Image

ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?  (ടോള്‍സ്റ്റോയ് പരിഭാഷ -5 : ശ്രീലത എസ്)

Published on 29 November, 2023
ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?  (ടോള്‍സ്റ്റോയ് പരിഭാഷ -5 : ശ്രീലത എസ്)


എങ്ങനെയാണ് ആ സ്ഥലത്തു ചെന്നെത്തേണ്ടത് എന്ന് പാഹം അന്വേഷിച്ചു, ആ വ്യാപാരി അവിടുന്നു പോയതും, ആ സ്ഥലത്തേക്കു പോകാനായി പാഹം തയ്യാറെടുത്തു. പുരയിടം പരിപാലിക്കൽ ഭാര്യയെ ഏൽപ്പിച്ച്, അയാൾ തന്റെ സഹായിയേയും ഒപ്പം കൂട്ടി യാത്ര പുറപ്പെട്ടു. പോകുന്ന വഴിക്കുള്ള ഒരു ചെറുപട്ടണത്തിൽ അവർ വണ്ടി നിർത്തി,  ആ വ്യാപാരി ഉപദേശിച്ചതു പ്രകാരം ഒരു പെട്ടി ചായ, കുറച്ചു വൈൻ, മറ്റു സമ്മാനങ്ങൾ എന്നിവ അവിടെ നിന്ന് വാങ്ങി. അവർ വീണ്ടും വീണ്ടും യാത്ര ചെയ്തു, ഏതാണ്ട് മൂന്നൂറു മൈലുകളിൽ കൂടുതൽ, ഏഴാമത്തെ ദിവസം അവർ ബഷ്‌കീറുകൾ തങ്ങളുടെ കൂടാരങ്ങൾ ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് എത്തി. അതെല്ലാം ആ വ്യാപാരി പറഞ്ഞതു പോലെ തന്നെ ആയിരുന്നു.
ആളുകൾ വിശാലമായ പുൽപ്രദേശത്ത് ഒരു നദിക്കരയിൽ രോമശീലകൾ കൊണ്ടു നിർമ്മിച്ച കൂടാരങ്ങളിൽ ആയിരുന്നു താവളമുറപ്പിച്ചിരുന്നത്. അവർ ഭൂമി ഉഴുതു മറിച്ചില്ല, ബ്രെഡ് കഴിച്ചതുമില്ല. അവരുടെ കന്നുകാലിക്കൂട്ടങ്ങളും കുതിരക്കൂട്ടങ്ങളും വിശാലമായ പുൽപ്രദേശത്ത് മേഞ്ഞു നടന്നു. അവരുടെ ആൺ കുതിരക്കുട്ടികൾ കൂടാരത്തിന്റെ പിന്നിൽ മേച്ചിൽക്കയറിട്ടു വിട്ടിരുന്നു, അവരുടെ അടുത്തേക്ക് ദിവസം രണ്ടു തവണ പെൺകുതിരകളെ ഓടിച്ചു വിട്ടിരുന്നു. പെൺകുതിരകളെ കറന്നു, ആ പാലിൽ നിന്ന് അവർ കുമിസ് ഉണ്ടാക്കി. സ്ത്രീകളാണ് കുമിസ് ഉണ്ടാക്കിയിരുന്നത്, കൂടാതെ പാൽക്കട്ടിയും അവർ ഉണ്ടാക്കി. ആണുങ്ങൾ ആകെ പരിഗണിച്ചിരുന്നത് കുമിസും ചായയും കുടിക്കുക, ആട്ടിറച്ചി ഭക്ഷിക്കുക, അവരുടെ കുഴൽവാദ്യം വായിക്കുക എന്നിവ മാത്രമാണ്. അവരെല്ലാം കൊഴുത്തുരുണ്ട ഉല്ലാസപ്രകൃതക്കാരായിരുന്നു, വേനൽക്കാലം മുഴുവനും എന്തെങ്കിലും പണി ചെയ്യുന്നതിനെ കുറിച്ച് അവർ ആലോചിച്ചിരുന്നതേയില്ല. അവർ തികച്ചും അജ്ഞരായിരുന്നു, റഷ്യൻ ഭാഷ അറിയാമായിരുന്നില്ല, പക്ഷേ ആവശ്യത്തിനു പ്രസന്നചിത്തരായിരുന്നു.
പാഹമിനെ കണ്ടതും അവർ എല്ലാവരും കൂടാരങ്ങളിൽ നിന്നു പുറത്തു വന്നു, സന്ദർശകന്റെ ചുറ്റും വട്ടം കൂടി. ഒരു ദ്വിഭാഷിയെ കണ്ടുപിടിച്ചു, താൻ കുറച്ചു ഭൂമിക്കു വേണ്ടിയാണ് ഇവിടെ വന്നതെന്നു പറഞ്ഞു. ബഷ്‌കീറുകൾ അതീവ സന്തുഷ്ടരായി കാണപ്പെട്ടു; അവർ പാഹമിനെ എറ്റവും നല്ല കൂടാരങ്ങളിൽ ഒന്നിലേക്ക് ആനയിച്ചു, പരവതാനിയിൽ കുറച്ചു കുഷനുകൾ വച്ചു, അയാളെ അവിടെ ഇരുത്തി, അവർ അയാൾക്കു ചുറ്റും ഇരിക്കുകയും ചെയ്തു. അവർ അയാൾക്ക് ചായയും കുമിസും നൽകി, ഒരു ആടിനെ കൊന്നു, കഴിക്കാൻ ആട്ടിറച്ചി കൊടുത്തു. പാഹിം തന്റെ വണ്ടിയിൽ നിന്ന് അവർക്കു കൊണ്ടുവന്ന സമ്മാനങ്ങൾ എടുത്തുകൊണ്ടു വന്നു, അവ ബഷ്‌കീറുൾ ക്കിടയിൽ വിതരണം നടത്തി, ചായ അയാൾ അവർക്കു വീതിച്ചു നൽകി. ബഷ്‌കീറുകൾ ആഹ്ലാദഭരിതരായി. അവർ അവർക്കിടയിൽ തന്നെ ധാരാളം സംസാരിച്ചു, പിന്നെ ദ്വിഭാഷിയോട് പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടു.
'അവർ താങ്കളോടു പറയുവാൻ ആഗ്രഹിക്കുന്നു,' ദ്വിഭാഷി പറഞ്ഞു, 'അവർക്കു താങ്കളെ ഇഷ്ടപ്പെട്ടു, ഒരു അതിഥിയെ പ്രസാദിപ്പിക്കുന്നതും അയാൾ കൊണ്ടുവന്ന സമ്മാനങ്ങൾക്കു പകരം നൽകുന്നതും തങ്ങളുടെ രീതിയാണ്. താങ്കൾ ഞങ്ങൾക്കു സമ്മാനങ്ങൾ നൽകി, ഇനി പറയൂ, താങ്കൾക്ക് സമ്മാനം തിരികെ നൽകുന്നതിനായി, ഞങ്ങളുടെ അധീനതയിൽ ഉള്ള എന്തെല്ലാം കാര്യങ്ങളാണ് താങ്കളെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്? '
'എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് ' പാഹം മറുപടി നൽകി, ‘നിങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ സ്ഥലം വളരെ ആൾത്തിരക്കുള്ളതാണ്, മണ്ണ് ഉപയോഗിച്ചു കഴിഞ്ഞതുമാണ്; പക്ഷേ നിങ്ങൾക്ക് ധാരളം ഭൂമിയുണ്ട്, അത് നല്ല ഭൂമിയുമാണ്. ഞാൻ അതുപോലെയുള്ളത് ഇന്നേവരെ കണ്ടിട്ടേയില്ല.'
ദ്വിഭാഷി പരിഭാഷപ്പെടുത്തി. ബഷ്‌കീറുകൾ തമ്മിൽ തമ്മിൽ സംസാരിച്ചു, അവർ എന്താണ് പറയുന്നത് എന്നു പാഹമിനു മനസ്സിലായില്ല, പക്ഷേ അവർ വളരെ സന്തോഷഭരിതരാണ് എന്ന് അയാൾ മനസ്സിലാക്കി, അവർ ചിരിക്കുകയും ഒച്ച വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നെ അവർ നിശ്ശബ്ദരായി, ദ്വിഭാഷി പരിഭാഷപ്പെടുത്തുമ്പോൾ അവർ പാഹമിനെ നോക്കിക്കൊണ്ടു നിന്നു:
'താങ്കൾ നൽകിയ സമ്മാനങ്ങൾക്കു പകരമായി താങ്കൾ ആഗ്രഹിക്കുന്നത്ര ഭൂമി താങ്കൾക്കു നൽകുവാൻ അവർ തയ്യാറാണ് എന്ന് അവർ പറയുന്നു. താങ്കൾ ഒന്നു ചൂണ്ടിക്കാണിക്കുക മാത്രമേ വേണ്ടൂ, ആ ഭൂമി താങ്കളുടേതാണ്.'
ബഷ്‌കീറുകൾ വീണ്ടും കുറച്ചു സമയം പരസ്പരം സംസാരിച്ചു, പിന്നെ തർക്കിക്കുവാൻ തുടങ്ങി. അവർ എന്തിനെ കുറിച്ചാണ് തർക്കിക്കുന്നത് എന്നു പാഹം അന്വേഷിച്ചു, ഭൂമി സംബന്ധിച്ച് തങ്ങളുടെ തലവനോട് ഒന്നു ചോദിക്കേണ്ടതുണ്ട്, അദ്ദേഹത്തിന്റെ അഭാവത്തിൽ തീരുമാനം കൈക്കൊള്ളാൻ പാടില്ല എന്ന് അവരിൽ ചിലർക്ക് അഭിപ്രായമുണ്ട് എന്നും എന്നാൽ അദ്ദേഹം മടങ്ങി വരുന്നതു വരെ കാത്തിരിക്കേണ്ടതില്ല എന്ന് മറ്റു ചിലർ ചിന്തിക്കുന്നു എന്നും അയാൾ പറഞ്ഞു.
കുമിസ്- കുതിരപ്പാൽ പുളിപ്പിച്ചെടുക്കന്ന പാനീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക