Image

വിരുന്നുകാരെയും കാത്ത് ( അവധിക്കഥ - 10 - പ്രകാശൻ കരിവെള്ളൂർ )

Published on 08 January, 2023
വിരുന്നുകാരെയും കാത്ത് ( അവധിക്കഥ - 10 - പ്രകാശൻ കരിവെള്ളൂർ )

മിനുങ്ങിമലയുടെ താഴ് വരയിൽ ഒരു കുണുങ്ങി മരമുണ്ടായിരുന്നു. പണ്ടൊരിക്കൽ കുറേ പരുന്തുകൾ കൊത്തി മുറിവേൽപ്പിച്ച ഒരു മാലാഖ കുണുങ്ങി മരത്തിന്റെ ചോട്ടിൽ കുഴഞ്ഞു വീണു. കുണുങ്ങി മരം ചില്ലകൾ താഴ്ത്തി മാലാഖയെ ഇലകൾ കൊണ്ട് പൊതിഞ്ഞ് പരുന്തുകളിൽ നിന്നും കാത്തു . ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഇലത്തണുപ്പിൽ മാലാഖ കിടുകിടാന്ന് വിറച്ചു. മാലാഖ മന്ത്രിച്ചു - ഈ മരത്തിന്റെ ഇലകൾ എന്നും ചൂടുള്ള തായിരിക്കട്ടെ . 

അങ്ങനെ പുതുതായി കിട്ടിയ ഇലച്ചൂടിൽ മഞ്ഞിന്റെ കാഠിന്യത്തിൽ നിന്നും രക്ഷപെട്ട മാലാഖയ്ക്ക് കുണുങ്ങിമരം  തന്റെ പഴങ്ങൾ തിന്നാൻ കൊടുത്തു . അത് ഇളം കായ് ആയിരുന്നു. വല്ലാതെ ചവർക്കുന്നു. മാലാഖ ആ പഴം ചവച്ചു തുപ്പി വേറെ പഴത്തിന് കൈ നീട്ടി . കുണുങ്ങി മരം മാലാഖയ്ക്ക് കുറച്ചു കൂടി മൂത്ത കായ്കൾ കുലുക്കിയിട്ടു കൊടുത്തു. അത് തിന്ന് മാലാഖയുടെ മുഖം പിന്നെയും ചുളിഞ്ഞു - ഹോ, ഇതിനെന്തൊരു പുളിയാ ...
ഉടൻ മാലാഖ അടുത്ത മന്ത്രം തൊടുത്തു - ഈ മരത്തിൽ ചവർപ്പും പുളിയുമുള്ള കായ്കൾ ഇല്ലാതാവട്ടെ . ഇളതായിരിക്കുമ്പോൾ തന്നെ എല്ലാ പഴങ്ങളും മധുരമുള്ളതാവട്ടെ . 

കുണുങ്ങിമരത്തിന് സന്തോഷമായി. മുറി വെല്ലാമുണങ്ങി മാലാഖ പോവുമ്പോൾ മരം സങ്കടപ്പെട്ടു. ഞാൻ വീണ്ടും ഒറ്റയ്ക്കാവുമല്ലോ ... 

മരത്തിന്റെ മനസ്സ് മനസ്സിലാക്കിയ മാലാഖ മൊഴിഞ്ഞു - വിഷമിക്കണ്ട . നിന്റെ മധുരക്കനികൾ എല്ലാ കാലത്തും കായ്ക്കും. നിന്നിൽ വേനൽക്കാലത്ത് കുളിരാർന്നതും തണുപ്പുകാലത്ത് ചൂടാർന്നതുമായ ഇലകൾ തളിർക്കും . അതു കൊണ്ട് നിന്നെത്തേടി എല്ലായിപ്പോഴും വിരുന്നു കാരെത്തും .

പറന്നു പോകും മുമ്പ് മാലാഖ പറഞ്ഞതെല്ലാം ഫലിച്ചു. ചൂടു തേടി തണുപ്പൻ കാലത്തു നിന്നും തണുപ്പു തേടി ചൂടുകാലത്തു നിന്നും പക്ഷികളും അണ്ണാർക്കണ്ണന്മാരും  കുണുങ്ങിമരത്തിന്റെ ചില്ലകളിൽ കൂടു കൂട്ടി. ഇളം കനിയും മൂത്ത കായയും പാകമായ പഴവുമെല്ലാം ഒരു പോലെ മധുരിക്കുന്നത് രുചിച്ചറിഞ്ഞ് അവർ അമ്പരന്നു. 

സുഖവാസവും മധുഫലവും തേടി വന്ന ഓരോ കിളിക്കൂട്ടവും ഒരു പാട് കഥകളുമായാണ് പറന്നു വന്നത്. വിത്തു കൊത്താൻ പാടത്ത് പോയ തത്തയ്ക്ക് ടാറ് പുരണ്ട ജില്ലി കൊത്തി കൊക്കടഞ്ഞു പോയത്രേ ! കാക്കക്കൂട്ടിൽ മുട്ടയിടാൻ പോയ കുയിലിനെ ഒരു കൂട്ടം കാക്കകൾ അക്രമിച്ചതിനാൽ ഈ വസന്തകാലത്ത് കാട്ടിൽ പാട്ടില്ലാതായി പോലും ! 
വറുത്ത പയറിന്റെ അളവ് കുറഞ്ഞു പോയി എന്ന് വിചാരിച്ച് മകളെ കൊത്തിപ്പറിച്ച് കൊന്ന ചങ്ങാലി പ്രാവ് സങ്കടത്താൽ തിന്നാനും കുടിക്കാനും മറന്ന് പട്ടിണി കിടന്ന് ചത്തുപോയെന്ന് ! 
അണ്ണാൻകുഞ്ഞിന് പറയാനുണ്ടായിരുന്നത് സ്വന്തം സങ്കടത്തെക്കുറിച്ചായിരുന്നു. കുറേ വർഷമായി വെയിലും മഴയും ഒന്നിച്ച് വരുന്നേയില്ല. പിന്നെയെങ്ങനെ ഞാൻ പിറന്നാളാഘോഷിക്കും? 

കുണുങ്ങി മരത്തിന് കുഞ്ഞണ്ണാനെ സഹായിക്കണമെന്നുണ്ട്. പക്ഷേ എങ്ങനെ ? അന്നത്തെ ആ മാലാഖ വന്നിരുന്നെങ്കിൽ വെയിലിനൊപ്പം ഒന്ന് മഴയും കൂടി വരുത്താൻ പറയാമായിരുന്നു.
അകലെയെവിടെയോ ഇരുന്ന് മാലാഖ മരം ആഗ്രഹിച്ചത് അറിഞ്ഞെന്ന് തോന്നുന്നു. ഉടനതാ ... വെയിലിന്റെ സ്ഫടികഹൃദയത്തിലേക്ക് മഴയുടെ വെള്ളിനൂലുകൾ ഇഴ പാകാൻ തുടങ്ങി. വെയിൽച്ചീളുകളും മഴച്ചില്ലുകളും നനഞ്ഞ് അണ്ണാൻ ആഘോഷത്തിമർപ്പിൽ വാല് കുലുക്കിത്തുള്ളിച്ചാടി. കുണുങ്ങിമരം കുഞ്ഞണ്ണാന് ഒരു മധുരക്കനി തിന്നാൻ കൊടുത്തു. 
പെയ്ത മഴ നിന്നതേയില്ല. അത് മഴക്കാലത്തിന്റെ വരവായിരുന്നു. മഴ നനഞ്ഞ് വിറച്ച പക്ഷികൾ മഴ പെയ്യാത്ത ദേശവും തേടി പറന്നു പോയി.
കൂട്ടുകാരില്ലാത്ത ഈ മഴക്കാലത്തെ താനെങ്ങനെ തരണം ചെയ്യും ?
കുണുങ്ങി മരം  വീണ്ടും സങ്കടത്തിലായി. 

അപ്പോൾ ഒരു സുന്ദരി ചേമ്പിലക്കുടയും ചൂടി  കുണുങ്ങി മരച്ചോട്ടിലേക്ക് കുണുങ്ങിക്കുണുങ്ങി വന്നു. അത് പണ്ടത്തെ മാലാഖയായിരുന്നു. മാലാഖനാട്ടിലെ പുതിയ കഥകൾ പറയാനെത്തിയ വിരുന്നുകാരി .

ഈ ലക്കത്തോടെ പ്രകാശൻ കരിവെള്ളൂരിന്റെ അവധിക്കഥ അവസാനിക്കുന്നു

PRAKASHAN KARIVELLOOR  STORY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക