Image

ആർട്ടിക്കിൾ 370 (കഥാമത്സരം-23- സുമ ശ്രീകുമാർ)

Published on 24 November, 2023
ആർട്ടിക്കിൾ 370 (കഥാമത്സരം-23- സുമ ശ്രീകുമാർ)

ഫറയെ തിരഞ്ഞു മടുത്ത നാളുകളിലെപ്പഴോ മനസ്സിൽ തോന്നിയ ആശയങ്ങൾ കാൻവാസിൽ പകർത്താൻ തുടങ്ങി. പക്ഷേ വരയ്ക്കുന്ന സ്ത്രീരൂപങ്ങൾക്കെല്ലാം അവളുടെഛായയായിരുന്നോ... അതോ കാണുന്ന ചിത്രങ്ങളിലെല്ലാം ആ മുഖം തെളിയുന്നതാണോ ?...
ഇതിപ്പോൾ  പന്ത്രണ്ടു വർഷങ്ങൾക്കുള്ളിൽ മുപ്പതാമത്തെ പ്രദർശനമാണ്.
ഏതെങ്കിലും സ്ഥലത്ത് ഫറയെ കണ്ടാലോ എന്ന ചിന്തയിലുള്ള  യാത്ര.
ഡൽഹിയിലും ഹരിയാനയിലും അജ്മീറിലുമെല്ലാം ആ മുഖം പരതി നടന്നെങ്കിലും നിരാശയായിരുന്നു ഫലം.
 
ഏറേനേരമായി പൂത്തുനിൽക്കുന്ന ഗുൽമോഹർ ചുവപ്പിലേക്ക് നോക്കിനിൽക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു.
ഫറയ്ക്കേറെ പ്രിയപ്പെട്ട ഗുൽമോഹർ പൂക്കളെ കാൻവാസിലാക്കിയത് എന്നെങ്കിലും അവളെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു.
കുറേനേരം നോക്കിനിന്നശേഷം അയാളതിലൂടെ വിരലുകളോടിച്ച് തിരിഞ്ഞുനിന്നു  സാഗറിനെ നോക്കി ചോദിച്ചു .
 " ഈ ചിത്രം ഇതു വിൽക്കാനാണോ ?"
 "അല്ല ... ആ ഭാഗത്തുള്ള ചിത്രങ്ങളാണ് വില്പനയ്ക്കുള്ളത് "
ഫറയുടെ ഇഷ്ടങ്ങളുടെ ഓർമ്മക്കുറിപ്പുകളിലൊന്നിൽ ചെറുപ്പക്കാരൻ തൊട്ടതിന്റെ അസഹ്യത ആ സ്വരത്തിൽ  നിഴലിച്ചിരുന്നു.

പക്ഷേ എന്തോ അയാൾ മറുപുറത്തേക്കു പോവാതെ ആ ഭാഗത്തുതന്നെ നിലയുറപ്പിച്ചു. 
" ഇതിലേതെങ്കിലും കിട്ടുമെങ്കിൽ വാങ്ങിക്കാമായിരുന്നു "
വീണ്ടുമായാൾ ആ ചിത്രങ്ങളെ നോക്കിപ്പറഞ്ഞു
ശിവജി കോളേജിന്റെയും ഡൽഹിയിൽ തങ്ങളൊരുമിച്ചുപോയ സുന്ദര ലോകങ്ങളുടേയും തൂവൽ  സ്പർശങ്ങളിൽ പാർന്നു പിടിക്കുന്ന അയാളുടെ  അമിതശ്രദ്ധ സാഗറിനെ ഏറെ അസ്വസ്ഥനാക്കി

മുളങ്കാടുകളും വാട്ടർലില്ലിപൂളുകളുമുള്ള മുഗൾ ഗാർഡനിലും ലോധി പൂന്തോട്ടത്തിന്റെ അവശിഷ്ടങ്ങളിലുമെല്ലാം അയാളുടെ കണ്ണുകൾ ആർത്തിയോടെ പരതി നടക്കുന്നുണ്ടായിരുന്നു.
ഫറയുടെ ചിത്രത്തിലേക്ക് പാറിവീണ അയാളുടെ മിഴികളിൽ വിസ്മയപ്പുക്കൾ വിടർത്തി . ഇന്നുവരെ മനുഷ്യരിൽ കണ്ടതിലുമപ്പുറമുള്ള വികാരത്തിരമാലകൾ ആ മുഖത്ത് മിന്നിമറയുന്നത് സാഗറിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്

" ഇത്.... ഇത്... ഇതാരാണ് ? ചിത്രത്തിൽനിന്ന് കണ്ണെടുക്കാതെ അയാൾ ചോദിച്ചു.
പരിഭ്രമം കലർന്ന വിറയലിൽ  മുറിഞ്ഞുപോയ ആ ശബ്ദം സാഗറിനെ അസ്വസ്ഥതയിൽനിന്ന് വിഭ്രാന്തിയിലേക്കുയർത്തി
ദീർഘനേരം ആ ചെറുപ്പക്കാരനെ നോക്കി നിന്നു... ആരാണയാൾ
" എന്തേ ചോദിക്കാൻ "
കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് സാഗർ പതിയേ ശബ്ദിച്ചു.
" നിങ്ങൾക്കിവരെ അറിയുമോ ? "

മറു ചോദ്യത്തിൽ അയാൾ വീണ്ടും സാഗറിനെ തളച്ചു.
ഋതു ചക്രപ്പാച്ചിലിൽ എത്രയോ ദിനങ്ങൾ വിടർന്നടർന്നു വീണു . വർഷങ്ങൾക്കുമുൻപ് തന്റെ മനസ്സിന്റെ  വർണ്ണച്ചെപ്പിൽ നിന്ന് വാരിവിതറിയ സിന്ദൂരം  അതിന്റെ ഓർമ്മകൾപോലും നിരാശയുടെ കരിനിഴൽ കൂടായിരുന്ന സാഗറിന്റെ മുഖത്ത് അരുണശോഭ പടർത്തി .
"നിങ്ങളുടെ പേരെന്താ .. "
ആ ചിത്രത്തിൽ മിഴിയർപ്പിച്ച് അസാധാരണ ഭാവങ്ങൾ മിന്നിമറയുന്ന ആ മുഖത്തേക്ക് നോക്കി സാഗർ ചോദിച്ചു .
" ഫിറോസ് ഫെബിൻഖാൻ "
ആ പേരു കേട്ടതും സാഗറിന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശപൂരിതമായി ...
ഫെറാ  ഫെബിൻഖാന്റെ ഇരട്ട സഹോദരൻ ഫിറോസ് ഫെബിൻ  ആണോ തന്റെ മുന്നിൽ നിൽക്കുന്നത് !

മനോഹരിയായകാശ്മീരിലെ , പർവതങ്ങളുടെ കണ്ണാടിയായ ശ്രീനഗറിലെ
യാഥാസ്തിതിക കുടുംബത്തിലെ കാശ്മീർ സുന്ദരി ഫറാ....
 ഡൽഹിയിൽ ബിസിനസ്  ശൃംഖലയിലെ പ്രമുഖനയിരുന്നു അവളുടെ അബ്ബാജാൻ ഫെബിൻ ഖാൻ .
ആ ഒരു കാരണത്താൽ മാത്രം  ശിവാജി കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിക്കാൻ അവളെത്തി. 

അവിടത്തെ ഗണിതാധ്യാപകനായിരുന്ന  സാഗർ വർമ്മയുടെ മനസ്സു കീഴടക്കിയ കാശ്മീരി പെൺകുട്ടിയായ ഫറയിൽ അയാൾ ഒരുപാട് പ്രത്യേകതകൾ ശ്രദ്ധിച്ചിരുന്നു. 
 സദാ പുഞ്ചിരി തൂകി നടക്കുന്ന അവൾ എല്ലാവരോടും ഒരകലം പാലിച്ചിരുന്നു....

ലൈബ്രറിയിലും ക്ലാസ് മുറികളിലും മാത്രമായി ഒതുങ്ങിക്കൂടിയിരുന്ന ഫറയിൽ തന്റെ പൈതൃക മുൾക്കൊള്ളുന്ന മലയാളക്കരയിലെ ഒരു നാട്ടിൻ പുറത്തുകാരിയെ കണ്ടെത്തുകയായിരുന്നു സാഗർ ....
അവളുടെ കരിനീല മിഴികളും നീണ്ട മുടിയിഴകളും  അതി മനോഹരമായ ആ മുഖത്തെ ശാലീനതക്ക് മാറ്റുകൂട്ടി .
പുസ്തകങ്ങളേയും ഗുൽമോഹർ പൂക്കളെയും സ്നേഹിച്ചിരുന്ന ഫറ എപ്പഴോ മനസ്സിൽ മായാത്ത അടയാളമായി മാറി.  ചിന്തകളുടെ സ്പർശം ഓർമ്മകളെ വെള്ളിത്തിരയിലെന്നപോലെ മനസ്സിൽ തെളിയിച്ചു.
ശ്രീനഗറിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്ന ഫറയ്ക്ക് ഡൽഹിയിലെ നഗരപ്രാന്തങ്ങൾ ഹരമായിരുന്നു..

അതുകൊണ്ട്തന്നെ മിക്ക ഒഴിവു ദിവസങ്ങളിലും ഹൗസ് ഖാസിന്റെയും കോനാട്ട് പ്ലേസിന്റെയുമൊക്കെ ആത്മാവന്വേഷിച്ചു നടക്കലായിരുന്നു പ്രധാന വിനോദം... പരന്തേവാലി ഗലിയിലെ മസാലക്കൂട്ടുകളിൽ മുങ്ങിക്കുളിച്ചു നടക്കുന്നതിനിയിൽ അവിചാരിതമായാണ് അവളുടെ അബ്ബാജാനെ കാണാനിടയായത്.

പുകമഞ്ഞു പടർന്ന പോലെയുള്ള മുഖവുമായി കുറെനേരം അദ്ദേഹവും തങ്ങൾക്കൊപ്പം നടന്നു.
കാഴ്ചക്ക് ആജാനബാഹുവെങ്കിലും വളരെ സൗമ്യമായ സംസാരവും പെരുമാറ്റവും അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നിപ്പിച്ചു 

സംസാരത്തിനവസാനം പതിഞ്ഞ ശബ്ദത്തിലദ്ദേഹം മൊഴിഞ്ഞു  .ഫറ ഒരു കാശ്മീരി പെൺകുട്ടിയാണെന്നറിയാമോ ....

വിശദീകരണമോ  ഒഴിഞ്ഞുമാറലോ എന്നറിയാത്ത ഒരു ചോദ്യവാചകത്തിൽ 
സംസാരം നിർത്തിയ 
അദ്ദേഹം അവളെയും 
കൂട്ടി നടന്നു നീങ്ങി.
അടുത്തദിവസം  ഫറ കോളേജിലേക്ക് വന്നില്ല

അതിനടുത്തദിവസം ലൈബ്രറിക്കകത്തിരിക്കുന്ന അവളുടെയടുത്തേക്കു ചെന്നു. വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് പതിയേ അവൾ സംസാരിച്ചു തുടങ്ങി.
ഇനി പരീക്ഷക്കേ വരൂ എന്നും ഒരിക്കലും തമ്മിൽ കാണാൻ കഴിയില്ലെന്നും പറഞ്ഞവൾ പതിയേ എഴുന്നേറ്റു....

എത്ര കാലം കഴിഞ്ഞിട്ടായാലും ഫറയെ കാത്തിരിക്കുമെന്നു പറഞ്ഞപ്പോൾ ഒന്നും പറയാതെ അവൾ നടന്നുനീങ്ങി.
പിറകെ ചെന്ന് ഒരുപാട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. കാശ്മീരും അവളുടെ അമ്മീ ജാനും നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഈ ബന്ധം ഉപേക്ഷിക്കണം. അമ്മിജാന് വാക്കുകൊടുത്തുപോയത്രേ ---കാശ്മീരി പെൺകുട്ടികൾക്ക്പുറംലോകം നിഷിദ്ധമാണ്പോലും !
 "ഇതു പുതിയഅറിവല്ലല്ലോ... അപ്പോൾ ഞാനല്ലാതെ മറ്റൊരാളും ജീവിതത്തിലുണ്ടാവില്ലെന്ന് എനിക്കുതന്ന വാഗ്ദാനമോ ? "
" അതും  നടക്കും. "
കലങ്ങിയ മിഴികൾ വിദൂരതയിലൂന്നിയവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
എന്തിലുമുപരി വാക്കിന് വില കൊടുക്കുന്നവളാണ് ഫറ അതുകൊണ്ട് തന്നെയാണ് ആ വാക്കുകൾ വിശ്വസിച്ച് അവളെയുംതേടി നടക്കുന്നത്.
ശ്രീനഗറിലെ വീട്ടിലവൾ ഇല്ലെന്നു മനസ്സിലായി. പിന്നെവിടെപ്പോയി എന്ന ചോദ്യത്തിനുത്തരമന്വേഷിച്ചുള്ള ഓട്ടത്തിനിടയിലാണ് തീർത്തും അവിചാരിതമായി ഫിറോസിനെ കണ്ടുമുട്ടിയത് .

" ആ സാഗർ വർമ്മയാണോ താങ്കൾ "
സംശയത്തോടെയുള്ള ഫിറോസിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നുണർത്തിയത്. 
" ഉം. " ഉത്തരം ഒരു മൂളലിലൊതുക്കി .
" താങ്കൾ പ്രൊഫസറല്ലേ "
 "അതേ "
അപ്പോൾ അവൻ അമ്പരപ്പോടെ ചിത്രങ്ങളിലേക്കു നോക്കി...
 " ഫറയെ കണ്ടെത്താനുള്ള  ഉപാധിയായി തുടങ്ങിയതാണ് . സാഗർ വർമ്മയുടെ ചിത്രപ്രദർശനമെന്നു കേട്ടാൽ എവിടെയായാലുമതു കാണാൻ അവൾ വരുമെന്ന വിശ്വാസത്തിൽ "
  അവനോട് അല്പനേരം സംസാരിച്ചതിൽ നിന്ന് ചിത്രം വ്യക്തമായി. കാശ്മീരി പണ്ഡിറ്റ് കുടുംബമായിരുന്ന  അവളുടെ അമ്മയുടെ കുടുംബം കാശ്മീർ വിട്ടു പോവാനാവാത്തതു കൊണ്ട് മാത്രം ജീവിത രീതികൾവരെ മാറ്റിയവരാണ്. 
ഫറ , സാഗറിനെ വിവാഹം കഴിക്കുകയാണെങ്കിൽ ഫറയുടെ കാശ്മീർ പൗരത്വം എന്നെന്നേക്കുമായി നഷ്ടപ്പെടും.
അതവരുടെ കുടുംബത്തിന്റെ കാശ്മീരിലെ ഒന്നാംപൗരത്വത്തേയും ബാധിക്കും ....
ആ ഒരു കാരണത്തിലാണ് ഫറ സാഗറിൽനിന്നുമാറിപ്പോയത്. ഇപ്പോൾ
ഒരു സൂഫി സംഘത്തിനൊപ്പം ഉത്തർപ്രദേശിലെവിടെയൊ അവളുണ്ട്.
സാഗറിനു കൊടുത്ത വാക്കുപാലിക്കാനായി മറ്റാരേയും വിവാഹം കഴിക്കാതെ തുറുഖിന്റെ ഭാഗമായി ജീവിയ്ക്കുന്നു.

"  സാഗർസർ ഫറയെ വിവാഹം കഴിക്കുന്നതിൽ ഞങ്ങൾക്കാർക്കും വിരോധമില്ല , പക്ഷേ കാശ്മീരിന്റെ നിയമമാണത്. 
കാശ്മീരിപെൺകുട്ടികൾക്ക് കാശ്മീരിന് പുറത്തുള്ളയാളെ വിവാഹം കഴിയ്ക്കാൻ അനുവാദമില്ല. "

 "ഇപ്പോൾ ആ നിയമം മാറിയില്ലേ ?"
" നിയമമല്ലേ മാറിയിട്ടുള്ളൂ പഴമനസ്സുകൾ മാറുന്നത് എളുപ്പമല്ലല്ലോ "
പ്രതീക്ഷയോടെയുള്ള സാഗറിന്റെ വാക്കുകൾ കേട്ട ഫിറോസ് പുഞ്ചിരി തൂകി തുടർന്നു.
 "കാശ്മീരികൾ ഇപ്പോഴും ഇതൊന്നും അംഗീകരിക്കാൻ പാകമായിട്ടില്ല. "
വർഷങ്ങളിത്രയായിട്ടും ഫറയിൽ മാറ്റമില്ലാത്തതിനാൽ ഇപ്പോഴവിടെ ഒറ്റപ്പെടേണ്ടി  വന്നാലും വീട്ടുകാർ സമ്മതിക്കുമെന്നുമാത്രം "

 കാലങ്ങളായി തുറുഖിന്റെ ഭക്തിസാന്ദ്രതയിൽ ലയിച്ചുചേർന്ന ഫറയെ തിരിച്ചു വിളിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു...
പ്രതിസന്ധികൾക്കൊടുവിൽ  ഒന്നുചേർന്ന ഫറയും സാഗറുംവർഷങ്ങൾക്കുശേഷം വീണ്ടുംപഴയപോലെ ഡൽഹിയിൽ കറങ്ങിനടന്ന് ഇന്ത്യാ ഗേറ്റിന് മുന്നിലെത്തിയപ്പോൾ സാഗർ  ഫറയെ ചേർത്തുപിടിച്ചു മന്ത്രിച്ചു...
 ഒന്നാം ലോകമഹായുദ്ധത്തിൽ പൊലിഞ്ഞുപോയ എഴുപതിനായിരത്തിലധികം ധീരസേനാനികളുടെ സ്മാരകമാണിത്...  ഒരുപാട് പേരുടെ സ്നേഹം  തകർത്തെറിഞ്ഞ  ആർട്ടിക്കിൾ 370  ഇവിടെ ഉപേക്ഷിക്കാം 
 നമ്മളെപ്പോലുള്ളവരുടെ സ്നേഹസാഫല്യത്തിനായ് പ്രണയലിപികളിൽ എഴുതിവെക്കാം
ഒരേ ഒരു ഇന്ത്യ..... ഒരൊറ്റ ജനത .

>>>കൂടുതല്‍ വായിക്കാന്‍ പിഡിഎഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക:

https://emalayalee.b-cdn.net/getPDFNews.php?pdf=303335_Ar370.pdf

Join WhatsApp News
Suma Sreekumar 2023-11-26 16:14:24
ആർട്ടിക്കിൾ 370 വായിച്ചു ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക