Image

കല്യാണം,മംഗല്യം,ശുഭം...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 11 June, 2023
കല്യാണം,മംഗല്യം,ശുഭം...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

അടുത്ത ഞായറാഴ്ച്ച ലോകാവസാനമാണെന്ന് ന്യായമായും സംശയിച്ചു പോകും  ഈ ഞായറാഴ്ച്ച ക്ഷണിച്ചിരിക്കുന്ന പരിപാടികളുടെ എണ്ണം കണ്ടാൽ.കല്യാണവും പുരവാസ്തോലിയും ഉൾപ്പെടെ അഞ്ചു ചടങ്ങുകൾ.  എങ്ങനെ പേരിനെങ്കിലും എല്ലായിടത്തും ഓടിയെത്തുമെന്ന് രണ്ടാഴ്ച്ച ആലോചിച്ചെങ്കിലും ഒരു പിടിയും കിട്ടിയില്ല. ഒടുവിൽ ഒരു ഏകദേശ ധാരണയായി.ശനിയാഴ്ച്ച വൈകുന്നേരവും രാത്രിയുമായി രണ്ട് പരിപാടികൾ ഒതുക്കുക.ഞായറാഴ്ച്ച രാവിലെ,ഉച്ചക്ക്,വൈകുന്നേരം..എന്നിങ്ങനെ മൂന്ന് പ്രദർശനങ്ങളോടെ അന്നത്തെ ചടങ്ങുകളും ഒതുക്കുക.പറഞ്ഞു തീർന്നപ്പോഴേക്കും എളുപ്പമായി തോന്നിയെങ്കിലും പലതും പല ദിക്കിലായതിനാൽ ഓടിത്തീർക്കുക അത്ര എളുപ്പമാകാൻ വഴിയില്ല.

ശനിയാഴ്ച്ച ഒരു വിധം പര്യടനങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച്ച രാവിലെ  അടുത്ത ദിവസത്തെ പരിപാടികൾക്കായി കുടുംബസമേതം യാത്ര തിരിച്ചു.ബസ്സിൽ കയറി ടിക്കറ്റെടുത്തപ്പോൾ തന്നെ കണ്ടക്ടർ മുൻ‍കൂർ ജാമ്യമെടുത്തു.ഇറങ്ങുമ്പോൾ ബാക്കി മറക്കാതെ ചോദിച്ചു വാങ്ങിക്കുന്ന കാര്യം മറക്കരുത്. ഇറങ്ങാൻ നേരം നോക്കിയപ്പോഴാകട്ടെ ആ മഹാനുഭാവനെ കാണാനുമില്ല.ഇത്രയും നേരം ബസ്സിൽ അങ്ങുമിങ്ങും ഓടി നടന്ന് ടിക്കറ്റെടുത്തവരോടും എടുക്കാത്തവരോടും ചോദിച്ചു ചോദിച്ചു നടന്ന ആളാണ്. പെട്ടെന്ന് എങ്ങോട്ടാണ് മുങ്ങിയത്.

ഒരുകാൽ അകത്തും ഒരുകാൽ പുറത്തുമായി ഞാൻ കണ്ടക്ടറെ കാത്തു നിന്നു.രണ്ടുകാലും പുറത്തു വെച്ചാൽ ഡബിൾ ബെൽ മുഴങ്ങുമെന്നുറപ്പ്.ഒടുവിൽ ബാക്കി കിട്ടി.നോക്കിയപ്പോൾ ഒരു രൂപ കുറവ്.ചോദിച്ചപ്പോൾ അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ ബാഗൊന്ന് തപ്പിക്കാണിച്ചിട്ട്   ‘’ ചേട്ടാ,ഇത്രയൊക്കെ വാശി പിടിച്ചാൽ വലിയ പാടാ കേട്ടോ.ഇന്നാ ഇതു കൊണ്ടുപോയി രക്ഷപെടുന്നെങ്കിൽ രക്ഷപെട് ‘’ എന്ന് പറഞ്ഞ് താഴേക്കിട്ടു തന്നു.എറിയലും ബെല്ലടിയും ഏതാണ്ട് ഒന്നിച്ചായതിനാൽ എനിക്കെന്തെങ്കിലും പറയാൻ കഴിയും മുമ്പ് വണ്ടി വിട്ടു.അല്ലെങ്കിൽ ഇക്കാലത്ത് ആരോട് എന്ത് പറഞ്ഞിട്ട് എന്താണ് കാര്യം. ഇന്ധന വില കൂടുന്നതനുസരിച്ച് മാറിമാറി നിൽക്കുന്ന വണ്ടിക്കൂലിയുടെ ബാക്കിയെങ്കിലും കിട്ടിയാൽ യാത്രക്കാരുടെ ഭാഗ്യം.

കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ ചെന്നപ്പോൾ തിരക്കോട് തിരക്ക്.രണ്ടു വാതിലിനു മുന്നിലുമായി തുറന്നാലുടൻ ഇടിച്ചു കേറാനായി സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ഇല്ലാത്തവരും തയാറായി നിൽക്കുന്നു.ഭക്ഷണം വിളമ്പൽ നേരത്തെ തന്നെ സമാരംഭിച്ചു.ഇപ്പോൾ ആർക്കും ആരെയും കാത്തു നിൽക്കാൻ സമയമില്ലല്ലോ?വരുന്നവർ വരുന്നവർ ഇടിച്ചു കേറുക,കഴിച്ചു പോകുക.അതിനിടയിൽ വരനും കൂട്ടരും വന്നെന്നിരിക്കും. അവÀ¡v വേണമെ¦n കല്യാണം കഴിച്ചെന്നുമിരിക്കും. ഇത്ര ചെറിയ കാര്യങ്ങളൊക്കെ തിരക്കാൻ ആർക്കാണ് സമയം. കല്യാണക്കാഴ്ച്ചകൾ വീഡിയോവിൽ പകർത്തുന്ന കൂട്ടത്തിൽ ഈ ഇടി കൂടി പകർത്തിയാൽ അത് നല്ലൊരു കാഴ്ച്ച തന്നെയാകുമല്ലോ എന്നോർത്തു കൊണ്ട് കല്യാണ ചടങ്ങുകൾ നടക്കുന്ന മുകൾ നിലയിലേക്ക് പോയി.അതെല്ലാം കഴിഞ്ഞ് വരുമ്പോൾ തിരക്ക് കുറയുമല്ലോ എന്ന് കരുതിയാണ് പോയത്.
                         
 പ്രധാന ചടങ്ങുകൾ കഴിഞ്ഞപ്പോൾ ഭക്ഷണത്തിനായി താഴേക്ക് പോന്നു.വരന്റെ കൂടെ വന്നവരിൽ കുറെപ്പേർ നേരത്തെ തന്നെ താഴേക്ക് പോയിരുന്നു.അവിടെ ചെന്നപ്പോൾ ഭക്ഷണത്തിനുള്ള ഇടി നേരിട്ടുള്ള ഇടിയായി മാറിയിരിക്കുന്നു.വരന്റെ കൂടെ വന്നവരിൽ ചിലർക്ക് ബിരിയാണി കിട്ടാത്തതിലുള്ള തർക്കം സംഘട്ടനത്തിലെത്തിയതാണ്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഹാളിൽ ചിതറിക്കിടക്കുന്ന ഗ്ളാസ്സുകളും പ്ളേറ്റുകളൂം.  താമസിയാതെ കല്യാണച്ചടങ്ങുകൾ പൂർത്തിയാക്കാനായി പോലീസുമെത്തി. കൊള്ളാം,കല്യാണമായാൽ ഇങ്ങനെ വേണം.ബിരിയാണി കിട്ടിയാലും പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ്  വരെ    തല്ലുണ്ടാക്കുന്ന കാലമാണ്..നേരത്തെ വന്നിരുന്നെങ്കിൽ ബിരിയാണി കിട്ടിയില്ലെങ്കിലും ഇടിയെങ്കിലും കിട്ടിയേനെ.ഒന്നും കിട്ടാതെ അവിടുന്ന് കയ്യും വീശി ഇറങ്ങുമ്പോൾ വൈകുന്നേരം പോകാനുദ്ദേശിച്ചിരുന്ന വീട്ടിൽ നേരത്തെ എത്തി. എന്തെങ്കിലും കഴിക്കാം എന്ന ഉദ്ദേശം മാത്രമായിരുന്നു മനസ്സിൽ.അവിടെയും ഇടി നടന്നിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഹോട്ടൽ തന്നെ ആശ്രയം.എന്തായാലും ഒരു ദിവസം ഒന്നിൽ കൂടുതൽ കല്യാണങ്ങളുണ്ടെങ്കിൽ ഇങ്ങനെയും ചില പ്രയോജനങ്ങളുണ്ടെന്ന് അന്നാണ്  മനസ്സിലായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക