Image

ആൽമരം  (കിനാശ്ശേരിക്കാലം 3:റാണി ബി. മേനോന്‍)

Published on 04 October, 2022
ആൽമരം  (കിനാശ്ശേരിക്കാലം 3:റാണി ബി. മേനോന്‍)

Read more: https://emalayalee.com/writer/238

വൃക്ഷങ്ങൾ ജ്ഞാനവൃദ്ധകളായാണ് ജനിയ്ക്കുന്നത്. ജരാനരകളില്ലാതെ. പക്ഷെ, വിത്തിലൊളിച്ചിരിയ്ക്കുന്ന പ്രാണന്റെ അറിവ് അവരെ അനേകായിരം വർഷങ്ങളുടെ അറിവിനുടമകളാക്കുന്നു.
ഒരു വൃക്ഷവും ഒരു ഫലം മാത്രം പുറപ്പെടുവിച്ച് മണ്ണടിഞ്ഞു പോകാറില്ല. ഓരോ വൃക്ഷവും വിരിയിക്കുന്ന അനേകായിരം പുഷ്പങ്ങൾ വിത്തുകളാവാറില്ല. വിത്തായ് തീർന്നവ തന്നെ മുളപൊട്ടുന്നതതിലുമെത്രയോ കുറവ്. മുളപൊട്ടിയവയിൽ തന്നെ ആകാശത്തെ നെഞ്ചകത്തൊതുക്കി വളരുന്നവ എത്രയോ തുച്ഛം. അവയിൽ തന്നെ ജീവിത ചക്രത്തിന്റെതായ തിളപ്പുകൾ താണ്ടി, വൃക്ഷ മുത്തശ്ശിമാരായി തീരുന്നവ വിരലിലെണ്ണാം.
അത്തരം വൃക്ഷങ്ങൾക്ക് ജന്മം നൽകുന്ന വിത്തിലാണ് പ്രകൃതി അവളുടെ സൂത്രവാക്യങ്ങൾ ശ്രദ്ധാപൂർവ്വം കുറിച്ചു വച്ചിരിയ്ക്കുന്നത്. അവിടെ, പ്രകൃതി അവളുടെ കുസൃതികൾ കാണിയ്ക്കാറില്ല. അതൊരുടമ്പടിയാണ്, തരിയായ വിത്തും, കളിക്കമ്പക്കാരിയായ പ്രകൃതിയും തമ്മിലുള്ള ഉടമ്പടി. അലംഘനീയതയാണതിന്റെ അടയാളം. ഇത് വൃക്ഷങ്ങളെക്കുറിച്ചു മാത്രമല്ല, പ്രകൃതിയ്ക്ക് കാതലാവേണ്ട ഓരോ ജീവിയെക്കുറിച്ചും ശരിയായ ഒന്നാണ്.
അവൾ കേളിയാടുന്നത്, അത്തരം ഭാവിയില്ലാത്ത, മുന്നോട്ടു നയിക്കേണ്ടതില്ലാത്തവയുമായിട്ടാണ്. ചിലപ്പോൾ ക്രൂരമായി, ചിലപ്പോൾ സൗമ്യമായി. അതിൽ, ചിലപ്പോൾ ഒരു കാലത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന ചിന്തകന്മാർ മുതൽ, പുഴു വെട്ടി നശിച്ചുപോകുന്നൊരു ചെടി വരെയുണ്ടാകാമെന്നത് അത്ഭുതകരമായിത്തോന്നാം. പക്ഷെ സത്യമാണത്.

കിനാശ്ശേരി ജംഗ്ഷനിലെ ആൽമരം അത്തരമാെരു വൃക്ഷ മുത്തശ്ശിയായിരുന്നു. അവൾ ചിന്തകൻ പക്ഷികളുടെ വ്യഥകൾക്കും, അമൃതവള്ളിയിലകളുടെ ആകാംക്ഷകൾക്കും, ആൽമരച്ചുവട്ടിലെ മനുഷ്യരുടെ സംഭാഷണങ്ങൾക്കും, പുഴയിലൂടൊഴുകിമറയുന്ന വെള്ളത്തുള്ളികൾക്കും,  ആരും കാണാതെ പൂക്കുന്ന ആകാശവിസ്മയങ്ങൾക്കും ഏക സാക്ഷി; സർവ്വ സാക്ഷി. രാഗ, ദ്വേഷ, ഖേദങ്ങളേതുമോലാത്തോൾ.

ശിശിരം കൊഴിച്ചിട്ട ഇലകൾക്കുമേൽ, നഗ്നമാക്കപ്പെട്ട കൊമ്പുകൾ നിലാവിലേയ്ക്കു നീട്ടി കണ്ണുകളടയ്ച്ചും, വർഷകാല പുഴയുടെ വികൃതികളിലടിപതറാതെ കൂട്ടുനിന്നും, വേടുകളുള്ള ശാഖികളിൽ തരുണന്മാരായ കുഞ്ഞാലിലകളിളകിക്കളിയ്ക്കെ വിമുഖയായും, കനത്ത ഇലച്ചാർത്തീലൂടൊരു കുഞ്ഞിക്കിളിപ്പാട്ടൂറി നിറയെ, വാത്സല്യഭരിതയായും വർത്തിയ്ക്കുന്നവൾ.

ഒരു ജീവി ജനിച്ച്, വളർന്ന്, അടുത്ത തലമുറയെ പിറപ്പിച്ച് വാർദ്ധക്യത്തിന്റെ അവശതകൾ താണ്ടി മണ്ണടിഞ്ഞു പോകുമ്പോൾ, (ആൽ)മരങ്ങൾ മറ്റു ജീവവൃന്ദത്തെപ്പോലല്ലാതെ, ജനനത്തിനും,  മരണത്തിനുമിടയ്ക്കുള്ള ശൈശവ, ബാല്യ, കൗമാര യൗവന, വാർദ്ധക്യ വൃത്തം പലവട്ടം പൂർത്തിയാക്കുന്നവർ. 
ഇവൾ കിനാശ്ശേരിയുടെ പച്ചപ്പ്. മൂലാധാരം. ഒരുപാടു ജീവിതങ്ങൾക്ക് താങ്ങായവൾ. ഒരുപാടു ജീവിതങ്ങളെപ്പോറ്റുന്നോൾ.

#കിനാശ്ശേരിക്കാലം

Join WhatsApp News
Sudhir Panikkaveetil 2022-10-04 14:04:55
വികെന്റെ ഇട്ടൂപ്പ് മുതലാളിയുടെ ഭാഷയിൽ നിങ്ങളു സാഹിത്യകാരന്മാർ ... "ഒരു മരത്തെക്കുറിച്ചാണോ ഇത്ര പെരുത്ത് പറഞ്ഞേക്കണ്" നന്നായിട്ടുണ്ട്. അടുത്ത് അധ്യായത്തിനായി കാത്തിരിക്കുന്നു.
Rani B Menon 2022-10-05 05:21:24
നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക