Image

കാഴ്ച്ചപ്പണ്ടങ്ങളുടെ കൈകാര്യകാലം - പ്രകാശൻ കരിവെള്ളൂർ

Published on 09 July, 2022
കാഴ്ച്ചപ്പണ്ടങ്ങളുടെ കൈകാര്യകാലം - പ്രകാശൻ കരിവെള്ളൂർ

ടീവിയാനന്തര കേരളത്തിന്റെ കാഴ്ച്ചാസക്തികൾക്ക് പൊതു സമൂഹത്തെ സൈബർ അപാരതകളിലേക്ക് പരിഭാഷപ്പെടുത്താൻ തെല്ലും പ്രയാസമുണ്ടായില്ല. സ്വയം ഫോട്ടോയും വീഡിയോയും എടുത്തും താൻ ഒരു ഐക്കൺ ആണെന്ന വാർത്ത സൃഷ്ടിച്ചും വിലസാൻ ടെക്നോളജി മാത്രം പോരാ തൊലി വെളുപ്പും ശരീരഭംഗിയും വേണം എന്ന തിരിച്ചറിവ് സമൂഹത്തിൽ ഒരു വിഭാഗത്തെ കോസ്മറ്റിക് ധാരാളിത്തത്തലേക്ക് പ്രലോഭിപ്പിച്ചു. ഒരു പതിനഞ്ച് വർഷം മുമ്പ് സിനിമാനായികമാർ മാത്രം ഉപയോഗിച്ചിരുന്ന ഏർപ്പാടുകളാണ് ഇപ്പോൾ സ്ത്രീ പുരുഷ ഭേദമന്യേ പലരും സ്വന്തം വീടുകളിലേക്ക് വാങ്ങിക്കൊണ്ടു പോകുന്നത്. സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ ബ്യൂട്ടി പാർലർ ഒരു പ്രതിമാസ ആവശ്യമായിരിക്കുന്നു. ഇല്ലാത്തവരും വില കുറഞ്ഞ പേക്കറ്റുകളെ ആശ്രയിക്കുന്നു. ശരീരത്തിലെ ചുളിവുകളും മുടി രോമങ്ങളുടെ നരയും കൊണ്ട് ഞാൻ വൃദ്ധ
(ൻ) ആവില്ല എന്ന് ഉറപ്പില്ലാത്തതു കൊണ്ട് നമ്മൾ കരി തേച്ച യുവത്വത്തിന്റെ പ്രയോക്താക്കളായി . തല നരച്ച പക്വതയുടെയും പ്രബുദ്ധതയുടെയും നേതൃത്വമൊന്നും ഒരു പ്രസ്ഥാനത്തിനും ആവശ്യമില്ലാതായി. താടിയും മീശയും നരച്ച നാൽപ്പതുകാരനെ തഴഞ്ഞ് മൊത്തം കരി പൂശിയ അമ്പതുകാരെ യുവനേതാക്കളായി പ്രദർശിപ്പിക്കാൻ പുരോഗമന പ്രസ്ഥാനങ്ങളെ വരെ പ്രലോഭിപ്പിക്കുകയാണ് ഈ ന്യൂജൻ തൊലിവെളുപ്പ് രാഷ്ട്രീയം . യുവത്വത്തിന് പ്രാതിനിധ്യം കൊടുക്കണം എന്ന ആദർശത്തിന്റെ മറവിൽ ഏതാണ്ട് ഇടം കിട്ടിയത് ഈ കാഴ്ച്ചപ്പണ്ട രാഷ്ട്രീയത്തിനാണ്. യുവതീ യുവാക്കളിൽ നിന്ന് തന്നെ ഇവരേക്കാൾ രാഷ്ട്രീയ വ്യക്തിത്വമുള്ളവർ ഉണ്ടായിരുന്നു. എന്നാൽ  അവരിൽ പലരും ഫോട്ടോജനിക്കോ വീഡിയോ സ്മാർട്ടോ ആയിരുന്നില്ല. അതുകൊണ്ട് യുവത്വം എന്നാൽ മാധ്യമലോകം തീരുമാനിച്ച യോഗ്യതാ ചേരുവകൾ ഇണങ്ങുന്നത് എന്നായി . ചുരുക്കത്തിൽ ടീ വി വാർത്തയും സൈബർ നൈരന്തര്യവുമായി ജനങ്ങളെ കാണിക്കാൻ ആകർഷകമായവരെ അണി നിരത്തുക എന്ന ഒരു നയം കക്ഷിഭേദമന്യേ നമ്മുടെ രാഷ്ട്രീയത്തിൽ വന്നു പെട്ടിട്ടുണ്ട് . 
വീറും വാശിയും ഉശിരും മത്സര ബുദ്ധിയും കൊണ്ട് ആണുങ്ങൾ കളിക്കുന്നിടമായി സൈബർ രാഷ്ട്രീയം അധ:പതിച്ചിട്ട് കാലമെത്രയായി ? അവിടെ അമൂൽ ബേബി ആണുങ്ങൾ വേണ്ടത്ര ചെലവാകാത്തതു കൊണ്ടാണ് പകരം രാഷ്ട്രീയ ബാഹ്യമായ പെൺ സാന്നിധ്യങ്ങൾ മാർക്കറ്റ് നേടുന്നത്. സോളാർ സരിത, കള്ളക്കടത്ത് സ്വപ്ന എന്നൊക്കെപ്പറഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് ഒളിച്ചു കടത്തിയ ഈ കാഴ്ച്ചപ്പണ്ട രാഷ്ട്രീയത്തിന്റെ ഇരകളും ഉപഭോക്താക്കളും ഭരണ മുന്നണിക്കനുസരിച്ച് മാറി മാറി വരുമായിരിക്കും. എന്നാലും പ്രബലമായൊരു സംശയം - നമ്മുടെ ബ്യൂറോക്രസിയിലും ഡെമോക്രസിയിലും എങ്ങനെ ഈ മായാമോഹിനിമാർക്ക് ഇടം കിട്ടി ? അതും നിഷ്കാമകർമ്മ മനുഷ്ഠിച്ച് ജീവിക്കേണ്ടി വരുന്ന ഭരണാധികാരികൾ ഭരിക്കുമ്പോൾ ?

ദേവലോകം കീഴടക്കാൻ  വിശ്വാമിത്രൻ ശ്രമിക്കുമ്പോൾ ദേവേന്ദ്രൻ അപ്സരസ്സുകളെ അയച്ചതു പോലെ ഉമ്മൻ ചാണ്ടി ഭരണകാലത്ത് സരിതയേയും പിണറായി വിജയൻ ഭരണകാലത്ത് സ്വപ്നയേയും അയച്ചതിന്റെ കുറ്റം അതാത് കാലത്തെ ദേവേന്ദ്രൻമാർ ഏറ്റെടുത്താലും ഏറ്റെടുത്തില്ലെങ്കിലും വേണ്ടില്ല ,ആ മാദകനൃത്തങ്ങൾ എങ്ങനെ നമ്മുടെ ഭരണനിർവഹണങ്ങളെ സ്വാധീനിക്കും വിധം മേൽക്കൈ നേടി ? എത്തിച്ചേരാവുന്ന ഒരു നിഗമനം ഇതാണ്. പെണ്ണിനെ വച്ച് കളിക്കാവുന്ന ഒരു കളി ഈ കാഴ്ച്ചപ്പണ്ട രാഷ്ട്രീയത്തിൽ ഒരു ന്യൂജൻ ഐറ്റമാണ്. പക്ഷേ , ഇതിലെവിടെയാണ് സനാതനഭാരതം , ദേശീയ രാഷ്ട്രീയം, കമ്യൂണിസ്റ്റ് കേരളം തുടങ്ങിയ ഉമ്മാക്കികൾ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക