Image

ക്രിസ്റ്റലുകൾ എണ്ണിക്കൊണ്ടിരിക്കുന്നവർ ( കവിത : നീത ജോസ് )

Published on 23 January, 2023
ക്രിസ്റ്റലുകൾ എണ്ണിക്കൊണ്ടിരിക്കുന്നവർ ( കവിത : നീത ജോസ് )

കാപ്പി കുടിച്ചു കൊണ്ടിരിക്കവേ 
ക്രിസ്റ്റലുകൾ എണ്ണിക്കൊണ്ടിരുന്നു.
ഇരുപത്തിമൂന്നെണ്ണം എനിക്കും 
അവന് പതിനൊന്നുമെന്നത് 
നേരത്തെ പറഞ്ഞു വച്ചിരുന്നതു കൊണ്ട് 
ഇത്തവണ തർക്കങ്ങളുണ്ടായിരുന്നില്ല.
കറുകപ്പട്ടയും കടലുപ്പും 
ചന്ദനത്തിരി കത്തിത്തീർന്ന ചാരവും കൂട്ടി 
എണ്ണയിൽ ചാലിച്ചത് കരുതി വച്ചിട്ടുണ്ട് ,
മടങ്ങുമ്പോൾ കർപ്പൂരത്തിനൊപ്പം 
അതും കൊടുത്തു വിടണം.
കാപ്പി കുടിച്ചു തീർത്തിട്ടു വേണം 
ഞങ്ങളുണ്ടാക്കിയ വൂഡൂ പാവകളിൽ 
തറയ്ക്കേണ്ട മുള്ളാണികൾ 
തിരഞ്ഞെടുത്തു വയ്ക്കാൻ . 
തല കുടയുമ്പോൾ
മുടിയിൽ നിന്നു വീഴുന്ന 
മണൽത്തരികളെ നോക്കിക്കൊണ്ടിരുന്നു.
ഇത്തവണ അവൻ കടലും 
ഞാൻ കാടുമാണ് കൊണ്ടുവന്നത്.
ഉപ്പു മണക്കുന്ന കാറ്റ് 
അവന്റെ വെള്ളി മൂങ്ങയെ ചുറ്റിക്കറങ്ങി . 
എന്റെ കരിമ്പൂച്ചയാവട്ടെ , 
ഇനിയും ചന്ദ്രനുദിക്കാത്തതിൽ 
അസ്വസ്ഥനെന്ന പോൽ 
ഇരുണ്ട കാടു പോലെ മുരണ്ടു കൊണ്ട് 
ആകാശത്തേക്ക് നോക്കി.
ആ പതിനൊന്ന് ക്രിസ്റ്റലുകൾ 
അവന് കൊടുക്കുന്നതിൽ ഞാനും ,
കൂടുതൽ എനിക്കു തന്നതിൽ അവനും 
കാപ്പി കുടിച്ചു കൊണ്ടിരിക്കേ
എന്നത്തെയും പോലെ
വീണ്ടും വേവലാതിയിലായി. 
എന്നാൽ ഞങ്ങൾക്ക് 
മറ്റാരുമില്ലെന്നറിയുന്നതിനാൽ 
നിലാവു തെളിയുമ്പോൾ പാടേണ്ട 
നീണ്ട പാട്ടിന് താളമിട്ട് 
പാവകൾക്കായി 
കൂർത്ത ആണികൾ തിരഞ്ഞു തുടങ്ങി.

NEETA JOSE - POEM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക