Image

തൊപ്പിക്കേസിൽ നമ്മളും പ്രതികൾ.. ലേഖനം: (നൈന മണ്ണഞ്ചേരി)

Published on 25 June, 2023
തൊപ്പിക്കേസിൽ നമ്മളും പ്രതികൾ.. ലേഖനം: (നൈന മണ്ണഞ്ചേരി)

കുട്ടികൾക്കിടയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ടായിരിക്കുകയും എന്നാൽ പൊതുസമൂഹത്തിന് നേരത്തെ അത്രമേൽ പരിചിതനുമല്ലാതിരുന്ന തൊപ്പി ഇന്ന് എല്ലാവർക്കും പരിചിതനായിരിക്കുന്നു.ഏതായാലും വിവാദങ്ങൾക്ക് അങ്ങനെയുമുണ്ടൊരു ഗുണം! സത്യത്തിൽ ഇത്രമേൽ അയാൾ കുട്ടികളെ ആകർഷിക്കാൻ എന്താണെന്ന് കാരണമെന്നറിയാനാണ് അയാളുടെ വീഡിയോ ആദ്യമായി പരിശോധിച്ചത്..

      അശ്ളീല പദപ്രയോഗങ്ങളും ആംഗ്യങ്ങളും നിറഞ്ഞ,സ്ത്രീകളെ ആക്ഷേപിക്കുന്ന വീഡിയോ ആണ് ഇയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത് ഏറെയും. ഈ  തൊപ്പി എങ്ങനെ കുട്ടികൾക്ക് ഇത്ര പ്രിയങ്കരനായി എന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്.ഇപ്പോൾ കേസിന് ആസ്പദമായ കട ഉൽഘാടനത്തിന് ഇയാൾ പാടിയ പാട്ട്  പലരും കേട്ടിരിക്കുമല്ലോ?ഇത്ര അറപ്പുണ്ടാക്കുന്ന വാക്കുകൾ നിറഞ്ഞ പാട്ട് നടുറോഡിൽ ഇത്രയും ജനക്കൂട്ടത്തിന് മുന്നിൽ പാടാൻ തൊപ്പിയ്ക്ക് ഒരു മടിയുമുണ്ടായില്ല.

       ഏറെ വർഷങ്ങളായി ജനങ്ങളുമായി ബന്ധമില്ലാതിരുന്നതിനാൽ ശ്ളീലമേത്,അശ്ളീലമേത് എന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിയാതെയായി എന്നതാണ് ഒരു വാദം.വീട്ടിൽ നിന്നും ഒറ്റപ്പെട്ട് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തൊപ്പിയ്ക്ക് ആകെ ബന്ധം മൊബൈൽ ഗെയിമുകളോട് മാത്രമായിരുന്നത്രെ,സ്വാഭാവികമായും അങ്ങനെയൊരാൾക്ക് ഉണ്ടാകുന്ന മാനസികമായ വിഭ്രാന്തി തന്നെയാണ് തൊപ്പിയ്ക്കും സംഭവിച്ചത്.

             പിതാവിനോടും മാതാവിനോടും ഉൾപ്പെടെ അകന്നു കഴിയേണ്ടി വരികയും അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാതെ വീടു വിട്ടിറങ്ങുകയും ചെയ്ത ഒരു കുട്ടിയ്ക്ക് പല   രീതിയിലുള്ള അവസ്ഥാന്തരങ്ങൾ സംഭവിക്കാം.അതിലൊരു അവസ്ഥാ ഭേദം മാത്രമാണ് തൊപ്പിയുടെ ചരിത്രം.എന്നാൽ,അയാൾ തന്നെ പറഞ്ഞതനുസരിച്ച് മാതാപിതാക്കളുടെ ഭാഗത്താണ് പൂർണ്ണമായും തെറ്റെന്ന് പറയാൻ സാധിക്കില്ല.മതപരമായ ചിട്ടകൾ അയാളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വിലക്കിട്ടു എന്ന് തൊപ്പി പറയുന്നുണ്ട്.ഇങ്ങനെയുള്ള ആവിഷ്ക്കാരത്തിന് ഏതു മാതാപിതാക്കൾക്കാണ് സമ്മതിക്കാൻ കഴിയുക?

      അല്ലെങ്കിൽ തന്നെ മതത്തിന്റെ പരിധിയ്ക്കുള്ളിൽ നിന്നു കൊണ്ടു തന്നെ കലാകാരൻമാരും സാഹിത്യകാരൻമാരുമൊക്കെ ആയവരുടെ നിരവധി ഉദാഹരണങ്ങൾ പറയാൻ കഴിയുമെന്നിരിക്കെ തൊപ്പിയ്ക്ക് മാത്രം എങ്ങനെ അസ്വാതന്ത്ര്യം അനുഭവപ്പെട്ടു.അയാൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള മാന്യമല്ലാത്ത ഇത്തരം കലകൾ` പ്രകടിപ്പിക്കാൻ അനുവദിക്കാൻ ഒരു മാതാപിതാക്കൾക്കും  കഴിയില്ല.മതമുള്ളവനും മതമില്ലാത്തവനും കഴിയില്ല.

            അതാണ്  നമ്മൾ ആർജ്ജിച്ച നമ്മുടെ സംസ്ക്കാരം.നമ്മൾ സ്വകാര്യമായി പറയേണ്ടതെന്ത്,പരസ്യമായി പറയേണ്ടതെന്ത്,പറയാതിരിക്കേണ്ടതെന്ത് എന്ന് നമ്മളെ പഠിപ്പിച്ച സംസ്ക്കാരം,മതമുള്ളവനും ഇല്ലാത്തവനുമൊക്കെ ബോധ്യമുള്ള ഇ സംസ്ക്കാരം അറിയാൻ അവസരം ലഭിക്കാതെ ഒറ്റപ്പെട്ടു പോയതാണ് തൊപ്പിയുടെ പ്രശ്നം.

          അതിനു പരിഹാരം കാണുന്നതിന് പകരം സമൂഹത്തോടുള്ള തന്റെ പ്രതിഷേധം അശ്ളീലതയിലൂടെ പ്രകടിപ്പിച്ചതോ പോകട്ടെ അതൊക്കെ യൂടൂബിലൂടെ പോസ്റ്റ് ചെയ്തു കുട്ടികളെ വഴി തെറ്റിച്ചത് വലിയ തെറ്റു തന്നെയാണ്.അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പെൺകുട്ടികൾ വരെ വിദ്യാലയങ്ങളിലും വീടുകളിലും അശ്ലീല വാക്കുകൾ പറയുവാനും മതിലുകളിൽ എഴുതിവെക്കാനും തുടങ്ങിയെന്ന വാർത്തകൾ എത്ര ഭയാനകമാണ്.

          തൊപ്പിയുടെ മാനസിക സമ്മർദ്ദങ്ങൾ മനസ്സിലാക്കി അയാളെ ഉപദേശിച്ചോ ചികിൽസിച്ചോ നന്നാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിന് പകരം അയാളെ പ്രോൽസാഹിപ്പിക്കുകയും  ചാനൽ ലൈക്കും സബ്സ്ക്രൈബും ചെയ്യുകയും ഉൽഘാടനങ്ങൾക്ക് വിളിച്ച് പൊതുസമൂഹത്തിൽ മാന്യത നൽകാൻ ശ്രമിക്കുകയുമൊക്കെ ചെയ്ത നമ്മളും ഈ കേസിൽ പ്രതികളല്ലേ എന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ട്.ഏതായാലും തൊപ്പിയുടെ ചാനൽ ബ്ളോക്ക് ചെയ്യാനുള്ള നീക്കം നല്ലതു തന്നെ,അതോടൊപ്പം ഇതേ നിലവാരത്തിലുള്ള മറ്റുള്ള യൂടൂബ് ചാനലുകളും പരിശോധനയ്ക്ക് വിധേയമാക്കാനും നടപടി ഉണ്ടാകണം,നമ്മുടെ കുട്ടികളുടെ ഭാവി തന്നെയാണ് നമുക്ക് വലുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക