Image

ഉടൽ (കഥ: രേഷ്മ ലെച്ചൂസ്)

Published on 12 November, 2022
ഉടൽ (കഥ: രേഷ്മ ലെച്ചൂസ്)

ആൾത്തിരക്ക് കുറഞ്ഞ ആ ബസ്സ്റ്റോപ്പിൽ നിന്ന് ലിൻസി കൂരിരുട്ടിനെ കൂട്ടുപിടിച്ച് നീണ്ടു നിവർന്നു കിടക്കുന്ന വീട്ടിലേയ്ക്കുള്ള ചെടികൾ ഇടതൂർന്നു നിൽക്കുന്ന ചെമ്മൺ പാതയിലേയ്ക്ക് ഭയാശങ്കകളോടെ  നോക്കി. ചുറ്റും  പരിചയമുള്ള ആരെങ്കിലുമുണ്ടോയെന്ന് വെറുതെ ഒന്നു തിരഞ്ഞു.മറുതയുടെ സഞ്ചാരമുള്ള സ്ഥലങ്ങളാണ്. ആരോടു പറയാൻ .....ടെക് സ്റ്റെെൽസിന്റെ ഉടമ ബോംബേക്കാരൻ സേട്ടിന്റെ മറുതയെന്ന വാക്കിനോടുള്ള അട്ടഹാസം ഓർത്ത് അവൾക്ക് അരിശം വന്നു. സീസൺ ടൈമിൽ ഒരു സെയിൽസ് ഗേളിന്റെ ഇരുട്ടു കനക്കും വരെയുള്ള ഇരിപ്പുറപ്പിയ്ക്കാനാവാത്ത തിരക്കുകൾ എപ്പോഴേ ശീലമായിരിയ്ക്കുന്നു. പക്ഷെ ഇന്ന് ഒരു പാടു വൈകിയിരിയ്ക്കുന്നു. മണി ഒൻപതോ ... പത്തോ ... ചത്ത വാച്ചിലേയ്ക്കു നോക്കി മൊബൈലടുക്കാൻ മെനക്കെടാതെ അവൾ ഒറ്റ നടപ്പു നടന്നു.

കണ്ണു നേരെയാക്കിയുള്ള പാച്ചിലിലാണ് റോഡിനോട് ചേര്‍ന്ന് ഒരു ആംബുലൻസ് കണ്ടത്. ആംബുലൻസ് പോകുന്ന വഴിയല്ല... ഇന്ന് ആരെങ്കിലും മരിച്ചോ.... ഒരിയ്ക്കലും ലീവ് കിട്ടാത്തതു കൊണ്ട് അറിയിയ്ക്കാതെയിരുന്നതാണോ...?  റോഡരികിൽ എന്തിനാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് മനസിലായില്ല. ഇനി വണ്ടിക്ക് എന്തേലും സംഭവിച്ച് നിൽക്കുകയാണോ.... ആംബുലൻസിന്റെ അടുത്ത് എത്തുന്നതിന് മുമ്പ് അവളൊന്ന് വേഗത കുറച്ചു. ആരെങ്കിലും ഉണ്ടോ എന്ന് നടത്തത്തിനിടയിൽ വല്ലാതെ ശ്രദ്ധിക്കാനും ശ്രദ്ധിയ്ക്കാതിരിയ്ക്കുമായില്ല. ഉള്ളിൽ ചെറിയ വെളിച്ചം മാത്രമേ കാണുന്നുള്ളു.
പുറകുവശത്തെ കർട്ടൻ പതിവുപോലെ  മൂടിയിരിയ്ക്കുന്നു. ഉള്ളിൽ ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. ഏതോ സ്ത്രീയുടെ ശരീരത്തെ കുറിച്ച് മോശമായി എന്തൊക്കെയോ പറയുകയാണ്.  പെട്ടെന്ന് എന്തോ അപകടം മണത്തു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായി. ആംബുലൻസിന്റെ ഉള്ളിലേക്ക് എത്തി നോക്കിയ  ഒരു സെക്കന്റ് കാഴ്ചയിൽ അവൾ പിന്നോട്ട് തള്ളിവീണു പോയി.

ചോരയിൽ കുളിച്ച ഒരു പെൺകുട്ടിയുടെ ചേതന നശിച്ചു തുടങ്ങിയ പാദങ്ങൾക്കു മുകളിൽ  രണ്ടുപേർ .... എന്തോ ആക്സിഡന്റ് പറ്റി ആമ്പൂലൻസിൽ കയറ്റി വിട്ടതാണെന്ന് തോന്നുന്നു. അവളുടെ ഉടലിന്റെ  വർണനകളും തെറിവിളികളും .....
അതുകണ്ടപ്പോൾ അവൾക്കു നിലവിളിക്കാണമായിരുന്നു  സ്വയം നിയന്ത്രിച്ചു വായ പൊത്തി.. വീട്ടിലെത്തിയതും
ശബ്ദമില്ലാതെ ആവോളം കരഞ്ഞു .അവർ അവളെ കാണുന്നതിന് മുൻപ്  ഓടിയ ഓട്ടം ഇരുട്ടിലൂടെ ശബ്ദമുണ്ടാക്കാതെ അവർ ,പിന്തുടരുന്നുവെന്ന തോന്നലായി ഇപ്പോഴും ...

മരണത്തിന്റെ നിർജ്ജീവമായ തണുപ്പു പേറുന്ന ഒരു ആംബുലൻസിൽ പോലും സുരക്ഷിതമല്ലാത്ത പെണ്ണുടലുകളിലൊന്നിന്റെ മരവിച്ച ആത്മാവായി എപ്പോഴായിരിക്കാം അവൾ മാറിയത്?

" ഞാൻ എന്ത് വിശ്വാസത്തിലാണ് സർ ,രാത്രി വൈകി ഒറ്റയ്ക്ക് നടന്ന് പോവുക.എനിക്കത് പറ്റില്ല.ഞാൻ പോവുന്നു ... സർ"

ബോംബേ സേട്ടിനു ചുറ്റുമുള്ള ഉപചാരവൃന്ദം അന്തിച്ചു വായ പൊളിച്ചു നിൽക്കുന്നത് കാണാക്കണ്ണു കൊണ്ടു കണ്ട്   അവളിറങ്ങി... എവിടെയാണ് സ്ത്രീ സുരക്ഷിത എന്ന ഉത്തരംകിട്ടാത്ത ചിന്ത മാത്രം. ... എപ്പോഴും ....'മരിച്ചാൽ പോലും എന്നെ ഒറ്റയ്ക്ക് എവിടെയും കിടത്തരുത് ' എന്ന് അമ്മയോട് പറയണമെന്ന് മനസിൽ ഉറപ്പിച്ച് അവൾ നടന്നു...  ഏറെ നാളുകൾക്കു ശേഷം  ഇടവഴികളുടെ  ഹരിതാഭ മനസ്സിലേറ്റി അവൾ നടന്നു.... ഇന്നലെ ആംബുലൻസ് നിർത്തിയ വഴിയും കടന്ന്...

മരണത്തെയും പേടിക്കണം മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തെ പോലും വെറുതെ വിടില്ല എന്നു ഉറപ്പാണ്........

ജീവിക്കാനും മരിക്കാനും പേടി തോന്നുന്നു. ലോകം ആകെ മാറി പോയിരിക്കുന്നു. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമായി മാറിയിരിക്കുന്നു...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക