Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 2 -  മിനി ആന്റണി )      

Published on 11 December, 2023
സ്ത്രനിയേരി ( ഇറ്റലിയിൽ - 2 -  മിനി ആന്റണി )      
 
സ്വിറ്റ്സർലണ്ടിലെ ഡൊമസ്റ്റിക് എയർ പോർട്ട് വരെ പെട്ടിയും ബാഗും എന്റെ കൂടെത്തന്നെയാണ് ഉണ്ടായിരുന്നത്. ഫ്ലെറ്റും എയർപോർട്ടും ആദ്യാനുഭവങ്ങളാണെങ്കിലും  മറവി ഒരിക്കലും പുതിയതല്ല. അത് പലപ്പോഴും എന്റെ കൂടെത്തന്നെയുണ്ടാകാറുണ്ട്.
 
നെടുമ്പാശ്ശേരി എയർപോർട്ടിനകത്തേക്ക് കടക്കുമ്പോൾ ചിന്തിച്ചതാണ്. കയ്യിലിരിക്കുന്ന പെട്ടി എവിടെയെങ്കിലും മിസായാലെന്തുണ്ടാകുമെന്ന്.  കയ്യിലൊതുങ്ങുന്ന ചെറിയ പെട്ടിയും ബാഗും മതിയെന്നു കരുതിയതും എയർപോർട്ട് നൂലാമാലകൾ ഭയന്നാണ്. അല്ലെങ്കിലും അളക്കാൻ കഴിയാത്തത്ര ഭാരം മനസിലുള്ളപ്പോൾ മറ്റുള്ള ഭാരങ്ങൾ ഒഴിവാക്കുന്നതാണല്ലോ നല്ലത്.
 
അങ്കമാലിക്കാരനായ ഒരു സുഹൃത്തിനൊപ്പം ഇടക്ക് എയർപോർട്ട് റോഡിലൂടെ പോയിട്ടുള്ളതല്ലാതെ എയർപ്പോർട്ട് ഞാനിതേവരെ കണ്ടിട്ടേയില്ല. എയർപോർട്ട് നിയമങ്ങളോ, സംവിധാനങ്ങളോ പെരുമാറ്റരീതികളോ ഒന്നും അറിയാമായിരുന്നുമില്ല.
 
എയർപോർട്ടിനകത്തേക്ക് കടക്കുന്നിടത്ത്  നിന്നിരുന്ന പോലീസുകാരനെപ്പോലിരിക്കുന്ന ഒരു ജീവനക്കാരനെ പാസ്പോർട്ടും  ഫ്ലൈറ്റ് ടിക്കറ്റും കാണിച്ചശേഷം അകത്തേക്കു കടന്നപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയതേയില്ല. വലുതെന്തോ നഷ്ടപ്പെടുന്നുവെന്ന മുഖഭാവത്തോടെയായിരിക്കും എന്റെ മക്കളവിടെ പുറത്ത് നിൽക്കുന്നത്. ഇത്രയും നേരം അവർ സന്തോഷത്തിലായിരുന്നു. എയർപോർട്ടിലേക്കുള്ള യാത്രയുടെ , എയർപോർട്ട് കാഴ്ച്ചകളുടെ സന്തോഷത്തിൽ. ഞാൻ പോയിക്കഴിയുമ്പോഴുണ്ടാക്കുന്ന ശൂന്യത. അതവരിപ്പോഴായിരിക്കും അനുഭവിച്ചു തുടങ്ങിയിരിക്കുക.
അത് നികന്നുവരാൻ സമയമെടുക്കും.
 
തൽക്കാലത്തേക്ക്  ഞാനെന്റെ നാടിനെ , അവിടെയുള്ള എന്റെ പ്രിയപ്പെട്ടവരുൾപ്പെടെയുള്ള സകലതിനെയും അന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു.  
 
തിരിച്ചുവരവെന്നായിരിക്കും? വരാൻ ഞാൻ ബാക്കിയുണ്ടാകുമോ? ഇനി വന്നാൽതന്നെ പോകുമ്പോഴുണ്ടായിരുന്ന അതേ അവസ്ഥയിലായിരിക്കുമോ? അങ്ങനെ നൂറായിരം ചോദ്യങ്ങൾക്കുള്ള ഉത്തരമെന്ന നിലയിലാണ് ഞാനന്ന് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
 
തനിച്ചായപ്പോൾ
പരിഭ്രമമുണ്ടായിരുന്നു. ഒട്ടും പരിചയമില്ലാത്ത ഒരിടമാണ്. അവിടെ ചെയ്യേണ്ടതായ കാര്യങ്ങളെ കുറിച്ച് ഒന്നുമറിയില്ല. പല ദിവസങ്ങളായി യൂട്യൂബിൽ കണ്ടു പഠിച്ചതിന്റെ ബലത്തിൽ ഞാൻ പരിസരം നന്നായി നോക്കിക്കാണുകയും മുൻപേ പോകുന്നവരെ പിന്തുടരുകയും ചെയ്തു. 
 
ലഗേജ് ട്രോളിയിലേക്കിട്ടു. പെട്ടി വെയ്റ്റ് നോക്കിയ ശേഷം കൗണ്ടറിലിരുന്നയാൾ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് എന്തോ കള്ളത്തരം കണ്ടുപിടിക്കാനെന്ന പോലെ ചോദിച്ചു.
 
"ഏഴ് ദിവസത്തെ യാത്രക്ക് ഇത്രയും ചെറിയ ലഗേജ് മതിയോ" ?
 
ഏഴ് ദിവസത്തേക്ക് സ്വിറ്റ്സർലണ്ട്  സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റായിട്ടാണ് ഞാൻ യൂറോപ്പിലേക്ക് പോകുന്നത്. സെയ്ഫായി അവിടെയെത്തിയാൽ അവിടെ നിന്ന് ഇറ്റലിയിലേക്ക്. ആറു മാസത്തേക്കുള്ള വിസ കാലാവധി കഴിഞ്ഞാൽ പിന്നെ അവിടെ താമസിക്കുന്നതും ജോലി ചെയ്യുന്നതും നിയമവിരുദ്ധമാണ്. എന്നാൽ മിക്കവരും ഇറ്റലിയിലേക്ക് ചേക്കേറുന്നത് ഈ വിധത്തിലാണുതാനും.   അതുകൊണ്ട്
എയർപോർട്ട് ചെക്കിംഗും ഇമിഗ്രേഷനും കർശനമാണ്. ഇമിഗ്രേഷനിൽ വച്ച് പിടിക്കപ്പെട്ട് തിരച്ചയക്കപ്പെട്ട
പലരുടെയും കഥകൾ കേട്ടിട്ടുള്ളതുമാണ്.  ഓരോയിടത്തും വളരെ സൂക്ഷിച്ച് മറുപടി പറയണമെന്ന് എനിക്കറിയാമായിരുന്നു.
 
അതുകൊണ്ട് ഈ ലഗേജ് തന്നെ ധാരാളമാണെമെന്ന ഭാവത്തിൽ
ഞാൻ  ചിരിച്ചുകൊണ്ട്  മറുപടി പറഞ്ഞു
 
സന്തോഷകരമായ യാത്ര ആശംസിച്ചു കൊണ്ട് അയാൾ തന്ന
ബോർഡിങ്ങ്പാസും  തിരിച്ചു കിട്ടിയ ലഗേജുമായി ഞാൻ  മുന്നോട്ട് നടന്നു.   പിന്നീടങ്ങോട്ട് ഒരിടത്തും ഭയപ്പെട്ടതുപോലെ ഒന്നുമുണ്ടായില്ല.
 
അവിടുന്ന് സൗദി എയർലൈൻസിന്റെ ഫ്ലൈറ്റിൽ കയറി സ്വിറ്റ്സർലണ്ടെത്തുന്നതു വരെ ലഗേജെന്റെ കയ്യിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.  പിറ്റേന്ന് ഖത്താനിയായ്ക്കുള്ള ഫ്ലൈറ്റിലേക്ക് കയറാൻ നേരം വെയ്റ്റ് കൂടുതലാണെന്ന കാരണത്താൽ പെട്ടി ചെക്കിൻ ചെയ്തതാണ് ഇപ്പഴത്തെ ഈ മറവിക്ക് കാരണമായത് .  ഫ്ലൈറ്റിൽ നിന്നിറങ്ങാൻ നേരം ഞാൻ ലഗേജിനെപ്പറ്റി ഓർത്തതേയില്ല.
 
മറ്റുള്ളവരെന്ത് വിചാരിക്കും  എന്ന് കരുതി പലതും ചെയ്യുകയും പലതും ചെയ്യാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ. ആ ഒരു വിചാരം അപ്പോൾ എനിക്കുമുണ്ടായി. അതുകൊണ്ട് ലഗേജിന്റെ കാര്യം ഇംഗ്ലീഷറിയാവുന്ന ആ ഇറ്റലിക്കാരികളോട് പറയാൻ ഞാൻ മടിച്ചു. സ്വന്തം ലഗേജ് മറക്കാൻ മാത്രം പോഴത്തിയാണോ ഞാനെന്ന് അവർ ചിന്തിച്ചാലോ ?
 
2.30 നാണ് ബസ്. ഇനിയും രണ്ടു മണിക്കൂറോളമുണ്ട്.  ഞാൻ മാറി നിന്നാലോചിച്ചു.
 
എനിക്ക് അക്കോമഡേഷൻ ശരിപ്പെടുത്തിയിട്ടുള്ളത് മിലാസോയിലാണല്ലോ.  ബോബിയും സുബിയുമാണ് അക്കോമഡേഷൻ നടത്തുന്നത്. അവരെ ഞാനിതേവരെ കണ്ടിട്ടില്ല.   ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഫോണിൽ സംസാരിച്ചിട്ടുണ്ട്.. അവരുടെ ആ രണ്ട് ഫോൺ നമ്പറല്ലാതെ വേറൊരു പിടിവള്ളിയും ഈ നാട്ടിലെനിക്കില്ല. ഈ മൊബൈലെങ്ങാനും പ്രവർത്തിക്കാതിരുന്നെങ്കിൽ ഞാനെന്ത് ചെയ്യുമായിരുന്നു?
 
ഖഥാനിയായിൽ നിന്ന് മൂന്ന് മണിക്കൂറോളം യാത്രയുണ്ട് മിലാസോയിലേക്ക് .  ഞാനുടനെ ബോബിയെ വിളിച്ച് വിവരം അറിയിച്ചെങ്കിലും അവർക്ക് കൂടുതലൊന്നും ചെയ്യാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. സ്വയമൊരു പരിഹാരം കണ്ടുപിടിക്കേണ്ടതുണ്ട്.
 
ഞാനിങ്ങനെ കൂലങ്കൂഷമായി ചിന്തിക്കുന്നതിനിടയിൽ ആ ഇറ്റലിക്കാരികൾ എന്നെ ഒരു കഫേ കുടിക്കുന്നതിനായി ക്ഷണിച്ചു. ഞാനത് നന്ദിപൂർവ്വം നിരസിച്ചു. 
 
ഞാനീ നാട്ടിൽ പുതിയതാണെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് അവരെന്റെ കാര്യത്തിൽ ശ്രദ്ധാലുക്കളുമായിരുന്നു. എത്ര നല്ല മനുഷ്യർ. വേണ്ട. എന്റെ ഈ പ്രശ്നത്തിന് അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.  എയർപോർട്ടിൽ നിന്ന്  അധികം ദൂരെയല്ല ഈ സ്ഥലം. ഞാനിത്തിരി ദൂരം പുറകോട്ട് നടന്നു നോക്കി. ഒരു രക്ഷയുമില്ല. 
 
ആ ബസിലിങ്ങോട്ട് പോരുമ്പോൾ ഞാൻ എനിക്കുചുറ്റും ഇരിക്കുന്ന മനുഷ്യരുടെ വസ്ത്രധാരണവും സംസാരിക്കുമ്പോഴുള്ള അവരുടെ  ശരീരഭാഷയുമാണ് ശ്രദ്ധിച്ചുകൊണ്ടിരുന്നത്.  പുറത്തേക്ക് നോക്കിയതേയില്ലായിരുന്നു. അല്ലെങ്കിലും ആകർഷിക്കത്തക്കതായി പുറത്തൊന്നും ഉണ്ടായിരുന്നതുമില്ല.
എയർപോർട്ടിൽ വന്നിറങ്ങിയതു മുതലുള്ള കാര്യങ്ങൾ ഞാൻ റിവൈൻഡ് ചെയ്തു.  ഫ്ലൈറ്റിൽ നിന്ന് വലിയ ഒരേണിയിലൂടെ താഴേക്കിറങ്ങി. ഒരു പുല്ലുപോലും കിളിർത്തിട്ടില്ലാത്ത വരണ്ടുണങ്ങിയ മൈതാനത്തിലേക്ക്.
 
പിന്നെയുണ്ടായത് മുന്നേ പറഞ്ഞല്ലോ. എല്ലാരുടേയും ഒപ്പം ഞാനും മുന്നോട്ട് നടന്നു. അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസിലേക്ക് കയറി.അവിടെയാണ് പ്രശ്നമുണ്ടായത്.
ഫ്ലെറ്റ് യാത്രയിലെ മുൻപരിചയമില്ലായ്മയാണ് പ്രധാനമായും ഈ മറവിക്ക് കാരണമായതെങ്കിലും ഞാൻ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.
 
ബസ്റ്റോപ്പിനു മുന്നിൽ കുറേ ടാക്സികൾ നിരന്നു കിടക്കുന്നുണ്ട്. ഡ്രൈവർമാരിൽ  ചിലർ  ടാക്സിയിൽ ചാരി നിൽക്കുന്നു. ചിലർ ടാക്സിക്കകത്തിരിക്കുന്നു.  എനിക്ക് ഒരൈഡിയ തോന്നി.
 
ലഗേജ് തിരിച്ചെടുക്കാൻ വിട്ടുപോയ വിവരം ട്രാൻസലേറ്ററിൽ ടൈപ്പ് ചെയ്ത ശേഷം ഞാൻ അങ്ങോട്ടു നടന്നു. സ്വിറ്റ്സർലണ്ടിൽ നിന്ന് ഖഥാനിയയിലേക്ക് വന്ന ജെറ്റ് ഫ്ലെറ്റിന്റെ ടിക്കറ്റും ലഗേജ് ചെക്കിൻ ചെയ്ത് കിട്ടിയ ബോർഡിങ്ങ്പാസും കയ്യിൽ കരുതി. 
 
അത്യാവശ്യമുള്ള ഒന്നു രണ്ട് വാചകങ്ങൾ ഞാൻ  ഇറ്റാലിയനിൽ പഠിച്ചു വച്ചിരുന്നു. അതിലൊന്നാണ്
" പാർലേ ഇംഗ്ലീസേ " എന്നത്. ഇംഗ്ലീഷ് സംസാരിക്കുമോ എന്ന്. ഇംഗ്ലീഷറിയാവുന്ന ഒരു ടാക്സിക്കാരനേയും കണ്ടുപിടിക്കാനായില്ല.  
 
ഏറ്റവും  മുന്നിൽ കിടക്കുന്ന തടിയനായ ഒരു ടാക്സിക്കാരനെയും അതിനു പിന്നിൽ നിന്നിരുന്ന വേറൊരാളെയും ഞാനൊഴിവാക്കി. എനിക്കവരെ എന്തു കൊണ്ടോ ഇഷ്ടപ്പെടില്ല. അവർക്കു പിന്നിൽ ടാക്സിയിൽ ചാരിനിന്ന് സിഗററ്റ് പുകച്ചുകൊണ്ടിരുന്ന താടിക്കാരനെ സമീപിക്കാൻ ഞാൻ തീരുമാനിച്ചു. എനിക്ക് താടിക്കാരെ പണ്ടേ ഇഷ്ടമായിരുന്നു.
 
 ട്രാൻസലേറ്ററിലൂടെ എന്റെ നിസാഹായാവസ്ഥ അയാളെ പറഞ്ഞു മനസിലാക്കുന്നതിൽ ഞാൻ ഒരു വിധത്തിൽ വിജയിച്ചു. ഇനി ചെലവെത്രയാകും എന്നറിയണം. എന്റെ കയ്യിൽ 480 യൂറോ മാത്രമാണുള്ളത്. 
 
ക്വാന്ത കോസ്ത? മുമ്പേ പഠിച്ചുവെച്ച വേറൊരു ഇറ്റാലിയൻ വാചകമായിരുന്നു ഇത്. എപ്പോഴെങ്കിലും ഇതാവശ്യം വരുമെന്ന്  ഞാനൂഹിച്ചിരുന്നു.
 
"ഇതിന് എത്ര ചെലവ് വരും "എന്നാണ് ഈ വാചകത്തിന്റെ അർത്ഥം.
 
"80 യൂറോ " എന്ന് അയാൾ ഫോണിലെഴുതി കാണിച്ചു.  ഖഥാനിയായിൽ നിന്ന് മിലാസോയിലേക്കെത്താൻ വെറും 20 യൂറോ മതിയെന്നിരിക്കെ . എനിക്ക് സങ്കടം തോന്നി. എങ്കിലും ഞാനപ്പോൾ അത്യാവശ്യക്കാരിയായിരുന്നല്ലോ.
 
വിലപേശാനാവുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ഒരു കൈ നോക്കാതിരുന്നില്ല. അൽഭുതം.  പറഞ്ഞുപറഞ്ഞ് 80 യൂറോ എന്നുള്ളത് 50 യൂറോയിലേക്കെത്തിക്കാനെനിക്ക് കഴിഞ്ഞു.
 
അയാൾ എനിക്ക് മുഴുവൻ സഹായവും വാഗ്ദാനം ചെയ്തു. അവിടെ നിൽക്കുന്ന പോലീസുകാരനെപ്പോലെ തോന്നിച്ച ഒരാളോട് അയാളെന്തോ സംസാരിക്കുന്നത് കണ്ടു.  പിന്നീട് അയാൾ എന്നോട് കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കാനഭ്യർത്ഥിച്ചു. ഞങ്ങൾ എയർപോർട്ടിലേക്ക് തിരിച്ചു. 
 
അയാളോടൊപ്പമുള്ളയാത്ര ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി മാറുമെന്ന് ഞാനപ്പോൾ കരുതിയതേയില്ല.
 
തുടരും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക