Image

പാപ്പൻ , തരക്കേടില്ലാത്ത എന്റർടെയിനർ : പ്രകാശൻ കരിവെള്ളൂർ

Published on 05 August, 2022
പാപ്പൻ , തരക്കേടില്ലാത്ത എന്റർടെയിനർ :  പ്രകാശൻ കരിവെള്ളൂർ

പറയുന്ന കഥ എത്ര സരളമോ സങ്കീർണ്ണമോ എന്നല്ല , അതിനെ എത്രത്തോളം സിനിമാറ്റിക് ആയി ആവിഷ്കരിക്കുക എന്നതാണ് പ്രധാനം.

അരനൂറ്റാണ്ട് കാലമായി ഇക്കാര്യം സാർവ്വത്രികമായി നിർവഹിച്ച ഒരു സംവിധായകനേ മലയാളത്തിലുള്ളൂ.  എൺപതുകളിൽ  ഒരു കയ്യിൽ കുട്ടി (ബേബി ശാലിനി ) - മറുകയ്യിൽ പെട്ടി ( സ്യൂട്ട് കേസ് ) - ഇടയിൽ ഒരു മമ്മൂട്ടി എന്ന മട്ടിൽ അവതരിച്ച വെറും പൈങ്കിളി പ്രമേയങ്ങൾ പോലും ( സന്ദർഭം , മുഹൂർത്തം 11.30, വീണ്ടും , സായം സന്ധ്യ ... ) ജോഷിയുടെ സാങ്കേതികഭദ്രതയാൽ മികച്ചതായി.

ദിലീപിനെപ്പോലുള്ള കേവലനടന്മാരെ വച്ചും എന്തിന് പുതുമുഖരെ അണിനിരത്തിയും ത്രില്ലർ ഒരുക്കാമെന്ന് അദ്ദേഹം തെളിയിച്ചു ( റൺവേ , സെവൻസ് )

തന്റെ കൈയിൽ കിട്ടിയ കഥയോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകളോ ഒന്നും ബാധകമല്ലാതെ ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും പ്രധാനമാവുന്ന ജോഷി ടച്ച് ഭരതൻ ടച്ച് പോലെ വ്യതിരിക്തത ഉള്ളതല്ല . ആ പരിചരണമേന്മ സിനിമാഗാത്രത്തിലലിഞ്ഞുചേർന്നതാണ്. സുരേഷ് ഗോപിയുടെ ഇടിഞ്ഞു വീണ താരപ്പകിട്ട് ഉചിതവും സമർത്ഥവുമായി വീണ്ടെടുത്ത 'പാപ്പൻ' ഒരു തികഞ്ഞ ഡയറക് ടോറിയൽ സിനിമയാണ്.

ജോഷി തന്നെ സംവിധാനം ചെയ്ത പത്മരാജൻ രചിച്ച ഈ തണുത്ത വെളുപ്പാൻ കാലത്തിന്റെ പ്രമേയത്തിൽ നിന്ന് ഒരു പടി പോലും മുന്നേറാത്തതാണ് പാപ്പന്റെ അടിസ്ഥാന പ്രമേയം. പുതിയ കഥയ്ക്ക് ഒരു പുതുമയുമില്ല. തിരക്കഥയ്ക്കും അഭിനയത്തിനുമൊന്നും പഴയതിന്റെ മേന്മ തൊട്ടു തീണ്ടിയിട്ടില്ല. എന്നാൽ ജോഷിയുടെ ടെക്നിക്കൽ പെർഫക്ഷൻ ഇതുവരെയില്ലാത്ത വിധം അസൂയാവഹമായി തിളങ്ങി വിളങ്ങുകയാണ് പാപ്പനിൽ.

കാലങ്ങളായി സുരേഷ് ഗോപി ചെയ്തുകൊണ്ടിരുന്ന പോലീസ് വേഷത്തിന്റെ തുടർച്ചയെ അദ്ദേഹത്തിന്റെ പ്രായം കൂടി പരിഗണിച്ചു കൊണ്ടുള്ള പാത്രസൃഷ്ടിയാണ് ജോഷിക്ക് കിട്ടിയ അടിസ്ഥാന അസംസ്കൃതവസ്തു .

അതിനെ ചടുലവും വൈകാരികവുമായ ഫ്രെയിമുകളായി വിന്യസിക്കാൻ അജയ് ഡേവിഡിന്റെ ക്യാമറയും ശ്യാം ശശിധരന്റെ എഡിറ്റിങ്ങും പ്രയോജനപ്പെടുത്ത ജോഷിയുടെ കൈയ്യടക്കമാണ് പാപ്പൻ പകരുന്ന യഥാർത്ഥ പ്രേക്ഷണ വിജയം. വന്യവിജനതയിലേക്ക് ചിതറി വീഴുന്ന തീപ്പൊരിയിലേക്ക് അരിച്ചെത്തുന്ന കാറിന്റെ ഹെഡ് ലൈറ്റ് - ഇരുമ്പു പണിക്കാരന്റെ ഉല - കാറിൽ നിന്നിറങ്ങുന്ന നായകൻ - അയാൾ പണം കൊടുത്തു വാങ്ങുന്ന ഇരട്ടത്തലക്കത്തി. ഇത്രയ്ക്ക് അളന്നു മുറിച്ച ഉദ്വേഗഭരിതവും  തീക്ഷ്ണവുമായ ആരംഭദൃശ്യം - (മൂർഖനിലെ ജയൻ നായ്ക്കളെ വലയിൽ കുരുക്കുന്നതിലും മീതെ )  - അപൂർവമായേ കാണാൻ കഴിഞ്ഞിട്ടുള്ളൂ.

കൊലയാളിയുടെ സൈക്കോളജി ഹിച്ച്കോക്കിന്റെ സൈക്കോയിൽ ആരംഭിച്ച പ്രമേയമാണ്. സീരിയൽ കൊലകളും പലകുറി കണ്ടതാണ് നമ്മൾ . മോഹന്റെ മുഖം , നേരത്തേ സൂചിപ്പിച്ച പത്മരാജൻ ജോഷി ടീമിന്റെ വെളുപ്പാൻ കാലത്ത് , അതിന്റെ അനുകരണമായി ജിത്തു ജോസഫിന്റെ മെമ്മറീസ്, ഈയിടെ വന്ന അഞ്ചാം പാതിര ഒട്ടും നല്ല മെയ്ക്കിങ്ങ് അല്ലാത്ത സീ ബീ ഐ 5 ഇതിന്റെ തുടർച്ച മാത്രമായി ചുരുങ്ങിപ്പോവുമായിരുന്നു പാപ്പൻ , സംവിധാനം ചെയ്തത് ജോഷിയല്ലായിരുന്നെങ്കി ൽ .

ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആ ട്വിസ്റ്റുകളുടെ വെടിക്കെട്ട് കോർത്തിണക്കിയ ആ ക്രാഫ്റ്റുണ്ടല്ലോ - അസാധ്യം. ഷാന്റെ തിരക്കഥയിലെ ഘടനാവൈധഗ്ധ്യം പോലും സംവിധാനനിർദ്ദേശങ്ങളുടെ  അനന്തരഫലമല്ലേ എന്ന് തോന്നിക്കും വിധത്തിലാണ് ടോട്ടാലിറ്റിയിൽ ജോഷിയുടെ മേൽക്കൈ. കേവല കേസന്വേഷണമാകാതെ പോലീസുകാരന്റെ ഔദ്യോഗിക കർത്തവ്യ നിർവഹണത്തിനും കുടുംബ ജീവിതത്തിനും ഇടയിലെ സംഘർഷങ്ങൾ ഏറ്റെടുക്കാൻ പാകത്തിലുള്ള സുരേഷ് ഗോപിയുടെ രൂപഭാവങ്ങൾ നമ്മൾ എവിടെയും കണ്ടിട്ടില്ല. താരം അഭിനയത്തിലെ മെക്കാനിസത്തിൽ നിന്ന് ഋഷിതുല്യമായ പാകത നേടിയിരിക്കുന്നു.

മകളും അന്വേഷണ ഉദ്യോഗസ്ഥയുമായ നീതു പിള്ള മറ്റെല്ലാ താരങ്ങളെയും കടത്തി വെട്ടി അഭിനയത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വച്ചത്. വേഷം ചെറുതെങ്കിലും ഷമ്മിയുടെ ഇരട്ടൻ ചാക്കോ ഇടയ്ക്കൊന്ന് തിലകനെ അനുസ്മരിപ്പിച്ചു.

സിനിമാനടന്റേത് എന്ന് തോന്നിപ്പിക്കും വിധം മരത്തിൽ കെട്ടിത്തൂക്കിയ ഡ്രൈവറുടെ ജഢത്തിൽ നിന്ന് വർഷങ്ങൾക്ക്  മുമ്പ് ഒരു പൊൻ കുരിശിനൊപ്പം ആ മരച്ചുവട്ടിൽ കുഴിച്ചുമൂടിയ യുവാവിന്റെ അസ്ഥികൂടത്തിലേക്ക് കഥയെ കൊണ്ടു പോയ രീതിയാണ് പാപ്പന്റെ ഹൈലൈറ്റ്.

സ്വർഗരാജ്യം തേടിയുള്ള മുസ്ളീം പെൺകുട്ടികളുടെ യാത്ര ഐ എസ് തീവ്രവാദത്തിലേക്ക് മാത്രമല്ല മറ്റു മതങ്ങളിലേക്കുമാവാം എന്ന സൂചന സുരേഷ് ഗോപിയുടെ ആർ എസ് എസ് രാഷ്ട്രീയത്തോട് ചേർത്ത് വെക്കുന്നത് അസംബന്ധമാണ്. ഇസ്ളാം വിരുദ്ധതയുടെ കണിക പോലും അതിലില്ല.

മമ്മൂട്ടിയുടെ എസ്ഡിപിഐ രാഷ്ട്രീയം പുഴുവിനെ വിഷജീവിയാക്കിയതു പോലെ സുരേഷ് ഗോപിയുടെ ബീ ജേ പി രാഷ്ട്രീയം പാപ്പനെ പ്രതിലോമപരമാക്കിയില്ല എന്ന് നൂറ് ശതമാനം തീർച്ച. മാത്രവുമല്ല, കുടുംബ രക്ഷയ്ക്ക് വേണ്ടി നീതിന്യായത്തെ കൊന്ന് കുഴിച്ച് മൂടി സമർത്ഥമായി തെളിവ് നശിപ്പിക്കുന്ന ദൃശ്യത്തിലെ ജോർജ്കുട്ടി രാഷ്ട്രീയത്തോട് അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പന്റെ കഥാന്ത്യം.

മക്കളുടെ സുരക്ഷയ്ക്ക് വേണ്ടി ഗത്യന്തരമില്ലാതെ എതിരാളിയെ കൊന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന പാപ്പൻ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ശരികളോട് പ്രതിബദ്ധമാണ്. അത് കാലം ആവശ്യപ്പെടുന്നതുമാണ്. റിട്ടേയർ ചെയ്ത പോലീസ് ഓഫീസറാണ് കേസന്വേഷണത്തിന് സഹായിയായി എത്തുന്നത് എന്ന സൂചന കഥയ്ക്ക് വേണ്ടി ഓക്കെ . അല്ലെങ്കിൽ അതിൽ യുവത്വത്തിന്റെ ശേഷിക്കുറവാണ് അടയാളപ്പെടുന്നത്.

അധികാരം എന്നും താപ്പാനകളുടെ കൈയിൽ എന്ന കീഴ് വഴക്കത്തോട് പൊരുത്തപ്പെടാൻ പ്രേക്ഷക മനസ്സിനെ പാകപ്പെടുത്തുന്ന ഒന്നാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക