Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 1 - മിനി ആന്റണി )

Published on 06 December, 2023
സ്ത്രനിയേരി ( ഇറ്റലിയിൽ  - 1 - മിനി ആന്റണി )

ഖത്താനിയായിലെ ആ ചെറിയ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പുതിയ ജീവിതത്തെക്കുറിച്ച് എനിക്ക് പ്രത്യേകിച്ചൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 

ഫ്ലൈറ്റിലിരുന്ന് മുഴുവൻ സമയവും ഞാനാലോചിച്ചുകൊണ്ടിരുന്നത് സ്വന്തം
ജൻമത്തെപറ്റിത്തന്നെയായിരുന്നു. വ്യത്യസ്തമായതെന്നോ, വൃത്തികെട്ടതെന്നോ അതോ സുന്ദരമായതെന്നോ!  കാലമിത്രയായിട്ടും ആ കാര്യത്തിനൊരു തീരുമാനമായിട്ടില്ല. 

ഒരു പുഴ തന്റെ ജീവിതത്തെപ്പറ്റി എന്തുപറയും.  അവസാനം കടലിലലിയും വരെ, താനൊരു പുഴയാണെന്ന തോന്നലിൽ നിന്ന് താനൊരു കടലാണെന്ന തോന്നലിലേക്കെത്തുന്നതിനു മുൻപ് ഒഴുകുന്നയിടങ്ങളിൽ കൊടുത്തും വാങ്ങിയും വേർപ്പിരിഞ്ഞും കൂടിച്ചേർന്നും  അങ്ങനെയങ്ങനെ ഒഴുകുന്നതിനിടക്ക് ചിലപ്പോഴൊക്കെ പുഴക്ക് തോന്നുമായിരിക്കും. ജനിക്കേണ്ടിയിരുന്നില്ലെന്ന് .
ഒഴുകിയിട്ടും ഒഴുകിയിട്ടും എവിടെയുമെത്തുന്നില്ലെന്നാകുമ്പോൾ
ചിലയിടത്ത് ചീഞ്ഞളിഞ്ഞ പലതും പേറിയൊഴുകുന്നിടത്ത് മറ്റുള്ളവരകന്നു മാറുന്നതു കാണുമ്പോൾ.

ഒഴുകിയൊഴുകിയൊടുവിലിതാ ഇവിടെയെത്തിയിരിക്കുന്നു. കാലമിവിടെയെത്തിച്ചിരിക്കുന്നു. അല്ലെങ്കിലും ഒരു മനുഷ്യന്റെ ജീവിതത്തിൽ സ്വയമവനൊന്നുമാകുന്നില്ല. എല്ലാം ഏതോ ഒരു സമയത്ത് അങ്ങനെ സംഭവിക്കുന്നതാണ്. അല്ലെങ്കിൽ ഒരേ മൽസരത്തിന് പങ്കെടുക്കുന്ന പലരിൽ ഏറ്റവും കഴിവുള്ളവനാകുമായിരുന്നില്ലേ എപ്പോഴും വിജയിക്കേണ്ടിയിരുന്നത്. എന്നാൽ ചിലപ്പോൾ മിടുക്കനെ പിന്തള്ളി മിടുക്കുകുറഞ്ഞവൻ ഒന്നാമനാകുന്നു. അവിടെയാണ് 'അത് 'ആർക്കും പിടിതരാത്ത എന്തോ ഒന്നില്ലേ 'അത്' വെളിപ്പെടുന്നത്. ഞാനെല്ലാമതിന് വിട്ടു കൊടുത്തിരിക്കയാണ്. ഈശ്വരനെന്നോ വിധിയെന്നോയൊക്കെ പല പേരിലറിയപ്പെടുന്നയതിന്.

 ഇനി ഇവിടെനിന്ന് എന്നെങ്കിലുമൊരു തിരിച്ചു പോക്കുണ്ടാകുമോ,അതോ ഈ ജൻമമലിഞ്ഞില്ലാതാകാനുള്ളയിടം   ഇവിടമായിരിക്കുമോ? മുന്നോട്ടുള്ള യാത്രയിൽ പ്രതീക്ഷകളരുത്. അനുഭവങ്ങൾ പഠിപ്പിച്ചതാണ്.  അതുകൊണ്ടായിരിക്കാം ചുറ്റുപാടുകളെക്കുറിച്ച് എനിക്ക് യാതൊരാകാംക്ഷയും തോന്നാതിരുന്നത് .
 
ഒഴുകുന്ന ജനക്കൂട്ടത്തോടൊപ്പം ഞാനും ഫ്ലൈറ്റിൽ നിന്നിറങ്ങി മുന്നോട്ടു നടന്നു.ചുറ്റും കാണുന്ന ഓരോരുത്തരിലും ഞാനൊരു മലയാളിയെ തിരഞ്ഞു .ചുറ്റും കേൾക്കുന്ന ശബ്ദങ്ങളിൽ  മലയാളത്തെയും. രണ്ടും കണ്ടില്ല.

മറ്റുള്ളവർ കയറിയതിനൊപ്പം ഞാനുമൊരു ബസ്സിൽ കയറി. ഇത്തിരി ദൂരം സഞ്ചരിച്ചശേഷം ആ ബസൊരിടത്ത് നിർത്തുകയും അതിൽ കയറിയിരുന്ന എല്ലാവരെയും അവിടെ ഇറക്കി വിടുകയും ചെയ്തു. അപ്പോൾ സമയം പന്ത്രണ്ടായിട്ടുണ്ടായിരുന്നു.

പലരും ടാക്സിയിൽ കയറിപ്പോവുകയും ചിലരെല്ലാം അടുത്തുള്ള ബസ്റ്റോപ്പിൽ കയറി നിൽക്കുകയും ചെയ്തു. നട്ടുച്ച നേരമാണ്.എനിക്ക് കിട്ടിയ നിർദ്ദേശമനുസരിച്ച് ഇനി 2 . 30നാണ് മിലാസോ വഴി പോകുന്ന ബസ്.അതിൽ കയറി മിലാസോ എന്ന സ്റ്റോപ്പിലിറങ്ങി നിൽക്കാനാണ് എന്നോട് പറഞ്ഞിരിക്കുന്നത്. 

 ഇംഗ്ലീഷറിയാവുന്ന ആരെയെങ്കിലും കണ്ടുപിടിക്കാൻ പറ്റുമോ എന്ന് ഞാൻ ശ്രമിച്ചുനോക്കി. ഒടുവിലാ ശ്രമം വിജയിച്ചു.  ഇംഗ്ലീഷറിയാവുന്ന രണ്ടു വനിതകളെ ഞാൻ കണ്ടുപിടിച്ചു.അവരും ആ ബസ് കാത്ത് നിൽക്കുകയാണ്.അവരോടൊപ്പം നിന്നാൽ ആ ബസ്സിൽ എളുപ്പത്തിൽ കയറിപ്പറ്റാമെന്നും മിലാസോയിലിറങ്ങാൻ ബുദ്ധിമുട്ടുണ്ടാവുകയില്ലെന്നും ഞാൻ കണക്കുകൂട്ടി.

ഇത്രയും ദൂരെ ഇറ്റലി എന്ന ഒരു രാജ്യത്ത്, ഒരു മനുഷ്യനെ പോലും പരിചയമില്ലാതെ, ഭാഷയുടെ കണികപോലുമില്ലാതെ ,ഒരു മലയാളി പോലും കൂട്ടിനില്ലാതെ ഇത്ര ധൈര്യത്തോടെ എനിക്കെങ്ങനെ നിൽക്കാനാകുന്നു എന്ന് ഞാൻ എന്നെ കുറിച്ച് തന്നെ അത്ഭുതപ്പെട്ടു.

 ഇരുപത് വയസുവരെ അപ്പനോടൊപ്പമല്ലാതെ ഒരു ദൂരയാത്രയും എനിക്കുണ്ടായിട്ടില്ല. കല്ലൂരെന്ന സ്വന്തം ഗ്രാമംവിട്ടൊരു ദേശവും എനിക്കറിയില്ല. പിന്നെ വല്ലപ്പോഴും പോകുന്നത് തൃശൂർക്കാണ് .അതും തൃശൂര് കാഴ്ച്ചബംഗ്ലാവിനപ്പുറത്തെ വഴിയിലൂടെ പോയാലെത്തുന്ന പോളുഡോക്ടറുടെ വീടുവരെ . അതാണ് ഞാൻ പോയിട്ടുള്ള ഏറ്റവും വലിയ ദൂരം. 

പോളുഡോക്ടറ് കുട്ടികളുടെ ഡോക്ടറാണ് . പതിനഞ്ച് പതിനാറ് വയസുവരെ എന്തസുഖം വന്നാലും അപ്പൻ അങ്ങോട്ടാണ് കൊണ്ടുപോവാറ്. ഒന്നു തുമ്മിയാലോ ഇത്തിരി ജലദോഷം വന്നാലോ ഒക്കെ ഞങ്ങളൊന്നിച്ച് ഡോക്ടറെ കാണാൻ പോകും. എനിക്കാണെങ്കിൽ അങ്ങോട്ട് പോകുന്നെന്ന് കേട്ടാലെ സന്തോഷം വരും. 

അവിടെ ഡോക്ടറുടെ വീട്ടില്  സന്ദർശകർക്കിക്കാനുള്ള മുറിയിൽ നിറയെ കസേരകൾ നിരത്തിയിട്ടിട്ടുണ്ട് . മഞ്ഞയും ചുവപ്പും നിറത്തിലുള്ള പ്ലാസ്റ്റിക്ക് വള്ളികൊണ്ടുണ്ടാക്കിയ കസേരകളാണ് എല്ലാം. അതിന്റെ നടുവില് ഒരു ടീപ്പോയ്. അതും മഞ്ഞേം ചുവപ്പും നിറത്തിലുള്ള പ്ലാസ്റ്റിക് വള്ളി കൊണ്ടുണ്ടാക്കിയതാണ്. ചതുരത്തിലുള്ള ആ ടീപ്പോയിക്ക് രണ്ടു തട്ടുകളുണ്ട്. രണ്ടുതട്ടിലും നിറച്ച് കഥാപുസ്തകങ്ങളാണ്. കപീഷും 
മായാവീം  ഒക്കെ അവിടെ ചിരിച്ചോണ്ടിരിപ്പുണ്ടാകും. അതു കാണുമ്പഴേ എന്റെ രോഗമൊക്കെ പമ്പകടക്കും.

 " എന്റൗസേപ്പേട്ടാ. ഇവളിപ്പോ കൊച്ചുകുഞ്ഞൊന്ന്വല്ല. നിങ്ങളിങ്ങനെ കയ്യും പിടിച്ച് കൊണ്ടടക്കാൻ. നിനക്ക് പറഞ്ഞൂടെടീ  ജലദോഷം വരുമ്പഴക്കും ങ്ങനെ കൊണ്ടോടണ്ടാന്ന്"

ഞാനത് കേൾക്കുമ്പോ അപ്പന്റെ കയ്യിൽ ഒന്നു കൂടി മുറുകെ പിടിക്കും.എല്ലാരും എത്ര പറഞ്ഞാലും അപ്പനും കേൾക്കില്ല. ഞാനും കേൾക്കില്ല. അവസാനം ഒരു ദിവസം പോള്ഡോക്ടറ് പറയേണ്ടിവന്നു. ഇനി കുട്ടിക്ക് വയ്യാണ്ടായാ മിഷനാശുപത്രീല് കൊണ്ടോയാ മതീന്ന്. ഞാൻ വല്യ കുട്ടി ആയില്ലേന്ന്. അന്നെനിക്കെന്ത് സങ്കടമായിരുന്നു. കാര്യം എന്തൊക്കെയായാലും പോള്ഡോക്ടറും കഥാപുസ്തകങ്ങളും എന്റെ വലിയ ഇഷ്ടങ്ങളായിരുന്നല്ലോ.

ആപ്പറമ്പിലെ അപ്പാപ്പൻ എപ്പഴും കളിയാക്കി പറയും. 

" ടീ പാറു... നിന്നെ തവ്ട് കൊടുത്ത് വാങ്ങീതാടീ. ആ പോള് ഡോക്ടറടടുത്തൂന്ന്. അതേന്ന് . അല്ലെങ്കി നീയെങ്ങന്യാങ്ങനെ വെളുത്ത് ചോന്നിരിക്കണത്."

അപ്പനുമമ്മേം അനിയത്തീം വെളുത്തിട്ടാണ്. എന്നാലും ഞാനവരേക്കാൾ വെളുത്തിട്ടായിരുന്നു.  അമ്മ വേപ്പില ഇട്ട് കാച്ചിയ എണ്ണ തേച്ച് എന്നും കുളിപ്പിച്ചിട്ടും എന്റെ മുടി അനിയത്തിടെ മുടിപോലെ കറുത്തതുമില്ല.

അതോണ്ട് ആപ്പറമ്പിലെ അപ്പാപ്പനെന്നെ ദേഷ്യം വരുമ്പോ വെള്ളക്കാരീന്ന് വിളിക്കും. ഇഷ്ടം വരുമ്പോ പാറൂന്നും.  പിന്നൊള്ളോരൊക്കെ പിഞ്ചീന്ന് വിളിക്കും.

അപ്പാപ്പൻ പറയണ കേട്ട് ഞാൻ കുഞ്ഞേച്ചീടെ മോത്ത് നോക്കി. കുഞ്ഞേച്ചി നല്ല ചേച്ച്യാ. എന്നോടിഷ്ടണ്ട്. അതോണ്ട് നുണ പറയില്ല. 

"അപ്പാപ്പൻ വെറുതെ പറയണതാട്ടാ . പിഞ്ചീനെ ആശുത്രീന്ന് തെറ്റിക്കിട്ടീതാന്നാ എല്ലാരും പറയണെ. നീയിണ്ടായന്ന് പോള്ഡോക്ടറടെ ഭാര്യേം പ്രസവിച്ചു. അവടെ ആ ആശുത്രീല് . അന്ന് കുട്ട്യോള് മാറിപ്പോയതാ . "

അന്നൊക്കെ അത് സത്യാണെന്ന് തന്ന്യാ ഞാൻ വിചാരിച്ചിരുന്നത്. എപ്പഴെങ്കിലും എന്നെക്കണ്ട് ഡോക്ടർക്ക് സത്യം മനസിലായാ എന്നെ പിടിച്ചോണ്ട് പോയാലോന്ന് പേടിച്ചിരുന്നു. എനിക്കെന്റെ അപ്പനെത്തന്നെ മതിയാരുന്നു അപ്പനായിട്ട്. എന്നും . എത്രകാലം കഴിഞ്ഞാലും .

എന്നിട്ടും അപ്പനില്ലാതെ, മുറുക്കെ പിടിക്കാൻ അപ്പന്റെ കയ്യില്ലാതെ ഞാൻ തനിച്ചായി.  എപ്പഴോ എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവളെപ്പോലെ.  ആരുമില്ല ഒന്നുമില്ല എന്നൊരു അവസ്ഥയിലേക്കെത്തിച്ചേർന്ന ഒരാളെ ആ യാഥാർത്ഥ്യത്തെ പൂർണ്ണമായും ഉൾക്കൊണ്ട  ഒരാളെ തോൽപിക്കാൻ ആർക്കുമാവില്ല. കാലത്തിനുപോലും.

ഓരോന്നൊക്കെ ആലോചിച്ചാലോചിച്ചങ്ങനെ നിൽക്കുന്നതിനിടയ്ക്കാണ് പെട്ടെന്ന് എന്തോ  ഒരു പ്രശ്നനമുണ്ടല്ലോ എന്നൊരു തോന്നൽ. എന്തോ ഒരു കുറവ്.  എന്താണത്?.പെട്ടെന്നാണ് അങ്കലാപ്പോടെ ഞാനതോർത്തത്. ലഗേജെന്റെ കയ്യിലില്ല. ഹാൻഡ് ബാഗ് മാത്രമാണ് അപ്പോഴെന്റെ കൈയ്യിൽ ഉണ്ടായിരുന്നത്. പാസ്പോർട്ടും കേഷും മറ്റത്യാവശ്യ സാധനങ്ങളും ആ ബാഗിലുണ്ടായിരുന്നെങ്കിലും എന്റെ പെട്ടി. ഞാനതെടുക്കാൻ മറന്നിരിക്കുന്നു. ഇറ്റലിയിൽ ആദ്യമായി നേരിടേണ്ടി വന്ന ആ പ്രശ്നത്തിനു മുന്നിൽ ഞാൻ പകച്ചു നിന്നു.

തുടരും ...

സ്ത്രനിയേരി ( ഇറ്റലിയിൽ  - 1 - മിനി ആന്റണി )
സ്ത്രനിയേരി ( ഇറ്റലിയിൽ  - 1 - മിനി ആന്റണി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക