Image

സഹചാരിണി...(കവിത: അശോക് കുമാർ. കെ)

Published on 20 June, 2023
സഹചാരിണി...(കവിത: അശോക് കുമാർ. കെ)

 നമ്മളന്യോന്യെമെത്ര
ചലന ചുവടു വച്ചു ?
മുള്ളു കുത്തുന്ന
കാട്ടുപാതകളിൽ ,
ജീവ വഴിപിഴയ്ക്കും
ചതിപ്പു വഴുപ്പുകളിൽ ,
ശരണ ഗതി തേടി
നൂറ് നൂറ് ആതുര, ദേവാലയങ്ങളിൽ .....
നമ്മളെത്ര ചുവടിന്റെ
ചലന ചിത്രം വരച്ചു.

എങ്കിലും വെറും ചെരുപ്പായി
ഞാനെന്നും നിന്നെ കാത്തു
വെളിയിൽ കിടന്നു ......

യൌവനമൊരു കുതിപ്പിൽ
നാമെത്ര മലകൾ കടന്നു...
പല പല ചിത്രവർണ്ണങ്ങൾ
കാഴ്ചയിൽ നാമൊരുക്കി...

എങ്കിലും പുറത്തൊരു
ചപ്പൽ കൂടാരത്തിൽ
 എന്നെ നീ വച്ചെട്ടുപോയെപ്പൊഴും ....

ചന്ദനം മണക്കുമൊരു കുടീരത്തിൽ,
നീ മത്ത് മൂടിയുറങ്ങുമ്പോൾ
എൻ വാർ ചവച്ചൊരു ശുനകൻ
കാട്ടുപൊന്തയിൽ മറഞ്ഞില്ലേ...

നീയെന്നെ പിന്നെ തെരയാതെ
പുതുവറുകളണിഞ്ഞ്
മറഞ്ഞില്ലേ.....

കാട്ടുപൊന്തയിൽ
ഞാനൊരു
ജീവച്ഛവമായി ഒഴുകവേ...
ഓർത്തു പോകുന്നെൻ 
പഴയ വാറൊളി ചിന്തകൾ....

എന്നെ നിന്റെ വീട്ടിൽ
കൊണ്ടുവന്ന പുതു നാൾ,
എൻ കസവ് കിന്നരിപ്പുടവ
മൂടി നമൊരുമിച്ചുറങ്ങിയതും

നാമൊരുമിച്ച് പലപല
വീടുകൾ പൂകുവാൻ
ഒരേ പൂവണ്ടിയിൽ പോയതും

ഒരു രാവിന്റെ അമ്പിളിയിൽ
നിലാവൊരുമിച്ചറിഞ്ഞതും...
ചിരി ഉറഞ്ഞുറഞ്ഞു
പിന്നെ മറഞ്ഞതുമോർമ്മയിൽ
മഴയായി പെരുമാരിയി
വന്നു വന്നു നിറയുന്നു....

ഇന്നു ഞാനീ പൊന്തക്കാടിൻ
കൈതവരിയോലക്കിടയിൽ
ഓർത്തു പോകുന്നെന്നഭിശപ്തങ്ങൾ...

ഞാൻ ,വെറുമൊരു തുടിപ്പ്,
അവന്റെ കാൽപ്പാദമനങ്ങുമ്പോൾ
പൊട്ടുന്ന വാറിന്റെ തുടിപ്പ് ......

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക