Image

റേഷാൾ  (കഥാമത്സരം-23 -ഡോ. പി.കെ.കുട്ടി)  

വര: പി ആര്‍ രാജന്‍ Published on 11 November, 2023
റേഷാൾ  (കഥാമത്സരം-23 -ഡോ. പി.കെ.കുട്ടി)  

ഓണത്തിൻറെ തലേന്നാൾ ആയതുകൊണ്ടായിരിക്കാം ഔട്ട് പേഷ്യൻറ് ക്ലിനിക്  വളരെ തിരക്കിലായിരുന്നു. മൂന്നു ഡോക്ടര്മാർ  വിശ്രമമില്ലാതെ ജനറൽ ഒപി നടത്തിയിട്ടും അവസാനത്തെ രോഗിയെ നോക്കി കഴിയുമ്പോഴേക്കും മണി ഒന്നായിരുന്നു.

അന്ന് ഉച്ചമുതൽ ഒരാഴ്ചത്തെ അവധി സംഘടിപ്പിക്കാനും സാധിച്ചു; ഓണം ഹോളിഡേയ്സും കാഷ്വൽ ലീവും ചേർത്ത്.

 രാവിലത്തെ ജോലികഴിഞ്ഞു  ഒരുവിധം എല്ലാവരും പോയിരിക്കുന്നു.
ഡ്യൂട്ടി റൂമിൽ ചെന്ന് ബാഗുമെടുത്ത് കാറിലേക്ക് നടക്കുമ്പോൾ കൂടെ നടന്നു കൊണ്ട് ഡോക്ടർ ശങ്കരൻ നായർ ചോദിച്ചു, "ഇന്നിപ്പോൾ ചിറ്റൂർക്കാണോ ഡ്രൈവ്?"
 "അതെ. നാളെ ഓണസദ്യ കഴിഞ്ഞു മുത്തച്ഛനെ കാണാൻ നെമ്മാറക്ക്” 

 “എനിക്കോർമയുണ്ട് കഴിഞ്ഞ വർഷം  കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ചിറ്റൂർക്കു പോകാൻ കാറിൽ കയറുമ്പോഴായിരുന്നല്ലോ മുത്തശ്ശി മരിച്ച ഫോൺ വിവരം വന്നത്. You were very close to your മുത്തശ്ശി and devastated! Luckily you had a driver those days. I remember vividly. How is your grandfather now?”
“തൊണ്ണൂറ്റി നാലായില്ലേ  വയസ്സ്. മുത്തശ്ശിയുടെ മരണശേഷം അൽഷിമേഴ്‌സ് advanced  ആയിട്ടുണ്ട്!  കൂടെ ചെറിയമ്മയും കുടുംബവും ഉണ്ടെങ്കിലും   അവരെകൊണ്ട് ഒന്നും മാനേജ്   ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.  അജിറ്റേഷനും വയലൻസും    പിന്നെ കണ്ണുതെറ്റിയാൽ എങ്ങോട്ടെങ്കിലും ഇറങ്ങിയോട്ടവും.” 

  “അമ്മ ഇപ്പോൾ നെമ്മാറയിൽ തന്നെയോ?"
"ഞങ്ങൾക്ക് പ്രൈവസി തരാനാണെന്നും പറഞ്ഞു കുറച്ചുകാലം തനിയെ നെന്മാറയിൽ താമസിച്ചു. ഇപ്പോൾ രണ്ടുമാസമായി ചേട്ടന്റെ  കൂടെയാണ്. മറ്റന്നാൾ ഞങ്ങൾ കോയമ്പത്തൂരെത്തും അമ്മയെ കാണാൻ. പിന്നെ ഓമനക്കും അനുജത്തിക്കും കുറേ ഷോപ്പിങ്ങിനും പ്ലാനുണ്ട്”    

"എന്നാ  ഇംഗ്ലണ്ടിലേയ്ക്കു യാത്ര?"
"ഡിസംബർ 28 നാണു ബുക്ക് ചെയ്തിരിക്കുന്നത്"
“ഫാദർ ഇൻ ലോ പത്രത്തിൽ കൊടുത്ത റൈറ്റ്അപ് നന്നായിരുന്നു”
“അച്ഛനിതൊക്കെ വലിയ കാര്യമാണ്‌ “ 

താലൂക് ആസ്പത്രിയിൽ ജൂനിയർ ഡോക്ടർമാർക്കെല്ലാം ഒരു ഗുരുവും മാർഗദർശിയും ജ്യേഷ്ഠസഹോദരനുമാണ് ശങ്കരൻനായർ സാർ. നാട്ടുകാരുടെ ജീവനും.  അയാൾ സ്നേഹപൂർവ്വം ഓർത്തു.

റോഡ് അരികിലെ ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് പഞ്ചായത്ത് ഓഫീസ്. താഴെ ബീഡിക്കമ്പനിയും അബുവിന്റെ ഒരു ചെറിയ പലചരക്ക് കടയും. ബീഡിക്കമ്പനിയുടെ മുൻപിലെ വരാന്തയിലിരുന്നാണ്  തൊഴിലാളികൾ ബീഡി തെറുക്കുന്നത് . പഞ്ചായത്ത് കെട്ടിടത്തിന്റെ വലത് വശത്താണ് വീട്ടിലേക്കുള്ള ഗേറ്റ്. വിശാലമായ തെങ്ങിൻ തോപ്പിന്റെ നടുവിൽ,  ഇരുനില കെട്ടിടമാണ് വീട്. വളരെ അപൂർവമായേ അത്തരത്തിലുള്ള ഒരു വീട് ഇവിടെ വാടകക്ക് കിട്ടാറുള്ളുവത്രേ.

മുറ്റത്തു കാർ തിരിച്ചിട്ട് ട്രങ്ക് തുറന്നുവെച്ചു വരാന്തയിലേക്ക് കയറിയപ്പോൾ കണ്ടു ഭാര്യ എല്ലാം പാക്ക് ചെയ്തു കാറിലേക്ക് കയറ്റാൻ തയ്യാറാക്കി വെച്ചിരിക്കുന്നത്. 
"മിടുക്കി"  അയാൾ വിചാരിച്ചു!

ഒറ്റപ്പാലത്തുകാരി കുഞ്ഞുകുട്ടി അമ്മയെ അടുക്കള പണിക്കു കിട്ടിയത് വലിയ ആശ്വാസമായിരുന്നു. എല്ലാ വീട്ടു  കാര്യങ്ങളും ഭംഗിയായി   നോക്കിക്കോളും. സാധാരണ നെന്മാറക്കോ ചിറ്റൂർക്കോ പോകുമ്പോൾ അവരെ ഒറ്റപ്പാലത്തു ഡ്രോപ്പ് ചെയ്യാറുണ്ട്. ഇത്തവണ പൊന്നാനിയിൽ തനിയെ ഇരിക്കാനാണ് അവരുടെ പ്ലാൻ.

നന്നായിപഴുത്ത രണ്ടുകൊല  കാറിനകത്തു ബാക്ക് സീറ്റിനു താഴേ വെച്ചു  കേടുവരണ്ട.  നാളെ മുത്തശ്ശന് കൊടുക്കാനുള്ളതാണ്. ബാക്കി കായ മുഴുവൻ ഡിക്കിയിൽ വെയ്പ്പിച്ചു.  തലേന്നുതന്നെ പാക്കിങ്ങു ചെയ്തിരുന്നതുകൊണ്ട് ഭാര്യക്ക് ഇനി വലിയ പണിയില്ല. 
“എന്നാൽ ഇനി ഡിക്കി അടയ്ക്കാം. പച്ചക്കറി, തേങ്ങ, ബാക്കി കായ ,  പെട്ടികൾ എല്ലാം കേറ്റിയിരിക്കുണു”    കുഞ്ഞുകുട്ടിയമ്മയുടെ റിപ്പോർട്ട്.   

ഇനി ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരവുള്ളു എന്ന വിവരം വരുന്ന രോഗികളോട് പറയാൻ അബുവിനെ ഏൽപ്പിച്ച്  കാറിൽ കയറി യാത്ര തുടങ്ങിയപ്പോൾ മണി നാല്‌ ആയിരുന്നു.  ഒന്നും മറന്നിട്ടില്ല  കുഞ്ഞുകുട്ടിയമ്മക്കുള്ള ഓണ സമ്മാനങ്ങൾ ഭാര്യ നേരത്തേ കൊടുത്ത കാര്യവും അയാൾ ഓർത്തു.

  ഓണതലേന്ന് ആയതുകൊണ്ട്  പാതവക്കുകളെല്ലാം ചന്ത സ്ഥലങ്ങ ളായി മാറിയിരുന്നു.  ആളുകളുടെ തിക്കും  തിരക്കും. വളരെ സൂക്ഷിച്ചാണ് കാറോടിച്ചത്. മുൻ സീറ്റിൽ ഇരുന്നു അയാളുടെ മുഖത്തെ മ്ലാനത കണ്ടുകൊണ്ടായിരിക്കണം അവൾ പറഞ്ഞു. 
“ഓണമല്ലേ പ്ളീസ് ചീയർഅപ്. അച്ഛൻ ഇന്നലെ രാത്രിതന്നെ ഊട്ടിയിൽ നിന്ന് എത്തിയിരിക്കുന്നു. രാവിലെ വിളിച്ചു . അപ്പോഴേക്കും ഏട്ടൻ ആസ്പത്രിക്ക് പോയിരുന്നു.  എല്ലാവരും നമ്മളെ കാണാൻ കാത്തിരിക്കുകയാണ്. മൂന്നാലു മാസം ആയില്ലേ  ഇപ്പോൾ ചിറ്റൂർ പോയിട്ട്.”

ശരിയാണ്  കുട്ടി. പ്രീ ഡിഗ്രി കഴിഞ്ഞ്  അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് വഴങ്ങി ഇങ്ങനെ ഒരു കല്യാണത്തിന് സമ്മതിക്കുമ്പോൾ  പെട്ടെന്ന്  ഇത്രയും മാറ്റങ്ങൾ നീയും പ്രതീക്ഷിച്ചു കാണില്ല. ഒരു ഡോക്ടറുടെ ജനസമ്മതിയുള്ള  ഭാര്യയാവാൻ അത്ര എളുപ്പമല്ല, താനും ജ്യേഷ്ഠനും തമാശ രൂപത്തലാണെങ്കിലും നിന്നോട് പറഞ്ഞിരുന്നു. പാവപ്പെട്ട നിഷ്കളങ്കരായ നാട്ടുകാർ രാവും പകലും നോക്കാതെ വന്നു വിളിച്ചെന്നുവരും. അമ്മയെയും ഇപ്പോൾ നിന്നേയും കുറിച്ച്  നാട്ടുകാർക്ക് നല്ല മതിപ്പാണ്. അതോർത്തപ്പോൾ അയാൾക്കു സന്തോഷം തോന്നി.

“I am very sorry”

അവളുടെ കൈകളിൽ സ്നേഹപൂർവ്വം സ്പര്ശിച്ചുകൊണ്ട്  അയാൾ  മന്ത്രിച്ചു. അതുമതിയായിരുന്നു  അവളുടെ മുഖത്ത് പുഞ്ചിരിവിരിയാനും കണ്ണുകൾ നനയാനും. വീണ്ടെടുത്ത പ്രസരിപ്പോടെ അയാൾ യാത്ര  തുടർന്നു .

 കുറച്ചു സമയം കൊണ്ട്   നെൽപ്പാടങ്ങളുടെയും  തണൽ വൃക്ഷങ്ങളുടെയും നടുവിൽ കൂടെ പോകുന്ന ഹൈവേയിൽ എത്തിയപ്പോൾ പതിവുപോലെ അവൾ  ഉറങ്ങിത്തുടങ്ങി.  
കാർ ഓടിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ എങ്കിലും മനസ്സിലേക്ക് ഓടിവരുന്ന ഓർമ്മകളെ തടയാൻ കഴിയില്ലല്ലോ. അയാൾ വീണ്ടും ചിന്തയിലാണ്ടു.

കൊല്ലത്തിൽ മൂന്നോനാലോ വീക്കെൻഡ് ഇങ്ങനെ നാട്ടിലേക്ക് കാറിൽ പോകുക പതിവാണ്. എല്ലാറ്റിനും ഒരു ചിട്ടയും പ്ലാനിങ്ങും വേണം. കല്യാണത്തിനു ശേഷം ആ ചുമതലകളെല്ലാം ഭാര്യ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു. നടന്നുപോകാൻ മാത്രം അടുത്തായതുകൊണ്ട്  കടകളിൽ പോകാനും സാധനങ്ങൾ വാങ്ങാനും അവൾ വേഗം പഠിച്ചു.

മുത്തശ്ശനെയും മുത്തശ്ശിയെയും ആയിരിക്കും ആദ്യം കാണുന്നത്. ആവശ്യം കാണില്ലെങ്കിലും മുത്തശ്ശിക്ക് വെറ്റില, പാക്ക്, പുകയില, റവുക്ക തുന്നാനുള്ള മൽമൽ തുണി, കരയുള്ള സെറ്റ് മുണ്ട് എന്നിവ കൊണ്ടുപോവുക പതിവായിരുന്നു. മുത്തശ്ശന്  വേണ്ടത് ഗോട്ടി വലിപ്പത്തിലുള്ള പഞ്ചസാര മിഠായികൾ മാത്രം.വൈകുന്നേരം കാപ്പികുടി കഴിഞ്ഞു ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോഴായിരിക്കും ഗോട്ടി മുട്ടായി നുണയ്ക്കുന്നത് . ഒരുതവണ പോത്തിൻ കൊമ്പുകൊണ്ടുള്ള വാക്കിങ് സ്റ്റിക്ക് കൊണ്ടുപോയി. അത് ഭാര്യയുടെ ഐഡിയ ആയിരുന്നു. മുത്തശ്ശന് വളരെ ഇഷ്ടമായി. പിന്നെ എന്നും അതും കൊണ്ടേ നടക്കാറുള്ളു.  വേണ്ടത്ര സമ്മാനങ്ങൾ  ആളെണ്ണി പ്രത്യേകം വാങ്ങാൻ ഭാര്യവേഗം പഠിച്ചു. കല്യാണത്തിന് മുൻപ് യാത്ര  അമ്മയുടെ വീട്ടിൽ അവസാനിച്ചിരുന്നു. പിന്നീട് അത് ഭാര്യവീടുവരെ നീണ്ടു. പലപ്പോഴും മുത്തശ്ശിയുടെ വീട്ടിൽ എത്തുന്നത് സന്ധ്യയോടെ ആയിരിക്കും.

“പോകാൻ ഉദ്ദേശിക്കുകയാണെങ്കിൽ വൈകിക്കേണ്ട”. എത്തി അര മണിക്കൂർ കഴിഞ്ഞാൽ മുത്തശ്ശൻ  അടിക്കടി പറഞ്ഞുതുടങ്ങും. “കാറിൽ  വെളിച്ചമൊക്കെ ഉണ്ടല്ലോ?” നേരം ഇരുട്ടുന്നതു കണ്ടാൽ    മുത്തശ്ശൻറെ പതിവുള്ള ചോദ്യമാണ്

 വാത്സല്യം കൊണ്ടായിരിക്കാം ഭാര്യയോട് പ്രത്യേകം കുശലം ചോദിക്കുന്നതും പൂജാമുറിയിൽ  നിന്ന്  സ്വൽപം ചന്ദനം അവളുടെ നെറ്റിയിൽ തേച്ചു കൊടുക്കുന്നതും മുത്തശ്ശിക്കു വളരെ താല്പര്യമുള്ള   കാര്യങ്ങളാണ്. സ്വൽപം എക്സ്ട്രാ അറ്റെൻഷൻ അവൾക്കും ഇഷ്ടമായിരുന്നു! (തന്നേ പോലെ തന്നെ!)
  മുത്തശ്ശിയുടെ മരണം  ഒരു ഷോക്കുതന്നെ ആയിരുന്നു. ഇപ്പോൾ  മുത്തശ്ശൻറെ നിലയും തന്നേ അലട്ടുന്നു!  ഡിമെൻഷ്യയാണോ  അൽഷിമേഴ്‌സ് ആണോ?  അറിഞ്ഞിട്ടെന്തുകാര്യം?

   ചക്കാത്തറയിലെ ഒരു കൊച്ചു വീട്ടിലായിരുന്നു താനും ചേട്ടനും രണ്ടു ചേച്ചിമാരും അമ്മയും താമസിച്ചിരുന്നത്. അച്ഛന് ഒറീസ്സയിൽ  ജോലി. വീട്ടിൽനിന്ന് തെക്കോട്ടു നടന്നാൽ “കോട്ടക്കുന്ന്”.  ഒരുകോട്ട പോലെ നീണ്ടുകിടക്കുന്നതു കൊണ്ടായിരിക്കാം ആ പേര്. അതിൻറെ ചെരുവിലൂടെ നടന്നാൽ മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്ന കണിമംഗലത്തു എത്തും. ഒരേക്കറോളം വരുന്ന വലിയ വളപ്പിലാണ്വീട്. നാലഞ്ച് കരിങ്കൽ പടവുകൾ കയറി വേണം പടിപ്പുരയിൽ എത്താൻ. അവിടെനിന്ന് കയറുന്നത് പൂമുഖത്തേക്ക് ആണ്. അവിടെ ചാരുകസേരയിലിരുന്നാണ് മുത്തശ്ശൻറെ വായന. മുത്തശ്ശൻ അവിടെ  ഇരിപ്പുണ്ടെന്നുകണ്ടാൽ  റോഡിൽകൂടി  പോകുന്നവർ  സംസാരം നിർത്തി അകത്തേക്ക് നോക്കും. എന്തോ എല്ലാവര്ക്കും ഒരു പേടിയോ ബഹുമാനമോ ആണ്.

   താൻ നേരെ ചെല്ലുന്നത് വീടിൻറെ ഏറ്റവും പുറകിലെ വരാന്തയിൽ ഇരിക്കുന്ന മുത്തശ്ശിയുടെ അടുക്കലേക്ക് ആയിരിക്കും. മുത്തശ്ശി ചന്ദന സോപ്പ്തേച്ച് ചുടുവെള്ളത്തിൽ കുളിച്ച് പൂജാ മുറിയിൽ വിളക്ക് കൊളുത്തിയശേഷം വരാന്തയിൽ ഇരുന്ന് നാമം ചെല്ലുന്നുണ്ടാവും. അതുകഴിഞ്ഞാണ് മുത്തശ്ശിയുടെ ചായകുടി. ധാരാളം പാലിൽ  ഉണ്ടാക്കിയ മധുരമുള്ള ചായ. മിക്ക ദിവസവും ഉപ്പുമാവ് ആയിരിക്കും കൂടെ. മുത്തശ്ശിക്ക് എല്ലാറ്റിനും ഒരു ചിട്ടയുണ്ട്. നാലുജോലിക്കാരിൽ ചിമ്മു അമ്മയാണ് മുത്തശ്ശിയുടെ സ്‌ഥിരം അടുക്കളക്കാരി. തനിക്ക് ചായകുടിക്കാൻ  പ്രത്യേകം ചെറിയ കപ്പ് ഉണ്ട്. ഉപ്പുമാവ് മുത്തശ്ശിയുടെ പ്ലേറ്റിൽനിന്ന് തന്നെയായിരിക്കും. ചേർത്തിരുത്തി മുത്തശ്ശി തന്നെ ഉപ്പുമാവ് വായിലിട്ടു തരും. അത് മുത്തശ്ശിക്കും  തനിക്കും വളരെ ഇഷ്ടമാണ്. മുത്തശ്ശി ആഹാരം കുറച്ചേ കഴിക്കൂ. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ മാത്രം. 
നല്ലതരം വസ്ത്രങ്ങൾ മാത്രമേ  മുത്തശ്ശി ധരിക്കൂ. മൽമൽ കൊണ്ടുള്ള റൗക്ക.നല്ല കരയുള്ള സെറ്റ് മുണ്ടും തൊട്ടാൽ സിൽക്ക് പോലെയിരിക്കണം. ആ അരങ്ങും തറവാടിത്തവും ഒന്ന് വേറെതന്നെയാണ്. മുത്തശ്ശിയുടെ യാത്ര എപ്പോഴും കാളവണ്ടിയിലോ കാറിലോ ആയിരിക്കും. നടന്നു പോകുന്നതും ബസ്സിൽ പോകുന്നതും  മുത്തശ്ശിക്ക് ഇഷ്ടമല്ല. 

നല്ല നിറവും ഭംഗിയും ഐശ്വര്യവും ഉള്ള ആളാണ് മുത്തശ്ശി. ചായ കുടി കഴിഞ്ഞാൽ പിന്നെ ഒരു വെറ്റില മുറുക്ക് ആണ്. വെറ്റിലയും അടക്കയും വാസന ചുണ്ണാമ്പും മുത്തശ്ശിയുടെ പ്രത്യേക പാത്രത്തിലിട്ട് താൻ തന്നെ ഇടിച്ച്  മുത്തശ്ശിയുടെ വായിൽ വെച്ച്  കൊടുക്കണം. പിന്നെ എന്നെ കെട്ടിപ്പിടിരുന്നുകൊണ്ടുള്ള കുശലപ്രശ്നങ്ങൾ ആണ്. മുത്തശ്ശിയെക്കുറിച്ചു ആരെന്തുപറഞ്ഞാലും അത് പൊടുപ്പും തൊങ്ങലും ചേർത്ത് മുത്തശ്ശിയുടെ ചെവിയിൽ എത്തിക്കും “ചുന്ദരൻ” എന്ന ഈ സുന്ദരൻ! 
എല്ലാവരെയും പ്രീതിപ്പെടുത്തുന്ന കുസൃതി വർത്തമാനങ്ങൾ പറയാനുള്ള സാമർത്ഥ്യവും പഠിപ്പിലും കലാപ്രകടനങ്ങളിലും വാരിക്കൂട്ടാറുള്ള സമ്മാനങ്ങളും കൊണ്ടായിരിക്കണം  വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയാകാൻ കഴിഞ്ഞത്. “ലാളിച്ചു ലാളിച്ചു എല്ലാവരുംകൂടി ചെക്കനെ വഷളാക്കുന്നുണ്ട്” എന്ന്‌ ചേച്ചിമാരും ചേട്ടനും മാത്രം പറയുന്നത് അസൂയകൊണ്ടാണെന്നു മുത്തശ്ശിപോലും പറയുമായിരുന്നു. രാത്രി കിടക്കുന്നതിനുമുന്പ് കെട്ടിപ്പിടിച്ചു നെറുകയിൽ മുത്തിക്കൊണ്ട്  അമ്മ പറയും “എന്റെമോൻ നന്നായി പഠിക്കണം ട്ടോ. മോൻറെ കുസൃതിയൊക്കെ അമ്മക്കിഷ്ടാ".  

ലീവിൽ വരുമ്പോൾ സ്‌കൂളിൽ കിട്ടിയ ഓരോ സമ്മാനത്തിനും അച്ഛന്റെ വക  സമ്മാനപുസ്തകങ്ങൾ വേറെയും. ഓരോന്നിലും അച്ഛൻ തന്നെ പ്രത്യേകം എഴുതി ഒപ്പിടും. വലതു കയ്യിനു വാതം വന്നതിനുശേഷം അച്ഛൻ ഇടതു  കൈകൊണ്ടെഴുതാൻ പഠിച്ചതാത്രേ.

 തനിക്കുകിട്ടുന്ന മാർക്ക്കളെയും സമ്മാനങ്ങളേയും കുറിച്ച് സ്വന്തം ചങ്ങാതിമാരോടും വീട്ടുകാരോടും പറഞ്ഞു പുകഴ്ത്താൻ  അച്ഛനു വലിയ താല്പര്യമായിരുന്നു. ആ സമയത്ത് ചേർത്തുപിടിച്ച് താലോലിച്ചു എല്ലാവരുടെയും മുന്നിൽവച്ച് “എൻറെ മോൻ കുന്നിൻപുറത്തെ വിളക്ക് പോലെ ശോഭിക്കും” എന്നു പറഞ്ഞ് നെറുകയിൽ കൈവെക്കും. എനിക്കതു മതി. എന്റച്ഛന്റെ അനുഗ്രഹം.

റംഗൂൺ ജനറൽ ആസ്പത്രിയിൽ  അക്കൗണ്ടൻറ് ആയിരുന്ന അച്ഛൻ  യുദ്ധസമയത്തു ബർമയിൽനിന്നു "വിജയകരമായി പിന്മാറി" നടന്നു രക്ഷപ്പെട്ട അപൂർവം ചിലരിൽ ഒരാൾ. അതിനുശേഷമുണ്ടായ  ഒടുവിലത്തെ  മകനായതുകൊണ്ട് വേണ്ടത്ര ലാളനയും സുഖ സൗകര്യങ്ങളും  കിട്ടാതെയാണ് മക്കളിൽ താൻ മാത്രം വളർന്നതെന്നു ഒരു കുറ്റബോധത്തോടെ ഇടയ്‌ക്കൊക്കെ അച്ഛൻ പറയുമായിരുന്നു. സൂട്ടും കോട്ടും നെക്ക് ടൈയും ഇട്ടിട്ടുള്ള അച്ഛൻറെ പഴയ ഫോട്ടോകളും കോട്ടും തൊപ്പിയും ഷൂസും അണിഞ്ഞു ത്രീവീൽ സൈക്കിൾ ഓടിക്കുന്ന ചേട്ടൻറെ പടവും ചേട്ടനോടൊപ്പം മോഡിയിൽ വസ്ത്രങ്ങൾ ധരിച്ച ചേച്ചിമാരുടെ പടങ്ങളും അമ്മ ഇടക്കൊക്കെ  കാണിച്ച്തരും. അതൊക്കെ വെയ്ക്കുന്നത് അമ്മയുടെ ഒരു ചെറിയ തോൽ പെട്ടിയിലാണ്.അമ്മയും ചെറുപ്പത്തിൽ വളരെ സുന്ദരിയായിരുന്നു. ദമയന്തി എന്നായിരുന്നു അരുമപ്പേര്.   അമ്മക്ക് ഉയരം വളരെ കുറവായിരുന്നു. അച്ഛനാണെങ്കിൽ നല്ല പൊക്കവും തടിയും.

യുദ്ധത്തിന് ശേഷം അച്ഛൻ ഒറീസ്സയിൽ അക്കൗണ്ടൻറ് ജനറൽ  ഓഫീസിൽ ഓഡിറ്റർ ആയി. കൊല്ലത്തിൽ ഒരുമാസം ലീവിൽ വരുമ്പോൾ മാത്രമേ ഞാൻ അച്ഛനെ കാണാറുള്ളു. അച്ഛന്റെ പേസ്റ്റിനും ഷേവിങ്ങ് സോപ്പിനും എല്ലാം പ്രത്യേക മണമാണ്. ഫസ്റ്റ് എയ്ഡ്നു വേണ്ട സാധനങ്ങൾ എല്ലാതവണയും അച്ഛൻ കൊണ്ടുവരും. നാലാം ക്‌ളാസ്സുവരെ മാത്രം പഠിച്ചിട്ടുള്ള അമ്മയായിരുന്നു നാട്ടുകാർക്കും വീട്ടുകാർക്കും വിശ്വസ്തയായ ഹോം നേഴ്സ്. ഒലവക്കോട്നിന്ന് വീട്ടിലേക്ക് വരുന്ന മെയിൽ ബസ്  നിൽക്കുക പോസ്റ്റ് ഓഫീസിൻറെ മുൻപിലാണ്. അച്ഛൻ വരുന്ന ദിവസം താനവിടെ കാത്തു നില്പുണ്ടാവും. ഒരു മാസം കഴിഞ്ഞ് അച്ഛൻ തിരിച്ചു പോകുന്നതുവരെ വീട്ടിൽ ഉത്സവം തന്നെ. അച്ഛൻ ചുവന്ന ഉള്ളിയും വെന്തവയും കറിവേപ്പിലയും ചേർത്ത് കാച്ചിയ വെളിച്ചെണ്ണ മാത്രമേ തലയിലും മേലും തേക്കാറുള്ളു. ഹമാം സോപ്പ് മാത്രമേ ഉപയോഗിക്കൂ. വീടുമുഴുവൻ  എല്ലാറ്റിനും അച്ഛൻറെ മണമാണ്.

മൂത്തചേച്ചിയുടെ കല്യാണംനടത്തിയത് മുത്തശ്ശിയുടെ വീട്ടിൽ വെച്ചായിരുന്നു. ചാക്കാത്തറയിലെ വീട് ചെറുതായിരുന്നു.  ബിഎ പാസ്സായശേഷം അച്ഛന്റെ സമീപത്തുതന്നെ ഒറീസ്സയിൽ ചേട്ടന് ജോലി കിട്ടി. പിന്നീട് അച്ഛന് ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോഴാണ് അമ്മയും സ്കൂൾ പഠിത്തം കഴിഞ്ഞ രണ്ടാമത്തെ ചേച്ചിയും ഒറീസ്സയിലേക്കു പോയതും താൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസം ആയതും. പത്തും പതിനൊന്നും ക്ലാസുകളിൽ പഠിച്ചത് കണിമംഗലത്തു താമസിച്ചു കൊണ്ടായിരുന്നു. അപ്പോഴേക്കും ഒരു വലിയ പയ്യനായിരുന്നു!  അയ്ബ്രോ പെൻസിൽകൊണ്ട് പൊടി മീശ കറുപ്പിക്കാൻ തുടങ്ങിയ കാലം! സ്കൂളിലേക്ക് രണ്ടുകിലോമീറ്റർ നടക്കണം. ഉച്ചഭക്ഷണം രാവിലെ പൊതിഞ്ഞു കൊണ്ടുപോകുന്ന ഇഡ്ഡലിയോ ദോശയോ തൈർസാതമോ ആയിരിക്കും. കൂട്ടുകാരുമൊത്തു ക്ലാസ്സിലിരുന്നായിരിക്കും ഉച്ചഭക്ഷണം.അപ്പോഴും പൈപ്പിൻ ചുവട്ടിൽ വരി നിന്ന് കയ്യുകഴുകുമ്പോഴും ആയിരിക്കും നാട്ടു വർത്തമാനങ്ങൾ കേൾക്കുന്നതും പറയുന്നതും.

“റേഷാൾ”    അങ്ങിനെയാണ് നാട്ടിൻപുറത്ത് എല്ലാവരും മുത്തശ്ശനെ വിളിച്ചിരുന്നത്. മുത്തശ്ശൻ റിട്ടയേർഡ് രജിസ്ട്രാർ ആയിരുന്നു. രജിസ്ട്രാർ എന്ന വാക്കാണ് നാട്ടിൻപുറത്ത് റേഷാൾ എന്നായി മാറിയത്.കൊല്ലംകോട് ആയിരുന്നുവത്രേ മുത്തച്ഛൻറെ അവസാനത്തെ പോസ്റ്റിംഗ്. പെൻഷൻ പറ്റിയ ശേഷം കുറച്ചുകാലം മുത്തശ്ശൻ കോവിലകത്ത് കാര്യസ്ഥനായും പ്രവർത്തിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.അതിനുശേഷമാണ് കൊമ്പൻകല്ലിൽ കൃഷി വാങ്ങിച്ചതും കണിമംഗലത്തു വീട് വെച്ചതും. വര്ഷങ്ങളോളം മുത്തശ്ശൻ തന്നെയാണ് കൃഷി നോക്കിയിരുന്നത്. വയസ്സായപ്പോഴാണ് പാട്ടത്തിന് കൊടുത്തത്. ഗൗരവക്കാരനാണെങ്കിലും മുത്തശ്ശൻ ആളൊരു പാവമായിരുന്നു. വീട്ടുവളപ്പിൽ ധാരാളം പച്ചക്കറിയുണ്ടാക്കും. മാവു, പ്ലാവ്, പുളി, നെല്ലിക്ക,പേരക്ക, മാതളം എന്നീ അനുഭവങ്ങൾ വേറെയും. പകൽ മുഴുവൻ മുറ്റത്തും തൊടിയിലുമായി എന്തെങ്കിലും പണി ചെയ്യും. ചില ദിവസങ്ങളിൽ വെയിലാകുന്നതിന്ന് മുൻപ് കൊമ്പൻകല്ല്കളത്തിലേക്ക് അഞ്ചു കിലോമീറ്റര്‍ നടന്നു പോകും. അപ്പോൾമാത്രം അരയിൽ ഒരു കറുത്ത തോൽ ബെൽട്ടും അതിൽ തൂങ്ങിക്കിടക്കുന്ന നീളൻ കത്തിയും ധരിച്ചിരിക്കും. എന്തിനാണാവോ? അതുകൊണ്ടായിരിക്കാം ആളുകൾക്ക് മുത്തശ്ശനെ ഭയം. തിരിച്ചു നടന്നു വരുമ്പോൾ മണി രണ്ട് കഴിഞ്ഞിരിക്കും. വിയർത്തു കുളിച്ചിട്ടുമുണ്ടാകും. മുറ്റത്തു നിന്നുകൊണ്ട് ഒരുഗ്ലാസ്സ് സമ്പാരം കുടിച്ചു  നേരിട്ട് കുളിമുറിയിൽ കയറും. കുളിച്ചിട്ടേ ഊണു കഴിക്കു . ഉച്ചയൂൺ  കഴിഞ്ഞു ഒരു ഉറക്കമുണ്ട്.വിശറികൊണ്ട് വീശിക്കൊണ്ടാണ് ഉറങ്ങുക. ഉണർന്നുകഴിഞ്ഞാൽ ഒരു ചായ.എന്തെങ്കിലും തിന്നാൻ ഉണ്ടെങ്കിൽ സന്തോഷം. വീണ്ടുമുണ്ട് ഒരു ന്യൂസ്പേപ്പർ വായന. അപ്പോഴാണ് ഗോട്ടിമിട്ടായി നുണക്കുന്നതു. വൈകുന്നേരം വെയിൽ താണാൽ ഒരു പത്തു മിനിറ്റ് നടക്കുക പതിവാണ്.തിരിച്ചുവന്നു   കൈകാൽ കഴുകി നാമം ചൊല്ലും. ഒരു മണിക്കൂർ ഗീത വായിക്കും. ഇതിനിടെ മുത്തശ്ശിയുമായി കുശല പ്രശ്നങ്ങളും നടത്തും. പാലുകൂട്ടിയാണ് രാത്രി ഊണ്. ഇതാണ് മുത്തച്ഛന്റെ ചിട്ടകൾ!

   ഒരു ദിവസം സ്കൂൾ കഴിഞ്ഞു വന്നപ്പോഴാണ് പാട്ടക്കരാർ ചാമിയാരെ ആദ്യമായി കാണുന്നത്. മുത്തശ്ശൻ പതിവുപോലെ ചാരുകസേരയിൽ; ചാമിയാർ സമീപം തന്നെ നിലത്തു വിരിച്ച പായയിൽ. മുത്തശ്ശൻ തന്നെയാണ് പരിചയപ്പെടുത്തിയത്.  

“എൻറെ മോൻ സേതുവും കുട്ടീടെ ക്ലാസ്സിലാണല്ലോ”. ചാമിയാർ പതുക്കെ വർത്തമാനം തുടർന്നപ്പോൾ മനസ്സിലായി  തന്നേക്കാൾ മുതിർന്ന ആ സഹപാഠി സേതുമാധവൻ ആരാണെന്നു. ടെറിലിൻ ഷർട്ടും ഡബിൾ വേഷ്ടിയും ധരിച്ചു നടക്കുന്ന നല്ല ഉയരമുള്ള സുമുഖൻ. ഇടക്കൊക്കെ സ്ക്കൂളിന്റെ മുൻപിലെ ബാലൻ നായരുടെ ഹോട്ട ലിൽ മട്ടൺ ബിരിയാണിയും കോഴിക്കറിയും കഴിക്കുന്ന ഭാഗ്യവാൻ. ചിലപ്പോൾ പത്രാസ് കാണിക്കുവാൻ അളിയന്റെ വർക്ഷോപ്പിലെ കാറിൽ സ്‌കൂളിന്റെ പടിവരെ വരാറുണ്ട്. അതൊന്നും ഒരുപക്ഷെ ചാമിയാർ അറിഞ്ഞിരിക്കില്ല. മുത്തശ്ശന്റെ പാട്ടക്കാരന്റെ മകനാണെന്ന് തനിക്കും അറിയില്ലായിരുന്നു. അന്നുവരെ അധികം പരിചയമില്ലാത്ത ഒരു സഹപാഠി മാത്രമായിരുന്നു. പിന്നീടാണ് കുറച്ചുകൂടി അടുത്ത സുഹൃത്തായതു. പിന്നീട് ഒരു ഞായറാഴ്ച മുത്തശ്ശന്റെകൂടെ കളത്തിൽ പോയപ്പോൾ തനിക്കൊരു തെങ്ങെളനീർ വെട്ടിത്തന്നതും കൃഷി സ്ഥലമെല്ലാം ചുറ്റി കാണിച്ചുതന്നതും സേതുവായിരുന്നു. വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അന്നുവരെ സേതു സിഗരറ്റു വലിക്കുന്നകാര്യം അറിയില്ലായിരുന്നു. അച്ഛനറിയരുതെന്നും അറിഞ്ഞാൽ നല്ല അടി കിട്ടുമെന്നും കൂടി രഹസ്യമായി പറഞ്ഞിട്ടാണ് അന്ന് പിരിഞ്ഞത്. ഹൈസ്കൂൾ കഴിയുന്നതുവരെ ആ സൗഹൃദം തുടർന്നെങ്കിലും പിന്നീട് കണ്ടിരുന്നില്ല. 

മുത്തശ്ശന്റെ അറിവും അടുക്കും ചിട്ടയും അച്ചടക്കവുമൊക്കെ നാട്ടിൽ പ്രസിദ്ധമായിരുന്നു. ഒരു റിട്ടയേർഡ് രജിസ്ട്രാർ എന്നതിലുപരി കുടുംബപരമായ എല്ലാ കാര്യങ്ങൾക്കു നാട്ടുകാർക്കൊക്കെ ഒരു മാർഗദർശിയായിരുന്നു മുത്തശ്ശൻ. പത്താം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴായിരുന്നു വിമോചനസമരം. സമരം തെറ്റാണെന്നും തൻറെ പേരമകൻ സ്‌കൂളിൽ പോകുമെന്നും ശഠിച്ചു പറഞ്ഞ മുത്തശ്ശൻ അന്ന് ചില രാഷ്ട്രീയക്കാരുടെയെങ്കിലും ശത്രുവായിത്തീർന്നതോർമയുണ്ട്! അന്ന് നാലണ കൊടുത്തു കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തിട്ടുള്ള മറ്റാരും ആ നാട്ടിന്പുറത്തില്ലായിരുന്നു! എസ്എസ്എൽസി പരീക്ഷയിൽ നല്ലമാർക്കും  ഒന്നാം ക്ലാസും നേടി  പാസ്സായപ്പോൾ ഏറ്റവും അഭിമാനം മുത്തശ്ശനായിരുന്നു. 

പ്രീയൂണിവേഴ്സിറ്റിക്കു ചേർക്കാൻ തൃശ്ശൂർ സെൻറ് തോമസ് കോളേജിലേക്ക് തൻറെകൂടെ വരാനും പ്രിൻസിപ്പാൾ മാമ്പിള്ളി അച്ചനോട് സംസാരിക്കാനും താല്പര്യമായിരുന്നു. ആ വര്ഷം അച്ഛൻ റിട്ടയർ ചെയ്‌തു നാട്ടിലെത്തി. രണ്ടാമത്തെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു നാലാമത്തെ ദിവസമായിരുന്നു എറണാകുളത്തു മെഡിസിനുള്ള ഇൻറർവ്യൂ.പുതിയ അളിയന്റെ വാച്ചും കെട്ടി എറണാകുളത്തേക്കു പോയത് ഓർക്കുന്നു. മെഡിസിനും എഞ്ചിനിയറിങ്ങിനും സെലെക്ഷൻ കിട്ടിയപ്പോൾ അച്ഛൻ വളരെ അഭിമാനിച്ചു. മെഡിസിൻ ആയിരുന്നു ചോയ്‌സ്. വിക്ടോറിയ കോളേജിൽ പ്രീമെഡിസിൻ ചെയ്യുമ്പോൾ താമസം ഒരു ലോഡ്ജി ൽ. വീക്കെൻഡുകളിൽ വീട്ടിൽ പോയാൽ വാടക സൈക്കിളിൽ നാടുമുഴുവൻ കറങ്ങും. മുത്തശ്ശിയെയും കാണും. ഒരു ദിവസം അവിടെ ചെന്നപ്പോൾ കരഞ്ഞുകൊണ്ട് പട്ടക്കാരൻ ചാമിയാർ നിൽക്കുന്നു. മുത്തശ്ശനും വളരെ ദുഖത്തിലായിരുന്നു .                                                                                       
 “എന്തുപറ്റി?”  മുത്തശ്ശനാണ് മറുപടി പറഞ്ഞത്.                                              
“നിൻറെ ക്ലാസ്മേറ്റ്  ഉണ്ടല്ലോ അവനാണ് ഗുരുത്തക്കേട് വരുത്തി വെച്ചിരിക്കുന്നത്. കള്ളുംകുടിച്ച് കാറോടിച്ച് അപകടം വരുത്തി. ഭാഗ്യത്തിന് ആരും മരിച്ചില്ല.”                                                                       
അളിയൻറെ വർക്ക്ഷോപ്പിൽ  പണിക്കുവന്ന കാർ ആയിരുന്നു. ഇപ്പോൾ പോലീസ് കേസാണ്.  അയ്യായിരം രൂപ നഷ്ടപരിഹാരം  കൊടുക്കണം!             
“മക്കൾ തുമ്പില്ലാതെ പോയാൽ എന്ത് ചെയ്യും? താനൊരു പാവം. മക്കളോ? എല്ലാം ധൂർത്തരും!ഈ വയസ്സുകാലത്തു ഞാനിപ്പോ എന്താ വേണ്ടേ?” മുത്തശ്ശൻ ചാമിയാരോട് ചോദിച്ചു. “താൻ പാട്ടക്കണക്കിൽ തരാനുള്ള സംഖ്യകൾ എത്രതവണയാ ഞാൻ വിട്ടു തന്നിട്ടുള്ളത്? ഓർമയുണ്ടോ?” ചാമിയാർക്കു ഒരിക്കലും മറക്കാൻ കഴിയാത്ത സത്യങ്ങളായിരുന്നു അതെല്ലാം.മുത്തശ്ശൻ അകത്തു പോയി ഒരു കവറുമായി വന്നു.    “ഇതാ എണ്ണി നോക്കിക്കൊള്ളൂ. എണ്ണായിരം രൂപയുണ്ട്. അതേ ഇപ്പോൾ ഇവിടെയുള്ളു വേണ്ടത് പോലെ കടബാധ്യതകൾ ഒഴിവാക്കൂ.മക്കൾ ജയിലിൽ പോകാതെ രക്ഷപ്പെടട്ടെ” .                        
ചാമിയാർ തേങ്ങിക്കരഞ്ഞ് മുത്തശ്ശൻറെ കാലും പിടിച്ചിട്ടാണ് പണവും കൊണ്ട് പോയത്. മുത്തശ്ശനും തേങ്ങലോടെ പറയുന്നുണ്ടായിരുന്നു                       
 “അച്ഛനായി പോയില്ലേ? ഓരോരുത്തരുടെ വിധി!”                                                 
മുത്തശ്ശൻ അങ്ങിനെ കരഞ്ഞു താൻ കണ്ടിട്ടില്ല 
പേരുകേട്ടതെങ്കിലും പാവപ്പെട്ട ഒരു കര്ഷക കുടുംബമായിരുന്നു അച്ഛന്റേതു. നാളെ നാളെയെന്നു നീട്ടിവെച്ച സ്വപ്‌നങ്ങൾ പൂർത്തീകരിക്കാനോ വാർദ്ധക്യ ജീവിതം ആസ്വദിക്കാനോ അച്ഛന് കഴിഞ്ഞില്ല. താൻ മെഡിക്കൽ കോളേജിൽ ചേർന്ന വർഷമാണ് അച്ഛൻ മരിക്കുന്നതു. പ്രതീക്ഷിച്ചതേയല്ല. ത്യാഗത്തിൻ്റെയും കഷ്ടപ്പാടിന്റെയും  കഥകൾ മാത്രമേ അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ. അച്ഛനെക്കാൾ പതിനാറു വയസ്സ് താഴെ. വളരെ കഷ്ടപ്പെട്ടാണ് നാലുമക്കളെ ഒറ്റയ്ക്ക് നാട്ടിലിരുന്നു പഠിപ്പിച്ചതും വലുതാക്കിയതും.                                                                  “ഇവളാണ് എൻറെ ബലം.പൂവിട്ടു തൊഴണം". അച്ഛൻ  പ്രശംസിക്കുമായിരുന്നു   നാല്പത്തിരണ്ടാമത്തെ വയസ്സിൽ വിധവയായപ്പോഴും അമ്മ ആത്മവിശ്വാസം കൈവിട്ടില്ല.             
"അവൻ്റെ പഠിത്തം കഴിയട്ടെ എന്നിട്ടുമതി എനിക്കുകല്യാണം" എന്ന് ഏട്ടൻ പറഞ്ഞതും അമ്മക്കു കരുത്തു നൽകി.എല്ലാ പ്രചോദനങ്ങളും നൽകി  അച്ഛൻെറ അഭാവം അറിയിക്കാതെ, തന്നെ വളർത്തിയത്‌ അമ്മയും ഏട്ടനുമായിരുന്നു. 

എംബിബിഎസ്‌ പഠനവും ഹൗസ് സർജൻസിയും കഴിഞ്ഞിട്ടായിരുന്നു ആദ്യത്തെ ഈ പോസ്റ്റിംഗ്. സ്വയം സ്വരൂപിച്ചു വെച്ച പണം കൊണ്ട് അമ്മ വാങ്ങിച്ചു തന്ന പഴയ ഹിന്ദുസ്ഥാൻ ന്യൂ ലുക്ക് കാറിൽ ഡ്രൈവറുമായി ഈ താലൂക്ക് ആസ്പത്രിയിൽ വന്ന് ജോലി തുടങ്ങിയത് മൂന്നുവർഷം മുമ്പായിരുന്നു. തന്റെ ബാച്ചിൽ വളരെ ചുരുക്കം പേർക്കേ അങ്ങിനെയുള്ള ഭാഗ്യമുണ്ടായിട്ടുള്ളു.  അതായിരുന്നു അമ്മയുടെയും സാഫല്യം. ജീവിതത്തിൽ അമ്മ മറ്റൊന്നും ആഗ്രഹിച്ചിരുന്നില്ല. സ്വന്തം വീട് പൂട്ടിയിട്ട് മകന്റെ കൂടെ വരാനും താമസിക്കാനും അമ്മ തന്നെയാണ് തയ്യാറായത്.  വാടക വീട്ടിൽ വൈദ്യുതീകരിച്ച ഷട്ടിൽ ബാഡ്‌മിൻടൻ  കോർട്ട് ഇട്ടു വൈകുന്നേരങ്ങളിൽ കളി തുടങ്ങിയപ്പോൾ ഏറ്റവും സന്തോഷിച്ചതും അമ്മയായിരുന്നു. കളികഴിഞ്ഞു ചായ കുടിച്ചു സൊറപറഞ്ഞു   പിരിയുക ഒരു രസമായിരുന്നു എല്ലാവര്ക്കും.
ചിന്തയിൽ നിന്നുണർന്നപ്പോഴേക്കും മംഗലം പാലവും മലമല മുക്കും പിന്നിട്ടു ആലത്തൂരെത്തിയിരിക്കുന്നു.  ഹൈവേയിൽനിന്നു പതുക്കെ ബാങ്ക്‌റോഡിലേക്കു കയറി. ഭാഗ്യത്തിന് സുപരിചിതമായ  കൃഷ്‌ണാ കഫേ യുടെ മുന്പിൽത്തന്നെ ഒരു പാർക്കിംഗ് കിട്ടി. ഇതുവഴി പോകുമ്പോഴൊക്കെ ഒരു ഡിക്കോഷൻ കാപ്പി കുടിക്കുക പതിവാണ്. നേരം സന്ധ്യയായിരിക്കുന്നു. പുറത്തു ഒരു ചെറിയ തണുത്ത കാറ്റുണ്ട്.
"ഷൊറണ്ണൂർ എത്തിയോ?" ഭാര്യ പെട്ടെന്നുണർന്നു. 

"അതെപ്പോഴെ കഴിഞ്ഞു. ഇതാലത്തൂരായി !"
"അയ്യോ ഞാൻ വല്ലാതെ ഉറങ്ങിപ്പോയി. Was  I  snoring ? " അതായിരുന്നു അവളുടെ concern. 
"No not at all. You want to use the wash room?"
"വേണ്ട വീട്ടിൽ ചെന്നിട്ടു മതി". ഹോട്ടൽ ഉടമ മണിസാമി മുത്തശ്ശൻറെ പരിചയക്കാരനായിരുന്നു.

പതിവുപോലെ ചുടു കാപ്പിയും പരിപ്പുവടയും വരുമ്പോഴേക്കും  ആലത്തൂരിലെ പ്രസിദ്ധമായ വെളിച്ചെണ്ണയിലുണ്ടാക്കിയ നേന്ത്രക്കായ   ചിപ്‌സും ധാരാളം വാങ്ങി കാറിൽ വെച്ചു.
" You want any  sarkaravaratti chips?" ഭാര്യയോട് ചോദിച്ചു
"വേണ്ട അതൊക്കെ അമ്മയുണ്ടാക്കിക്കാണും. മരുമകന്റെ favourite അല്ലേ”

 ഇരുട്ടും തിരക്കും കാരണം വളരെ ശ്രദ്ധിച്ചാണ് പിന്നെയും കാറോടിച്ചതു. തൃപ്പാളൂർ, കൊടുവായൂർ, പുതുനഗരം,തത്തമംഗലം എല്ലാം സുപരിചിതമായ സ്ഥലങ്ങൾ!  ഓണമായതുകൊണ്ടായിരിക്കണം അണിക്കോട് മുക്കിൽ ഒരു ചന്ത തന്നെ ഉണ്ടായിരുന്നു വീട ജംഗ്ഷനിൽ റോഡരികത്തുതന്നെ ആയിരുന്നതുകൊണ്ട് ഗേറ്റിനോട് ചേർത്തി കാർനിർത്താൻ അത്ര എളുപ്പമായിരുന്നില്ല. അച്ഛനും,അമ്മയും,അനുജത്തിയും,മുത്തശ്ശിയും( അച്ഛന്റെ അമ്മ), എല്ലാവരും   വാതിൽക്കൽ കാത്തുകൊണ്ട് നില്പുണ്ടായിരുന്നു.

കാറിൽനിന്ന് സാധനങ്ങളിറക്കാൻ അച്ഛന് സഹായം ധാരാളം.
"രാജൻ റെസ്റ് എടുത്തോളൂ. കാർ ഞാൻ ഷെഡ്‌ഡിൽ നിർത്തിക്കോളാം"
തണുത്ത ഓറഞ്ചുനീരുമായി എത്തി അനുജത്തി. 
“കോയമ്പത്തൂരിൽ നിന്ന് അച്ഛൻ കൊണ്ടുവന്ന ഫ്രഷ് സാത്തുക്കുടിയാണ്”
“ഉത്തമം”. അതു കഴിച്ചു ഒരുകുളിയും പാസ്സാക്കി സോഫയിലിരുന്നതേ ഓര്മയുള്ളു. നന്നായി ഒന്ന് ഉറങ്ങി. നിശ്ചയമായും കൂർക്കൻ വലിച്ചുകാണും!

പേരമകൾക്കുവേണ്ടി മുത്തശ്ശി ഉണ്ടാക്കുന്ന അടദോശ  ഒരു ചിറ്റൂർ സ്പെഷ്യൽ ആണ്. അതായിരുന്നു രാത്രി ഭക്ഷണം. കിടക്കാൻ പോകുന്നതിനു മുൻപ് മുത്തശ്ശി പതിവുപോലെ കടുകും മുളകും ചുറ്റിയിട്ടു. 
"ആരെങ്കിലും കണ്ണു വെച്ചിട്ടുണ്ടെങ്കിലോ"?

തിരുവോണദിവസം അതിരാവിലെതന്നെ എല്ലാവരും കുളിച്ചു ചിറ്റൂർ കാവിൽ തൊഴുതു വന്നിരിക്കുന്നു. എല്ലാവര്ക്കും ഓണക്കോടികൾ യതേഷ്‌ഠം.തനിക്കും കിട്ടി പിന്നെയും ഒരു പുതിയ കസവു മുണ്ടും മേൽമുണ്ടും ഷർട്ടും.ഇനി എപ്പോഴാണാവോ ഇതൊക്കെ ഇടാൻ ഒരവസരം. അമ്മയുടെ മേൽനോട്ടത്തിൽ വെപ്പുകാരൻ നാരായണനാണ് അടുക്കളയിൽ. മരുമകന് പ്രിയപ്പെട്ട ചക്കപ്രഥമനും പാലടയുമായിരുന്നു പായസങ്ങൾ. അടുക്കളയിൽ അമ്മയോടൊപ്പം  ഇടക്കൊക്കെ പോയെങ്കിലും അച്ഛന്റെയും അനുജത്തിയുടെയും കൂടെ സൊള്ളാനായിരുന്ന ഭാര്യക്ക് ഉത്സാഹം.

നേരത്തെ ഓണസദ്യകഴിഞ്ഞു നെന്മാറക്കു മുത്തശ്ശനെ കാണാൻ യാത്രയായി. നല്ലപോലെപഴുത്ത ഏത്തപ്പഴങ്ങളും ചക്കപ്രഥമനും പാലടയും പായ്ക്ക്  ചെയ്‌തതെല്ലാം അച്ഛൻ തന്നെയായിരുന്നു.  
"ഡ്രൈവറുണ്ട്. വിളിക്കട്ടെ"?    വേണ്ടെന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു 
"കാറ് ഞാൻ വീട്ടിന്റെ മുന്നിൽ തന്നെ നിർത്തിയിട്ടുണ്ട്. പതുക്കെ പോയാൽ മതി. മുത്തശ്ശൻ രാജനെകാണാൻ കാത്തിരിക്കുകയായിരിക്കും. ഇനി വൈകിക്കേണ്ട. ഇരുട്ടിനു മുൻപ് തിരിച്ചു വരാൻ നോക്കണം. നാളെ കോയമ്പത്തൂരിലേക്കും ഡ്രൈവ് ചെയ്യേണ്ടതല്ലേ”  

അങ്ങനെയാണ്  അച്ഛൻ.എല്ലാകാര്യങ്ങളും  വളരെ ചിട്ടയായി പ്ലാൻ ചെയ്യും.  സ്നേഹവും വാത്സല്യവും യഥേഷ്ട്ടം തനിക്കു നൽകുന്ന ഈ കുടുമ്പത്തിൽ മകളുടെ ഭർത്താവെന്നതിനുപരി താനൊരു മകനാണ്.വീണ്ടുമൊരു അച്ഛനേയും മറ്റൊരു അമ്മയേയും നേടുകയായിരുന്നു. നന്ദിപൂർവം ഓർക്കുന്ന സത്യം. 
“ഇതൊന്നും നീ ഒരിക്കലും മറക്കരുത്. നിന്റെ അച്ഛൻ ഇതൊന്നും കാണാൻ ഇരുന്നില്ലല്ലോ. എന്തെല്ലാം മോഹങ്ങളായിരുന്നു പാവത്തിന്". നിറഞ്ഞ കണ്ണുകളോടെ അമ്മയോർക്കും ഇടക്കൊക്കെ.
ആ സമയം ഓർമകളിൽ നിന്ന് ഉണർത്തിയത് ഹൃദ്യമായ മുല്ലപ്പൂവിന്റെ ശക്തമായ മണമായിരുന്നു. ചേച്ചിയുടെ തലമുടി ഭംഗിയിൽ പിന്നി മുല്ലപ്പൂവുകൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു അനുജത്തി. 
"ഹൌ ഡു  ഐ  ലുക്ക് ?"  മുന്നിൽ വന്നു നിന്നു തലമുടി ഒന്ന്  വീശിക്കാണിച്ചുകൊണ്ട് ഭാര്യ ഒരു ചോദ്യം 
"യൂ ലുക്ക് ബ്യുട്ടിഫുൾ ആസ് ആൾവെയ്‌സ് "
"റിയലി"? 
"പൊന്നിന്കുടത്തിനെന്തിനാ  പൊട്ടു!
നാണിച്ചതു അനുജത്തിയായിരുന്നെന്നു എന്നാണോർമ.

അച്ഛൻ ഉപദേശിച്ചപോലെ പതുക്കെ തന്നെയാണ് കാറോടിച്ചതു. പാലക്കാട്ടെ റോഡുകൾ വളരെ ഇടുങ്ങിയത്പോലെ തോന്നി. നെന്മാറയിലെത്തിയപ്പോൾ പരിചയമുള്ള ചില മുഖങ്ങൾ കണ്ടുതുടങ്ങി. തിരിച്ചറിഞ്ഞ ചിലർ പുഞ്ചിരിച്ചു. കൂടെ  മുൻസീറ്റിലിരുന്ന സുന്ദരിയായ പെൺകുട്ടിക്കാണ് കൂടുതൽ ശ്രദ്ധ കിട്ടിയത് എന്നതിന് സംശയമില്ല.  

മുത്തശ്ശന്റെ വീട്ടിലേക്കുള്ള തിരുവെത്തിയപ്പോഴാണ് പതിവില്ലാത്ത ആ ജനക്കൂട്ടം ശ്രദ്ധിച്ചത്‌. “പപ്പടക്കാരമുക്ക്”എന്നാണ് പണ്ടത്തെ പേര്. ആ ചെറിയ റോഡിലേക്ക്‌ കയറിയാൽ ഇടതുഭാഗത്തു കാണുന്ന ആദ്യത്തെ വീടാണ് ശതാക്ഷി മന്ദിരം.മുത്തശ്ശിയുടെ പേരായിരുന്നു ശതാക്ഷി എന്ന്. അവിടെയാണ് താൻ ജനിച്ചതും മൂത്ത ചേച്ചിയുടെ കല്യാണം നടന്നതും.  

വീടിനുമുന്പിൽ കാർ നിർത്തി ഡോർ തുറന്നതും അച്യുതൻ നായർ കാറിന്ന ടുത്തേക്ക്ഓടിവന്നു. ഷർട്ടിലുംമുണ്ടിലുമൊക്കെ രക്തം പുരണ്ടി രിക്കുന്നു.പുറകെ സ്ട്രോക്കുമൂലം ഇടതുവശം തളർന്ന ഇളയച്ഛനും പതുക്കെ വേച്ചുവേച്ചു നടന്നു വരുന്നത് കണ്ടു.അൽഷിമേഴ്സ് വന്നതിനു ശേഷം മുത്തശ്ശനെ സദാ ശുശ്രുഷിക്കുന്നതും കുളി ആഹാരം മരുന്ന് എന്നുവേണ്ട എല്ലാ കാര്യങ്ങളും നോക്കുന്നതും അച്യുതൻ നായരാണ്. പോസ്റ്റുമാനായിരുന്നു  റിട്ടയർ ചെയ്യുന്നതുവരെ. നീലക്കുയിൽ സിനിമയിലെന്നപോലെ നെമ്മാറക്കാരുടെ സ്വന്തം"പോസ്റ്റ്മേനോൻ".(കുട്ടിക്കാലത്തെ ഓർമ്മകൾ!) .ഭാര്യയും കുടുംബവും ഇല്ലാത്ത ഏകതടി!  കൂടെ താമസിച്ചു ഇരുപത്തിനാലു മണിക്കൂറും മുത്തശ്ശനെ നോക്കി രക്ഷിക്കുന്ന  ചുമതലയാണ് അദ്ദേഹത്തെ ഏൽപ്പി ച്ചിരി ക്കു ന്നത്.  ചെറിയമ്മക്ക് ആരോഗ്യ ശേഷിയില്ലാത്ത രണ്ട്കുഞ്ഞുങ്ങളേയും  ഒരുവശം തളർന്നിരിക്കുന്ന  ഇളയച്ഛനേയും ശ്രദ്ധിക്കേണ്ടതുണ്ട് .മുത്തശ്ശന്റെ മൂന്നു ആണ്മക്കൾക്കും വേണ്ടി ഗോപാലമാമയാണ് എല്ലാ ഏർപ്പാടുകളും ചെയ്‌തതും മാനേജ് ചെയ്യുന്നതും.

“രാവിലെ പതിനൊന്നു മണിക്കാണ് ശുണ്ടിമൂത്തു ഇറങ്ങി ഓടിയത്.തടയാൻ നോക്കിയ എനിക്കിനി കേൾക്കാത്ത ചീത്തയില്ല.എന്നെ ചവിട്ടി തെറിപ്പിച്ചു. പുതിയ വാക്കിങ് സ്റ്റിക്കുകൊണ്ട് ഒരു കുത്തും.തൊലി മാത്രമേ പൊട്ടീട്ടുള്ളു ന്നാ  തോന്നണേ.നല്ല വേദനേണ്ടു. ഭാഗ്യത്തിന് വഴീല് കാറും ബസ്സും ഉണ്ടായിരുന്നില്ല.  ഇവിടുന്നോടിയിട്ടു ആ കൈപ്പഞ്ചേരി മുക്കെത്തിയിട്ടേ നിന്നുള്ളൂ. എവിടുന്നാണാവോ ഈ ശക്തി കിട്ടണത്.അടുത്തുവന്നാൽ എന്നെ കൊല്ലുമെന്നാ പറയണത്.ഓണമായിട്ടു ജലപാനം കഴിച്ചിട്ടില്ല.  ഉച്ചക്ക് ഉണ്ടിട്ടുമില്ല. ഇപ്പൊ ആ കള്ളുഷാപ്പിന്റെ മുൻപിലെ പന്തലിലാ ഇരിക്കണത്. ശിവ ശിവ! ഞാനെന്താ ചെയ്യാ? നിങ്ങൾക്കറിയോ  എന്നും രാവിലെ കുളിപ്പിക്കുന്നതാണ്. ഇന്നൊന്നിനും സമ്മതിച്ചിട്ടില്ല.പല്ലുപോലും തേച്ചിട്ടില്ല. രാത്രിയുടുത്ത മുണ്ടും ഷർട്ടും തന്നെ. ഇപ്പോൾ നാറുന്നുണ്ടായിരിക്കും. ഉടുത്ത തുണിയിലാണ് ചെലപ്പോൾ അറിയാതെ മാലോം മൂത്രോം പോകുന്നത്. എങ്ങനെ പ്രതാപത്തിൽ ജീവിച്ചിരുന്ന ആളാണ്!”
അച്യുതൻ നായർ വാവിട്ടു കരയാൻ തുടങ്ങിയപ്പോൾ തനിക്കും പ്രത്യേകിച്ചു ഭാര്യക്കും സഹിക്കാൻ സാധിചില്ല. ഭാര്യയുടെ കരച്ചിൽ കണ്ടപ്പോൾ ചേര്ത്തി നിർത്തിക്കൊണ്ട് പതുക്കെ ചെവിയിൽ പറഞ്ഞു
“മോൾ അകത്തേക്ക്പൊയ്‌ക്കോളൂ.ഞങ്ങൾ പോയി നല്ലവാക്കു പറഞ്ഞുപതുക്കെ   മുത്തശ്ശനെ ഇങ്ങോട്ടു കൊണ്ടുവരാം”

“ഞാൻ ഒന്നു കയ്യും കാലും കഴുകട്ടെ. ഈ ചോരയെങ്കിലും കഴുകി കളയട്ടെ. കാറു വെറുതേ വൃത്തികേടാക്കേണ്ടല്ലൊ”
അച്യുതൻനായരെയും കേറ്റി കൈപ്പഞ്ചേരി മൂക്കിലേക്ക് കാറോടിക്കുമ്പോൾ  അയല്പക്കക്കാർ സ്വന്തം വീട്ടുമുറ്റത്തു നിന്ന് നോക്കുന്നുണ്ടായിരുന്നു. സ്ഥലവും ആളുകളും ഒക്കെ വളരെ മാറിയിരിക്കുന്നു. കുറെനാളായല്ലോ ഈവഴിയെ വന്നിട്ട്. അയാൾ ഓർത്തു. നാട്ടുകാരെ നോക്കി ചിരിക്കാനും പരിചയം പുതുക്കാനും മറന്നില്ല. സൂരിപ്പാട്ടാളിയുടെ കളത്തിന്റെ മുഖഛായപോലും മാറിയിരിക്കുന്നു.കളം പ്ലൈവുഡ് കമ്പനി എബ്രഹാമിന്റെ അനുജൻ തങ്കപ്പനാണു    വാങ്ങിയിരിക്കുന്നതെന്നു അച്യുതൻനായർ പറഞ്ഞറിഞ്ഞു.

"പാട്ടാളീസ് പാർലർ - ഇളംകള്ളു സ്പെഷ്യൽ". എന്ന്  വലിയ ബോർഡ് വെച്ചിരിക്കുന്നു   “രാവിലെമാത്രം “ എന്ന്ഏതോ സരസൻ താഴെ എഴുതിച്ചേർത്തിരിക്കുന്നു!
വലിയ ഗേറ്റും സൈനും. കാലംപോയ പോക്കേ! മനസ്സിലോർത്തു. പാവം പരദേശി ബ്രാഹ്മണനായ സൂരി പാട്ടാളിയുടെ ആത്മാവ് സ്വർഗത്തിലിരുന്നു കരയുന്നുണ്ടാവും! കാർ അകത്തേക്ക് കയറ്റി നിർത്തി പുറത്തിറങ്ങി.കള്ളൂ ഷോപ്പിനകത്തുനിന്നു ഉറക്കെയുള്ള സംസാരം കേൾക്കാം. ചിലർ ലഹരി യിലാണെന്നു വർത്തമാനം കേട്ടാൽത്തന്നെ മനസ്സിലാകും.ഷോപ്പിനുപുറത്തെ പന്തലിൽ ബെഞ്ചിലിരിക്കുന്ന മുത്തശ്ശനെ ദൂരെനിന്നു കണ്ടു. മദമിളകിയ ആനയെപ്പോലെ മുഖം ഒരുവശത്തേക്കു ചെരിച്ചു ക്രൂരതയോടെ നോക്കുന്നത് അച്യുതൻനായരേ ആയിരുന്നു. “പേരമകനെ” കണ്ടിട്ടില്ല എന്ന് വ്യക്തം. പെട്ടെന്നാണ് കയ്യിലെ വടി വീശിക്കൊണ്ട് ചാടി എഴുന്നേറ്റതും ഉറക്കെ ആക്രോശിച്ചതും 

"നിന്നോടല്ലേ പറഞ്ഞത് ഞാൻ വരുന്നില്ലെന്ന്. നീ പൊയ്‌ക്കോ വീട്ടിലേക്കു. എന്നെ തൊടരുത്. കൊന്നുകളയും ഞാൻ".   ഈശ്വരാ ഇതെന്റെ മുത്തശ്ശൻ  തന്നെയോ? ശബ്‌ദംകേട്ട് കള്ളുഷോപ്പിൽനിന്നു ജനാലയിൽകൂടി നോക്കി ഒരാൾ  ഉറക്കെ വിളിച്ചു പറഞ്ഞു. 
“നല്ലകാലത്തു മഹാപാപിയായിരുന്നു. ബൂർഷ്വാ നമ്പർ വൺ!  എന്റെ അച്ഛനെ കൊന്നത് ഈയാളാ.”                                                                                                                              "എടാ മഹാ പാപി! സ്വന്തം അച്ഛനെ കൊന്ന നീ അങ്ങിനെ തന്നെ പറയണമെടാ” അച്യുതൻനായർക്കതു സഹിക്കാൻ പറ്റിയില്ല .

"രാജൻ കുട്ടിക്ക് മനസ്സിലായോ ഇവനാരാണെന്നു?  മരിച്ചില്ലേ നമ്മുടെ പട്ടക്കാരൻ ചാമിയാര് …. "  
"അയ്യോ ചാമിയാര് മരിച്ചുവോ? " വിശ്വസിക്കാനായില്ല.
"ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞുകാണും.എൻട്രിൻ കഴിച്ചു ആത്മഹത്യയായിരുന്നു. മക്കളുടെ ധൂർത്തും തോന്ന്യാസവും കൊണ്ട് കടവും പെരുകി. ഭാര്യേം  മരിച്ചു!"  "ആരാപ്പോ മുത്തശ്ശന്റെ കൃഷി നോക്കണത്? "
"മൂത്തമകൻ മായനാത്രേ. അവനാ ഇത്തിരി ഭേദം ന്നാ കേക്കണത്. രാജൻകുട്ടി ഇതൊന്നും അറിഞ്ഞില്ലേ?  ഇപ്പൊ കള്ളുഷാപ്പിന്ന് വിളിച്ചു കൂവിയത്     ചാമിയാരുടെ ചെറിയ മകൻ സേതുമാധവനാ.  എപ്പോഴും ബൂസാണ് !"                                                             
 "എന്റെകൂടെ പഠിച്ചവനോ?"
"അവനിപ്പോ കൈപ്പഞ്ചേരികൃഷ്‌ണന്റെ മൂത്ത മകളെയാണല്ലോ കല്യാണം കഴിച്ചത്.അവളുടെ ഭർത്താവു ഹാർട്ട് അറ്റാക്കായി മരിച്ചൂല്ലോ. ധാരാളം ക്രിഷീം പണോംണ്ട്. രണ്ട് ആൺപിള്ളേരുണ്ട് ; സ്കൂളിൽ പോകുന്നു "
"അത് നമ്മുടെ ശിവരാമന്റെ ചേച്ചി? ഞാനിതൊന്നും അറിഞ്ഞതേയില്ല"
വീണ്ടും നോക്കിയപ്പോൾ മുത്തശ്ശൻ തനിയെ ശാന്തനായിരിക്കുന്നു.കണ്ണുമടച്ചു ഉറക്കം തൂങ്ങുന്നതുപോലെയുണ്ട് ഇരിപ്പുകണ്ടാൽ. പതുക്കെ അടുത്തുചെന്നു തോളത്തു തൊട്ടപ്പോൾ പെട്ടെന്ന് കണ്ണ് തുറന്നു. മുഖം ശാന്തമായിരുന്നു. ക്രോധം അടങ്ങിയപോലെയുണ്ട്. തന്നെ കണ്ടതുകൊണ്ടായിരിക്കാം കള്ളുഷോപ്പിനകത്തും ശബ്‌ദം നിലച്ചു!  സേതുമാധവൻ പുറത്തുവന്നില്ല. അയാളവിടെ ഉണ്ടെന്നു അറിഞ്ഞഭാവം താനും നടിച്ചില്ല.

"ഹാ! നീയെപ്പൊവന്നൂ?" ഒന്നും  അറിയാത്തപ്പോലെ  മുത്തശ്ശൻ ചോദിച്ചു. ഓര്മയുണ്ടെന്നു  തോന്നുന്നില്ല                                                                                                                                    "ഞാനിന്നലെ ചിറ്റൂരെത്തി"                                                                                                               ഒന്നും സംഭവിക്കാത്തതുപോലെ  മുത്തശ്ശൻ എഴുനേറ്റു. വലതു കയ്യിൽ  വോക്കിങ് സ്റ്റിക്ക്. ഇടത്തു കൈ അച്യുതൻനായരുടെ തോളിൽ  വെച്ച് പതുക്കെ നടന്നു കാറിൽ കയറി. സ്വന്തം തോർത്ത് കൊണ്ട് അച്യുതൻനായർ മുത്തശ്ശന്റെ മുഖവും കാലും തുടച്ചപ്പോഴും ക്ഷോഭിച്ചില്ല. കുളിമുറിയിൽ മരക്കസേരയിലിരുത്തി പല്ലുതേച്ചു കൊടുത്തതും കുളിപ്പിച്ചതും അച്യുതൻ നായരായിരുന്നു. പതുക്കെ പൂമുഖത്തു കസേരയിൽ ഇരുത്തിയപ്പോഴാണ്  മുത്തശ്ശൻ എല്ലാവരെയും ഒന്ന് ശ്രദ്ധിച്ചതും ചുറ്റും നോക്കിയതും.

"അല്ലാ കുട്ടിയിവിടെയുണ്ടായിരുന്നോ? ഞാൻ കണ്ടില്ലാ ട്ടോ". ഭാര്യയെ അപ്പോഴേ കണ്ടിട്ടുള്ളു.
"മണി മൂന്നായല്ലോ. മുത്തശ്ശന് ഊണുകഴിക്കണ്ടേ?" ഭാര്യ കുശലം തുടങ്ങി.  
 "അതോ നല്ല പഴുത്ത ഒരു നേന്ത്രപ്പഴം തരട്ടേ?" താൻ നീട്ടിയ നേന്ത്രപ്പഴത്തിലാണ് മുത്തശ്ശന് താല്പര്യമെന്ന് തോന്നി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പതുക്കെ ഒരുപഴം മുഴുവൻ തിന്നു.
"ഇനി സ്വല്പം ചക്കപ്രഥമൻ വേണോ പാലട വേണോ?" മിടുക്കി. അപ്പോഴേക്കും അവളുടെ മുഖത്തും ഒരു പുഞ്ചിരി കണ്ടു

"കുട്ടിയുണ്ടാക്കിയതാ?   ആദ്യം ചക്കയായിക്കോട്ടെ"   
ചെറിയ കപ്പിൽ കൊടുത്ത ചക്കപ്രഥമനും പിന്നീട് സ്വല്പം പാലടയും കഴിച്ചിട്ടു “ബഹുജോർ”  എന്നുമുത്തശ്ശൻ പറഞ്ഞപ്പോൾ  അവൾക്കും ഉണ്ടായി  കൂടുതൽ ഉഷാറും സന്തോഷവും
"ഇത് അമ്മേടയാ; അടുത്ത ഓണത്തിനു മുത്തശ്ശന് ഞാനുണ്ടാക്കിത്തരും"
“അതൊന്നു കാണണം”.  വലതുകൈ കുലുക്കി മുത്തശ്ശൻ ചിരിച്ചു.
അപ്പോഴാണ് മുത്തശ്ശന്റെ മുഖത്ത് പഴയ ഐശ്വര്യവും ശാന്തതയും വീണ്ടും ഒന്ന് കണ്ടത്. ഒരുനനഞ്ഞ തോർത്തുകൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു വിശറികൊണ്ട് പതുക്കെ വീശിക്കൊണ്ട് പതിവുപോലെ ചോദിച്ചു           
 "ഇനി മുത്തശ്ശനൊന്നു ഉറങ്ങണോ"? 
“എന്നാ തന്റെ ബിലാത്തി യാത്ര”?   
 
ങേ!   മുത്തശ്ശന്റെ ഓർമ തിരിച്ചു വന്നല്ലോ!  വലിയ സന്തോഷം തോന്നി. മറുപടി പറയാൻ സമയം കിട്ടുന്നതിന് മുൻപ്  സ്വയം പൂമുഖത്തേ ചാരുകസേരയിൽ നിന്നെഴുന്നേറ്റു മുത്തശ്ശൻ ഇടനാഴിയിലെ സ്വന്തം കിടക്കയിൽ വന്നു കിടന്നപ്പോൾ താനും വിശറിയുമായി തലവശത്തു അരുകിൽ നിന്ന് വീശാൻ തുടങ്ങി.
“മോളിവിടെ മുത്തശ്ശന്റെ കാൽക്കൽ വന്നു ഇരുന്നോളു” താനാണ് നിർദ്ദേശിച്ചത്                                                                                                                                             അവൾ  അവിടെയിരുന്നു മുത്തശ്ശന്റെ കാലുകൾ പതുക്കെ തിരുമ്മി തുടങ്ങി.  "നല്ല സുഖം". മുത്തശ്ശൻ പറഞ്ഞു. "കൈ കഴയ്കുമ്പോൾ നിർത്തിക്കോളൂ ട്ടോ" എല്ലാം മറന്നു മുത്തശ്ശൻ ഉറങ്ങിത്തുടങ്ങി.                                                                    "പാവം. സമാധാനമായിട്ടു ഒന്ന്  ഉറങ്ങിക്കോട്ടെ". ഭാര്യപറഞ്ഞു.                            
ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായി മുത്തശ്ശൻ ഉറക്കത്തിൽ പുഞ്ചിരിച്ചു മനസ്സിലെ ക്ഷോഭിച്ചു ഇളകിമറിഞ്ഞിരുന്ന  കടൽ ശാന്തമായെന്നു  തോന്നുന്നു

വെളിച്ചം ദു:ഖമാണുണ്ണി  തമസ്സല്ലോ സുഖപ്രദം                                                              
ഓർമ വന്നത് അക്കിത്തത്തിന്റെ  പ്രസിദ്ധമായ വരികൾ!! 

                                                                      END

Join WhatsApp News
Dr. Mohamed Ali. 2023-11-13 16:54:15
അമേരിക്കയിലേക്ക് ചേക്കേറിയ പലർക്കും ഒരു മലയാളം തന്നെ മറന്നു പോകാറുണ്ട്. പക്ഷെ, കരുണാകരൻ കുട്ടി മലയാളം മറന്നില്ല എന്നു് മാത്രമല്ല അത് ഭംഗിയായി കൈകാര്യം ചെയ്യുന്നത് കാണാൻ എന്തൊരു ഭംഗി. അഭിനന്ദനങ്ങൾ. വീണ്ടും എഴുതുക. മറുനാടൻ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. നല്ലത് വരട്ടെ. ഡോ.മുഹമ്മദലി..
Unni Oppath 2023-11-17 19:53:59
Dr Kutty യുടെ "റേഷാൾ " (രജിസ്ട്രാർ മാരെ വളരെ ബഹുമാനത്തോടെ നാട്ടിൻ പുറങ്ങളിൽ അങ്ങനെയാണ് സംബോധന ചെയ്തിരുന്നത്) വായിച്ചു...തുടക്കം മുതൽ അവസാനം വരെയും ജിജ്ഞാസയോടെ വായിക്കാൻ തോന്നുന്ന ഒരു ഗൃഹാതുരമായ കഥ... എടുത്തു പറയാനുള്ളത് കഥ നടക്കുന്ന നാട്ടിൻപുറങ്ങളുടെയും തറവാടിന്റെയും വിവരണങ്ങൾ....അതെല്ലാം കണ്ണുകളിൽ കാണുന്നപോലെ....കഥാപാത്രങ്ങളുടെ വിശേഷണങ്ങൾ അതിനുമപ്പുറം.... നമ്മുടെഎല്ലാം ഭൂതകാലത്തിൽ നിന്നുള്ള ഒരു സംഭവത്തെയോ ഇനത്തെയോ ഓർമ്മിപ്പിക്കുന്നത് നൊസ്റ്റാൾജിയയ്ക്ക് കാരണമാകുന്നു... അങ്ങനെയുള്ള കൊച്ചു കൊച്ചു സംഭവങ്ങൾ.... തത്ഫലമായുണ്ടാകുന്ന വികാരങ്ങൾ സന്തോഷത്തിൽ നിന്ന് സങ്കടത്തിലേക്ക് വ്യത്യാസപ്പെടാം.... ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോവാൻ പോലും മനസ്സിന്റെ ഏതോ ഒരു കോണിൽ ആഗ്രഹിച്ചെന്നു വരാം .... പിന്നീട് ആ ഓർമ്മകൾ ആനന്ദകരമായ വികാരങ്ങളും ഓർമ്മകളും ആയിത്തീരുന്നു... മുത്തച്ഛന്റെ ആ ഓർമ്മകൾ ഒരനുഗ്രഹമായിത്തന്നെ കഥാകൃത്ത് മനസ്സിൽ എന്നെന്നും കാത്തു സൂക്ഷിക്കുന്നു.... ശ്രീ. പി ആര്‍ രാജന്റെ വര വളരെ നന്നായിട്ടുണ്ട് ....മനസ്സിൽ കണ്ട മുത്തച്ഛൻ തന്നെ.... Dr കുട്ടിയുടെ ആ "റേഷാൾ" മുത്തച്ഛൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു....അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും...!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക