Image

ബാറ്റ്മിന്റൺ കോർട്ടിൽ നിന്ന് ((ഇ-മലയാളി കഥാമത്സരം 2023: തങ്ക. പി.സി)

Published on 01 December, 2023
ബാറ്റ്മിന്റൺ കോർട്ടിൽ നിന്ന് ((ഇ-മലയാളി കഥാമത്സരം 2023: തങ്ക. പി.സി)

നേരം നാലുമണിയോടടുത്തു. ക്ലാസ് കഴിഞ്ഞ് കുട്ടികൾ ഇടതു ഭാഗത്തുള്ള വഴിയിൽ കൂടി പോകുന്നുണ്ടായിരുന്നു. കോളേജിന് രണ്ട് ഗേറ്റ് ഉണ്ട്. മുൻവശത്തേ ഗേറ്റ് എപ്പോഴും അടച്ചിടും. ഗേറ്റിന്റെ ഇരുവശത്തു നിന്നും പടർന്നു പന്തലിച്ച ചുവപ്പും, വെള്ളയും ഇളം വയലറ്റ് നിറമുള്ള ബോഗൺ വില്ലകളെല്ലാം കൂട്ടമായി നിറയെ പൂത്ത്, ആർച്ച് പോലെ നിൽക്കുന്ന കാഴ്ചകാണേണ്ടതു തന്നെയാണ്, ക്യാംപസിൽ .വഴിയുടെ ഇടതു വശത്ത് ഗ്രോട്ടോയും( പാറകെട്ടിനുള്ളിലെ കന്യാമറിയത്തിന്റെ പ്രതിമ ) മറുഭാഗത്ത് പലതരം പൂക്കളുള്ള വിക്ടോറിയ പാർക്കും. അതിനോടു ചേർന്ന് വലിയ മാങ്ങയുണ്ടാവുന്ന പടർന്നു പന്തലിച്ച മാവും. നല്ല ഭംഗിയാണ്.

കെമിസ്ട്രി ലാബിന്റെ അടുത്തുള്ള വഴിയിലൂടെ അവളും, കൂട്ടുകാരിയും നടന്നു. ക്ലാസ്സിലെ ലീഡറും, കോളേജ് ഹോസ്റ്റലിലെ പ്രീഫെകടു മായ അവളെ എല്ലാവരും അറിയുമായിരുന്നു. പെട്ടെന്ന് ജൂനിയറായ ഒരു പെൺകുട്ടി ഓടിവന്ന് പറഞ്ഞു " ചേച്ചിയെ കാണാൻ ഒരാൾ വന്നിട്ടുണ്ട്, ഗേറ്റിനു പുറത്ത് നിൽപ്പുണ്ട്" ആരാവും ? എന്തിനാവും വന്നത്? എന്ന സംശയവുമായി അവളും കൂട്ടുകാരിയും കൂടി ചെന്നു. സുന്ദരനായ ഒരാൾ കാത്തുനിൽക്കുന്നു. അവൾക്ക് അയാളെ മനസ്സിലായി. ചേട്ടത്തിയമ്മയുടെ ഒരു ബന്ധു . ഉദ്യോഗസ്ഥനാണ്. അവൾ അയാളുമായി സംസാരിച്ചു. കാര്യമെന്തന്നാൽ അവളോട് അയാൾക്കൊരു പ്രേമം. വിവാഹം കഴിക്കണമത്രേ.  "പഠിപ്പു കഴിഞ്ഞേ വിവാഹത്തെ കുറിച്ച് ചിന്തിക്കൂ, അതും അച്ഛനമ്മമാർ പറഞ്ഞു നിശ്ചയിച്ച ആളിനെ ." അ ത്രയും പറഞ്ഞ് അവളും , കൂട്ടുകാരിയും ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. കാപ്പി കുടിച്ച് , അല്പം വിശ്രമിച്ചു. കൈകാൽ ,മുഖം കഴുകി ഗ്രോട്ടോയുടെ അടുത്ത് ചെന്ന് പ്രാർത്ഥിച്ചു. പിന്നീട് കോളേജ് ഗ്രൗണ്ടിലെ മാവിൽ ചുവട്ടിൽ ബാറ്റമിന്റൺ കളിക്കാനെത്തുന്ന വരെ കാത്ത് കുറച്ചു നേരമിരുന്നു.

കൂട്ടുകാരുമായല്ല, ടീ ച്ചേഴ്സിന്റെ കൂടെയായിരുന്നു അവൾ കളിച്ചിരുന്നത് കളിക്കാരെത്തിയപ്പോൾ അവളും ബാറ്റുമായ് ഇറങ്ങി. കോർട്ടിന്റെ ബാക്കാൽ ഇടതുവശത്താണ് അവളുടെ സ്ഥാനം. ഉയരം കുറവായതിനാൽ ബോൾ അടിക്കാൻ സൗകര്യത്തിനായിരുന്നു അത്." സ്കാഷ്" എതിർവശത്തുനിന്നും വന്നാൽ മുഖത്തു തട്ടില്ല. അവർ കളി തുടങ്ങി. നല്ല വാശിയുള്ള കളി. ഔട്ടാകാൻ പോകുന്ന ബോളിനെ തടയാനുള്ള ശ്രമത്തിലായിരുന്നു അവൾ. പെട്ടെന്നു രണ്ടു മൂന്നു കുട്ടികൾ ഓടിക്കിതച്ച് കോർട്ടിന്റെ അടുത്തെത്തി. " ചേച്ചി ഹോസ്റ്റലിലേക്ക് വേഗം വാ ........അവിടെ ഒരു ഭ്രാന്തി വന്നിരിക്കുന്നു." കുട്ടികൾ പേടിച്ച്  അരങ്ങു നിൽക്കുകയാണ്. ടീച്ചേഴ്സിനോട് സമ്മതം ചോദിച്ച് അവരുടെ കൂടെ അവളും വേഗം പോയി. കഷ്ടം!  വല്ലാത്തൊരു കാഴ്ച " ഭ്രാന്തി, ....      ഭ്രാന്തി" എന്നു പറഞ്ഞ് എല്ലാവരും ആ സ്ത്രീയുടെ ചുറ്റും കൂടി നിൽക്കുന്നു. അവരാണെങ്കിലോ ലീഡറുടെ പേര് പറയുന്നു. , അവളെ കാണണമെന്ന് വാശി പിടിക്കുന്നുണ്ടായിരുന്നു . അവൾ കുട്ടികളോട് മാറി നിൽക്കാൻ പറഞ്ഞു. അകലെ നിന്നും അവൾ ആ സ്ത്രീരൂപം കണ്ടിരുന്നു. മുഷിഞ്ഞമുണ്ടും, ബ്ലൗസും, തോളിൽ ചെളി പുരണ്ട തോർത്ത് , കയ്യിലെ വലിയ മുളകുട്ടയിൽ കത്തി, മുറുക്കാൻ ചെല്ലം, കോളാമ്പി പിന്നെയുമുണ്ട് ഒരു പാട് സാധനങ്ങൾ, വലതു കൈയ്യിൽ വലിയൊരു വടിയും. ഒട്ടിയ കവിളും വയറും, കുഴിഞ്ഞ കണ്ണുകളും , മെലിഞ്ഞ ശരീരവും അവളൊന്നു തറപ്പിച്ചു നോക്കി. ആ കണ്ണിലെ തിളക്കം കണ്ട് ഒന്നും ഞെട്ടി, അവൾ അമ്മയെ തിരിച്ചറിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ , ഈയൊരു വേഷത്തിൽ തന്റെ അമ്മ മുന്നിൽ നിൽക്കുന്നു. " അയ്യോ ..... എന്റെ അമ്മേ" എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. കണ്ടു നിന്ന കുട്ടികൾ അതിശയത്തോടെയും, സങ്കടത്തോടെയും , നോക്കിനിൽക്കുന്നുണ്ടായിരുന്നു. അമ്മയും , മോളും, കെട്ടി പിടിച്ചു. ഹോസ്റ്റൽ മുറികളിൽ നിന്നും കുട്ടികൾ താഴെ ഇറങ്ങി വന്നു. വരുന്നവരെല്ലാം ഈ കാഴ്ച അതിശയത്തോടെ നോക്കി നിന്നു അവരുടെ സമാഗമം കണ്ടിട്ട്. ഒടുവിൽ ലീഡറായ അവൾ പറഞ്ഞു." ആരും പരിഭ്രമിക്കേണ്ട...... ഇത് എന്റെ അമ്മയാണ്. മാനസിക വിഭ്രാന്തി കൊണ്ട് സമാധാനം കിട്ടാൻ എന്റെ അടുത്ത് വന്നതാകും . എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയ്ക്കോളൂ."  കുറച്ച് നേരം സംസാരിച്ച്, അവളും, കൂട്ടുകാരിയും അടുത്തുള്ള ബന്ധുവീട്ടിലേയ്ക്ക് അമ്മയെ കൊണ്ടു പോയി. സുരക്ഷിതയായിട്ട്. അന്ന് വൈകുന്നേരം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തനിക്കും വിഭ്രാന്തിയുണ്ടാകല്ലേയെന്ന് പ്രാർത്ഥിച്ചു കിടന്നു ........


തൃശ്ശൂർ ജില്ലയിലെ എയ്യാൽ എന്ന സ്ഥലത്ത് ജനിച്ചു. കുന്ദംകുളം ഗവ: ഹൈസ്കൂളിൽ പഠനം. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ബിരുദവും , തൃശ്ശൂർ വിമലാ കോളേജിൽ ബിരുദാനന്തര ബിരുദവും,  തൃശ്ശൂർ ഗവ: ട്രെയിനിങ് കോളേജിൽ നിന്ന് ബി.എഡും നേടി. 28 വർഷം മൂക്കുല ഗവ: ഹൈസ്ക്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. പിന്നീട് പുല്ലാന്നൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആയി വിരമിച്ചു. ഭർത്താവ് ശങ്കരൻ  ( Late. റിട്ട. KSEB സബ്  എഞ്ചിനിയർ ) കഥരചനയ്ക്ക്  ഒ.വി.വിജയൻ സ്മാരക  പുരസ്ക്കാരം,   കുമാരനാശാൻ ജന്മവാർഷിക കഥാ പുരസ്കാരം , SK പെറ്റെക്കാട് സംസ്ഥാന തല കഥ, കവിത രചനയിൽ പുരസ്കാരം നേടി.  കഥ, കവിത, ലേഖനം, ആസ്വാദനക്കുറിപ്പ് എന്നിവയ്ക്ക് നിരവധി സമ്മാനങ്ങൾ നേടി.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക