുമാനിച്ചിരുന്നല്ലോ. അതിനു വേണ്ടി എല്ലാം പാകപ്പെടുത്തുകയായിരുന്നു.

ലോറൻസോയുടെ മുഖഭാവം എന്നെ അതെല്ലാം ഓർമ്മിപ്പിച്ചു.  കാലം വല്ലാത്തൊരു വില്ലനാണ്.  ഇനിയും എന്താണ് എന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതെന്നറിയില്ലല്ലോ. പക്ഷേ കാലത്തിനൊപ്പം കോലം കെട്ടാൻ ഇനിയും ഞാനാഗ്രഹിക്കുന്നില്ല. കാലത്തെ ജയിക്കാനായില്ലെങ്കിലും കാലത്തിന്റെ ഇടപെടലുകൾ കണ്ടാസ്വദിക്കാൻ കഴിയണം. കൂടെ കളിക്കേണ്ടി വരുമ്പോഴും ഇതൊരു കളിയാണെന്നറിഞ്ഞുകൊണ്ട്
തന്നെയാവണം കളിക്കാനിറങ്ങേണ്ടത്.

ഇത്രകാലം കൊണ്ട് ഞാൻ മനസിലാക്കിയതിൻ പ്രകാരം ഒരു കണ്ടുമുട്ടലും വെറുതെയാവില്ല. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും ഒരോ ചൂണ്ടുപലകളാണ്.  നമുക്കുനേരേയോ മറ്റുള്ളവർക്കുനേരേയോ ചൂണ്ടപ്പെടുന്ന വിരലുകൾ കൃത്യമായി നിരീക്ഷിച്ച് മുന്നേറിയാൽ മാത്രം മതി.

 " ചേച്ചി.... ഇവിടെത്തന്നെ നിന്നാലെങ്ങനാ. അകത്തോട്ട് കേറെന്നേ...." എന്ന സുബിയുടെ ക്ഷണത്തോടെയാണ് എന്റെ ശ്രദ്ധ പുതിയ വീട്ടിലേക്കും വീട്ടുകാരിലേക്കും തിരിഞ്ഞത്. അമ്പരപ്പോടെ ഞാൻ ചുറ്റും നോക്കി. ബോബിയെയും സുബിയെയും നോക്കി. ഞാൻ ഇറ്റലിയിലാണ് നിൽക്കുന്നതെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട വിധത്തിലുള്ള കാഴ്ച്ചകളായിരുന്നു അവിടെ എന്നെയും കാത്തിരുന്നത്.

( തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക