Image

ഓർമ്മകൾ മായും മുമ്പേ ( കഥ: ഷിജു കെ പി)

Published on 05 November, 2023
ഓർമ്മകൾ മായും മുമ്പേ ( കഥ: ഷിജു കെ പി)

"എന്താ പേര്?"
"രാമു."
"മുഴുവൻ പേര്?"
"രാമു"
"ശരി, അങ്ങോട്ട് കിടക്കു."
"അയ്യോ അച്ഛാ, ഞാൻ വരുന്നതിനു മുമ്പ് കാറിൽ നിന്ന് ഇറങ്ങി വന്നോ?
എന്റെ അച്ഛനാണ്. പേര് രാമകൃഷ്ണൻ. ഇവിടെ മാഡത്തെ ഞാൻ കണ്ടു. ഒരു കൊല്ലത്തേക്ക് കാശ് അടച്ചിട്ടുണ്ട്. അച്ഛനിനി കുറച്ചു നാൾ ഇവിടെ നിൽക്കാം. ഇവിടെ ആകുമ്പോ അച്ഛന്റെ പ്രായത്തിൽ ഒരു പാട് പേരുണ്ട്. പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞിരിക്കാം."
"രാധാമണി എവിടെ? എന്റെ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചില്ലേ?എനിക്ക് നാളെ ഡൽഹിക്ക് പോണ്ടതാ."
"അതൊക്കെ എടുത്തു വെച്ചിട്ടുണ്ട്. സിസ്റ്റർ അച്ഛന് മുറി കാണിച്ചു കൊടുക്കുമോ?സിസ്റ്ററെ ഒന്ന് നോക്കണേ. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മാഡത്തിന്റെ കയ്യിൽ നമ്പർ കൊടുത്തിട്ടുണ്ട്. അമ്മ മരിച്ചിട്ട് രണ്ട് മാസമായി. അതിന് ശേഷമാണ് അച്ഛന് ഓർമ പോയി തുടങ്ങിയത്. അതിനു മുമ്പേ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. പക്ഷെ അമ്മ ഞങ്ങളെ ഒന്നും അറിയിച്ചില്ല."
"നിങ്ങൾ എത്ര മക്കളാ?"
"ഞാൻ ആകെയുള്ള മകളാണ്. ഞാൻ ബാംഗ്ലൂർ ആണ്. അച്ഛനെ അങ്ങോട്ട് കൊണ്ട് പോകാൻ പറ്റില്ല. അവിടെ കുടുസ്സ് മുറിയിൽ ഉള്ള ജീവിതം ഒന്നും അച്ഛന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. പിന്നെ ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ അച്ഛനെ നോക്കാൻ ആരും ഇല്ല. അത് കൊണ്ടാണ് ഇവിടെ കൊണ്ടാക്കിയത്."
"അച്ഛാ.. എന്റെ അവസ്ഥ ഇങ്ങനെ ആയത് കൊണ്ടാണ്. അല്ലാതെ സ്നേഹം ഇല്ലാത്ത കൊണ്ടല്ല."
"മോൾ പൊയ്ക്കോ. എനിക്ക് ഇവിടെ ഒരു കുഴപ്പവും വരില്ല." വല്ലപ്പോളും മാത്രം ഓർമ വരുന്ന അച്ഛന്റെ അത്തരം ഒരു അപൂർവ നിമിഷമാണ് അതെന്ന് എനിക്ക് മനസ്സിലായി.ഞാൻ അറിയാതെ കരഞ്ഞു പോയി. "അവൾ വരുമോ? "
"അമ്മ.."
" അമ്മയല്ലടി. അമ്മു." ഞാനച്ഛനെ പകച്ചു നോക്കി.അമ്മുവിനെ എല്ലാരും മറന്ന് കഴിഞ്ഞു. അമ്മ മരിച്ചിട്ട് പോലും അവൾ വന്നില്ല. ആരും അവളെ അറിയിച്ചും ഇല്ല. "അച്ഛനു അവളെ കാണണം എന്നുണ്ടോ?" "അവളെ കാണണം. അവൾ എന്റെ മോളല്ലേ."
" ശരിയാണ്. അല്ലെങ്കിലും എന്നേക്കാൾ പ്രിയം പണ്ടും അവളോടാണല്ലോ?അവൾ ഇഷ്ടപ്പെട്ട ആളുടെ കൂടെ കല്യാണം കഴിച്ചു പോയിട്ട് പത്തു വർഷം കഴിഞ്ഞു. എറണാകുളത്ത് എവിടെയോ ആണെന്ന് അറിയാം. മറ്റൊന്നും അറിയില്ല. ഞാൻ അവളോട് പറയാം. അവളുടെ ഏതോ ഒരു പഴയ ഫ്രണ്ട് ന്റെ നമ്പർ എന്റെ കയ്യിൽ കാണും."
അല്ലെങ്കിലും അവളുടെ കൂടെ അച്ഛനല്ലേ. ഞാൻ മാത്രം എന്തിനാ ടെൻഷൻ എടുക്കുന്നത്. അവളോട്‌ കൂടി പറയാം. പക്ഷെ ഇത്രേം കാലമായി അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത അവളാ.അവൾക്ക് ഒരു കുട്ടി ആയി എന്ന് പറഞ്ഞു അവളുടെ ഒരു കൂട്ടുകാരി ഒരിക്കൽ എന്നെ വിളിച്ചു. ഞാൻ അത് അമ്മയോട് പറഞ്ഞു. ഇനി മേലാൽ അവളുടെ കാര്യം പറയാൻ വിളിക്കണ്ട എന്നാണ് എന്നോട് അന്ന് പറഞ്ഞത്. പിന്നെ ഒരിക്കലും ഞാൻ അവളുടെ കാര്യങ്ങൾ അന്വേഷിക്കുക പോലും ചെയ്തില്ല. ഓരോ തിരക്കിന്റെ ഇടയിൽ സത്യത്തിൽ അവളെ ഞാൻ മറന്നു. എന്തായിരുന്നു ആ കുട്ടിയുടെ പേര്. അമ്മുസ് ഫ്രണ്ട് ഇത് തന്നെ. പക്ഷെ അതൊരു ലാൻഡ് ലൈൻ നമ്പർ ആണ്. വിളിച്ചപ്പോൾ ആരോ എടുത്തു. അതൊരു ലേഡീസ് ഹോസ്റ്റൽ ആണ്.അവിടെ താമസിച്ചിരുന്ന ഏതോ ഒരു പെൺകുട്ടിയാണ് പണ്ടെന്നേ വിളിച്ചത്. ഇനി എന്ത് ചെയ്യും.
നാളെ രാവിലേ എനിക്ക് തിരിച്ചു പോണം. ലീവും തീർന്നു. ഇനിയിപ്പോ അമ്മു നിന്നെ ഞാൻ എവിടെ പോയി അന്വേഷിക്കും? ഞാൻ വണ്ടിയെടുത്തു ഇറങ്ങി. എറണാകുളത്തേക്ക് ഒരു മണിക്കൂർ ദൂരം ഉള്ളു. അവൾ വക്കീലല്ലേ. ആരോടെങ്കിലും അന്വേഷിച്ചാൽ അറിയും. അഡ്വക്കേറ്റ് ദേവിക എന്നന്വേഷിച്ചാൽ എന്തെങ്കിലും ഒരു ക്ലൂ കിട്ടില്ലേ. അവൾ സോഷ്യൽ മീഡിയയിൽ ഒന്നും ഇല്ല. കുറച്ചു നാൾ മുമ്പ് ഞാനൊന്ന് തപ്പി നോക്കിയതാ. രവിയെ കണ്ട് നോക്കാം. പഴയ ഒരു ക്ലാസ്സ്‌മേറ്റ് ആണ്. പോലീസിൽ ആണ്. എറണാകുളം ഭാഗത്ത് എവിടെയോ ആണ് ഇപ്പൊ. പഴയ ക്ലാസ്സ്‌മേറ്റ് ഗ്രൂപ്പ്‌ ഉള്ളത് കൊണ്ട് രക്ഷയായി . നാടുമായി ഇപ്പൊ ആകെയുള്ള ബന്ധം ഈ ഗ്രൂപ്പ്‌ വഴിയാണ്. "രവി, ഞാൻ രാധികയാണ്. ഒരാളെ ഒന്ന് അന്വേഷിച്ചു കണ്ടു പിടിച്ചു തരണം...
എന്റെ അനിയത്തി തന്നെയാണ്...
അഡ്വക്കേറ്റ് ആണ്....
അഡ്രസ് അറിയില്ല...
വേറെ ഡീറ്റെയിൽസ് ഒന്നും അറിയില്ല.... കാണാതായിട്ട് പത്തു വർഷം ആയി...."
രവി ആദ്യമയാണ് ഇങ്ങനെ ഒരു കേസ് കേൾക്കുന്നത്. "പത്തു വർഷം മുമ്പ് കാണാതായ ആളെ എന്താ ഇപ്പൊ ഈ രാത്രി അന്വേഷിക്കുന്നത്?"
"രവി, അവൾ പത്തു വർഷം മുമ്പ് ആന്റണി എന്നൊരാളുടെ കൂടെ ഒളിച്ചോടി പോയതാണ്. എന്റെ അമ്മ ഈയടുത്ത് പോയി. അച്ഛനെ ഞാനൊരു ഓൾഡ് ഏജ് ഹോമിൽ ആക്കിയിരിക്കുകയാണ്. എനിക്ക് അവളുടെ അഡ്രസ് കിട്ടണം. അവളെ കുറിച്ച്‌ ഇത്രയും കാലം ഞങ്ങൾ ആരും അന്വേഷിച്ചില്ല. എന്നോടും അവളെ കുറിച്ച് ഒന്നും അന്വേഷിക്കണ്ട എന്ന് അച്ഛനുമമ്മയും പറഞ്ഞു.പക്ഷെ ഇപ്പൊ..?"
"എനിക്ക് മനസ്സിലായി. ഞാനൊന്ന് നോക്കട്ടെ. വക്കീൽ അല്ലെ. നാളെ രാവിലെ അന്വേഷിക്കാം."
" എനിക്ക് നാളെ രാവിലെ തിരിച്ചു പോണം ബാംഗ്ലൂർ. ലീവ് എല്ലാം തീർന്നു. പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? "
"ഹും. ഞാൻ വിളിക്കാം."
 രാത്രി എവിടെയെങ്കിലും തങ്ങിയാലോ എന്നാലോചിച്ചു രാത്രി പന്ത്രണ്ട് മണിക്ക് മറൈൻ ഡ്രൈവിൽ ഇരുന്നു ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് രവി വിളിക്കുന്നത്. "നീ ഇപ്പോ എവിടെയാ?"
"മറൈൻ ഡ്രൈവിൽ ഉണ്ട്."
"ഞാൻ ഒരു ലൊക്കേഷൻ അയക്കാം അങ്ങോട്ട് വാ."
" ശരി."
അവളെ കണ്ടു കിട്ടിയോ. എത്ര കൊല്ലത്തിനു ശേഷമാണ് അവളെ കാണാൻ പോകുന്നത്. അമ്മയുടെ കാര്യം പറഞ്ഞാൽ അവൾ എന്നോട് പൊറുക്കുമോ?ഞാൻ എന്ത് ചെയ്യാനാ.
 കുറച്ചു നേരമായി ഒരു ഹൗസിങ് കോളനിയിൽ കിടന്ന് തിരിയാൻ തുടങ്ങിട്ട്.രവിയെ വിളിക്കാം. വീട് ശരിക്ക് മനസ്സിലാവുന്നില്ല. ഒടുവിൽ ഒരു വിധം വീട് കണ്ട് പിടിച്ചു. നല്ല ഒരു രണ്ടു നില വീട്. കുറച്ചു സമയം വണ്ടിയിൽ ഇരുന്നു എന്താണ് പറയേണ്ടതെന്ന് ആലോചിച്ചു. ഏതായാലും വരുന്നത് വരട്ടെ.ഞാൻ വണ്ടിയിൽ നിന്നിറങ്ങി. രവിയുടെ വണ്ടി പുറകിൽ വന്നു നിന്നു. "നീ വാ." രവി മുന്നിൽ നടന്നു.
ബെൽ അടിച്ചു. ഏതോ ഒരാൾ വന്നു വാതിൽ തുറന്നു.
"ആരാ?"
 രവി ഉള്ളിൽ കേറി കാര്യം പറഞ്ഞു. ഞാൻ പതുക്കെ വീടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ ഞെട്ടി പോയി. എന്റെ അമ്മുവിന്റെ ഫോട്ടോയിൽ മാല ഇട്ടു വെച്ചിരിക്കുന്നു. "അയ്യോ!!"
ഞാൻ പൊട്ടി കരഞ്ഞു.
" അമ്മു..."
അപ്പോൾ താഴെ ഒരു മുറിയിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി വാതിൽ തുറന്ന് വന്നു. "ആരാ?"
" മോൾ...? "
" ഞാൻ അമ്മുവാ. നിങ്ങൾ ആരാ? "
ഇത് എന്റെ അമ്മു തന്നെ.
"മോളെ ഞാൻ നിന്റെ.. "
രവി വന്നു എന്നോട് കാര്യങ്ങൾ പറഞ്ഞു തന്നു. അമ്മുവും ആന്റണിയും ഇപ്പോൾ ജീവിച്ചിരിപ്പില്ല.മൂന്നു വർഷം മുമ്പ് സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയിൽ ഇടിച്ചു അവർ മരിച്ചു.
"എന്നിട്ട് എന്താ ഞങ്ങളെ അറിയിക്കാതെയിരുന്നത്?"
എന്റെ സകല ദേഷ്യവും നിരാശയും പുറത്ത് വന്നു.അവർക്ക് അമ്മുന്റെ കുടുംബത്തിന്റെ ഡീറ്റെയിൽസ് അറിയില്ലായിരുന്നു.
മോളെ ഇപ്പൊ നോക്കുന്നത് ആന്റണിയുടെ ചേട്ടനും കുടുംബവും ആണ്.
" എനിക്ക് മോളെ കൊണ്ട് പോണം." ഞാൻ രവിയോട് പറഞ്ഞു.
"എവിടെ കൊണ്ട് പോകാനാണ്?നിനക്ക് അച്ഛനെ നോക്കാൻ പോലും സമയവും സൗകര്യവും ഇല്ല. പിന്നെ ഈ കുഞ്ഞിനെ കൊണ്ട് പോയി വല്ല ഹോസ്റ്റലിലും ആക്കുമോ?നീ ആലോചിച്ചു നോക്ക്.നിനക്ക് ആ കുട്ടിയൊരു ഭാരമാവും."
എനിക്ക് പക്ഷെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായില്ല. എന്റെ അമ്മുന്റെ മോളെ ഞാൻ വളർത്തും.ഭർത്താവും മരിച്ചു ഒരു കുഞ്ഞും ഇല്ലാതെ ഞാൻ വിഷമം അനുഭവിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ കുഞ്ഞു ഇവിടെ അമ്മയില്ലാത്ത വിഷമം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ. എന്റെ ദൈവമേ എന്തൊരു പരീക്ഷണമാണിത്.
ഒരു മാസം കഴിഞ്ഞു അമ്മു മോളെ ഞാൻ കോട്ടയത്തേക്ക് കൊണ്ട് പോയി. ഞാൻ എറണാകുളത്തേക്ക് ട്രാൻസ്ഫർ വാങ്ങി.അച്ഛനും മോളും ഇപ്പൊ തറവാട്ടിൽ ഉണ്ട്. ഞാൻ എല്ലാ ദിവസവും ജോലിക്ക് പോയി വരുന്നു. ഒരു പാട് വർഷങ്ങൾക്ക് ശേഷം എനിക്ക് വീട്ടിൽ കാത്തിരിക്കാൻ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ വന്നു തുടങ്ങി.ജയൻ മരിച്ചതിൽ പിന്നെ ആരും ഇല്ലാതെ പൊങ്ങു തടി പോലെ ഒഴുകിയിരുന്ന എന്റെ ജീവിതം ഇപ്പൊ വ്യക്തമായ ദിശയിൽ ഒരു ഉറച്ച ലക്ഷ്യത്തോടെ ഒഴുകുന്നു.
മറഞ്ഞു തുടങ്ങിയ എന്റെ ഓർമകളെ ഞാൻ പൊടി തട്ടിയെടുക്കാൻ കുറച്ചു വൈകി പോയി. പക്ഷെ എല്ലാം കൈ വിട്ട് പോകുന്നതിന് മുമ്പ് ബാക്കിയുള്ള കണ്ണികളെങ്കിലും തിരിച്ചു പിടിക്കാൻ എനിക്ക് കഴിഞ്ഞു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക