Image

 ചെറിയ നഷ്ടങ്ങൾ (കഥാമത്സരം: ബി. വേണുഗോപാൽ)

Published on 16 September, 2023
 ചെറിയ നഷ്ടങ്ങൾ (കഥാമത്സരം: ബി. വേണുഗോപാൽ)

ഒരു ഉച്ച നേരത്ത് ദീപുവിന്റെ ഫ്ലാറ്റിലെ ബെഡ്റൂമിൽ  നഗ്നരായി
കെട്ടുപിണഞ്ഞു കിടക്കുമ്പോൾ സിമി ദീപുവിന്റെ കാതിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് ചോദിച്ചു:

"നിയെപ്പോഴെങ്കിലും ആത്മഹത്യ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?"

ദീപു അതിനുത്തരമൊന്നും പറഞ്ഞില്ല. അപ്പോൾ അവൾ ചോദ്യം  ആവർത്തിച്ചു.

" ഞാനെന്തിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കണം" അവൻ ചിരിച്ചുകൊണ്ട് അവൾക്കു നേരേ ഒരു മറുചോദ്യമെറിഞ്ഞു.

" ഞാൻ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും
ചിന്തിക്കാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാത്ത മനുഷ്യരില്ല." 

അവൾ എഴുന്നേറ്റ് മുറിക്കു പുറത്തേക്കു നടന്നു. 
അവൾ അതേ കോലത്തിൽ ബാൽക്കണിയിലേക്കും പോയേക്കും എന്നവൻ ഭയന്നു. അവൻ എഴുന്നേറ്റ് അവളെ പിൻതുടർന്നു. അവൾ ജനാലയ്ക്കരികിലേക്കാണ് പോയത്. അവളുടെ അടുത്തെത്തി   അവളോടു ചേർന്നു നിന്നു കൊണ്ട് അവൻ ചോദിച്ചു:

"നിനക്കെപ്പോഴും ഇതു മാത്രമേ മനസ്സിലൊള്ളൊ?"

"ദീപു,  നിയൊന്നോർത്തു നോക്കു, ഒരിക്കലെങ്കിലും"

അവൻ നിശ്ശബ്ദനായി.

"ഉവ്വ്, ഒരിക്കൽ ഒരിക്കൽ മാത്രം, വളരെ മുൻപ്" അവൻ പറഞ്ഞു.

" പറയു എപ്പോഴായിരുന്നു."

"പറയാം  " അവൻ അവളെ വീണ്ടും ബഡ്റൂമിലേക്ക് നയിച്ചു.

കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് അവനാ കഥ പറയാൻ തുടങ്ങി അവൾ മൊബൈൽ ഫോണെടുത്ത് അവന്റെ ശബ്ദം റിക്കാർഡ് ചെയ്യാനരംഭിച്ചു.

" ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ വച്ച് ഒരു ദിവസം എന്റെ പെൻസിൽ കാണാതായി.ആരോ അടിച്ചു മാറ്റിയതാണ്. മെറൂൺ നിറത്തിൽ ഡിസൈനുകളുള്ള  ഒരറ്റത്ത് റബർ പിടിപ്പിച്ച ഒരു പ്രത്യേകതരം പെൻസിൽ ആയിരുന്നു അത്. എന്റെ ഒരു ബന്ധു വിദേശത്ത് പോയി വന്നപ്പോൾ എനിക്കു സമ്മാനിച്ചതാണ്. ആദ്യമായിട്ടാണ് ഞാനത് ക്ലാസ്സിൽ കൊണ്ടു പോകുന്നത്. അതിന്റെ നഷ്ടം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ ക്ലാസ്സിലിരുന്ന് കരയാൻ തുടങ്ങി. അപ്പോഴാണ് മൈത്രി ടീച്ചർ കയറി വന്നത്. ഞാൻ കരയുന്നതു കണ്ട് ടീച്ചർ കാരണം തിരക്കി. എന്റെ അടുത്തിരുന്ന കുട്ടി ടീച്ചറോടു പറഞ്ഞു: ടീച്ചർ ഇവന്റെ പെൻസിൽ ആരോ എടുത്തു.
ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു: എന്റെ പെൻസിൽ കിട്ടിയില്ലെങ്കിൽ സത്യമായിട്ടും ഞാൻ മരിക്കും. 


ടീച്ചർ എന്നെ ആശ്വസിപ്പിച്ച ശേഷം ക്ലാസ്സിൽ എല്ലാവരോടുമായി പറഞ്ഞു:
എല്ലാവരും ഒന്നു കണ്ണടയ്ക്കണം ഞാൻ പറയാതെ കണ്ണു തുറക്കരുത്
എല്ലാവരും കണ്ണടച്ചു. ഇനി ദീപുവിന്റെ പെൻസിൽ കയ്യിലുള്ള കുട്ടി മാത്രം കണ്ണു തുറന്ന് അത് മേശപ്പുറത്തു കൊണ്ടുവന്നു  വയ്ക്കണം.
അല്പസമയത്തിനു ശേഷം ടീച്ചർ പറഞ്ഞു: ഇനി എല്ലാവർക്കും കണ്ണു തുറക്കാം. 
ഞാൻ കണ്ണു തുറന്നു. എന്റെ നഷ്ടപ്പെട്ട പെൻസിൽ മേശപ്പുറത്തുണ്ടായിരുന്നു. ടീച്ചർ അതെടുത്ത് എനിക്ക് തന്നുകൊണ്ട് പറഞ്ഞു: ഇത്ര ചെറിയ കാര്യത്തിന് മരിക്കും എന്നൊന്നും പറയരുത്."

"സത്യം പറ, നി മരിക്കുമെന്ന് പറഞ്ഞത് കാര്യമായിട്ടായിരുന്നോ?
 അത്മഹത്യ ചെയ്യാനും ഒരു പ്രായമൊക്കെ വേണ്ടേ?" അവൾ ചോദിച്ചു.

" കാര്യമായി തന്നെ. അതിനു ചില വഴികളും ഞാൻ മനസ്സിൽ കണ്ടിരുന്നു. എന്റെ നഷ്ടം എനിക്കന്ന്  വളരെ പ്രധാനമായിരുന്നു. പിന്നെ പ്രായത്തിന്റെ കാര്യം ഏതാനും മാസങ്ങൾക്കു മുൻപ് എന്റെ ക്ലാസ്സിലെ ഒരു കുട്ടി കീടനാശിനി കഴിച്ച് അത്മഹത്യ ചെയ്തിരുന്നു." അവൻ പറഞ്ഞു നിർത്തി.

അവൾ റെക്കോർഡിങ് നിർത്തി കിടക്കയിൽ നിന്നെഴുന്നേറ്റ് വസ്ത്രം ധരിക്കാൻ തുടങ്ങി. അവനും എഴുന്നേറ്റ് വസ്ത്രം ധരിച്ചു.

" യുവതികളുടെ അത്മഹത്യയല്ലേ നിന്റെ പഠനവിഷയം. എന്റെ കഥ നിനക്കെന്തിനാ?" അവൻ ചോദിച്ചു.

"കുട്ടികളും എന്റെ റിസർച്ചിന്റെ  സ്കോപ്പിൽ വരും' അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 

" എനിക്ക് വല്ലാതെ വിശക്കുന്നു ഇവിടെ എന്താണുള്ളത്?" അവൾ കിച്ചനിലേക്ക് നടന്നു കൊണ്ട് ചോദിച്ചു.

" മുട്ട കാണും."

അവൾ  ഫ്രിഡ്ജിൽ നിന്ന് കുറച്ചു മുട്ടകളെടുത്ത് ആംലറ്റ് ഉണ്ടാക്കാൻ തുടങ്ങി. 

"നിനക്കറിയോ വിശപ്പ് ചിലപ്പോൾ ആത്മഹത്യ തടയും." അവൾ പറഞ്ഞു.

"എനിക്കറിയില്ല"

"എന്റെ റിസർച്ചിനിടയിൽ കണ്ടുമുട്ടിയതാണവളെ. നമുക്കവളെ B എന്നു വിളിക്കാം. B ഒരിക്കൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു."

"എന്തായിരുന്നു കാരണം"

" അങ്ങനെ കാരണമൊന്നുമില്ല. ആത്മഹത്യയ്ക്ക് കാരണം വേണമെന്നുള്ളത് മറ്റുള്ളവരുടെ ആവശ്യമല്ലേ? ആത്മഹത്യ ചെയ്യുന്നവർക്ക് അതിന്റെ കാരണം ആരോടും  ബോധിപ്പിക്കേണ്ടതില്ല."

അവൾ തുടർന്നു :

"B ഹോസ്റ്റലിൽ ഒറ്റയ്ക്കുള്ള ഒരു ദിവസം തിരഞ്ഞെടുത്തു. വെയിൻ മുറിച്ചുള്ള ആത്മഹത്യയാണ് അവൾ പ്ലാൻ ചെയ്തിരുന്നത്.  അപ്പോൾ അവൾക്ക് വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടു. റൂമിൽ കഴിക്കാനൊന്നുമുണ്ടായിരുന്നില്ല. മരിക്കുന്നതു വരെ വിശപ്പ് അനുഭവിക്കണമല്ലോ എന്നവൾ ആശങ്കപ്പെട്ടു. ആത്മഹത്യ തത്ക്കാലത്തേക്ക് മാറ്റി വച്ച് വസ്ത്രം മാറി പുറത്തേക്കിറങ്ങി.
പതിവായി ആഹാരം കഴിക്കുന്ന ഹോട്ടലിലേക്കാണ് അവൾ പോയത്. 
അവിടെ വച്ച്  കാണാറുള്ള ബംഗാളി ഹോട്ടൽ ജോലിക്കാരൻ, അവളുടെ മുഖത്ത് നല്ല സന്തോഷം കാണുന്നു എന്നും, ഇന്നെന്തെങ്കിലും വിശേഷമുണ്ടോ എന്നും, ചോദിച്ചു.
അവൾ പറഞ്ഞു: ഇന്ന് എനിക്ക്  വളരെ വിശേഷപ്പെട്ട ദിവസമാണ്.
അപ്പോഴാണ്  അവന്റെ മുഖത്തെ സന്തോഷം അവൾ ശ്രദ്ധിച്ചത്. അവൾ അവനോടു പറഞ്ഞു: നിയ്യും ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?
അവൻ അതെയെന്നു പറഞ്ഞു. അന്നവന്റെ വിവാഹ വാർഷിക ദിനമായിരുന്നു.  കുറച്ചു മുൻപ് അവൻ അവന്റെ ഭാര്യയുമായി ഫോണിൽ സംസാരിച്ച കാര്യവും അവൻ പറഞ്ഞു. ആഹാരം കഴിച്ചിറങ്ങുമ്പോൾ ഭാര്യയക്ക് എന്തെങ്കിലും സമ്മാനം വാങ്ങി കൊടുക്കു എന്നു പറഞ്ഞു കൊണ്ട് ,അവൾ അവന് കുറച്ചു പണം കൊടുത്തു.
വളരെ നിർബന്ധിച്ച ശേഷമാണ് അവനതു വാങ്ങിയത്. 
വീട്ടിൽ തിരിച്ചെത്തിയ B ആത്മഹത്യക്കു പകരം അവനെക്കുറിച്ചും അവന്റെ കുടുംബത്തേക്കുറിച്ചും ഒർത്തു കൊണ്ടിരുന്നു. അവളുടെ ആത്മഹത്യ തൽക്കാലം  മാറ്റിവയ്ക്കപ്പെട്ടു. പിന്നീട് അവനെ കാണുമ്പോഴെല്ലാം  അവൾ അവന്റെ വിശേഷങ്ങൾ തിരക്കാറുണ്ട്. കുറച്ചു ദിവസം അവനെ കാണാതിരിക്കുമ്പോൾ അവനെ കണണമെന്നും അവന്റെ വിശേഷങ്ങൾ അറിയണമെന്നും അവൾക്കു തോന്നും.  മനുഷ്യനു മരിക്കാനെന്നതു പോലെ സന്തോഷിക്കാനും വലിയ കാരണങ്ങളൊന്നും വേണ്ടെന്ന് അവൾക്കു തോന്നി. അവളുടെ ആത്മഹത്യ പല പ്രാവശ്യം മാറ്റി വയ്ക്കപ്പെട്ടു. ആയിടയ്ക്കാണ് ഞാനവളെ എന്റെ ചോദ്യാവലിയുമായി കാണുന്നത് അവളെന്നോട് എല്ലാം പറഞ്ഞു"

ഇതിനകം അവൾ ആംലറ്റ് ഉണ്ടാക്കി. രണ്ടു പ്ലേറ്റുകളിലായി മേശപ്പുറത്തു വച്ചു.

"പിന്നീടവൾ ആത്മഹത്യക്കു ശ്രമിച്ചില്ലേ?," അവൻ ചോദിച്ചു.

" ഇതുവരെ ഇല്ല " ആശ്വാസത്തോടെ അവൾ പറഞ്ഞു.

 "നിന്റെ റിസർച്ച് ഏതു വരെയായി" ആംലറ്റ്  കഴിച്ചു കൊണ്ടിരിക്കുമ്പോൾ ദീപു ചോദിച്ചു

" ഏതാണ്ട് കഴിഞ്ഞു."

"നി ഇതിനകം എത്ര പേരെ അത്മഹത്യയിൽ നിന്നു പിൻതിരിപ്പിച്ചു."
ദീപു ചോദിച്ചു.

" മനപൂർവ്വമല്ല.നമ്മൾ  ഒരപകടത്തെ പറ്റി പഠിക്കുന്നു എന്നു കരുതുക. അപ്പോൾ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കേണ്ടി വരില്ലേ?. അങ്ങനെ ഒരവസരത്തിൽ നമുക്ക് മുന്നിൽ ഒരപകടം നടക്കാൻ പോകുന്നു എന്നറിയുമ്പോൾ നാമതു തടയാൻ ശ്രമിക്കില്ലേ? " അവൾ ഒരു അധ്യാപികയെ പോലെ വിവരിച്ചു.

"നീ മറ്റുള്ളവരുടെ ജീവിതത്തിൽ ആവശ്യത്തിൽ കൂടുതൽ ഇടപെടുന്നു"
ദീപു അവന്റെ മനസ്സിലുള്ളത് പറഞ്ഞു.

" അതു പോട്ടെ,രണ്ടു മൂന്നു ദിവസത്തേക്ക് ഞാൻ സിറ്റിയിലുണ്ടാവില്ല."
അവൾ പറഞ്ഞു.

"നിയെവിടെ പോകുന്നു."

" റിസർച്ചിന്റെ ആവശ്യത്തിനു തന്നെ, പിന്നെ ഇതൊക്കെ  ചോദിക്കാൻ നിയെന്റെ ആരാ?"

" സഹപാഠി, പഴയ സഹപ്രവർത്തകൻ , സുഹൃത്ത് പിന്നെ---"

ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ കോർത്തു. അവൾ ഇങ്ങിപ്പോയപ്പോൾ ദീപുവിന് വീട് ശൂന്യമായതുപോലെ തോന്നി. അവൻ ബാൽക്കണിയിലെത്തി താഴേക്ക് നോക്കി. താഴെ ആക്ടീവ സ്റ്റാർട്ട് ചെയ്ത്  തിരിഞ്ഞു നോക്കാതെ അവൾ പോകുന്നത് അവൻ നോക്കി നിന്നു.

അവൾ തനിക്ക്  ആരാണ്?  ദ്വീപു അവനോട്ടു തന്നെ ചോദിച്ചു.
ജേർണലിസം പഠിച്ചത് ഒരുമിച്ചായിരുന്നു. ഒരേ സ്ഥാപനത്തിൽ ഒപ്പം ജോലിക്കും ചേർന്നു. ഇടയിലെപ്പോഴോ അവരുടെ ജീവിതങ്ങൾ  അഴിച്ചെടുക്കാനാവാത്ത വിധം പരസ്പരം കെട്ടു പിണഞ്ഞു പോയി.
ഒരു വർഷത്തെ പത്രപ്രവർത്തനം കഴിഞ്ഞപ്പോൾ ഒരു നാൾ അവൾ ദീപുവിനോട് പറഞ്ഞു.

"എടാ ഞാൻ ക്വിറ്റ് ചെയ്യാൻ പോകുന്നു."

" ഇതു നിന്റെ പാഷനായിരുന്നില്ലേ?"

"ഞാൻ സ്ത്രീകളില ആത്മഹത്യ പ്രവണതയെ കുറിച്ച് റിസർച്ച് ചെയ്യാൻ പോകുന്നു. ഒരു വിധത്തിൽ ജേർണലിസം തന്നെ"

"നിനക്കു പറ്റിയ വിഷയം തന്നെ" അവൻ പറഞ്ഞു.

ഡിഗ്രിക്ക് അവളുടെ വിഷയം സൈക്കോളജിയായിരുന്നു.

"ആത്മഹത്യാപ്രവണതയുള്ള സ്ത്രീകളെ കണ്ടെത്തി അവരുടെ അനുഭവങ്ങളിലൂടെ ഒരു യാത്ര. മനശാസ്ത്രത്തേക്കാൾ ജേർണലിസത്തോടായിരിക്കും അതിനു കൂടുതൽ സാമ്യം. പുസ്തകമായി പബ്ളിഷ് ചെയ്യാൻ  ഓഫറുണ്ട് "

"എങ്കിൽ ഗോ എഹഡ്"

" നി കൂടെയുണ്ടാവണം"

" ഷുവർ, ഞനെപ്പോഴും കൂടെയില്ലേ?"എന്നു പറഞ്ഞു കൊണ്ടവൻ അവളെ അവന്റ ശരീരത്തോടു ചേർത്തു മുറുക്കി. 

പലപ്പോഴും അവളുടെ ഗവേഷണത്തിന്റെ പുരോഗതി അവനുമായി ഡിസ്കസ് ചെയ്യാറുണ്ട്. അവൾ കണ്ടുമുട്ടുന്നവരുടെ അനുഭവങ്ങൾ അവനുമായി ഷെയർ ചെയ്യാറുമുണ്ട്. ചിലപ്പോൾ തോന്നും അവളി പറയുന്നത് അവളുടെ അനുഭവങ്ങൾ തന്നെയല്ലേ എന്ന്. മറ്റു ചിലപ്പോൾ തോന്നും പലതും അവൾ ഉണ്ടാക്കി പറയുന്നതല്ലേ എന്ന്.

പിറ്റേന്ന് വൈകീട്ട് അവന് സിമിയുടെ കാൾ വന്നു.

"നിയെനിക്കൊരു സഹായം  ചെയ്യണം വളരെ അത്യാവശ്യമാണ്" അവളുടെ ശബ്ദത്തിൽ പതിവില്ലാത്ത ഉത്കണ്ഠ ഉണ്ടായിരുന്നു.

" നി പറയു, നിന്നെ സഹായിക്കാൻ വേണ്ടിയുള്ളതല്ലേ എന്റെ ജന്മം തന്നെ "

"സിറ്റിയിൽ നിന്ന് അധികം ദൂരെയല്ലാത്ത ഒരു സ്ഥലം വരെ നി പോകണം ഞാൻ ലോക്കേഷൻ അയച്ചു തരാം ഒരു രാത്രി അവിടെ താമസിക്കേണ്ടി വന്നേക്കും" അവൾ പറഞ്ഞു.

"എനിക്കിന്നു നൈറ്റ് ഷിഫ്റ്റ് ആണല്ലോ."

"അതു നി എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം ഒരു ജീവന്റെ പ്രശ്നാ"

"നി കാര്യം പറ"

" മീര എന്നാണ് അവളുടെ പേര്. ഡീറ്റെയിൽസ് എല്ലാം പിന്നെ പറയാം .  നി അവരെ പോയി കാണണം. മൂന്നു തവണ ആത്മഹത്യക്കു ശ്രമിച്ച കക്ഷിയാണ്. ഇന്നവരുടെ സംസാരത്തിൽ കുറച്ചു പന്തികേട്. 
എനിക്കവിടെ എത്താൻ പറ്റാത്തതു കൊണ്ടാ, ഇതിനു മുൻപ്  ഇങ്ങനെ ഒരവസരത്തിൽ ഞാനവരുടെ അരികിൽ ഉണ്ടായിരുന്നു."

"അവരുടെ കൂടെ മറ്റാരുമില്ലേ?"

"ഇല്ല അവർ  ഒറ്റയ്ക്കാണ് ".

" ഒരു സ്ത്രീ തനിയെ താമസിക്കുന്നിടത്ത് രാത്രി ഞാൻ ചെന്നാൽ"
അവൻ ആശങ്ക മറച്ചു വച്ചില്ല.

"അതെല്ലാം ഞാനവരോട് പറഞ്ഞിട്ടുണ്ട്. ഈ രാത്രി അവൾക്ക് ഒന്നും സംഭവിക്കരുത് "

"ശരി ഞാനൊന്നു ട്രൈ ചെയ്യട്ടെ"

" കഴിയുന്നതും നേരത്തേ പുറപ്പെടണം .ഞാൻ വീണ്ടും വിളിച്ചോളാം"
അവൾ ഫോൺ കട്ട് ചെയ്തു.
 
അവൻ ഓഫീസിൽ വിളിച്ച് അവനു പകരം ആളെ ഏർപ്പാടാക്കി. 
ഒരു ചെറിയ ബാഗിൽ അത്യാവശ്യം വസ്ത്രങ്ങളെടുത്തു. ലഘു ഭക്ഷണം കഴിച്ച്  അവളയച്ച ലോക്കേഷൻ ഫോണിൽ  സെറ്റ് ചെയ്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു.

അവൻ താമസിക്കുന്ന സ്ഥലത്തു നിന്ന് എട്ടു കിലോമീറ്റർ ദൂരെയായിരുന്നു അവനു പോകേണ്ടിയിരുന്നത്.  ഒരു ഹൗസിങ്ങ് കോളനിയിലെ  കുറച്ചു പഴയ വീടായിരുന്നു അത്.  അവൻ  ഗേറ്റ് തുറന്ന് കാളിങ് ബെല്ലടിച്ചു.
ഒരു മുപ്പത്തഞ്ചു വയസ് പ്രായം തോന്നിക്കുന്ന സുന്ദരിയായ സ്ത്രി വാതിൽ തുറന്നു. 

" ദീപുവല്ലേ വരു " അവർ അവനെ അകത്തേക്കാനയിച്ചു.

" സിമി പറഞ്ഞിരുന്നു.അവൾക്ക് വട്ടാ,  ഞാനിന്ന് ആത്മഹത്യ ചെയ്യാനൊന്നും പോകുന്നില്ല. ശരിയാണ്  മൂന്നു തവണ ശ്രമിച്ചിരുന്നു. അങ്ങനെയാണല്ലോ അവളുടെ ലിസ്റ്റിൽ പെട്ടത് "

അവരുടെ സംഭാഷണത്തിൽ അസാധാരണമായൊന്നും ദീപുവിന് തോന്നിയില്ല.

" എനിക്കും അങ്ങനെ തോന്നുന്നില്ല അവളുടെ മനസമാധാനത്തിനു ഞാൻ വന്നുവേന്നേ ഒള്ളു." അവൻ പറഞ്ഞു.

" ഫുഡ് കഴിച്ചിരുന്നോ ഞാൻ നേരത്തേ കഴിക്കും" അവൾ പറഞ്ഞു.

" കഴിച്ചു."

അതിനിടയൽ സിമി അവനെ വിളിച്ചു

" നിയവിടെ എത്തിയോ ?" സിമി ചോദിച്ചു.

"എത്തി "

" ഇന്ന് നിയവിടെ കഴിയേണ്ടി വരും "

" അതു വേണോ , she is ok,  ഞങ്ങൾ സംസാരിച്ചു
കൊണ്ടിരിക്കുകയായിരുന്നു."

"വേണം ദീപു. അവരുടെ മൂഡ് എപ്പോ വേണമെങ്കിലും ചെയിഞ്ച് ആവാം"
 അവൾ ഫോൺ കട്ട് ചെയ്തു.

"സിമിയായിരിക്കും ഞാനവളോടു പറഞ്ഞതാ ഞാൻ ok യാണെന്ന്  പക്ഷെ അവൾക്കു വിശ്വാസമില്ല" അവർ പറഞ്ഞു.

"നിങ്ങളുടെ ഭർത്താവ് ?" 

"സിമി ഒന്നും പറഞ്ഞിരുന്നില്ലേ?"

"പിന്നെ പറയാമെന്നാണ് പറഞ്ഞത്"

" പെട്ടെന്നൊരു ദിവസം അയാളെന്നെ വിട്ടിട്ടു പോയി " അവൾ നിസ്സംഗതയോടെ പറഞ്ഞു.

" നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം"

"എന്റെ അറിവിലൊന്നുമില്ല. മാത്രമല്ല ഞങ്ങൾ വലിയ സ്നേഹത്തിലുമായിരുന്നു"

ആ സംഭാഷണം അവിടെ അവസാനിപ്പിക്കുകയാണ് നല്ലതെന്ന് അവനു തോന്നി. അവനാ വിഷയം വിട്ടു.

രാത്രിയിൽ സിമി വീണ്ടും വിളിച്ചു.

"ഒരു കാര്യം നിന്നെ ഒർമ്മിപ്പിക്കാനാ വിളിച്ചത് ,നി മീരയുടെ മുറിയിൽ തന്നെ രാത്രി കിടക്കണം" അവൾ പറഞ്ഞു.

"അതെങ്ങനെയാ സിമി?"

"അല്ലെങ്കിൽ പിന്നെ രാത്രി നി അവിടെ നിൽക്കുന്നതു കൊണ്ട് എന്നാ കാര്യം? ഉറങ്ങരുത് നൈറ്റ് ഷിഫ്ടാണെന്നു കരുതിയാൽ മതി"

ദീപു എന്തെങ്കിലും  പറയുന്നതിനു മുൻപ് അവൾ ഫോൺ കട്ട് ചെയ്തു.

"കിടക്കുന്നില്ലേ" അവർ ദീപുവിന്റെ അരികിൽ വന്ന് ചോദിച്ചു.

അവൻ തലയാട്ടി.

" ഞാൻ ഉറങ്ങാൻ പോകുന്നു. ഇതാ  റും റെഡിയാക്കിയിട്ടുണ്ട്" അവർ പറഞ്ഞു.

അവർ  ദീപുവിനു കിടക്കാനുള്ള മുറി കാണിച്ച കൊടുത്ത ശേഷം അവളുടെ കിടപ്പുമുറിയിലേക്ക് നടന്നു. അവൻ അവർ കാണിച്ച മുറിയിലേക്കു പോയി വസ്ത്രം മാറി. പക്ഷെ അവനവിടെ കിടക്കാൻ കഴിഞ്ഞില്ല. സിമി പറഞ്ഞത് അനുസരിക്കാതിരിന്ന്, രാത്രി അവർക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന് അവൻ ആശങ്കപ്പെട്ടു. സിമി ആവശ്യപ്പെട്ടിട്ടാണെങ്കിലും അവനവരുടെ ജീവിതത്തിൽ ഇടപെട്ടു കഴിഞ്ഞു. ഇനി എളുപ്പം പിന്നോട്ടു പോകാൻ പറ്റില്ല. അവൻ അവരുടെ മുറിയുടെ വാതിൽക്കലേക്ക് ചെന്നു. മുറി തുറന്നു കിടക്കുകയായിരുന്നു. അവർ കിടന്നിട്ടുണ്ടായിരുന്നില്ല.

"സിമി പറഞ്ഞു---" 

അവൻ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവർ ഇടപെട്ടു.

"ഈ മുറിയിൽ തന്നെ കിടക്കണമെന്ന് അല്ലേ?  അവളുടെ ഒരു കാര്യം ,
ദീപുവിന്റെ ഇഷ്ടം പോലെ ചെയ്യു"

അവൻ  അവരുടെ  മുറിയിലേക്കു കടന്നു.

" ദീപുവിന് അവളെ അനുസരിക്കാതിരിക്കാൻ പറ്റില്ല അല്ലേ?"
 അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

അവൻ  അവർക്കു മുഖം കൊടുക്കാതെ നിന്നു  . പക്ഷെ അപ്പോഴാണ് പുതിയ ഒരു പ്രശ്നം.മുറിയിൽ ഒരു കട്ടിലേ ഉണ്ടായിരുന്നൊള്ളു. 
 
" ഒരു ബഡ്ഷീറ്റ് തന്നാൽ ഞാൻ താഴെ വിരിച്ച കിടന്നോളാം "

"അതെന്തിനാ ഇവിടെ ഒരാൾക്കു കൂടി കിടക്കാൻ സ്ഥലമുണ്ട് " അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു. "അതും സിമി പറയണോ?"

അവർ അവനു വേണ്ടി സ്ഥലമുണ്ടാക്കി കൊണ്ട് കിടക്കയിൽ ഒരുവശത്തേക്ക് നിങ്ങി കിടന്നു. അവൻ അവളിൽ നിന്ന് അകലം പാലിച്ച് കിടക്കയിൽ കിടന്നു.   അവർ  പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞു. 

അവൻ വെറുതെ ആലോചിച്ചു കൊണ്ട് കിടന്നു. സിമിയുടെ ഒരോ ഭ്രാന്തുകൾ, പക്ഷെ  അതിനൊപ്പം നിൽക്കാതിരിക്കാൻ തനിക്കാകില്ലെന്ന് അവനറിയാമായിരുന്നു. അവർ പെട്ടെന്നു തന്നെ ഉറങ്ങി. നേരിയ കൂർക്കം വലി അവൻ കേട്ടു.  രാത്രിയിലെപ്പോഴോ അവനും ഉറങ്ങിപ്പോയി. മൊബൈൽ ഫോണിന്റെ ശബ്ദം കേട്ടവൻ ഞെട്ടിയുണർന്നു. സിമിയായിരുന്നു.

"നി ഉറങ്ങുകയായിരുന്നോ "

" അല്ല"

"പിന്നെന്താ ഫോണെടുക്കാൻ ഡിലേ?, മീര മുറിയിൽ തന്നെ ഉണ്ടല്ലോ അല്ലേ?"

അവൻ അവർ കിടന്ന ഭാഗത്തേക്കു നോക്കി. അവരവിടെ ഇല്ലായിരുന്നു. പക്ഷെ അവനവളോട് ഒരു നുണ  പറഞ്ഞു

"ഉണ്ട്. ഉറങ്ങുകയാണ്"

" ഞാൻ നാളെ വിളിക്കാം " അവൾ ഫോൺ കട്ട് ചെയ്തു.

അവൻ മീരയെ തിരക്കി മുറിക്കു പുറത്തേക്കു നടന്നു. ഹാളിലും വരാന്തയിലും അവരില്ലായിരുന്നു. മുറ്റത്ത് നിലാവിൽ അവർ  നടക്കുകയായിരുന്നു. തൊട്ടടുത്തെത്തുന്നതുവരെ അവർ അവനെ കണ്ടില്ല.അടുത്തെത്തിയപ്പോൾ  മീര അവനോട് ചോദിച്ചു.:

"മുറിയിൽ എന്നെക്കാണാഞ്ഞ് പരിഭ്രമിച്ചോ?" മന്ത്രിക്കുന്നതു പോലയാണവർ അതു ചോദിച്ചത്. 

അവൻ തലയാട്ടി, അവരോടൊപ്പം നടന്നു.

" ചില രാത്രികൾ ഇങ്ങനെയാണ്, പണ്ട് എന്റെ ഭർത്താവുള്ളപ്പോൾ  രാത്രിയിൽ മുറിയിൽ എന്നെ കാണാതെ പരിഭ്രമിച്ചിറങ്ങി വരുമായിരുന്നു. പിന്നെ  നിലാവിൽ ഞങ്ങൾ രണ്ടു പേരും  ഇതുപോലെ നടക്കുമായിരുന്നു. ആ  രാത്രികളിൽ  പിന്നെ  ഞങ്ങൾ ഉറങ്ങാറില്ലായിരുന്നു. ചില നിമിഷങ്ങൾ വീണ്ടും ആവർത്തിക്കില്ലെന്ന് അറിയുമ്പോഴാണ് അതിന്റെ വില നമ്മളറിയുന്നത്"

അവരുടെ കണ്ണിൽ കണ്ണീർ നിറയുന്നതു പോലെ അവനു തോന്നി.
 
"നിങ്ങൾ കരയുകയാണോ" അവരെ എങ്ങനേയും ആശ്വസിപ്പിക്കണമെന്ന് ദീപുവിനു തോന്നി.

"ഇല്ല ദീപു. ഞാൻ കരയാറില്ല." 

"എനിക്കെന്തോ അങ്ങനെ തോന്നി. വെറുതെ തോന്നിയതാവും. "

" ദീപു, നിയൊരു നല്ല കുട്ടിയാണന്ന് തോന്നുന്നു."അവന്റെ കവിളിൽ പതുക്കെ തൊട്ടു കൊണ്ട് അവർ പറഞ്ഞു.
  
തണുപ്പുള്ള ആ രാത്രിയിലും അവരുടെ സ്പർശത്തിനു ചൂടുണ്ടായിരുന്നു.

"എന്നെ വിശ്വാസമുണ്ടെങ്കിൽ ദീപു പോയി ഉറങ്ങിക്കോളു. ഈ രാത്രി എനിക്കിനി ഉറങ്ങാൻ കഴിയില്ല." അവർ പറഞ്ഞു.

എന്തു കൊണ്ടോ ദീപുവിനവരെ വിശ്വസിക്കാനാണ് അപ്പോൾ തോന്നിയത്. അവൻ മുറിയിലേക്കു പോയി ഉറങ്ങാൻ കിടന്നു.
രാവിലെ അവരാണവനെ വിളിച്ചുണർത്തിയത്. 

"നേരം നന്നായി വെളുത്തു ദീപുവിനു പോകണ്ടേ?" അവർ ചോദിച്ചു. 

അവരുടെ കണ്ണുകളിൽ അസാധാരണമായ ഒരു തിളക്കം അവൻ കണ്ടു. അവൻ പെട്ടെന്ന് പോകാൻ റെഡിയായി. അവർ അവന് ചായയുണ്ടാക്കി കൊടുത്തു. ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ  ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.

ദീപു വീട്ടിലെത്തി നന്നായി ഉറങ്ങി. എഴുന്നേറ്റപ്പോൾ കഴിഞ്ഞ രാത്രി നടന്നതെല്ലാം സ്വപ്നം പോലെ തോന്നി. പകലെപ്പോഴോ സിമി വിളിച്ചു.

"നിയെനിക്കു വേണ്ടി ഒരു പാട് കഷ്ടപ്പെട്ടു. Well done my boy" അവൾ പറഞ്ഞു.

" വെറും കോപ്ലിമെന്റ് മാത്രമേ ഒള്ളോ? നല്ല പണിയാ നിയെനിക്ക് തന്നത് "

" അതു മാത്രമല്ല. ഞാനൊന്ന് എത്തിക്കോട്ടെ മോനേ"

"പിന്നെ മീരയ്ക്കെന്താണ്  പ്രശ്നം. അവരുടെ ഹസ്ബന്റ് എവിടെപ്പോയി"
അവൻ ചോദിച്ചു.

" മീരയ്ക്കു ഹസ്ബന്റോ അവർ മാരീഡ് അല്ല.  ഡീറ്റെയിൽസെല്ലാം ഞാൻ വരുമ്പോൾ പറയാം " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു:

" നി എപ്പോഴെത്തും"

"നാളെ കാലത്ത്"

" നേരേ ഇങ്ങോട്ടു കെട്ടിയെടുത്തോ, നൈറ്റ് ഷിഫ്ട് കഴിഞ്ഞ് ഞാനിവിടെ ഉണ്ടാവും"

"അതു വേണ്ട കുറച്ചു പണിയുണ്ട്. പിന്നെ മീരയെ ഒന്നു കാണണം വരുമ്പോൾ ഞാൻ വിളിക്കാം  "

പിറ്റേന്ന് കാലത്ത് നൈറ്റ് ഷിഫ്ട് കഴിഞ്ഞ് വീട്ടിലെത്തിയ ദീപുവിന് ഉറങ്ങാൻ കഴിഞ്ഞില്ല അവന് സിമിയെ കാണാൻ തിടുക്കമായി, അവൾ നഗരത്തിലെത്തിയെന്ന ഒരു മെസേജ് അവന്റെ ഫോണിൽ വന്നിരുന്നു.

വൈകുന്നേരം സിമിയുടെ കാൾ വന്നു.

"നിയെവിടാ?" അവൻ ചോദിച്ചു.

"നിനക്ക് പെട്ടെന്ന് ഓടിയെത്താൻ ആകാത്ത  ഒരിടത്ത്" അവളുടെ ശബ്ദത്തിലെ അസാധരണത്വം അവൻ ശ്രദ്ധിച്ചു .

"നി എന്താ വരാഞ്ഞത്?"

"കുറച്ചു പണിയുണ്ടായിരുന്നു .ബുക്കിന്റെ പണി തീർത്ത് , പബ്ലിഷർക്ക് അയച്ചു. ഇനിയുള്ള ഫോർമാലിറ്റീസിനൊക്കെ നിന്നെയാണ് ആതറൈസ്  ചെയ്തിരിക്കുന്നത്." അവൾ പറഞ്ഞു

"നിയെവിടെ പോണു?"

" ഒരുപാട് , ഒരുപാട് ദൂരെ" ഒന്നു നിർത്തി അവൾ തുടർന്നു.
"ഇന്ന് ഞാൻ മീരയെ കണ്ടിരുന്നു. അവരെല്ലാം പറഞ്ഞു."

" എന്ത്? എന്ത് പറഞ്ഞെന്ന് ?"

"ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല ദീപു. ഞാൻ തന്നെയല്ലേ അവർക്കരികിലേക്ക് നിന്നെ അയച്ചത്"

"നിയെന്താണ് പറയുന്നത്  എനിക്ക് ഒന്നും മനസ്സിലാവുന്നില്ല." അവൻ നിസ്സാഹയതോടെ പറഞ്ഞു.

മീര എന്തായിരിക്കാം അവളോടു പറഞ്ഞിരിക്കുക. അവന് ഒരെത്തും പിടിയും കിട്ടിയില്ല.

" ചില നഷ്ടങ്ങൾ ആ സമയത്ത്  നമുക്ക് സഹിക്കാൻ പറ്റില്ല, പിന്നീട് അതെത്ര നിസ്സാരമായിരുന്നെന്ന് നമുക്കു തന്നെ തോന്നിയേക്കാമെങ്കിലും.  ഒൻപതാം ക്ലാസ്സിൽ വച്ച് നിനക്കുണ്ടായ നഷ്ടം പോലെ ."

" സിമി പ്ലീസ്, നിയെവിടെയെന്നു പറയു. ഞാനങ്ങോട്ട്  ഉടനെ വരാം "

" പറഞ്ഞാലും നിനക്കെത്താനാകില്ല അതിനാണ് ഞാൻ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്. Good bye  " അവൾ ഫോൺ കട്ടു ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക