Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 5 : മിനി ആന്റണി )

Published on 29 December, 2023
സ്ത്രനിയേരി ( ഇറ്റലിയിൽ - 5 : മിനി ആന്റണി )

വർഷങ്ങൾക്കു മുമ്പ് വേറൊരാളും എന്നോടിതേ ചോദ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാൻ കടൽ കണ്ടിട്ടേയില്ലായിരുന്നു.  ഒരിക്കലെങ്കിലും കടലൊന്ന് കാണണം എന്നാഗ്രഹിച്ചിരിക്കുകയുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാനൊരു യാത്ര പോയത്. എന്റെ സുഹൃത്തിന്റെ ഫാമിലിയോടൊപ്പം. ഒരു കിസ്തുമസ് അവധിക്കാലത്ത് .

ചില പറിച്ചുനടീലുകൾ  ചെടികളുടെ വളർച്ചയ്ക്കുപകരിക്കില്ല. അവ വളരുമായിരിക്കും. കുരുടിച്ച്.
അവ പൂക്കുകയും കായ്ക്കുകയും ചെയ്യുമായിരിക്കും. അനാരോഗ്യത്തോടെയും അനിഷ്ടത്തോടെയും.
ഏതാണ്ടതേ പോലെയായിരുന്നു എന്റെ അപ്പോഴത്തെ അവസ്ഥ. പറിച്ചു നടപ്പെട്ട സ്ഥലത്തെ ക്ലേശകരമായ  ജീവിതം എന്നെ തളർത്തിയിരുന്നു.   മാനസികമായി ഞാനപ്പോൾ ഒട്ടും ആരോഗ്യവതിയിരുന്നില്ല. 
ഒരു കാലത്ത് പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നാണ് ഞാൻ ജീവിച്ചിരുന്നത്. കുഞ്ഞുകുഞ്ഞു സന്തോഷങ്ങളിൽ സംതൃപ്തയുമായിരുന്നു.
എന്റെ നാട്ടിലെ പുൽക്കൊടി പോലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എല്ലാവർക്കും എന്നോട് സ്നേഹമായിരുന്നെന്ന തെറ്റിദ്ധാരണയിലാണ് ഞാനന്ന് ജീവിച്ചിരുന്നത്.

സാഹചര്യങ്ങൾക്കധിഷ്ഠിതമാണ് ഓരോ സ്നേഹവും എന്ന് അന്നെനിക്കറിയുമായിരുന്നില്ലല്ലോ. ചെറിയ ലോകത്തെ വളരെ കുറച്ച് മനുഷ്യർക്കിടയിൽ  ചെറിയ മനസും അതിലും ചെറിയ അനുഭവങ്ങളുമായി ജീവിച്ചു വരികയായിരുന്നല്ലോ. 

കുഞ്ഞുകുഞ്ഞറിവുകളും കൗതുകങ്ങളും മാത്രമാണന്നുണ്ടായിരുന്നത്. വലിയ ആഗ്രഹങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാലാ ലോകം  ഒരു ദിവസം എനിക്കില്ലാതായി.  മുതിർന്നവരുടെ ഒരൊറ്റ 
തീരുമാനത്തിൽ എല്ലാം പെട്ടെന്നവസാനിക്കുകയായിരുന്നു. 

ഒരു വിവാഹം ഞാനാഗ്രഹിച്ചതേയല്ല.
ഒരു സ്ത്രീക്കുണ്ടാവേണ്ട മൃദുലവികാരങ്ങളൊന്നും എന്നിലാവിർഭവിച്ചു തുടങ്ങിയിരുന്നില്ല. എന്നാൽ മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിൽ ഞാനുമൊരു പെണ്ണായിരുന്നു. പ്രായപൂർത്തിയായ ഒരു പെണ്ണ്. അങ്ങനെയൊരുവൾ വീട്ടിൽ 
നിന്നാലെങ്ങനെ..? അവൾക്കിഷ്ടമല്ലാത്തത് ഞങ്ങൾക്കും ഇഷ്ടമല്ലെന്ന് പറയാൻ മാത്രം ധൈര്യം എന്റെ അപ്പച്ചനില്ലായിരുന്നു..
ചില കാര്യങ്ങളിൽ അവരെന്നും ചുറ്റുപാടുകളെ ഭയന്നു. ചുറ്റിനും നിന്നു വരുന്ന ചോദ്യങ്ങളെ ഭയന്നു.

ഞാൻ ചുറ്റുപാടുകളെയും അവയിൽ നിന്നുള്ള ചോദ്യങ്ങളെയും ഒട്ടും വിലയില്ലാതെ അവഗണിക്കാനാരംഭിച്ചപ്പോൾ കുറച്ച് കാലത്തേക്കാണെങ്കിലും  അവരെന്നെ വേണ്ടെന്നു വെച്ചതും അതുകൊണ്ടായിരുന്നല്ലോ.

ആരോടും ഒന്നും പറയാനാവാത്തവിധം ഞാനന്ന് നിസ്സാഹായയായിരുന്നു. ആരേയും വേദനിപ്പിക്കാൻ ഞാനാഗ്രഹിച്ചില്ല. ബന്ധങ്ങളുടെ ആദ്യശ്യമായ ചങ്ങലയാൽ ഞാൻ ബന്ധിക്കപ്പെട്ടിരുന്നു. എല്ലാം പൊട്ടിച്ചെറിഞ്ഞ് പറക്കാനാഗ്രഹിച്ചിട്ടും കടമകളുടെയും   കടപ്പാടുകളുടെയും കണക്കെടുപ്പിൽ സ്വന്തം ആഗ്രഹങ്ങൾ ബലി കൊടുക്കേണ്ടി വന്നു.

അടിച്ചമർത്തിയ
ആഗ്രഹങ്ങളും ചില  കീഴടങ്ങലുകളും എന്നെ മാനസികമായി തളർത്തി. അപ്പോഴേക്കും കുറേയേറെ വിശാലമായ ലോകവും അതിലേറെ വിശാലമായൊരു ആകാശവും എനിക്കു മുന്നിൽ വെളിപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ അതെല്ലാം കണ്ടുകൊണ്ടിരിക്കാമെന്നല്ലാതെ അവിടേക്കിറങ്ങി നടക്കാൻ എനിക്കാവുമായിരുന്നില്ല. 

സ്വയമൊരു രോഗിയായി തീരുകയാണെന്ന തിരിച്ചറിവുണ്ടായ ആ കാലത്താണ്, എങ്ങനെയും ആ രോഗത്തെ കീഴ്പ്പെടുത്തണമെന്ന കരുതലുണ്ടായ സമയത്താണ് എന്റെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാനെന്റെ പ്രിയസഖിയോടൊപ്പം ആ  
യാത്രക്കൊരുങ്ങിയത്.  

ഒരു വൺഡേ ടൂർ. ഒരു ചെയ്ഞ്ചെനിക്കാവശ്യമായിരുന്നു. എന്നാലാ യാത്ര വിചിരിച്ച പോലെ ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നില്ല. ആറുവർഷത്തെ നീളമുണ്ടായിരുന്നു അതിന്. ഇതുവരെ കാണാത്ത കാഴ്ച്ചകളിലൂടെ , അനുഭവങ്ങളിലൂടെ സഞ്ചരിച്ച  ആറു വർഷങ്ങൾ. 

അന്ന് ആ യാത്രയിൽ വച്ചാണ് അവനത് ചോദിച്ചത്. നിനക്ക് കടലിഷ്ടമാണോയെന്ന്. കടൽ കാണണമെന്നുണ്ടോയെന്ന്.

അന്ന് അവനെനിക്കാരുമല്ലായിരുന്നു. എന്നാലെന്റെ ജീവിതത്തിലെ സുപ്രധാനമായൊരു റോളിലേക്ക് കാലം കരുതിവച്ചവനായിരുന്നു  അവൻ .
എന്റെ ഒന്നാമത്തെ കാമുകൻ. എന്റെ ഭൂതകാലത്തിലെ  പ്രധാനികൾക്കൊന്നും പേര് വേണ്ട. അവരെയൊന്നും വെറും പേരുകൾക്കുള്ളിലൊതുക്കാനാവില്ല. അവരെല്ലാം  ഒരോ  ജീവിതാവസ്ഥകളാകുന്നു. എന്റെ
ജീവിതപുസ്തകത്തിലെ വിലപ്പെട്ട 
ചിലയേടുകൾ.

ചിലപ്പോഴൊക്കെ എല്ലാം വെറും ആവർത്തനങ്ങളാണെന്ന് തോന്നാറുണ്ട്. ഒരേ സാഹചര്യങ്ങൾ ചെറിയ വ്യത്യാസങ്ങളോടെ വീണ്ടുമാവർത്തിക്കുന്നു .

ലോറൻസോ കടലിഷ്ടമാണോയെന്ന് ചോദിച്ചപ്പോൾ അതു കൊണ്ടാണ് ചില ഓർമ്മകൾ വന്നുടക്കിയത്. ഓർക്കരുതെന്ന് കരുതിയാലും എപ്പോഴും ഓർമ്മിക്കുന്ന ചിലത്.

മനുഷ്യജീവിതത്തേക്കാൾ വിസ്മയകരമായ മറ്റെന്തുണ്ട് ഭൂമിയിൽ. കടന്നുപോന്നത് ദുഖങ്ങളോ സന്തോഷങ്ങളോ ആവട്ടെ തിരിഞ്ഞു നോക്കുമ്പോഴറിയാം അതെല്ലാം എത്രമാത്രം കൗതുകകരമായിരുന്നെന്ന്. 

ലോറൻസോയുടെ ചോദ്യം എനിക്കിഷ്ടപ്പെട്ടെങ്കിലും ഞാൻ മറുപടിയൊന്നും കൊടുക്കാത്തതിനാലാകാം  അയാൾ പിന്നീട് കുറച്ചു സമയത്തേക്ക് നിശബ്ദനായത്.

അടുത്ത ഒരു വളവിലേക്ക് കാറ് തിരിയുന്നതു വരേക്കും കടൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. കണ്ണിൽ നിന്നു മറയുന്നതുവരെ ഞാൻ കടലിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. 

ലോറൻസോ ചോദിച്ചപ്പോഴത് തള്ളിക്കളയണ്ടായിരുന്നെന്നും ഒന്നിറങ്ങി ആ കടൽത്തീരത്ത് ഇത്തിരിനേരം നിൽക്കാമായിരുന്നു എന്നുമൊക്കെ ഞാൻ മനസ്താപത്തോടെ ഓർത്തു.

മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ ദ്വീപാണ് സിസിലിയ. സിസിലിയ നിവാസികളുടെ ജീവിതത്തിൽ കടലിന് വളരെയേറെ പ്രാധാന്യമുണ്ടെന്നും ഇനിയുള്ള എന്റെ യാത്രകളിൽ കടലിനിയും കടന്നു വരുമെന്നും പ്രധാനപ്പെട്ട പല മുഹൂർത്തങ്ങളും എനിക്ക് സമ്മാനിക്കുമെന്നും അപ്പോഴെനിക്കറിയുമായിരുന്നില്ലല്ലോ.

ലോറൻസോ സ്വന്തം പേര് പറഞ്ഞു പരിചയപ്പെടുത്തിയെങ്കിലും ഞാനതേ വരെ  എന്റെ പേര് പറഞ്ഞിരുന്നില്ല.  ഒടുവിൽ അയാൾക്കിങ്ങോട്ട് ചോദിക്കേണ്ടിവന്നു.
പേരെന്താണെന്ന്.

പേരെന്ത് പറയണം.  ഒറിജിനൽ പേര് വേണ്ട. ഇവിടെ ഞാൻ പുതിയൊരാളാണ്. പുതിയ പേരിലറിയപ്പെട്ടാൽ മതി.

ഒരു പേരിലെന്തിരിക്കുന്നു എന്ന് തോന്നിയേക്കാം. എന്നാലതുണ്ട്. ചിലപ്പോഴൊക്കെ ഒരു പേരുകൊണ്ടു മാത്രം നമ്മുടെ ആത്മവിശ്വാസമുയരും. ചിലപ്പോഴൊക്കെ  ആത്മവിശ്വാസം നശിക്കാനും ഒരു പേര് മാത്രം മതിയാകും. 

ഏത് പേര് പറയണം.

എനിക്ക് ഞാനിടുന്ന പേരാണ്. അതേറ്റവും നന്നായിരിക്കണം.

ഞാൻ കൺഫ്യൂഷനിലായി. കുറച്ചു നേരത്തേക്ക്  മിണ്ടാതിരുന്നാലോചിച്ചു. അപ്പോഴയാൾ എന്നെ നോക്കി ഇങ്ങനെ വിളിച്ചു. 
     
"ലേയാ..... " 

അപ്പോഴാ മുഖത്ത് ഏത് വികാരമാണുണ്ടായിരുന്നത്. കണ്ണുകളിൽ സ്നേഹം മിന്നിമറിഞ്ഞോ?എന്താണയാൾ അങ്ങനെ വിളിക്കാൻ കാരണം!

എന്തായാലും പേര് കൊള്ളാം. ഞാനധികമൊന്നും ആലോചിക്കാൻ മുതിർന്നില്ല. 

"അതെ . അതാണല്ലോ എന്റെ പേര് ! " ഞാനാശ്ചര്യം ഭാവിച്ച് പറഞ്ഞു. പിന്നെ സ്വയമൊന്ന് പറഞ്ഞു നോക്കി.
"ലേയാ....'' പേരെനിക്കിഷ്ടപ്പെട്ടിരുന്നു.

പേരിനെന്തെങ്കിലും അർത്ഥമുണ്ടോയെന്നോ അയാളുടെ ജീവിതവുമായി  ഇഴുകിച്ചേർന്ന ഒരു പേരാണതെന്നോ അറിയാതെ ഞാനാ പേരിനെ വല്ലാതിഷ്ടപ്പെട്ടു. അയാൾ വിളിച്ച ആ വിളിയിൽ വെറും രണ്ടക്ഷരമെന്നതിനുമപ്പുറത്ത് ആ പേരിന് പ്രത്യേകമായൊരു സൗന്ദര്യമുണ്ടായിരുന്നതായി എനിക്ക് തോന്നി..
ഒരു പക്ഷേ ആ വിളിയിലെ  ഒരീണമായിരിക്കാം എന്നെയാകർഷിച്ചത്.
എന്നാലും എന്തുകൊണ്ടായിരിക്കും  അയാൾക്കങ്ങനെ വിളിക്കാൻ തോന്നിയത്.

ഞങ്ങളുടെ സംഭാഷണം ഫോൺ ട്രാൻസലേറ്ററിലൂടെയാണ്.  അതിന് പരിമിതിയുണ്ടല്ലോ. അധികം വിശദീകരണത്തിന് പോകാതിരിക്കുകയാണ് നല്ലത്.

ഞാനാലോചിച്ചു. എനിക്കൊരു പേര് കിട്ടിയിരിക്കുന്നു. ഇവിടെ ആദ്യമായൊരാൾ പേരെടുത്ത് വിളിക്കുകയാണ്. പുതിയൊരു പേര്.

ഞാനയാളുടെ മുഖത്തേക്ക് അയാളറിയാതെ നോക്കി. ദുശ്ചിന്ത വല്ലതുമുണ്ടോ അവിടെ. ഒരു നിശ്ചയവുമില്ലാത്ത വഴിയാണ്. അയാളെ വിശ്വസിച്ചാണ് ഇതിനകത്തിരിക്കുന്നത്. എന്നാൽ അയാളുടെ മുഖം വളരെ ശാന്തമായിരുന്നു. 

പിന്നീടയാൾ വയസുചോദിച്ചു. അയാൾക്കും എനിക്കും ഒരേ വയസായിരുന്നു. ആദ്യമായി കാണുന്ന ഒരാളോട് ഇറ്റാലിയൻസ് പൊതുവേ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളാണിവ. പേരും പിന്നെ വയസും. പിന്നീട് പലപ്പോഴും പലരോടും ഇതേ ചോദ്യത്തിന് എനിക്കുത്തരം പറയേണ്ടി വന്നിട്ടുണ്ട്.

ഈ സമയമത്രയും ലോറൻസോ സിഗററ്റ് വലി തുടർന്നുകൊണ്ടിരുന്നു. ആദ്യം അനുവാദം ചോദിച്ചാണല്ലോ വലിച്ചത്. എനിക്കെതിർപ്പില്ലെന്ന് മനസിലാക്കിയതു കൊണ്ടാകണം പിന്നീടയാൾ അനുവാദത്തിന് കാത്തു നിൽക്കാഞ്ഞത്. 

അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നാണ് അയാളിങ്ങനെ പറഞ്ഞത്.

"നീ സുന്ദരിയാണ്. " 

കാര്യമെന്തൊക്കെയായാലും ആ
പറച്ചിലെനിക്കിഷ്ടപ്പെട്ടു.

സുന്ദരിയാണെന്ന് കേൾക്കാനാഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവാനിടയില്ല. ഞാനും പലപ്പോഴും അങ്ങനെ കേൾക്കാനാഗ്രഹിച്ചിട്ടുണ്ട്. എങ്കിലും ഈ പറച്ചിലെന്നിൽ സംശയമുണ്ടാക്കി.

ഞാൻ ബോബിക്കൊരു മെസേജയച്ചു. കറണ്ട് ലൊക്കേഷൻ  എനിക്കു കൂടി അയക്കണമെന്ന്.

ലൊക്കേഷൻ കിട്ടി  ലോറൻസോ പോകുന്നത് കറക്റ്റ് റൂട്ടിലാണെന്ന് മനസിലാക്കിയതിന് ശേഷമാണ് എനിക്ക് സമാധാനമായത്.

ആശ്വാസത്തോടെ ഞാൻ പുറം കാഴ്ച്ചകളിലേക്ക് തിരിഞ്ഞു.

ലോറൻസോ വീണ്ടും പറഞ്ഞു.

"ലേയാ..... നീ സുന്ദരിയാണ് "

ഇപ്രാവശ്യം  ഞാനയാൾക്ക് നന്ദി പറഞ്ഞു.
എന്നിട്ടയാളെ സൂക്ഷിച്ച് നോക്കി. വെളുത്ത മുഖം . ബ്രൗൺ നിറമുള്ള താടിയും മുടിയും . താടിയിൽ ചെറിയ നരയുണ്ട്. എന്നാലത് ഭംഗി കൂട്ടിയിട്ടേയുള്ളൂ.

ബ്ലാക്ക് ടീഷർട്ട്. ബ്ലു ജീൻസ്.  അയാളും കാണാൻ കൊള്ളാവുന്നൊരു മനുഷ്യനായിരുന്നു.

ഞങ്ങൾ ചെറിയൊരു ടൗണിലേക്കെത്തി. 

മിലാസോയുടെ ഹൃദയഭാഗം.
യാത്ര തുടങ്ങിയതിനു ശേഷം വാഹനങ്ങളും മനുഷ്യരും കൂടുതൽ കാണപ്പെട്ട ഒരിടം ഇതാദ്യമായിരുന്നു. നിറയെ കെട്ടിടങ്ങൾ. ഷോപ്പിങ്ങ് മാളുകളായിരിക്കണം.
ഒരിടത്ത് ഡക്കാത്തലോൺ എന്നെഴുതിയ വലിയൊരു ബോർഡ് കണ്ടു. റോഡരികിലെ വഴിക്കാട്ടുന്ന ബോർഡിൽ ഇടതുഭാഗത്തേക്കുള്ള ആരോമാർക്കിനപ്പുറം മിലാസോ  എന്ന് കണ്ടു. അയാളത് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

എത്താറായോ എന്ന് ചോദിച്ചു കൊണ്ട് ബോബിയുടെ കോൾ വന്നു. എട്ട് മിനിറ്റെന്ന്  ഗൂഗിൾ മാപ്പെഴുതിക്കാണിച്ചു.  ഞാനാ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് അവർക്കയച്ചു.  എന്തായാലും അവരന്വേഷിക്കുന്നുണ്ടല്ലോ. അതു തന്നെ ധാരാളം.

ആദ്യമായി കാണാൻ പോകുന്ന അവരിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതെങ്ങനെ?

കാറ് ഒരു വളവുതിരിഞ്ഞ് വീണ്ടും മുന്നോട്ടുപോയി. ലോറൻസോ സ്റ്റിയറിംഗിൽ താളമിട്ടു കൊണ്ട്  ഏതോ ഒരു പാട്ട് മുളുന്നുണ്ടായിരുന്നു. ഞാൻ പുറം കാഴ്ച്ചകളിലേക്ക് മടങ്ങി. 

ആറോ ഏഴോ  മിനിറ്റ് കഴിഞ്ഞു കാണും. കാറ് വീണ്ടുമൊരു കടൽത്തീരത്തെത്തി. എന്നോട് ചോദിക്കാതെ തന്നെ ലോറൻസോ കാറൊരിടത്ത് ഒതുക്കി നിർത്തി. ഞാൻ ഗൂഗിൾ മാപ്പെടുത്തു നോക്കുന്നത് കണ്ട് ലോറൻസോ പറഞ്ഞു.

" ക്ഷമിക്കണം. ഇവിടെ അടുത്താണ് നിങ്ങളുടെ സുഹൃത്തിന്റെ വീട്. എനിക്ക് നിങ്ങളോടൊപ്പം ഈ കടൽത്തീരത്ത് നിൽക്കണമെന്ന് തോന്നി. നിങ്ങളനുവദിക്കുമെങ്കിൽ അൽപസമയം ."

അയാളുടെ അപ്പോഴത്തെ മുഖഭാവം എനിക്കെതിർത്തൊന്നും പറയാൻ തോന്നാത്ത വിധത്തിലായിരുന്നു. അത്രമാത്രം ആർദ്രമായിരുന്നു അയാളുടെ നിൽപ്പ്. ഞാൻ മൗനിയായി അയാളോടൊപ്പം കടൽത്തീരത്തുകൂടി നടന്നു.

നമ്മുടെ നാട്ടിലെപ്പോലെ പൂഴിമണൽ നിറഞ്ഞ കടൽത്തീരമായിരുന്നില്ല അവിടെ . ചരലായിരുന്നു നിറയെ. ഉരുണ്ടതും നീണ്ടതുമായ പലനിറത്തിലും പലതരത്തിലുള്ള മാർബിൾ കല്ലുകൾ നിറഞ്ഞ കടൽത്തീരം.
രണ്ടു നിറങ്ങളിൽ മുന്നിൽ കടൽ. കുറച്ചു ഭാഗം ഇളം നീലയും ഉള്ളിലോട്ട് പോകും തോറും കടും നീലയും.

തിരമാലകളില്ലാത്ത
ചെറിയ ഓളങ്ങളലതല്ലുന്ന കടൽ. എത്ര നേരം വേണമെങ്കിലും നോക്കി നിന്നുപോകും. അത്ര സുന്ദരമായ കാഴ്ച്ച .

വെയിൽ മങ്ങിയ നേരമായിരുന്നു. നേർത്ത കാറ്റേറ്റ്  എല്ലാം മറന്ന് ഞാനാ കടലും നോക്കി നിന്നു. 

ലോറൻസോ എന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു. എന്നാൽ ഞാനയാളെപ്പറ്റി ഓർത്തതേയില്ല.

അങ്ങ്  ദൂരെ തുറമുഖത്ത് നിന്ന് നങ്കൂരമിട്ട ഏതോ ഒരു കപ്പലിന്റെ സൈറൺ എന്നെ ഉണർത്തി.  ഞാൻ ലോറൻസോയെ നോക്കി. അയാൾ എന്നെയും നോക്കി മന്ദഹസിച്ചുകൊണ്ട് നിൽക്കുകയാണ്. പെട്ടെന്നൊരു ജാള്യതയാൽ ഞാൻ പോകാം എന്നു പറഞ്ഞു തിരിഞ്ഞു. അപ്പോളയാൾ എന്റെ വലതുകൈ അയാളുടെ കൈകളിലെടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു.

"Leyaa.....ti amo."

അയാളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.  കവിളുകൾ ചുവന്നിരുന്നു. ഞാൻ ഓർമ്മകളിൽ പിടഞ്ഞു.  കൈ വലിച്ചെടുത്ത് ഞാൻ കാറിലേക്കോടിക്കയറി. 

പിന്നെ 
അക്കോമഡേഷൻ  എത്തുന്നതുവരെ ഞാനയാളുടെ മുഖത്തേക്ക് നോക്കിയതേയില്ല.
   
( സ്ത്രനിയേരി തുടരും ...)

Join WhatsApp News
ജോസഫ് എബ്രഹാം 2023-12-30 10:34:45
അഭിന്ദനങ്ങൾ മിനി. മിനിയുടെ ഭാഷ വളരെ മനോഹരമായി മാറുന്നുണ്ട്. ഇറ്റലിയിലെ ജീവിതം മിനിയിലെ എഴുത്ത്കാരിയെ കൂടുതൽ മിഴിവുറ്റതാക്കി മാറ്റും എന്ന കാര്യത്തിൽ സംശയമില്ല. ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക