Image

പാലപ്പൂ മണം...(കഥ:  നൈന മണ്ണഞ്ചേരി)

Published on 16 December, 2023
പാലപ്പൂ മണം...(കഥ:  നൈന മണ്ണഞ്ചേരി)

  കാറ്റിന്റെ നനുത്ത അലകളിൽ ഇലകളുടെ മർമ്മരം എനിക്ക് കാതോർത്ത് ഞാനിരുന്നു.പഴകിയ സിമന്റ് ബെഞ്ചിൽ ഇരിക്കുമ്പോൾ തണുപ്പ് തുളച്ചു കയറുന്നുണ്ട്, അതൊന്നും എനിക്ക് ഇപ്പോൾ വിഷയമാകേണ്ട കാര്യമില്ല.എങ്കിലും കാത്തിരിപ്പ് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.. ഇനിയും കണ്ടില്ലല്ലോ? അക്ഷമയോടെ ഞാൻ  പാദപതനത്തിന് കാതോർത്തു.രാത്രിയുടെ നിശദ്ബ്ദത ഭേദിച്ചുയരുന്ന കുറുക്കന്റെ ഓരിയിടലും മൂങ്ങയുടെ മുരളലുമൊക്കെ മുൻപായിരുന്നെങ്കിൽ എന്നെ ഭയപ്പെടുത്തേണ്ടതാണ്. വിജനമായ ആ ഭൂമിയിൽ കണ്ണുകൾ പതിയെ അലയുന്നതിനിടയിലാണ് കല്ലിൽ എഴുതി വെച്ചിരിക്കുന്ന പേര് കണ്ടത്.

‘’മേരി തോമസ്[22]’’

 മലയാളത്തിലും ഇംഗ്ളീഷിലും എഴുതപ്പെട്ട ആ പേര് ഒരു നടുക്കമായി എന്നിൽ നിറഞ്ഞു,ഈ തലസ്ഥാന നഗരിയിലെ ഹിന്ദി ഉർദു പേരുകൾക്കിടയിലെ മലയാളം പേര് നടുക്കമാകണം.ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രൈസ്തവനെന്നോ ഇവിടെ ഭേദമില്ല,പുറത്ത് ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവർ ഇവിടെ ഒന്നാണ്.

മേരിയും ഇവിടെ എവിടെയെങ്കിലും ജോലി ചെയ്തിരുന്ന ആളാകണം..പീഡിതയായി,അല്ലെങ്കിൽ പ്രണയഭംഗത്തിൽ പെട്ട്.. എന്തിന് ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടണം.അല്ലെങ്കിൽ തന്നെ ഇക്കാലത്ത് ജീവിതമൊടുക്കാൻ, ജീവിതമെടുക്കാൻ  എന്തിന് ഒരു കാരണം തന്നെ വേണം?ഒരു വെറിയന്റെ പ്രണയാഭ്യർത്ഥന നിരസിച്ചാൽ തന്നെ മതി..അല്ലെങ്കിൽ അവൻ ആവശ്യപ്പെടുന്ന പൊന്നിന്റെയും കാശിന്റെയും വില പേശലിൽ മനം മടുത്താലും മതി..

 ഇനിയും കണ്ടില്ലല്ലോ?മെല്ലെ ഞാൻ എഴുന്നേറ്റു.അസ്വസ്ഥത എന്നെ വരിഞ്ഞു മുറുക്കി..അപ്പോഴാണ് കുഴഞ്ഞ ശബ്ദത്തിൽ ഏതോ ഉർദു ഗാനത്തിന്റെ വരികൾ കേൾക്കുന്നത്.ഓരിയിടലിന്റെ ശബ്ദത്തിനിടയിൽ പതിയെ അടുത്തു വരുന്ന ശബ്ദത്തോടൊപ്പം  മനം മടുപ്പിക്കുന്ന ഏതോ മദ്യത്തിന്റെ ഗന്ധവും മൂക്കിലടിച്ചു കയറി.പിന്നെ ശ്മശ്രുക്കൾ നീണ്ട ഉരുണ്ട കണ്ണുകളുള്ള  ആജാനു ബാഹുവായ  ഒരു രൂപമായി അത് തെളിഞ്ഞു വന്നു.ഒരു നിമിഷം എന്നെയൊന്നു നോക്കി പിന്നെ പഴകിയ ബെഞ്ചിലേക്കയാൾ വീണു.ഇപ്പോഴെങ്കിലും വന്നല്ലോ..വർഷങ്ങളായി ഇവിടുത്തെ കാവൽക്കാരൻ.മുഗൾ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന ബാപ്പയുടെ പുന്നാര മകൻ..ഇവിടെ ഓരോ മണൽ തരിക്കും സുപരിചിതൻ,പർവേസ്...മഹത്തായ ഒരു പാരമ്പര്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്ന ഇയാളെങ്ങനെ ശ്മശാനത്തിന്റെ കാവൽക്കാരനായി..

ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും പ്രസക്തി സംശയമുണർത്തുന്ന സമയമാണെങ്കിലും ഒരു കാര്യം ചോദിക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല,അയാളുടെ പെരുമാറ്റം കാണുമ്പോൾ ആരായാലും അത് ചോദിക്കാതെയുമിരിക്കില്ല.

 ‘’പർവേസ്..പർവേസ് ‘’  അയാളെ കുലുക്കി വിളിച്ചു.മെല്ലെ  എന്താണെന്ന ഭാവത്തിൽ അയാൾ കണ്ണു തുറന്ന് എന്നെ .നോക്കി.’’നിങ്ങൾ ദൈവ വിശ്വാസിയാണോ?’’

പ്രതികരണം    എന്തായിരിക്കുമെന്ന സംശയത്തിലാണ് ചോദിച്ചത്. പക്ഷേ,എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു. വലിയ ശബ്ദത്തിലുള്ള അയാളുടെ ചിരി ഏതോ കോണുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു.’’ഞാനാണ് എന്റെ ദൈവം,ഇതാണ് എന്റെ ദേവാലയം..’’

 ഒന്നു നിർത്തി അയാൾ തുടർന്നു ’’നിങ്ങൾക്കറിയുമോ എനിക്ക് എത്ര ആരാധകർ ഉണ്ടെന്ന്?’’ ചോദ്യ ഭാവത്തിൽ അയാളെന്നെ നോക്കി 

’’നിങ്ങൾ വിവാഹം കഴിച്ചിട്ടുണ്ടോ?’’  എന്റെ ചോദ്യം കേട്ട്  അയാളുടെ കണ്ണുകൾ കുറുകി.മുരടിച്ച ശബ്ദത്തിൽ അയാൾ പറഞ്ഞു.’’എനിക്ക് അതിന്റെ ആവശ്യമില്ല,നിങ്ങൾക്ക് പിന്നെ അത് മനസ്സിലാകും’’

അയാൾ പറഞ്ഞു തീർന്നില്ല,എവിടെ  നിന്നോ  ഒരു പാദസര ശബ്ദം ഞങ്ങളുടെ അടുത്തായി നിലച്ചു,എവിടെ നിന്നോ ഒഴുകി വരുന്ന പാലപ്പൂവിന്റെ ഗന്ധം..എന്നെ ഒന്നു നോക്കിയിട്ട് അയാൾ എഴുന്നേറ്റു.പിന്നെ ഇരുളിന്റെ നിഗൂഡതയിൽ മറഞ്ഞു.സമയമെത്രയായി ആവോ? ഇപ്പോൾ കുറുക്കന്റെ ഓരിയിടലില്ല.മൂങ്ങയുടെ മൂളലില്ല..

വീണ്ടും കണ്ണുകൾ ആ പേരിൽ പതിഞ്ഞു ‘’മേരി തോമസ്’’

എന്തായിരിക്കാം അവൾക്ക് സംഭവിച്ചത്,ഏതോ കൗമാര പ്രണയത്തിൽ പെട്ടതു തന്നെയാകണം.മാതാപിതാക്കളുടെ ഉപദേശമൊന്നും സ്വീകാര്യമായി തോന്നാത്ത ഒരു സമയമുണ്ടല്ലോ? ഏതൊക്കെയോ ചതിക്കുഴികളിൽ പെട്ട് അവസാനം പശ്ചാത്താപം തോന്നുമ്പോൾ തിരിച്ചു വരാൻ കഴിയാതെ..

ചിന്തകൾ വഴി തിരിഞ്ഞു പോകുകയാണോ എന്ന് ഞാൻ  സംശയിച്ചു.രാത്രിയുടെ ഏതോ ഒരു യാമത്തിൽ പർവേസ് തിരിച്ചു വന്നു ബെഞ്ചിലിരുന്നു,ഇപ്പോൾ ക്രൗര്യമായ ആ ഭാവം മാറിയതു പോലെ..ഏതോ ഉന്മത്ത ഗന്ധം അയാളെ വലയം ചെയ്തതു പോലെ..തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ അയാൾ ചോദിച്ചു..’’നിങ്ങൾ ആരാണ്?’’

പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്നു പകച്ചു..അപ്പോഴാണ് ചിന്തിച്ചത്,സത്യത്തിൽ ആരാണ് താൻ?കേരളത്തിലെവിടെയോ പിറന്നു വീണ ഒരഭിശപ്ത ജന്മം..ജോലി തേടി തെണ്ടി തിരിഞ്ഞ്,ഇന്റർവ്യൂ പ്രഹസനങ്ങൾക്കൊടുവിൽ അഭയം തേടി ഇന്ദ്രപ്രസ്ഥത്തിലെത്തി അവിടെയും ഗതി കിട്ടാതെ..

        ‘’ചോദിച്ചതു കേട്ടില്ലേ,ആരാണ് നിങ്ങൾ?’’  വീണ്ടും പർവേസിന്റെ ശബ്ദം..

‘’ഞാൻ സനൽ ..’’   പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു..

           ’’എവിടെയാണ് നിങ്ങളുടെ നാട് ,ഇപ്പോൾ എവിടെ താമസിക്കുന്നു?’’

        ആകാംക്ഷയോടെ അയാൾ എന്റെ മറുപടിയ്ക്ക് കാതോർത്തു.ഒരു നിമിഷം അയാൾ ആലോചിച്ചു,പറയണോ?

‘’ചോദിച്ചതു കേട്ടില്ലേ,നിങ്ങൾ എവിടെ താമസിക്കുന്നു?’’

              അയാളുടെ ശബ്ദം കനത്തു വന്നു.ഞങ്ങളിരിക്കുന്നതിനും  അൽപ്പകലെയായി, ജാതി മത ഭേദമില്ലാതെ അനേകരുടെ ഇടയിൽ  മേരി തോമസിനും അടുത്ത് അധികം പഴക്കമില്ലാത്ത  ഒരു ഫലകത്തിലേക്ക് ഞാൻ കൈ ചൂണ്ടി.അതിൽ എഴുതിയിരുന്നത് അയാൾ വായിച്ചു.

             ‘’സനൽ [30]’’
                         
 ഒരു നിമിഷം അയാളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു,  വിറകൊള്ളുന്ന തണുപ്പിലും അയാളുടെ ദേഹം വിയർത്തൊഴുകാൻ തുടങ്ങി.പിന്നെ എതോ ഒരു നിമിഷത്തിൽ പർവേസെന്ന തന്റേടിയായ  ആ ശ്മശാനം കാവൽക്കാരൻ ബോധരഹിതനായി എന്റെ മടിയിലേക്ക് വീണു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക