Image

മധ്യതരണ്യാഴിക്കപ്പുറത്തെ നരഭോജികൾ (കഥാമത്സരം-23- കെ.പി സജിത്)  

Published on 26 November, 2023
 മധ്യതരണ്യാഴിക്കപ്പുറത്തെ നരഭോജികൾ (കഥാമത്സരം-23- കെ.പി സജിത്)  

അയാൾ ഉറങ്ങിക്കഴിഞ്ഞ്, രാത്രി പിന്നെയും കറുത്തതിനുശേഷമായിരുന്നു അല്പം കനത്തിൽ തന്നെ മഴയൊന്നു പെയ്തത്.ഉറങ്ങാൻ കിടക്കുമ്പോൾ ഉഷ്ണം കാരണം ജാലകങ്ങളൊക്കെയും പാതിയും തുറന്നിട്ടിരുന്നു. ഉഷ്ണകാലം തുടങ്ങിയതിനുശേഷം ഏറ്റവും ചൂടുള്ള ഒരു ദിവസമായിരുന്നു അത്. അന്നത്തെ വെയിലിന്റെ പതപ്പും പിന്നെ പെട്ടെന്ന് പെയ്ത രാത്രി മഴയും അന്തരീക്ഷത്തിൽ വ്യതിയാനങ്ങൾ സൃഷ്ടിച്ചിരുന്നു. പറമ്പിലെ ചെറു വൃക്ഷങ്ങളും തെങ്ങുകളും കാറ്റിനെയും നനവിനെയും ഒക്കെ പങ്കിട്ട് പരസ്പരം കുളിരു കോരിയിടുന്നതിന്റെ അനക്കങ്ങൾ അയാളുടെ ബോധത്തെയും ചെറുതായി ഒന്ന് ഉണർത്തി വച്ചിരുന്നു.
                   മുറിക്കകത്തെ ചൂടിലേക്ക് കാറ്റ് , മഴയുടെ ഇർപ്പത്തെ ഊതി നിറച്ചപ്പോൾ അയാളുടെ ബോധത്തിന് അല്പസമയം കൂടെ ഒന്ന് ചാഞ്ഞുറങ്ങാനായി സുഖകരമായ ഒരു അന്തരീക്ഷം കിട്ടുകയായിരുന്നു. അയാളുടെ തലച്ചോറിൽ സംജാതമായ പ്രത്യേക കാലാവസ്ഥയിൽ അപ്പോഴും സ്വപ്നത്തിലേക്ക് മുഴുവനായും പരിവർത്തനം ചെയ്യപ്പെടാതെ നിന്ന ചില ഓർമ്മകൾ തണുത്ത് കിടന്നിരുന്നു. അവയുടെ തണുപ്പും നേരിയ ഉണർവിന്റെ ഊഷ്മളതയും പുതച്ചു കിടന്ന ബോധം അയാളുടെ തലച്ചോറിനുള്ളിൽ തന്നെ സുഷുപ്തിയിലേക്ക് ഒന്നു കൂടെ ചുരുണ്ട് കിടന്നു ,അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞെന്നപോലെ . പിന്നീട് അയാളുടെ ജൈവശരീരത്തിൽ നിന്നും പെട്ടെന്ന് ഒരു നിമിഷത്തിലുണ്ടായ ചോദനയിൽ പുറത്തേക്ക് ജനിച്ചുവീണ ബോധമനസ്സ് ഒന്ന് അസ്വസ്ഥമായി. അതിനെയൊന്ന് ശാന്തമാക്കാനായി അയാൾ പാടുപെട്ടു. ഒടുവിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ജാലകപ്പാളികൾ മുഴുവനായും തുറന്നു താഴോട്ട് നോക്കി. പോർച്ചിൽ നിന്നും വരുന്ന പ്രകാശത്തിൽ ഗേറ്റിനരികിൽ മഴ നനഞ്ഞു കൊണ്ട് നിന്ന ഒരു വെള്ളപനിനീർ പൂവ് നമ്പ്യാർവട്ടത്തിന്റെ ഇലകളിലേക്ക് തണ്ടു നീട്ടി വെച്ച് കിടക്കുന്നത് അയാൾ കണ്ടു.
              അതുതന്നെ നോക്കിനിൽക്കാനും അതുതന്നെ നോക്കി നിന്നപ്പോൾ വല്ലാത്തൊരു ആശ്വാസം കിട്ടുന്നതായും തോന്നിയപ്പോൾ അയാൾ പതിയെ മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് ചെന്ന് പടികൾ ഇറങ്ങി വാതിലുകൾ തുറന്നു പോർച്ചിലേക്കു ചെന്ന് നിന്നു . .ശബ്ദമുണ്ടാക്കാതെയായിരുന്നു അയാൾ പുറത്തേക്ക് ഇറങ്ങിവന്നത്.
              മുകളിലത്തെ മുറിയിൽ ദേവികയും സുരേഷും, കുഞ്ഞുമോൾ നയനികയും ഉറങ്ങുകയാണ് .പുറത്ത് ലൈറ്റിട്ടും ശബ്ദം ഉണ്ടാക്കിയും അവരെ ഉണർത്തരുത്. ഫ്ലൈറ്റ് അതിരാവിലെ ആയതിനാൽ രാത്രി നന്നായി ഉറങ്ങണമെന്നും പുലരുന്നതിന് മുമ്പ് ഉണരണമെന്നുമൊക്കെ തന്നോട് പ്രത്യേകം പറഞ്ഞു മുറിയിലാക്കിയതിനുശേഷമാണ് അവർ ഉറങ്ങാൻ പോയത്. അതുകൊണ്ടുതന്നെ ചാറ്റൽ മഴയിലേക്ക് നോക്കിനിൽക്കാനായി പുറത്തേക്ക് ഇറങ്ങി വന്നത് അവർ അറിയരുത്. അയാൾ കരുതലോടെ ആകാശത്തിലേക്ക് മുഖമുയർത്തി. കുറെ പെയ്ത് ഒഴിഞ്ഞതു കാരണം കനം കുറഞ്ഞുപോയ മേഘപാളികൾക്കിടയിലൂടെ ചന്ദ്രൻ പുറത്തുവന്നിരുന്നു .അല്പം തെളിഞ്ഞ കാർമേഘങ്ങളുടെ നനവിലേക്ക് നിലാവിനെ ചാലിച്ചുകൊണ്ട് രാവിൻറെ ചന്ദനം പോലെ ആകാശത്ത് ഒളി പടരാൻ തുടങ്ങിയത് അയാൾ കണ്ടു.
              താഴെ ചെറിയ കാറ്റിൽ അപ്പോഴും നമ്പ്യാർവട്ടത്തിന്റെ ഇലകൾ ചെറുതായി വിറയുന്നുണ്ടായിരുന്നു . ആ നമ്പ്യാർവട്ടത്തിനും ദേവികയുടെ മോൾ നയനികയുടെ അതേ പ്രായമാണ്, വിമല നട്ടത്.., അയാൾ ഓർത്തു. നയനികയ്ക്ക് ഒരു വയസ്സ് തികയുന്നതിന് മുമ്പാണ് സുരേഷും ദേവികയും വിമലയെയും കൂട്ടി ഗൾഫിലേക്ക് പോകുന്നത്.സുരേഷും ദേവികയും ജോലിക്ക് പോകുമ്പോൾ നയനിക മോളെ നോക്കാനായി അമ്മയെ കൂടെ കൂട്ടുകയാണെന്ന് ദേവികയാണ് അന്ന് പറഞ്ഞത്. അപ്പോഴൊക്കെ അവർക്കു വിമലയെ മാത്രം മതിയല്ലോ കൂട്ടിന്  എന്ന  പരിഭവമായിരുന്നു തനിക്ക് . പ്രവാസ ലോകത്തിലെ പരിമിതമായ സൗകര്യങ്ങൾ തങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കൂടെ കൂട്ടാൻ അവരെ അനുവദിക്കാത്തതാണ് കാരണം എന്നറിയാമായിരുന്നെങ്കിലും അന്ന് തന്നെ അത് ഒട്ടും  ആശ്വസിപ്പിച്ചിരുന്നില്ല.അങ്ങനെ ജീവിത യോഗങ്ങൾ വിമലയുടെ ജീവിതത്തിൽ പ്രവാസത്തിന്റെ മറുകരയെ ചേർത്തുവച്ചത് നീണ്ട മൂന്ന് വർഷങ്ങളായിരുന്നു.
                ഏതായാലും വീട്ടിലെ മുറ്റത്തെ തുളസിത്തറയിൽ ദീപം കൊളുത്തിയും നമ്പ്യാർവട്ടത്തിനും അരിമുല്ലപ്പൂക്കൾക്കും പരിലാളനമേകിയും കഴിഞ്ഞ് വന്നിരുന്ന വിമലക്ക് പ്രവാസ ജീവിതത്തിൻറെ പരിമിതികൾക്കും ചിട്ടകൾക്കും ഇടയിൽ കുറച്ചു കാലം തളയ്ക്കപ്പെട്ടു കഴിയുമ്പോഴേക്കും ജീവിതത്തിൻറെ സംഗീതം നഷ്ടപ്പെട്ടതു പോലെ അനുഭവപ്പെടുകയായിരുന്നു.
                 ഇടയ്ക്കിടെ ദേവികയും സുരേഷും ഫോൺ വിളിക്കുമ്പോൾ  ഒക്കെയാണ് തനിക്ക് അതിൻറെ സൂചനകൾ കിട്ടിത്തുടങ്ങിയതെന്ന് അയാൾ ഓർത്തു . അമ്മ പണ്ടത്തെപ്പോലെയല്ല, ഈയിടെയായി ഓർമ്മക്കുറവ് ഏറിയിട്ടുണ്ടെന്നും നാട്ടിൽ വന്നു നല്ലൊരു ഡോക്ടറെ കാണിക്കണം എന്നുമൊക്കെ ദേവിക പറയുമായിരുന്നു.
            ഗൾഫിൽ പോയ ശേഷം ആദ്യമൊക്കെ വി മല തന്നോട് സംസാരിക്കാറുണ്ടായിരുന്നു . പിന്നെയത് കുറഞ്ഞു വന്നു. പിന്നീട് ദേവികയും സുരേഷും വീഡിയോ കോൾ ചെയ്യുമ്പോൾ വിമല അതിലേക്ക് ഒന്ന് എത്തി നോക്കും. ഒന്നും മിണ്ടാതെ  നോക്കിയിരിക്കും, പിന്നെ പിന്തിരിഞ്ഞു പോവുകയും ചെയ്യും .വീഡിയോ കോളിലൂടെ കാണുമ്പോൾ നയനികമോൾ ദേവികയുടെ അതേ പതിപ്പ്  തന്നെയാണ് തോന്നിയിരുന്നു. അപ്പോഴൊക്കെ അതിനെയൊന്നെടുത്ത് ഉമ്മ വെക്കാനായി താൻ  കൊതിച്ചിരുന്നുവെന്ന് അയാൾ ഓർത്തു.
                മുകളിൽ നനുത്ത മേഘങ്ങൾക്കിടയിലെ ആർദ്രതയിലേക്ക് നിലാവ് നന്നായി പരങ്ങി തുടങ്ങിയിട്ടുണ്ട് . മുറ്റത്ത് നനഞ്ഞ മണ്ണിലേക്ക് നിലാവിൻറെ  ശോഭ ഇറങ്ങിയിരുന്നു .മഴയിലും കാറ്റിലും ഒക്കെയായി ഞെട്ടറ്റു വീണ ഇലകൾ നിലത്തു വന്നു കിടപ്പുണ്ട്. മുറ്റത്തിന് അരികിലെ മഹാഗണി മരത്തിലെ ഇലകളാണ് അധികവും.തൂവിയിറങ്ങിയ നിലാവും പൊഴിഞ്ഞു കിടന്ന        മഹാഗണിയിലകളും ചേർന്ന് നനുത്ത് കിടന്ന മുറ്റത്തിലൂടെ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.
           പകലിന്റെ ഉഷ്ണവും രാത്രി മഴയും ,അതിനെ വീശി മാറ്റിയ കാറ്റും , പതിയെ തെളിഞ്ഞു വരുന്ന നിലാവുമൊക്കെ അന്തരീക്ഷത്തിന് പകർന്നു കൊടുത്ത ഭാവമാറ്റങ്ങളുടെയും അതേപോലെ ഉറക്കത്തിൽ നിന്നും സ്വപ്നാടത്തിലേക്കും, പിന്നെ ഉറക്കച്ചടവോടെ മുറ്റത്തേക്കുള്ള ഇറങ്ങി നടത്തത്തിലും ഇടയിൽ ആകാശത്ത് മിന്നിത്തുടങ്ങിയ ഒറ്റപ്പെട്ട നക്ഷത്രങ്ങളെയും അയാൾ ശ്രദ്ധിച്ചു .അയാളുടെ മനസ്സിലും ചില ഓർമ്മകൾ നക്ഷത്രങ്ങളെപ്പോലെ മിന്നി തിളങ്ങാൻ തുടങ്ങി. അയാൾ കൂടുതൽ കൂടുതൽ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി.
            ആദ്യമൊക്കെ വിമല ഇടയ്ക്കിടെ ഫോൺ ചെയ്യാറുണ്ടായിരുന്നു. പതിയെ പതിയെ ദേവിക വല്ലപ്പോഴും ഫോൺ വിളിക്കുമ്പോൾ ഒന്ന് എത്തിനോക്കുന്നതിൽ മാത്രം ഒതുങ്ങി കാര്യങ്ങൾ . പഴയ ഊർജ്ജസ്വലതയൊക്കെ വിമലയ്ക്ക് നഷ്ടപ്പെടുന്നതായി തനിക്ക് മനസ്സിലായിരുന്നെങ്കിലും അതിനെപ്പറ്റി ഒന്നും വിമലയോട് തനിച്ച് സംസാരിക്കാനോ ദേവികയോട് സൂചിപ്പിക്കാനോ ഉള്ള സാവകാശം ഒന്നും ലഭിച്ചിരുന്നില്ല . അങ്ങനെയിരിക്കെയാണ് ഒരു ദിവസം ദേവിക തന്നെ സൂചിപ്പിച്ചത്. "അച്ഛാ , അമ്മയിപ്പോ പഴയതുപോലെയല്ല ... എന്തൊക്കെയോ ചില ആകുലതകളും ഓർമ്മക്കുറവുകളും . ചിലപ്പോഴൊക്കെ ഒരു മരവിപ്പ് പോലെ . ഏതായാലും ഞങ്ങൾ ഇത്തവണ അവധിക്ക് നാട്ടിൽ വരുന്നുണ്ട്. ഇങ്ങനെ അമ്മയെ ഇവിടെ നിർത്താൻ ഒക്കില്ല... നാട്ടിൽ സുരേഷേട്ടൻ അറിയുന്ന നല്ല ഡോക്ടറുണ്ട്. നമുക്ക് അമ്മയെ ഒന്നവിടെ കാണിക്കാം ......" അവളതു പറയുമ്പോഴും വിമല ഫോണിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു, ഒന്നും പറയാതെ .
            അധികം വൈകാതെ തന്നെ, ഒരു ചെറു അവധിയെടുത്ത് അവരെല്ലാവരും നാട്ടിലെത്തുകയായിരുന്നു. സ്വന്തം നാട്ടിലെ മണ്ണിനെയും കാറ്റിനെയുമൊക്കെ ഒന്നു സ്പർശിച്ച്, അതിലൊക്കെ സന്തോഷവതിയായിരുന്നു വിമലയും. ആശങ്കപ്പെടേണ്ട ഒന്നും അവളിൽ തനിക്ക് കാണാനായില്ല. എല്ലാവർക്കുമായി ഭക്ഷണമൊക്കെ പാകം ചെയ്തതും വിമല തന്നെയായിരുന്നു. അങ്ങനെയിരിക്കയാണ് അവർ വന്നുകഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം ഒരു ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് സുരേഷും ദേവികയും നയനിക മോളും ഉറങ്ങാൻ പോയ സമയത്ത് വിമല മുറ്റത്തേക്കും പറമ്പിലേക്കും ഒക്കെ ഇറങ്ങിവന്നത് .അവൾ ആദ്യം ചെയ്തത് നമ്പ്യാർവട്ടത്തിന്റെയും പനിനീർ ചെടിയുടെയും അരികെ ചെന്ന് അവയെ ഒന്ന് തലോടുക ആയിരുന്നു.  "ഇവയെ ഒന്നും ശരിയായി നോക്കിയില്ല അല്ലേ ...?പിന്നെ നിങ്ങൾക്കെന്തായിരുന്നു ഇവിടെ പരിപാടി ? "" പരിഭവത്തോടെ അവൾ ചോദിച്ചു .പിന്നീട് പറമ്പിലൂടെ വേനലിൽ മൊരിഞ്ഞു കിടന്ന ഇലച്ചവർപ്പുകൾക്കു മീതേ നടന്നു മൂവാണ്ടൻമാവിന്റെ ചുവട്ടിലും എത്തി. "നിങ്ങൾക്ക് ഓർമ്മയുണ്ടോ ദേവിക ചെറുതായപ്പോൾ അവൾക്ക് വേണ്ടി നമ്മൾ ഇതിൽ ഊഞ്ഞാൽ കെട്ടിയത് ...?" വിമലയുടെ പിന്നാലെ മൂവാണ്ടൻമാവിന്റെ ചുവട്ടിൽ എത്തിയപ്പോൾ ചെവികളിലേക്ക് വേനൽക്കാറ്റ് കൊണ്ടുവന്നെത്തിച്ചത്, പുഴയോരത്തെ ഭഗവതിക്കാവിലെ ചെണ്ടത്തല്ലാണ്. ഒന്ന് ചെവിവട്ടം പിടിച്ച് അവൾ പറഞ്ഞു . " ഇന്ന് കുംഭം 11 അല്ലേ ... ഭഗവതിക്കാവിൽ ഇന്നും നാളെയുമല്ലേ ഉത്സവം ... നിങ്ങൾക്കോർമ്മയുണ്ടോ എത്ര വഴിപാട് അവിടെ നേർട്ടിന്നാണ്  നമുക്ക് ദേവികമോൾ ജനിച്ചത് ... നമുക്കൊന്ന് അമ്പലത്തിൽ പോകാം ..ഇപ്പോൾ തന്നെ."   പിന്നീട് ആവാഹിക്കപ്പെട്ട ഒരു വേനൽ കാറ്റിനെപ്പോലെ അവൾ പുഴയോരത്തേക്ക് ഗതി വേഗം കൂട്ടുകയായിരുന്നു , പിന്നാലെ താനും.
            പുഴയോരത്തേക്കുള്ള വഴികളിൽ വെച്ചവൾ ചോദിച്ചു. നിങ്ങൾക്ക് ഓർമ്മയുണ്ടോ ഒരു കുഞ്ഞിക്കാലിന് വേണ്ടി നമ്മൾ ആ നടയിൽ പ്രാർത്ഥനയും വഴിപാടും ഒക്കെയായി കഴിഞ്ഞത്? കീചകവധവും പൂതനാ മോക്ഷവും അടക്കം എത്രയെത്ര കളിയാട്ടങ്ങളാണ് അവിടുത്തെ ഉത്സവ രാവുകളിൽ നമ്മൾ ഒരുമിച്ച് ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുള്ളത് ...? 
 ഞാൻ അങ്ങ് പോയപ്പോൾ എത്രയെത്ര രാത്രികളാണ് നിങ്ങൾ തനിച്ചുറങ്ങി ക്കളഞ്ഞത് ...എന്റെ നമ്പ്യാർവട്ടത്തെയും പനിനീർച്ചെടിയേയും കൂടി നിങ്ങൾ ശരിക്കും നോക്കിയില്ലല്ലോ ... ഈ വരുന്ന മേടം 18നാണ് ദേവികയുടെ പിറന്നാൾ അതെങ്കിലും നിങ്ങൾക്ക് ഓർമ്മയുണ്ടോ ...?വിമല ദേവികയെ പറ്റി പറഞ്ഞപ്പോഴാണ് കുഞ്ഞു നയനിക മോൾക്ക് അമ്പലത്തിലെ ഉത്സവം കാണുന്നത് ഒരു കൗതുകം ആയിരിക്കുമല്ലോ എന്നോർത്തതും അവളെയും കൂട്ടി വരാമായിരുന്നു എന്ന് താൻ പറഞ്ഞതും ... അപ്പോൾ പുഴയോരത്ത് നിന്നും വന്ന കാറ്റ്, ഉഷ്ണത്തിൽ വിങ്ങുന്ന ഉൾനാടിന്റെ തപനിശ്വാസവുമായി കൂടിക്കലരുമ്പോൾ ഉണ്ടാവുന്നതുപോലെയുള്ള ഭാവവ്യത്യാസം വിമലയുടെ നെടുവീർപ്പുകളിൽ പ്രകടമായി. പെട്ടെന്നായിരുന്നു അവൾ പറഞ്ഞത് എന്തിനാ അവരൊക്കെ പുതുതലമുറയല്ലേ നേരത്തെ നിങ്ങൾ അവളെ മടിയിൽ ഇരുത്താൻ നോക്കിയപ്പോൾ അവളുടെ പ്രതികരണം കണ്ടതല്ലേ .. അപ്പോൾ എന്തിന് ദേവിക പോലും വന്ന തിരുത്തി പറഞ്ഞു കൊടുത്തിട്ടില്ലല്ലോ മോൾക്ക് ...അവർക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങൾ കാണും നമ്മൾ വയസ്സന്മാർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഒന്നും തന്നെ അവർക്ക് രസിക്കണമെന്നില്ല. അവളത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പുഴക്കാറ്റ് , ഭഗവതി ക്കാവിലേക്ക് നീങ്ങുന്ന ഉത്സവ വരവുകളിൽ നിന്നുമുള്ള ചെണ്ടത്തല്ലിനെ തങ്ങളിലേക്ക് വീശി എത്തിക്കുന്നുണ്ടായിരുന്നു.
          അപ്പോൾ തനിക്ക് ഓർമ്മ വന്നത് വർഷങ്ങൾക്കു മുമ്പ് പ്രൈവറ്റ് കമ്പനിയിലെ ഫോർമാനായി ജോലി ചെയ്തിരുന്ന ചെറുപ്പകാലം . ദേവികയ്ക്ക്  അന്ന് മൂന്നു വയസ്സ് മാത്രം. ജോലി കഴിഞ്ഞ് എത്തിയാൽ പിന്നെ യൂണിഫോം പോലും മാറ്റാൻ അനുവദിക്കാതെ തന്റെ മടിയിലേക്കു ചാടി കയറി അന്ന് പഠിച്ച അക്ഷരങ്ങളെയൊക്കെ പരിചയപ്പെടുത്തുന്ന ദേവിക . അവൾ പുതിയതായി പഠിച്ച ആംഗ്യ പാട്ടുകളൊക്കെ പാടി തന്നിട്ടേ തന്നെ യൂണിഫോം മാറ്റാൻ പോലും അനുവദിക്കാറുണ്ടായിരുന്നുള്ളൂ .. 
                   
               അന്ന് രാവിലെ കോലായിൽ നിന്ന് എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്ന നയനിക മോളെ കണ്ടപ്പോൾ മനസ്സ് പെട്ടെന്ന് പഴയകാലത്തേക്ക് പറന്നുപോയി .പെട്ടെന്ന് തന്നെ നയനികയെ ഏടുത്ത് അടക്കിപ്പിടിച്ച് മടിയിലേക്ക് കയറിയിരുത്തി ചുംബിച്ചു. പിന്നെ അവളുടെ നുണക്കുഴിയിലും ഒന്ന് അമർത്തി ഉമ്മ വെച്ചു.അതിനിടെ അവൾ എഴുതിക്കൊണ്ടിരുന്ന ടാബിന്റെ സ്ക്രീനിൽ എവിടെയെല്ലാമോ തൊട്ട് അതുവരെ എഴുതിയതെല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി. മടിയിൽ നിന്നും ഇറങ്ങി "ബാഡ് ടച്ച് ,ബാഡ് ടച്ച് " എന്ന് നിലവിളിച്ചു കൊണ്ട് അവൾ ഓടുകയും ചെയ്തു. അപ്പോൾ ദേവിക വന്നു ചോദിച്ചത് അച്ഛനെന്തിനാ അവൾക്ക് ഇഷ്ടമില്ലാത്തതൊക്കെ ചെയ്യുന്നത് അവളെ അവളുടെ ഇഷ്ടത്തിനനുസരിച്ച് അങ്ങ് വിട്ടാൽ പോരെ എന്നായിരുന്നു ... സുരേഷ് അപ്പോൾ അവിടെയൊന്നും ഇല്ലാതിരുന്നത് നന്നായെന്ന് തോന്നിയ നിമിഷം അല്ലെങ്കിൽ അപ്പോൾ അവൻ എന്തായിരുന്നു ചിന്തിക്കുകയെന്ന് ആർക്കറിയാം ... അങ്ങനെയൊക്കെ ഓർമിച്ചു നടക്കുന്നതിനിടയിലും ഭഗവതിക്കാവിലേക്കുള്ള വഴികളിലൂടെ   വിമല ഓരോന്ന് പറയുന്നത് താൻ മൂളിക്കേൾക്കുന്നുണ്ടായിരുന്നു.
            അമ്പലനടയിൽ നിന്നും പുഴയോരത്തേക്ക് നീണ്ടുകിടന്ന നടപ്പന്തലുകളിൽ കോമരങ്ങൾ ഉറഞ്ഞുതുള്ളുന്നുണ്ടായിരുന്നു . മുതുകത്ത് ശൂലം തറച്ചു വെച്ചവർ ഭഗവതിയെ വിളിച്ചു കരഞ്ഞു .അല്പം ദൂരെയായി കടലിലേക്ക് ചെന്ന് ചേരാനുള്ള പുഴയിലെ ഓളങ്ങളെ വെല്ലുന്ന ചെണ്ടത്തല്ല്. തങ്ങളുടെ മുക്കുവരറിയാതെ , തങ്ങളുടെ ഭാഗധേയങ്ങളെപ്പറ്റി അറിയാനെന്നപോലെ വെളിച്ചപ്പാടിന് കാതോർക്കാനായി  മുകളിലുകളുടെ ചുമലിൽ ഉയർന്ന് കോവിലിനു മുന്നിലേക്ക് എത്തിനോക്കുന്ന തോണിത്തലപ്പുകൾ . തോണികളെ കെട്ടി നിർത്തിയിരുന്ന മുളങ്കാലുകളിൽ കൊറ്റികൾ നിരന്നു നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവരുടെ മനസ്സിലേയ്ക്കന്നവണ്ണം കതിനകൾ നിരന്നു നിന്നു പൊട്ടിയത്. പക്ഷേ ധ്യാനനിരതമായ മനസ്സോടെയെന്നവണ്ണം ഒരു തൂവൽ പോലും ഇളക്കാതെ കൊറ്റികൾ ഒന്നുമറിയാത്തവരെ പോലെ  അങ്ങനെതന്നെ നിന്നു .അല്ലെങ്കിൽ അവർക്കറിയാമായിരുന്നു , അത് മനുഷ്യരുടെ വെറും ഉത്സവമാണെന്നും അതുപോലെ മേളങ്ങൾ ഒന്നുമില്ലെങ്കിലും ഒരു ന്യൂനതയും ഇല്ലാത്ത ജീവിതം തന്നെയാണ് തങ്ങൾക്കും ഉള്ളതെന്ന് . കതിനയുടെ ശബ്ദത്തോടെ , ഉച്ചസ്ഥായിയിൽ തിമർത്തുകൊണ്ടിരുന്ന ചെണ്ടമേളവും പിടിച്ചുനിർത്തിയ പോലെ പെട്ടെന്ന് നിന്നു . പെട്ടെന്നുണ്ടായ നിശബ്ദതയിലേക്ക് വീണ്ടും അലകൾ ഉണ്ടാക്കാൻ എന്നപോലെ ഒരു കതിന കൂടി അല്പസമയം കഴിഞ്ഞ് പൊട്ടി . അതോടെ ശ്രീകോവിലിൽ നിന്നും ഭഗവതി ഇറങ്ങി പുഴകടന്ന് അക്കരയുള്ള കോവിലിലേക്ക് പോകുമത്രേ. പിന്നീട് തിരിച്ചെത്തുന്നത് ദീപാരാധന സമയത്താണ് . അതുവരെ മറ്റു ചടങ്ങുകൾ ഒന്നുമില്ലാതെ അല്പസമയത്തിലേക്ക് ഭഗവതിക്കാവിലെ നടയടച്ചിടും. പിന്നീട് വെളിച്ചപ്പാടിന്റെ അകമ്പടിയോടെ ഭഗവതി തിരിച്ചെത്തിയാൽ വീണ്ടും ഉത്സാഹത്തിമർപ്പായി.
             കതിന പൊട്ടി ചെണ്ടത്തല്ലുകൾ നിലച്ചപ്പോഴാണ് മനസ്സിൽ എന്തൊക്കെയോ പരികൽപനകൾ നടത്തുന്ന ഭാവവുമായി വിമല
 തനിക്കരികിലേക്ക് തിരിഞ്ഞുനിന്നത്. അതുവരെ കാലം തെറ്റി വന്ന ഒരു ഓണത്തുമ്പി സ്ഥലകാല വിഭ്രമങ്ങൾക്കിടയിലൂടെ പാറി നടക്കുന്നത് പോലെ ഉത്സവകാഴ്ചകൾക്കിടയിലൂടെ പറന്നു നടക്കുകയായിരുന്നല്ലോ അവളും . അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ... മൂന്നുവർഷത്തിലേറെ ആയില്ലേ അവൾ നാടും ഭഗവതിക്കാവും ഒക്കെ വിട്ടു നിന്നിട്ട് ... ഗൾഫിലെ ജീവിതരീതി കൊണ്ട് അവളല്പം ചുവന്നു തുടുക്കുകയും ശരീരം ചീർക്കുകയും ചെയ്തിട്ടുണ്ട്. ഏറെക്കാലമായി പിരിഞ്ഞിരുന്ന പരിചയക്കാരുടെ ഇടയിലൂടെയൊക്കെ അവൾ മറ്റൊരു ഭഗവതി കണക്കെ പാറി നടക്കുകയായിരുന്നു അന്ന് .  ചില കാര്യങ്ങളൊക്കെ അവളിൽ നിന്നും ചോദിച്ചറിയാൻ ഉണ്ടായിരുന്നെങ്കിലും അതിനിടയിൽ ഒന്നും തനിക്ക് സാവകാശം കിട്ടിയിരുന്നില്ല .അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ കുറച്ചു മാറ്റങ്ങൾ കുറച്ചുകാലമായി കാണുന്നുവെന്നും  തങ്ങൾ നാട്ടിലേക്ക് അമ്മയെയും കൂട്ടി വരികയാണെന്നുമായിരുന്നല്ലോ ദേവിക പറഞ്ഞത് .. അത് കേട്ടപ്പോൾ ചില ആശങ്കകൾ തോന്നിയിരുന്നെങ്കിലും അന്ന് ഉച്ചസമയത്ത് ചെണ്ടത്തല്ല്കേട്ടപ്പോൾ ഭഗവതിക്കാവിലേക്ക് ചാടിയിറങ്ങിയ വിമലയുടെ സന്തോഷവും ചുറുചുറുക്കും ഒക്കെ എല്ലാം കണ്ടപ്പോൾ  മനസ്സിൽ നിന്ന് ആശങ്കകൾ എല്ലാം മാഞ്ഞുപോകുകയായിരുന്നല്ലോ ... ഒരു നിമിഷം തനിക്ക് അരികിലേക്ക് വന്നു നിന്നു കൊണ്ടാണ് വിമല ചോദിച്ചത്, നോക്ക് തിരിച്ചു പോകേണ്ടേ .. ... സമയം പോയത് അറിഞ്ഞില്ല സുരേഷും ദേവികയും ഇപ്പോൾ ഉച്ചയുറക്കം കഴിഞ്ഞു ഉണർന്നു കാണും . അവർ തിരക്കുന്നതിനു മുമ്പേതന്നെ നമുക്ക് അവിടെ എത്തണം.  തിരിച്ചുള്ള യാത്ര സാവധാനത്തിൽ ആയിരുന്നു .അവളുടെ ആവേശം അല്പം കുറഞ്ഞതുപോലെ .. അപ്പോഴാണ് താൻ ചോദിച്ചതെന്ന് അയാളോർത്തു. 
          " വിമലേ ഗൾഫിലെ ജീവിതമൊന്നും നിനക്കത്ര പിടിച്ചില്ലേ...അവിടെ നിന്ന് നീ വല്ലാതെ ദേഷ്യപ്പെടുന്നുമെന്നു ഒക്കെ ആണല്ലോ മോള് പറഞ്ഞത് .. "
   " നോക്ക് ..എനിക്കൊരു ദേഷ്യവും ഇല്ല.പക്ഷേ എത്ര നാളാണ് ചത്തുമലച്ച്, തണുപ്പിൽ മരവിച്ച പക്ഷികളെയും മൃഗങ്ങളെയും ഒക്കെ തിന്നു അവിടെ ജീവിക്കാൻ ആവുക ... എന്തുണ്ടായിട്ടെന്താ അവിടുത്തെ ജീവിതം മുഴുവൻ ഫ്രീസറിൽ ആയതു പോലെ ..മുറി വലിയൊരു ഫ്രീസർ ,കാർ വേറൊരു ഫ്രീസർ , ഷോപ്പിംഗ് മാൾ എന്ന് പേരുള്ള വേറൊരു ഫ്രീസർ . "
ഒന്നു നിർത്തി  പൊട്ടിച്ചിരിയോടെ അവൾ തുടർന്നു .അന്നൊരിക്കൽ മാളിൽ പോയപ്പോഴാണ് നമ്മുടെ ചക്കക്കുരു ഗ്ലാസ് കൂട്ടിനുള്ളിൽ അണ്ടി പരിപ്പിനെയും ബദാമിനിയുമൊക്കെ പോലെ വെച്ചത് കണ്ടത്. പിന്നെ വില എഴുതി വെച്ചത് കണ്ടപ്പോഴാണ് ഞെട്ടിയത്. സെയിൽസ്മാൻ പറഞ്ഞതൊന്നും എന്തോ എനിക്ക് അത്ര ഇഷ്ടമായില്ല. വേണമെങ്കിൽ കിലോ കണക്കിന് ചക്കക്കുരു നമ്മുടെ പടിഞ്ഞാറെ കണ്ടത്തിൽ നിന്ന് എടുത്തോളാമെന്ന് ഞാനും പറഞ്ഞു .അത് ക്യാമറയിൽ കണ്ട ഉടനെ സെയിൽസ് മാനേജർ ഓടിയെത്തി.ഉടനെത്തന്നെ സുരേഷും  ദേവികയും വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. നിങ്ങൾക്കറിയാമല്ലോ, എനിക്ക് പകൽ ഉറങ്ങി ശീലമില്ലാത്തത് ..ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ അവിടെ നിന്ന് നിന്ന് ഭഗവതിക്കാവിലെ ചെണ്ടമേളം കേട്ടത് പോലെ തോന്നി. എനിക്ക് പൊറുതി കിട്ടിയില്ല.നയനിക  മോളെയും കൂട്ടി ഞാൻ അതും അന്വേഷിച്ചു ഇറങ്ങി നടന്നു.ഞങ്ങളുടെ ഫ്ലാറ്റിനപ്പുറത്തെ ഒരു മാളിൽ ഏതോ സെയിൽസ് പ്രമോഷൻ നടക്കുകയായിരുന്നു. പഞ്ചാരിമേളവും നാദസ്വരവും ഒക്കെ ഉണ്ടായിരുന്നു . നാട്ടിൽ നിന്ന് ഏതൊക്കെയോ മേള വിദ്വാൻമാരെയാക്കെ കൊണ്ടുവന്ന്  തിമർക്കുകയാണ്. അതിൻറെ രസം പിടിച്ചപ്പോൾ ഞാൻ നയനിക മോളെയും പിടിച്ചു രണ്ടു ചുവടുകൾ വച്ചു. അവർക്കെല്ലാം ഇഷ്ടമായി. കൂടെയുള്ളവരും ഒപ്പം ചേർന്നു .നേരം പോയത് അറിഞ്ഞില്ല .അതിനിടെ ആരൊക്കെയോ അത് മൊബൈലിൽ പിടിച്ച് ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു.  ഒടുവിൽ എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു നടന്നത് മറ്റൊരു വഴിയിലൂടെയായിരുന്നു. മരുഭൂമി ആണെങ്കിലും ചെറിയൊരു തടാകവും ഒക്കെയുള്ള ഒറ്റപ്പെട്ട ഒരു ഗ്രാമം പോലുള്ള വഴിയുണ്ട്. ഞങ്ങൾ  അതിലൂടെ നടക്കുന്നതിനിടയിലാണ് പോലീസിന്റെ കാർ മുന്നിൽ വന്നു നിന്നത്. ദേവികയും സുരേഷും ഞങ്ങളെ കാണാതായപ്പോൾ  പരിഭ്രാന്തരായി പോലീസിൽ ഒക്കെ അറിയിച്ചിരുന്നു. ഏതായാലും അന്ന് സുരേഷിന് പോലീസിൽ നിന്ന് കണക്കിന് ശകാരം കിട്ടി. അന്ന് ഞങ്ങൾ ഇറങ്ങി നടന്ന വഴി , എവിടെ നിന്നോ കുടിയേറിപ്പാർത്ത ചില ആദിമ ഗോത്ര വർഗ്ഗത്തിൽ പെട്ടവർ താമസിക്കുന്ന കോളനികൾ ഉണ്ടത്രേ .. അവരുടെ രീതികളിൽ പൊതു സമൂഹത്തിന് സംശകരമായ പലതും ഉണ്ടത്രേ.. ഏതാനും മാസങ്ങൾക്കു മുമ്പാണത്രേ അവിടെയെവിടെയോ ഒരാളെ കൊന്ന് നുറുക്കി  കറി വെച്ച് ഫ്രിഡ്ജിൽ വെച്ചു സൂക്ഷിച്ചതിന് അവിടെ നിന്നൊരാൾ പിടിയിലായത് .. ആ കോളനിയും പരിസരവും പോലീസ് നിരീക്ഷണത്തിലാണത്രേ..അതോടെ ദേവികയും സുരേഷും സുരേഷ് അമ്മയെ നാടുകടത്തണമെന്ന് തീരുമാനിച്ചു ... ... ഹ ... ഹ.. അവൾ പൊട്ടിച്ചിരിച്ചു.സംസാരിച്ചുകൊണ്ടിരിക്കെ അമ്പലനടയും കഴിഞ്ഞ വളവിൽ വെച്ച് പെട്ടെന്നാണ് അവൾ തിരിഞ്ഞുനിന്നതും ചോദിച്ചതും ... "നിങ്ങൾക്ക് ഓർമ്മയുണ്ടോ ദേവൂന് ഒരു വയസ്സായപ്പോൾ നമ്മൾ ഉത്സവത്തിന് വന്നതും , ആന വിരണ്ടോടിയപ്പോൾ ഇതുവഴി നമ്മൾ ഓടിയതും ..അന്ന് ഇവിടൊക്കെ ഉയരമുള്ള മതിലായിരുന്നു. നിങ്ങൾ അന്ന് മതിലിൽ വലിഞ്ഞു കയറി എൻറെ കയ്യിൽ നിന്നും മോളെ തൂക്കിയെടുത്ത് ഉയരത്തിൽ വെച്ചതിന് ശേഷം എന്നെയും കൈപിടിച്ചു കയറ്റി അന്ന് ആനയ്ക്ക് വരാനാവാത്ത വഴികളിലേക്ക്നമ്മൾ ഓടിയെത്തിയപ്പോഴേക്കും പിന്നിലെത്തിയ ആന തുമ്പിക്കൈ നമ്മളുടെ നേരേ ചുഴറ്റിയതൊക്കെ എനിക്കോർമയുണ്ട്....."
          അന്ന് അവളത് പറഞ്ഞപ്പോൾ പെട്ടെന്ന് പഴയകാല ഓർമ്മകൾ തന്നെ ചുഴറ്റിയെടുത്ത് വലിച്ചു കൊണ്ടുപോയതായും അന്നത്തെ  മതിലിന്റെ ഉയരമൊക്കെ കുറച്ച് വീതി യുള്ള റോഡ് ആക്കി മാറ്റിയതിന്റെ അരികത്ത് ചിന്തയിലാണ്ട് നിന്നപ്പോൾ പുറകിൽ നിന്ന് ഒരു തള്ള് കിട്ടിയതും മതിലിന് താഴേക്ക് ഊർന്ന് വീണതും അയാളോർത്തു.
        നിനച്ചിരിക്കാതെ അന്ന് കിട്ടിയ തള്ളിൽ  താഴേക്ക് വീണപ്പോൾ മതിലിന് മുകളിൽ വിമലയുടെ മുഖം ... " കളളൻ ..
ഇപ്പോൾ എല്ലാം ഓർമ്മ വന്നല്ലോ ...എന്നെയും മോളെയും ഒറ്റയ്ക്ക് മുകളിൽ വലിച്ചു കയറ്റിയ ആളല്ലേ .. സ്വയം കയറി വന്നാൽ മതി ...ഞാൻ പോവാ ... മതിലുയരത്തിൽ നിന്നും താഴേക്ക് നോക്കിക്കൊണ്ടായിരുന്നു വിമലയത് പറഞ്ഞത്. മുടിയഴിച്ചിട്ട് കണ്ണുകൾ ഉരുട്ടിക്കൊണ്ട് കൈപ്പത്തികൾ നിവർത്തി അതു പറഞ്ഞപ്പോൾ തങ്ങൾ ഒരുമിച്ച് കണ്ടിരുന്ന പൂതനാമോക്ഷം കഥകളിയിലെ പൂതനയുടെ ചില അംഗവിക്ഷേപങ്ങൾ അവൾ എടുത്തണിഞ്ഞതായി തനിക്കു തോന്നിയിരുന്നതായി അയാൾ ഓർത്തു.അര മതിലുയരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പണ്ടത്തെപ്പോലെ അത് കവച്ചു വെക്കാൻ ആവാത്തതിനാൽ ചുറ്റിവളഞ്ഞു വേണം
ഇനി വീട്ടിലെത്താൻ വിമലയാണെങ്കിൽ കൈനീട്ടി തന്നതുമില്ല. പണ്ട് ഇതിലും ഉയരം മതിലിനു ണ്ടായിരുന്നപ്പോഴാണ് ്് താനൊറ്റയ്ക്ക് മതിലിൽ നിന്നും വലിഞ്ഞു കയറിയതും വിമലയെയും മോളെയും മദയാനയിൽ നിന്നും രക്ഷിച്ചതും.അന്ന് പരവശനായി വീട്ടിലേക്ക് തിരക്കിട്ട്  നടക്കുമ്പോൾ മനസ്സിലാകെ ആശങ്കയായിരുന്നു , പ്രാർത്ഥനയും .
        "എൻറെ ഭഗവതീ.. ഇനി അവൾ വീട്ടിലേക്ക് തന്നെയല്ലേ പോയിട്ടുണ്ടാവുക.. ഏതായാലും അന്ന് വീട്ടിലെത്തുമ്പോഴേക്കും വിമല ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ എങ്ങും പോയില്ല നിങ്ങൾ ഇതുവരെ എവിടെയായിരുന്നു എന്നൊരു ഭാവം അവളുടെ മുഖത്തും . വിമലയുടെ പിന്നിൽ കയ്യും കെട്ടി നിന്ന ദേവിക അല്പം ഗൗരവത്തോടെയാണ് പറഞ്ഞത് ... "അച്ഛന് മനസ്സിലായില്ലേ ഇതാണ് അമ്മയുടെ പരിപാടി .. ആരും കാണാതെയും ആരോടും പറയാതെയും തോന്നിയ ഇടത്തേക്കൊക്കെ പെട്ടെന്നങ്ങ്  ഇറങ്ങിപ്പോവുക ബാക്കിയുള്ളവർ ആധിയോടെ അമ്മയെയും തിരഞ്ഞു നടക്കുക ..അവിടെയൊക്കെ എത്ര      മാൻ മിസ്സിങ് കേസുകളാണ് ഉണ്ടാവുന്നതെന്ന് അച്ഛന് അറിയാമോ .." തുടർന്ന് പറഞ്ഞത് സുരേഷ് ആണ് . "ഏതായാലും ഇത്തവണ അമ്മയെ കൂടെ കൊണ്ടുപോകാൻ ആവില്ല പകരം ഒരു മൂന്നുമാസത്തേക്ക് എങ്കിലും അച്ഛനെ കൂടെ കൊണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം ഞാനാണെങ്കിൽ പുതിയ പ്രോജക്റ്റിന്റെ ഭാഗമായി മൂന്നുമാസത്തോളം ദേവികയുടെ അടുത്ത് ഉണ്ടാവുകയുമില്ല..അച്ഛനാകുമ്പോൾ നന്ന് പേപ്പേഴ്സ് എല്ലാം റെഡിയായിട്ടുണ്ട്. അതുവരെ ഒന്നും മിണ്ടാതിരുന്ന വിമല പെട്ടെന്ന് ഇടയ്ക്കു കയറി പറഞ്ഞു.  "അതെ അതാ നല്ലത് ..എനിക്ക് വയ്യ ചാവുന്നതിനു മുമ്പ് തന്നെ ഫ്രീസറിൽ കയറിയിരുന്നുള്ള  ജീവിതം . ഞാൻ ഇവിടുത്തെ ചൂടുകാറ്റും വെയിലും ഒക്കെ കൊണ്ട് അങ്ങനെ ങ് കഴിഞ്ഞോട്ടെ. നിങ്ങൾ മക്കളുടെ കൂടെ മൂന്നുമാസം അല്ല മൂന്ന് കൊല്ലം എത്രവേണമെങ്കിലും കഴിഞ്ഞോളൂ .."
ദേവിക ഇടപെട്ടു.
" അങ്ങനെ അമ്മയെ തോന്നിയ പോലെ വിടാനൊന്നും ഞങ്ങൾ തീരുമാനിച്ചിട്ടില്ല. സുരേഷേട്ടനെ അറിയാവുന്ന ഡോക്ടർമാരുണ്ട്.
ഡോ. റോയ് മാത്യു  തലച്ചോറിലെ ബീറ്റാ അമൈലോയ്ഡ് പ്രോട്ടീനെക്കുറിച്ചുള്ള പഠനത്തിൽ പ്രശസ്തനാണ്. 
 അമ്മയെ ഒന്ന് കാണിക്കണം അമ്മയുടെ ഇടയ്ക്കിടെയുള്ള മറവിയും പെട്ടെന്ന് പെട്ടെന്നുള്ള തീരുമാനങ്ങളും  . .ഡോക്ടർ പറയുന്നത്.,തലച്ചോറിനെ എപ്പോഴും ആക്ടീവ് ആക്കി നിർത്താൻ ഉള്ള ചില ടെക്നിക്കുകൾ ഒക്കെ ചെയ്താൽ അമ്മയുടെ ഈ പ്രശ്നങ്ങളെയൊക്കെ വരുതിയിൽ കൊണ്ടുവരാമെന്നതാണ് .അതിന് അമ്മയെ ഒറ്റയ്ക്ക് വീട്ടിൽ വിട്ടാൽ ശരിയാവില്ല .ഡോക്ടർ റോയ് മാത്യുവിന്റെ  ഇത്തരം കുഴപ്പങ്ങളുള്ള പ്രായമായവർക്കു വേണ്ടിയുള്ള റീഹാബിലിറ്റേഷൻ ആൻഡ് റിക്രിയേഷൻ ട്രീറ്റ്മെന്റ്റ് സെൻറർ ഉണ്ട് .എല്ലാ കാര്യങ്ങളും അവർ തന്നെ നോക്കിക്കൊള്ളും അവിടെയാകുമ്പോൾ അമ്മയ്ക്ക് തോന്നിയപോലെ ചാടിയിറങ്ങി നടക്കാൻ ഒന്നും പറ്റില്ല.."
              അപ്പോൾ ഭഗവതിക്കാവിൽ നിന്നൊരു കതിന പൊട്ടി. വെളിച്ചപ്പാടിന്റെ അട്ടഹാസം പുഴയോരത്തെ കാറ്റില്‍ പെട്ട് നേർത്ത് പോയത് പിന്നാലെ എത്തി. വിമല ഒന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ താനും നിന്നു . അയാൾ ഓർത്തെടുത്തു. ആരോടും പറയാതെയുള്ള വിമലയുടെ പകൽസഞ്ചാരങ്ങൾ വീണ്ടും തുടർന്നപ്പോഴാണ് വിമലയെയും കൂട്ടി ദേവികയും സുരേഷും ഡോക്ടറെ ചെന്ന് കാണുന്നത്. പിന്നീട് കുറച്ചു നാളുകളെ അവരുടെ ലീവ് തീരാൻ ഉണ്ടായിരുന്നുള്ളൂ ...പോകുന്ന ദിവസം വരെ തങ്ങൾ ഒരുമിച്ചു നിന്നാൽ എന്തെങ്കിലും വൈകാരിക പ്രകടനങ്ങൾ വിമലയുടെ ഭാഗത്തുനിന്ന് ഉണ്ടായാലോ എന്ന് ഭയന്നത് കാരണമാവാം  അത് ഒഴിവാക്കാൻ   പോകുന്നതിന് രണ്ടുദിവസം മുമ്പേ തന്നെ വിമലയെ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റിയത്. വിമലയാവട്ടെ അവിടെയും ഹാപ്പിയായിരുന്നു. 
              അങ്ങനെയാണ് ദേവികയുടെയും സുരേഷിന്റെയും കൂടെ മധ്യതരണ്യാഴി കടക്കാനായി താനും വിധിക്കപ്പെട്ടത്. ഫ്ലൈറ്റ് അതിരാവിലെ ആയതിനാൽ ഉറക്കം ഒഴിക്കാതെ മര്യാദയ്ക്ക് ഉറങ്ങണമെന്നും കഴിഞ്ഞ തവണ ഉറക്കമിളച്ചതു കാരണം ജെറ്റ് ലാഗിന്റെ പ്രശ്നങ്ങൾ അമ്മയ്ക്ക് വന്നത് കുറച്ചു ബുദ്ധിമുട്ടിചെന്നും ദേവിക ഓർമിപ്പിച്ചിരുന്നു. പഴയ ഓർമ്മകളിൽ പുതഞ്ഞ മനസ്സുമായി മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിലാണ് നമ്പ്യാർവട്ടത്തിന്റെയും പനിനീർച്ചെടിയുടെയും ഇടയിലേക്ക് വെളിച്ചത്തിന്റെ മൂർച്ചയേറിയ ഒരു ചീള് പെട്ടെന്ന് വന്നു വീണത് അയാൾ കണ്ടത്. ദേവികയുടെ മുറിയിൽ ലൈറ്റ് ഇട്ടിരിക്കുന്നു താൻ ഇങ്ങനെ ഉറങ്ങാതെ മുറ്റത്ത് ഇറങ്ങി നടക്കുന്നത് അവൾ കാണണ്ട. അയാൾ പെട്ടെന്ന് ഒരു മോഷ്ടാവിന്റെ മെയ് വഴക്കത്തോടെയെന്ന വണ്ണം അതിവേഗം കോലായിലേക്ക് കയറി, വാതിൽ ശബ്ദം ഉണ്ടാക്കാതെ അടച്ച് , തന്റെ മുറിയിലേക്ക് കയറി ഉറക്കം നടിച്ചു കിടന്നു.
            അൽപസമയത്തിനുശേഷം മുറിയിൽ എത്തിയ ദേവിക അയാളെ വിളിച്ചു.
" അച്ഛാ എഴുന്നേറ്റ് സാവധാനത്തിൽ റെഡിയായിക്കൊള്ളു .. ഇനി അധികം സമയമില്ല. " അപ്പോൾ അച്ഛൻറെ മുഖത്ത്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾ തന്റെ അവസാനത്തെ പുലരി കാണാൻ തയ്യാറെടുക്കുന്നത് പോലെയുള്ള ഒരു ഭാവം നിഴലിച്ചത് ദേവിക കണ്ടില്ല.ഉറക്കത്തിൽ എന്നപോലെ അയാൾ എഴുന്നേറ്റ് കട്ടിലിൽ തന്നെ ഇരുന്നു. തലേന്ന് രാത്രി തന്നെ അത്യാവശ്യത്തിനുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്ത ലഗേജ് ദേവിക കട്ടിനുള്ളിനുള്ളിലേക്ക് വെച്ചിരുന്നു. ദേവിക മുറിയിൽ നിന്ന് പോയതിനുശേഷം അയാൾ മുറിയാകെ നോക്കി.  ഹാംഗറിൽ വിമലയുടെ ഒരു സെറ്റ് മുണ്ടും ബ്ലൗസും ഉണ്ടായിരുന്നു. മേശപ്പുറത്ത്, വിമലയുടെ വലിയ പല്ലുകളുള്ള ചീപ്പിൽ ഏതാനും വെള്ളിമുടിയിഴകളും. അയാൾ കുനിഞ്ഞു കട്ടിൽ അടിയിൽ നിന്നും ബാഗ് പുറത്തേക്ക് വലിച്ചെടുത്തു സാമാന്യം കനമുള്ള, ചീർത്ത പള്ളയുള്ള അതിന്റെ സിബ്ബ് വലിച്ചു തുറന്നു .അതിൽ നെല്ല് കുത്തരിയും ചക്കക്കുരുവും ഒക്കെ കവറിലാക്കി വച്ചിരിക്കുന്നു. അയാൾ അതിൽ നിന്നും ചക്കക്കുരുവിന്റെ കവർ എടുത്ത് മാറ്റി കട്ടിലിന്റെ  അടിയിലേക്ക് കാല് കൊണ്ട് ഉന്തി വെച്ചു  . പകരം വിമലയുടെ ബ്ലൗസ് എടുത്ത്  ബാഗിലേക്ക് വെച്ചു .
              അപ്പോൾ അങ്ങ് ദൂരെ ഏതോ ഇരുണ്ട ഭൂഖണ്ഡത്തിലെ വനാന്തരങ്ങളിലെവിടെയോ ആദിമഗോത്രവാസികളിൽ ചിലർ തങ്ങളുടെ ആരാധനാമൂർത്തിക്ക് ചുറ്റും ചടുലതാളത്തിൽ എന്തൊക്കെയോ പാടി നടക്കുകയായിരുന്നു. തങ്ങളുടെ രുചിമുകുളങ്ങൾക്കനുസൃതമായ ഇരകളെ ഇനിയുമിനിയും എളുപ്പത്തിൽ മുന്നിൽ എത്തിച്ചു തരാനും ജീവിതം സമ്പുഷ്ടമാക്കിത്തരാനുമായി തങ്ങളുടെ മൂർത്തിയെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബലിക്കല്ലിലേക്ക് കൈകാലുകൾ ഉടലിനോട് ബന്ധിക്കപ്പെട്ട്  ചേർത്തുവെക്കപ്പെട്ട ഇരയുടെ കഴുത്തിന് മീതേ അവരിലൊരാൾ വാളുകൊണ്ട് ആഞ്ഞു വെട്ടി.
             എയർപോർട്ടിലേക്ക് പോകാനായി ടാക്സിയിലേക്കു കയറുമ്പോൾ ദേവിക അയാളോട് ചോദിക്കുന്നുണ്ടായിരുന്നു , " അച്ഛാ ഒന്നും എടുക്കാൻ മറന്ന് പോയിട്ടില്ലല്ലോ അല്ലേ ...." ?
           അപ്പോൾ അതിനു മറുപടിയെന്നവണ്ണം അയാളിൽ നിന്നും ഉയർന്നത് ഒരു ആർത്തനാദമായിരുന്നു.
             ....................
 
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക