Image

കിണറു വക്കത്തെ ചെയ്ഞ്ച് റോസ്…! (ഇ-മലയാളി കഥാമത്സരം- 2023:നസീഹ കളത്തിൽതൊടി)

Published on 04 December, 2023
 കിണറു വക്കത്തെ ചെയ്ഞ്ച് റോസ്…! (ഇ-മലയാളി കഥാമത്സരം- 2023:നസീഹ കളത്തിൽതൊടി)

മായക്കരപ്പാടം കഴിഞ്ഞ് കേറുന്നത് പള്യേല് ന്ന് പറയുന്ന വിശാലമായ പറമ്പിലേക്കാണ്. മുമ്പൊക്കെ അവിടെ പച്ചക്കറി, വാഴ, കൂർക്ക, ചേമ്പ്, ചേന, എള്ള്,ഉഴുന്ന്,പൂളക്കിഴങ്ങ് തുടങ്ങി പലതരം ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്തിരുന്നു. പള്യേല് നിന്ന് മുന്നോട്ട് നടന്ന് കയറിയാൽ പിന്നെ പേരമരങ്ങളും കശുമാവുകളും തെങ്ങുകളും കവുങ്ങുകളും മാവുകളും മുളക്കൂട്ടവും മറ്റു മരങ്ങളും നിറഞ്ഞ,കുറെയേറെ വിസ്തൃതിയുള്ള പ്രകൃതി രമണീയമായ പറമ്പ്.
 കാണാൻ തന്നെ നല്ല ചന്തമാണ്…!
പറമ്പിന്റെ ഒരറ്റത്താണ് ഇരുനിലയിലുള്ള ഓടിട്ട തറവാട്.
തറവാടിന്റെ അടുക്കളയോട് ചേർന്നുള്ള, ചുറ്റും തേച്ച് മിനുക്കിയ മതിലിനാൽ ചുറ്റപ്പെട്ട വലിയ പൊട്ടക്കിണറ്.വീടിന്റെ വടക്കോറം എന്നെല്ലാരും പറയുന്ന വടക്കിനി കോലായിൽ നിന്നാണ് കിണറിനടുത്തേക്ക് ഇറങ്ങുക.
ചപ്പും ചവറും വീണ് വെള്ളം മലിനമായതിനാൽ ഉപയോഗ്യ ശൂന്യമാണ് കിണർ. അതിന്റെ വക്കത്താണ് എല്ലാവരും ചെഞ്ചി റോസ് എന്ന് വിളിക്കുന്ന വിശ്വ വിഖ്യാതമായ ചെടി നില നിന്നിരുന്നത്.ചെടിയുടെ ഇലകളെങ്ങനെയാണെന്നുപോലും ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ആ ചെടിയെ ഞാൻ ജീവിതത്തിലൊരിക്കലും മറക്കില്ല. പനിനീർ പൂവിനോട് സമാനമായ
വെള്ള നിറമുള്ള വലിയ
പൂക്കൾക്ക് നല്ല ഭംഗിയുണ്ടായിരുന്നു.
വൈകുന്നേരമാകുമ്പോഴേക്കും ആ പൂവിന്റെ നിറം ഇളം റോസ് നിറത്തിലേക്ക് പരിണമിച്ചിട്ടുണ്ടാകും. ആ കാരണത്താലാണ് അതിന് ചെയ്ഞ്ച് റോസ് എന്ന പേര് വന്നത് എന്നനുമാനിക്കുന്നു.അറിവില്ലായ്മ കൊണ്ടാവാം എല്ലാവരും അതിനെ ചെഞ്ചി റോസ് എന്ന് വിളിച്ചത്.

എന്റെ ഓർമ ശരിയാണെങ്കിൽ മൂന്നാം ക്ലാസ്സിലാകുമ്പോഴാണ് ആ സംഭവം അരങ്ങേറുന്നത്. അതെ…!ഓർമ ശരിയാണ്. ഞാനന്ന് മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു.കാരണം എന്റെ നാലാം ക്ലാസ്സ്‌ അവസാനിക്കുന്നതിന് മുമ്പ് വല്ലിപ്പ വിട പറഞ്ഞിരുന്നു.അതിനും മുമ്പ് മൂത്താപ്പയും കുടുംബവും മൂത്തമ്മയുടെ വീടിനടുത്തേക്ക് താമസം മാറി.സംഭവം നടക്കുമ്പോൾ വല്ലിപ്പ, രോഗിയാണെങ്കിലും വല്യേ കൊഴപ്പങ്ങളില്ലാതെ ജീവിച്ചിരിപ്പുണ്ട്. അതായത് നിത്യേന ഉള്ളതല്ലാതെ 
അധികമായി ഒന്നുമില്ലായിരുന്നു.
മൂത്തമ്മയും മക്കളും വീട്ടിലുണ്ട്.
എന്റനിയനെ സ്കൂളിൽ ചേർത്തില്ലായിരുന്നു., ഇക്കാക്കയും താത്താരും കുളപ്പുള്ളി സ്കൂളിലാണ് പഠിക്കുന്നത്.

അനിയത്തിക്കന്ന് രണ്ട് വയസ് തികഞ്ഞിട്ടില്ല. രണ്ട് വയസ് തികഞ്ഞില്ലെങ്കിലും നാല് വയസ്സിന്റെ പോക്കിരിത്തരം കയ്യിലുണ്ടായിരുന്നു. ചുവന്ന നിറം അന്നും ഇന്നും അവളുടെ ബലഹീനതയാണ്. ഇനിയെന്നും അങ്ങനെത്തന്നെയാവാനാണ് സാധ്യത.അവളുടെ ആ ബലഹീനതയെ ചൂഷണം ചെയ്യുന്ന അടുക്കളയോട് ചേർന്ന ചെറിയ റൂമിലെ നിലത്തു പരത്തിയിട്ട പച്ചക്കറികൾക്കിടയിലെ ചുവന്ന പഴുത്ത മുളക്…! തുറന്നിട്ട വാതിലിനു മുന്നിലൂടെ നാവും പുറത്തേക്ക് നീട്ടി കുണുങ്ങി കുണുങ്ങി കാലുകൾ പെറുക്കി വെച്ച് നടന്ന് വരുന്ന അവളെ നോക്കി മുളക് സ്നേഹത്തോടെ ചിരിക്കും. അവളെ റൂമിനുള്ളിലേക്ക് മാടി മാടി വിളിക്കും. അവളല്ലേ ആള്…! കുറച്ചുയരമുള്ള ഉമ്മറപ്പടിയാണെങ്കിലും കഷ്ടപ്പെട്ട് വലിഞ്ഞു കേറി അകത്തെത്തും.എന്നും വിയർപ്പിന്റെ അസുഖമുള്ള കുട്ടിയായതിനാൽ മിക്കവാറും വിവസ്ത്രയായിരിക്കും.
കുഞ്ഞാണെങ്കിലും വിവസ്ത്രയാകുന്നത് ഒറ്റക്ക് തന്നെ…!മുറിയിൽ കയറിയിരുന്ന് മുളകെടുത്ത് കളി തുടങ്ങും. കളിച്ചു കളിച്ച് മുളക് പൊട്ടി ദേഹത്തെല്ലാം ആകും. ആ കൈ കൊണ്ട് കണ്ണിലും മൂക്കിലുമെല്ലാം തൊടും. നിലവിളി ഉയരുമ്പോളാകും ഉമ്മ കുട്ടിയെ തിരയുന്നത്. മുളകിൽ വിരകിയിരിക്കുന്ന കുട്ടിയെ സോപ്പ് തേച്ച് കഴുകി ദേഹം മുഴുവൻ വെളിച്ചെണ്ണ പുരട്ടി പാല് കൊടുത്തുറക്കും. എണീറ്റാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാവാറില്ല. എന്ന് മാത്രമല്ല. പഴുത്ത മുളക് കണ്ടാൽ വീണ്ടും അതെടുത്തു കളിക്കും."പണ്ടത്തെ ചങ്കരൻ തെങ്ങിമ്മേൽ തന്നെ…! "
അവളുടെ ഈ സ്വഭാവം കാരണം ഞങ്ങൾ മൂത്തവരോട് ആ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടാൽ കുറ്റിയിടാൻ ഉമ്മ ഏൽപ്പിച്ചിട്ടുണ്ട്. ഉപ്പ പകലൊന്നും വീട്ടിലുണ്ടാവില്ല.ഒരുപാട് ആളുകളുള്ള തറവാടായതിനാൽ, സ്റ്റോർ റൂമായി ഉപയോഗിക്കുന്ന ആ റൂമിന്റെ വാതിലുകൾ അധികവും അടഞ്ഞു കിടക്കാറില്ല. തുറക്കുന്നവരെല്ലാം അടക്കാത്തതാണ് കാരണം. പക്ഷേ ഇവളുള്ളത് കൊണ്ട് ഉമ്മ എപ്പോളും
ആ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു.കളിക്കിടയിൽ ഞങ്ങളും ഇടക്കൊക്കെ മറന്നുപോകും. അലക്കുന്നതും കുളിക്കുന്നതുമായ സോപ്പുകൾ പോലും വെക്കുന്നത് അതിനുള്ളിലാണ്.ഏകദേശം അവളുടെ പ്രായമുള്ള വേറെയും മൂന്ന് കുട്ടികളുള്ള വീടാണെങ്കിലും മറ്റു മൂന്ന് പേരും അതിനുള്ളിൽ കയറാൻ പ്രാപ്തരല്ലായിരുന്നു.

അന്നൊരു വെള്ളിയാഴ്ച്ച…! മൂന്ന് പതിറ്റാണ്ടാവാറായിട്ടും വെള്ളിയാഴ്ച്ച എന്നത് ഇത്രയും കൃത്യമായി ഓർമ്മിക്കാൻ കാരണം ഞാൻ പഠിക്കുന്ന സ്കൂൾ വെള്ളിയാഴ്ച്ച ഉണ്ടാവാറില്ല. ഇക്കാക്കയും താത്താരും സ്കൂളിൽ പോയിരുന്നു.ഉച്ച ഭക്ഷണം കഴിഞ്ഞ് കുട്ടിയെ ഉറക്കി ഉമ്മ അലക്കാനുള്ള തുണികളുമായി അടുത്തുള്ള തോട്ടിലേക്ക് പോയി. അയൽവക്കത്തുള്ള ആരൊക്കെയോ ഉമ്മാക്ക് കൂട്ടിനുണ്ട്.വല്യേ എളേമയും മക്കളും അന്ന് വീട്ടിലില്ല.അവരന്ന് അടുത്തു തന്നെയുള്ള അവരുടെ ഉമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. വലിപ്പയും ആത്തമ്മയും പുതിയ റൂമിൽ വാതിലടച്ചു കിടപ്പുണ്ട്. മൂത്തമ്മയും എളേമമാരുമൊക്കെ ഉച്ചയുറക്കത്തിലാണ്.

ഞാനും അനിയനും മുറ്റത്ത് കളിക്കുകയായിരുന്നു.അനിയനന്ന് നാല് വയസ്.
ഉമ്മ പോയി കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടിയുണർന്നു. തൊട്ടിലാട്ടി കൊടുത്തിട്ടും അവൾ പിന്നെ ഉറങ്ങിയില്ല. അവളെ തൊട്ടിലിൽ നിന്നെടുത്ത് പുറത്തേക്ക് കൊണ്ടുവന്നു ഞങ്ങൾ കളി തുടർന്നു. ഇതിനിടയിൽ ഞങ്ങളുടെ ശ്രദ്ധ വിട്ടുപോയത് അവള് മുതലെടുത്തു.അടുക്കള വഴി പുറത്തിറങ്ങുമ്പോൾ ചെറിയ റൂമിന്റെ വാതില് തുറന്നിട്ടതും ലൈറ്റ് കത്തുന്നതും ഞാൻ കണ്ടില്ലെങ്കിലും അവള് മാത്രം കണ്ടു…! പഴുത്ത മുളക് സ്നേഹത്തോടെ അവളെ വിളിക്കുന്നത് അവള് മാത്രം കേട്ടു…!പതിയെ എന്റെ കണ്ണുവെട്ടിച്ച് മുറ്റത്തുനിന്നും അവളതിനകത്തേക്ക് വലിഞ്ഞു കയറി മുളകിനെ താലോലിച്ചു. മുളക് തിരിച്ചും. കരച്ചില് കേട്ട് ഓടിവന്ന ഞാൻ കാണുന്നത് മുളകിൽ കുളിച്ചിരിക്കുന്ന കുട്ടിയെയാണ്. പതിവുപോലെ വിവസ്ത്രയാണ്. പെട്ടെന്നെനിക്ക് എന്തുചെയ്യണം എന്നറിയാതെയായി. ഞാനും കുട്ടിയാണ്. എട്ട് വയസ്സേ ഉള്ളൂ…!അതും തികഞ്ഞിട്ടുണ്ടാവില്ല. ഉമ്മ ചെയ്യുന്നത് കണ്ടിട്ടുള്ള ഓർമയിൽ ഞാനും കുട്ടിയെ എടുത്ത് പൈപ്പിൻ ചുവട്ടിലേക്കോടി. കയ്യിൽ കിട്ടിയത് അലക്ക് സോപ്പാണെന്നാണെന്റെ ഓർമ.പറ്റാവുന്നത്ര വേഗം സോപ്പ് തേച്ച് കഴുകി വെളിച്ചെണ്ണ പുരട്ടി. പാല് കൊടുക്കാൻ എനിക്ക് കഴിയൂലല്ലോ…!കുട്ടി കരച്ചിൽ നിർത്തുന്നില്ല. ഉമ്മാനെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞു. വീട്ടിലുള്ള മറ്റുള്ളവരൊന്നും കുട്ടിയുടെ കരച്ചിൽ കേട്ടിട്ടോ കേൾക്കാഞ്ഞിട്ടോ എന്നറിയില്ല. പുറത്തുവന്നില്ല. എന്റെ മുന്നിൽ ഒരു വഴിയും തെളിഞ്ഞതേയില്ല.കിട്ടിയ വഴിയാണെങ്കിലോ ഒരു കുരുത്തം കെട്ട വഴിയായിരുന്നു…!

ഞാനൊരു ഉടുപ്പെടുത്തിട്ട് കൊടുത്തിട്ട് അവളെയുമെടുത്ത് അനിയന്റെ കയ്യും പിടിച്ച് തോട്ടിലേക്കുള്ള വഴിയേ നടന്നു. അവനെ കൊണ്ടുപോയില്ലെങ്കിൽ എന്റനിയനെ നോക്കാനാളില്ല. എല്ലാവരും അവരവർക്ക് പതിച്ചു കിട്ടിയ മുറികൾക്കുള്ളിൽ വിശ്രമത്തിലാണ്.നടത്തത്തിനിടയിൽ കുട്ടിയുടെ കരച്ചിലൊതുക്കാൻ പാടുപെടുന്നുമുണ്ട്. " താത്താടെ കുട്ടി കരയണ്ട ട്ടോ…മ്മാനെ കാണിച്ചേരാ…"

നടന്ന് നടന്ന് പാടത്തെ കിണറുവക്കിലെത്തി. കിണറിന്റെ,ഉയരമുള്ള സിമെന്റിട്ട കരയിൽ കുട്ടിയെ ഒക്കത്ത് വെച്ച് അനിയന്റെ കയ്യും പിടിച്ച് ഞാനൊരുമ്മയുടെ ഗമയോടെ ഞെളിഞ്ഞു നിന്നു.ചതുരത്തിലുള്ള കിണറിന്റെ ഒരുഭാഗം റോഡായതിനാൽ ആ ഭാഗം ഉയരത്തിലും മറുകര പടത്തിനൊപ്പവുമാണ്.കയ്യെത്തിച്ചാൽ തൊടാവുന്നത്ര നിറഞ്ഞ, പാടത്തേക്ക് കര കവിയാൻ വെമ്പി നിൽക്കുന്ന കിണറും, പച്ചപ്പരവതാനി വിരിച്ചപോലുള്ള നെൽപാടങ്ങൾക്കു നടുവിലൂടെ ഒഴുകുന്ന തോടും നോക്കി നിന്നുകൊണ്ട് ഞാൻ തോട്ടിലേക്ക് വിരൽ ചൂണ്ടി. " മ്മ അതാ നിക്ക്ണൂ…കാണാനില്ലേ.. തിരുമ്പി കഴിഞ്ഞിട്ട് മ്മ കുട്ട്യേ ഇട്ക്കാൻ വരും ട്ടോ.. കരയണ്ട. "എന്ന് സമാധാനിപ്പിച്ചപ്പോൾ മനസിലായിട്ടോ ആവാഞ്ഞിട്ടോ അവള് കരച്ചിൽ നിർത്തി.

നാട്ടുകാരിയായ ഏതോ ഒരു സ്ത്രീ കുളികഴിഞ്ഞു വരമ്പിലൂടെ വരുന്നുണ്ട്. അതാരായിരുന്നു എന്ന് ഞാനോർക്കുന്നില്ല.തോട്ടിൽ അലക്കുന്ന ഉമ്മ ഇടക്കൊന്നു തല പൊക്കിയപ്പോളാകണം ഞങ്ങളെ കണ്ടത്. ഉമ്മ ആ സ്ത്രീയോടായി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.

" ന്റെ കുട്ട്യോട് കുട്യോളെകൊണ്ട് ആ കിണറ്റു വക്കത്ത്ന്ന് പോകാൻ പറയേയ്…"

ആ സ്ത്രീ ഞങ്ങളെ തറവാട്ടിലേക്ക് തിരിച്ച് വിട്ടു. തിരിച്ചു നടക്കുമ്പോളും എനിക്കറിയില്ലായിരുന്നു എന്തിനാണുമ്മ അവിടെ നിന്ന് എന്നെ പറഞ്ഞു വിടുന്നതെന്ന്. നിഷ്കളങ്കമായി ഞാൻ ചിന്തിച്ചത് ഇങ്ങനെയായിരുന്നു. "ഞാൻ കുട്ടീടെ കരച്ചിൽ മാറ്റാൻ വന്നതല്ലേ. ചെയ്തതൊരു നല്ല കാര്യമല്ലേ…? പിന്നെന്തിനാണ് ഉമ്മാക്ക് ദേഷ്യവും സങ്കടവും വന്നത്.എന്തായാലും വീട്ടില് വന്നാലെന്നെ അഭിനന്ദിക്കുമായിരിക്കും. ഇത്ര ചെറുതായിട്ട് കൂടി കുട്ടിയുടെ കരച്ചിൽ നിർത്താൻ വഴികണ്ടെത്തിയില്ലേ ഞാൻ…!"
ചെയ്തതൊരു മഹാകാര്യമാണെന്നാണ് ഞാൻ വിചാരിച്ചത്.
കാലങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെയെല്ലാം ഉത്തരമെനിക്ക് കിട്ടി.

 വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ ഉമ്മയെ കാത്തിരുന്നു. അല്പസമയം കഴിഞ്ഞ് നനഞ്ഞ വസ്ത്രത്തോടെ അലക്കിയ തുണികൾ അടുക്കിയ ബക്കറ്റ് ഒക്കത്തു വെച്ച് ഉമ്മ കേറി വന്നു. വന്നപാടെ ബക്കറ്റ് അരിത്തിണ്ടിൽ വെച്ച്,ചെയ്ഞ്ച് റോസിന്റെ ഒരു വലിയ കൊമ്പൊടിച്ച്,അഭിനന്ദനം കാത്തിരിക്കുന്ന എനിക്ക് നേരെ വന്നു.
പാവം ഞാൻ…!!!

"ഒരു കുഞ്ഞി പൈതലിനിം ഒക്കത്ത് വെച്ച് വേറൊന്നിന്റെ കയ്യും പിടിച്ച് ആ കിണറുവക്കത്ത് വന്ന് നിക്കാൻ അനക്കെങ്ങനെടീ ധൈര്യം വന്നത് " എന്ന ചോദ്യത്തോടെ തലങ്ങും വിലങ്ങും തല്ലി. വീട്ടിലുള്ളവരാരും ശ്രദ്ധിക്കാത്തതിന്റെ ദേഷ്യോം ഞാൻ കുട്ടികളുമായി കിണറു വക്കത്ത് ചെന്ന് നിന്നതിന്റെ ഉൾക്കിടിലവും സങ്കടവും കൂടി ഉമ്മ തീർത്തത് എന്റെ ദേഹത്തായിരുന്നു.അടിക്കുന്ന നേരത്ത് ആത്തമ്മ " തല്ലണ്ടാ…തല്ലണ്ടാ…"ന്ന് ദയനീയമായി അപേക്ഷിക്കുന്നുണ്ടായിരുന്നു 

അന്നുമ്മയും ഞാനും കുറേ കരഞ്ഞു. അതിന് മുമ്പെന്റെ ഉമ്മയെന്നെ വടികൊണ്ട് തല്ലിയത് എനിക്കോർമയില്ല. പിന്നീടൊരിക്കലും ഞാൻ വടി കൊണ്ട് അടി വാങ്ങിയിട്ടുമില്ല.വൈകുന്നേരം ഇക്കാക്കയും താത്താരും സ്കൂൾ വിട്ട് വന്നപ്പോൾ മൂത്തമ്മ താത്താർക്ക് മുന്നിൽ സംഭവം അവതരിപ്പിച്ചു. കുട്ടികളുള്ള വീട്ടിൽ ഒരു കുട്ടിക്ക് അടികൊണ്ടാൽ അടുത്ത കുട്ടിക്ക് ചിരി വരുന്നത് സ്വഭാവികമാണല്ലോ…!

"ഡ്യേ…ഇബൾക്കിന്ന് എളേമാടെരുത്ത്ന്ന് കൊറേ അടികിട്ടി.ഒരു വടി മുറിയോളം കൊണ്ടു."
എനിക്ക് നേരെ നീണ്ട കണ്ണുകളിലെ പരിഹാസച്ചിരികൾ കണ്ട്,തോറ്റു കൊടുക്കാൻ മനസ്സില്ലാത്തത് കൊണ്ടോ എന്തോ…" ഇല്ല ട്ടോ. കൊറെയൊന്നുമില്ല. എട്ടടിയെ കിട്ടിയുള്ളൂ…" എന്ന് പറഞ്ഞ് ദുർബലമായി ഞാൻ ജയിക്കാനൊരു ശ്രമം നടത്തി. അടി ഞാൻ എണ്ണിയിട്ടാണോ ജയിക്കാൻ ശ്രമിച്ചതിനാൽ വെറുതെ പറഞ്ഞ എണ്ണമാണോ എന്നറിയില്ലെങ്കിലും പറഞ്ഞ എണ്ണം കൃത്യമായി ഓർമയിലുണ്ട്. ഒരുപക്ഷെ ഞാൻ എണ്ണിയിട്ടുണ്ടാകാം. അല്ലെങ്കിൽ ഏട്ടാമത്തെ അടിക്ക് വടി പൊട്ടിപ്പോയിട്ടുണ്ടാകാം. പിന്നീടൊരിക്കലീ ഓർമ്മകൾ പങ്കുവെച്ചപ്പോൾ ഉമ്മയും ഞാനും വീണ്ടും കരഞ്ഞു.

 വർഷങ്ങളുടെ ഇടവേളകൾ കൊഴിഞ്ഞു വീണിട്ടും " ന്റെ കുട്ട്യോട് കുട്യോളെകൊണ്ട് ആ കിണറ്റു വക്കത്ത്ന്ന് പോകാൻ പറയേയ്…"എന്ന 
നിലവിളി പോലുള്ള ആ വാചകം ഇന്നും ഇടക്കൊക്കെ എന്റെ ചെവിയിൽ മുഴങ്ങാറുണ്ട്. അന്നറിഞ്ഞില്ലെങ്കിലും,അന്നെന്റെ പൊന്നുമ്മയുടെ ചങ്കിടിച്ചത് എങ്ങനെയായിരിക്കും എന്നിന്നെനിക്കറിയാം…കാരണം ഇന്ന് ഞാനും ഒരുമ്മയാണ്…!!!!

 

Join WhatsApp News
Fathima rishda 2023-12-04 14:26:16
ആദ്യമായി ഒരു കഥ വായിച്ച് ഞാന്‍ കരഞ്ഞു.... ഓരോ വരികള്‍ വായിക്കുമ്പോഴും ചങ്ക് ഇടിക്കുകയായിരുന്നു 😭😢
Misriya Musthafa CT 2023-12-04 15:59:16
വായിക്കുമ്പോൾ ഉള്ളിൽ തട്ടുന്ന വരികൾ ❤️❤️🥺🥺
നജ്ല. സി 2023-12-04 17:05:50
ഹൃദയം തൊട്ട ഓർമ്മകൾക്കെപ്പോഴും തീവ്രതയേറും. അനുഭവങ്ങൾ വേദനയുടെ ആഴങ്ങളിൽ തന്നെ കുറിച്ചിട്ടിരിക്കുന്നു.. വായിക്കുന്നവരെ കൂടി അനുഭവിപ്പിക്കുന്ന നോവ്.. നന്നായെഴുതി.. ആശംസകൾ ❤❤
Faminizam 2023-12-04 18:59:10
വായിച്ചു തുടങ്ങിയപ്പോൾ അറിഞ്ഞില്ല അവസാനം കണ്ണ് നനയിപ്പിക്കുമെന്ന് ❤❤👍
Najiya 2023-12-05 03:47:32
മാഷാഅല്ലാഹ്‌ 🥰💖കണ്ണു നിറഞ്ഞു ഓരോ വരിയും വായിക്കുമ്പോൾ ഞാൻ ഒരു കുട്ടിയും ഒരു ഉമ്മയും ആയി മാറി..... അഭിനന്ദനങ്ങൾ 👍
Hazni 2023-12-05 05:38:05
ഹൃദയത്തിൽ തൊട്ട ഒരു കുഞ്ഞു കഥ. വായനയിൽ സങ്കടത്തേക്കാളേറെ ഭയം നിറഞ്ഞു നില്കുന്നു. എട്ട് വയസ്സിൽ കവിഞ്ഞ ഒരു കുട്ടിയുടെ ഉത്തരവാദിത്യവും, അതിലേറെ ഒരു പാവം ഉമ്മാന്റെ സ്നേഹവും കണ്ടു. 👌👌
Naju 2023-12-05 06:16:57
സന്തോഷമാണേലും സങ്കടങ്ങളാണേലും കണ്ണ് നനഞിട്ടല്ലാതെ ഓർമകളിലേക്ക് ഇറങ്ങിച്ചെല്ലാനാവില്ല നമ്മളിൽ ഒട്ടു മിക്കവർക്കും.
Mariya 2023-12-05 15:35:44
കഥ വായിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽഅനുഭവപ്പെട്ടു അത് കണ്ണീരായി കുറെനേരം പുറത്തേക്ക് വരികയും ചെയ്തു നന്നായി എഴുതി ❤അഭിനന്ദനങ്ങൾ 🥰
Unneenkutty 2023-12-06 06:39:42
എത്ര സുന്ദരമായ അവതരണം ചെറുപ്പകാല ജീവിതത്തിൽ നടന്ന സംഭവം വളരെ ഹൃദ്യമായി അവതരിപ്പിച്ചു ഒരിക്കൽ വായിച്ചാൽ മനസ്സിലെ കാഴ്ന്നിറങ്ങി അവിടെ തങ്ങിനിൽക്കുന്ന അവതരണം അത് തന്നെയാണ് ഒരെഴുത്തുകാരന്റെ/കാരിയുടെ കഴിവ് നസീഹ .....you are a great 👍👍👍
Amina Achuus 2023-12-07 07:21:49
ചേഞ്ച് റോസിൽ നിന്നും തുടങ്ങി അവസാനം എത്തിയപ്പോൾ തൊണ്ടക്കുഴിയിൽ ഒരു തേങ്ങൽ കുരുങ്ങി കിടക്കുമ്പോലെ...ആ ഉമ്മയുടെ അന്നേരത്തെ മാനസികാവസ്ഥ എത്രത്തോളമാണെന്ന് ഒരുമ്മയായിരിക്കെ എനിക്കും മനസ്സിലാവുന്നുണ്ട്..അന്നത്തെ ആ ഓർമ്മകൾ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടല്ലേ...അതിന്റെ നിറം മങ്ങാതെ മനോഹമായി തന്നെ അവതരിപ്പിച്ചു..ഒത്തിരി ഇഷ്ട്ടായി...🥰
Amina Achuus 2023-12-07 07:27:19
വായിച്ച് അവസാനം എത്തിയപ്പോൾ തൊണ്ടക്കുഴിയിൽ ഒരു തേങ്ങൽ കുരുങ്ങി കിടക്കുമ്പോലെ...ആ ഉമ്മയുടെ അന്നേരത്തെ മാനസികാവസ്ഥ എത്രത്തോളമാണെന്ന് ഒരുമ്മയായിരിക്കെ എനിക്കും മനസ്സിലാവുന്നുണ്ട്..എഴുത്ത് അസ്സലായി...🥰🥰
muhammad Musthafa 2023-12-08 03:23:22
എല്ലാവരുടെയും ചെറുപ്പത്തിൽ ഇതുപോലെയുള്ള അനുഭങ്ങൾ ഉണ്ടാകും ഇതവായിക്കുമ്പോ എന്റെയും മനസ്സിൽ അങ്ങനെയുള്ള കുറെ കാര്യങ്ങൾ മിന്നി മറിഞ്ഞു എന്റെ കുട്ടികാലം ഓരമ്മയിൽ വന്നു ഇനിയും നല്ല കഥകൾ സഹോദരിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Abdul kabeer PA 2023-12-14 09:52:26
കുട്ടിക്കാലത്തിന്റെ ഓർമയിലേക്ക് കൂട്ടിക്കൊണ്ട് പോയ അനുഭവം....വളരെ നന്നായിട്ടുണ്ട്..
നസീഹ കളത്തിൽതൊടി 2023-12-19 13:20:21
❤️❤️❤️
Rakesh Eranhiyil 2024-01-22 05:49:29
നസീഹ എന്റെ കൂട്ടുകാരി അഭിമാനം തോനുന്നു നിന്റെ കൂടെ പഠിക്കാൻ പറ്റിയതിൽ,ഞാൻ എപ്പോഴും പറയുന്ന പോലെ നിന്നെ കാണാൻ ഒരായിരം പേര് കാത്തു നിക്കും ഒരുനാൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക