Image

ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി (നോവല്‍ - അദ്ധ്യായം: 5: സുരാഗ് രാമചന്ദ്രന്‍)

Published on 13 June, 2023
ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി (നോവല്‍ - അദ്ധ്യായം: 5: സുരാഗ് രാമചന്ദ്രന്‍)

"നമസ്കാരം ഡയറക്ടർ !"
പിറ്റേന്ന് ക്ലാസ്സിലെത്തിയ അഖിലയെ ക്ലാസ്സിലപ്പോൾ ഉണ്ടായിരുന്ന മറ്റു കുട്ടികൾ ഒരുമിച്ച് അഭിസംബോധന ചെയ്ത് സ്വാഗതം ചെയ്യുകയായിരുന്നു. കോരിത്തരിച്ചു പോയ അഖില, ക്ലാസ്സിൽ ലിജേഷിനെയും വിജേഷിനെയും പരതി. അവർ ക്ലാസ്സിൽ എത്തിയിട്ടില്ലെന്ന് കണ്ടപ്പോൾ അവൾ ചോദിച്ചു:
"എങ്ങനെ മനസ്സിലായി, ഞാനാണ് ഡയറക്ടർ എന്ന്?"
"ഞാൻ രാവിലെ സാറിനെ കണ്ടിരുന്നു. സാർ പറഞ്ഞതാണ്. എഴുത്തുകാരിയും, ചിത്രകാരിയുമായ അഖില സ്ക്രിപ്റ്റും, പോസ്റ്റർ മുതലായ മറ്റു പ്രോപ്സും നല്ല രീതിയിൽ ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് സാർ. പിന്നെ, അഖിലയുടെ സ്വാഭാവികമായ സംഘാടക പാടവം കൂടിയാകുമ്പോൾ നാടകം ഗംഭീരമാകുമെന്ന് ഉറപ്പാണ്."
"അയ്യോ ശ്രീകാന്തേ, സാറിന് എന്നിലുള്ള പ്രതീക്ഷ വളരെ കൂടുതലാണല്ലോ. ഞാൻ ഇത് വരെ ഒരു നാടകം സംവിധാനം ചെയ്തിട്ടില്ല."
"അതോർത്ത് നീ പേടിക്കേണ്ട. നമ്മളെല്ലാവരും നിന്നെ സഹായിക്കാനുണ്ടാകും. പിന്നെ, ബെസ്ററ് ആക്ടർ ആയ ലിജേഷ് നിന്റെ അടുത്ത സുഹൃത്താണല്ലോ."
"പറഞ്ഞു തീർന്നില്ല, ഇതാ ലിജേഷ് എത്തിയല്ലോ!"
"അത് ലിജേഷ് അല്ല, സംഗീത. വിജേഷാണ്."
"അതെയോ? നിനക്കെങ്ങനെയാണ് അവരെ തിരിച്ചറിയാൻ കഴിയുന്നത്? എനിക്കെപ്പോഴും കൺഫ്യൂഷൻ ആണ്."
"ആ പിറകെ വരുന്നതാണ് ലിജേഷ്."
അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചതിനാൽ എല്ലാവരും സംഭാഷണങ്ങൾ നിർത്തി അവരവരുടെ സീറ്റുകളിലിരുന്ന് ക്ലാസ്സിൽ മുഴുകി. എന്നാൽ അഖില മാത്രം എന്തോ ചിത്രം വരച്ചു കൊണ്ടിരുന്നു. അവളുടെ പിറകിൽ ഇരുന്നിരുന്ന ലിജേഷ് മാത്രമായിരുന്നു അത് ശ്രദ്ധിച്ചത്. പക്ഷേ, എന്താണ് വരയ്ക്കുന്നത് എന്ന് മാത്രം അവന് മനസ്സിലായില്ല. 
അന്നത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ, അത് ലിജേഷിന്‌ മാത്രമല്ല, ക്ലാസ്സിലുള്ള എല്ലാവർക്കും മനസ്സിലായി. കാരണം, താൻ വരച്ച പോസ്റ്റർ, അഖില തന്നെ എല്ലാവർക്കും കാണിച്ചു കൊടുത്തു. മംഗൾ പാണ്ഡേയുടെ തോക്ക് ചൂണ്ടിയുള്ള ഒരു പോസ്റ്റർ ആയിരുന്നു അത്. ഒന്നല്ല, മൂന്നായിട്ടായിരുന്നു മംഗൾ പാണ്ഡേ ആ പോസ്റ്ററിൽ നിറഞ്ഞു നിന്നത്. "ആദ്യത്തെ സ്വാതന്ത്ര്യസമരസമര സേനാനി” എന്ന് അതിലും എഴുതിയിരുന്നു. ആ ഏഴുതിയത് വരകൾക്കിടയിൽ അല്പം അവ്യക്തമായി തോന്നിയെങ്കിലും ആ പോസ്റ്റർ കണ്ടപ്പോൾ മംഗൾ പാണ്ഡേ ആയി അഭിനയിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. കാരണം, ലിജേഷിന് ഒരു മീശ വെച്ചാലെന്ന പോലെയായിരുന്നു ആ രൂപങ്ങൾ! അത് കണ്ടപ്പോൾ വിജേഷ്, തന്റെ സഹോദരനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സന്തോഷം എന്നതിനെക്കാൾ ആശ്വാസമായിരുന്നു, ലിജേഷിന്.

“ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അവരുടേതായ സൈന്യമുണ്ടായിരുന്നു. തന്റെ 22-ആം വയസ്സിൽ മംഗൽ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തിൽ ചേർന്നു. 1857 മാർച്ച് 29ന് അദ്ദേഹം ലഫ്ടനന്റ് ബോഗിനെതിരേ വെടിയുതിർത്തു. അങ്ങനെ, മംഗൽ പാണ്ഡേ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനിയായി.”
അഖില നാടകത്തിന്റെ പ്രമേയം ചുരുക്കി പറഞ്ഞു.
“ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് ഡയറക്ടർ തീരുമാനിച്ചോ?”
"സ്ക്രിപ്റ്റ് പൂർത്തിയായില്ല, നന്ദു. എങ്കിലും, നിങ്ങൾ ഊഹിച്ച പോലെ, ലിജേഷാണ് മംഗൽ പാണ്ഡേ. ലഫ്ടനന്റ് ബോഗായി ശ്രീകാന്ത്. ബാക്കി കഥാപാത്രങ്ങളും റോളുകളും ഞാൻ സ്ക്രിപ്റ്റ് തീർത്തിട്ട് പറയാം.”
“വളരെ സന്തോഷമായി, അഖില.”
“ഓക്കെ. പിന്നെ ലിജേഷേ, മംഗൽ പാണ്ഡേ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ബ്രിട്ടീഷ് നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമര തുടക്കം എന്നറിയാമല്ലോ. ഈ റോൾ നീ അവിസ്മരണീയമാക്കണം.”
“തീർച്ചയായും, അഖില. ഈ റോൾ ചെയ്യാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്.”

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക