Image

വൃത്തിബോധവും എവറസ്റ് യാത്രയും (റാണി ബി. മേനോൻ)

Published on 13 April, 2022
വൃത്തിബോധവും എവറസ്റ് യാത്രയും (റാണി ബി. മേനോൻ)

മിക്കവാറും എല്ലാ മലയാളികളേയും പോലെ വൃത്തിരാേഗം ഉണ്ടായിരുന്നു എനിയ്ക്കും.
അത് കുറച്ചു കുറഞ്ഞത് trekkingനു പോവാൻ തുടങ്ങിയതോടെയാണ്. 
ആദ്യമൊക്കെ Campൽ എത്തിയാൽ തുണി കഴുകലും വിരിയ്ക്കലുമായിരുന്നു പ്രധാന ജോലി. ഹിമാലയൻ റീജിയണിൽ മിക്കവാറും ട്രെക്കിംഗ് നടക്കുക മഴക്കാലത്തായതിനാൽ ഉണങ്ങാത്ത തുണിയുടെ ദുർഗ്ഗന്ധവുമായാണ് ആദ്യം സഹവാസത്തിലായത്. (എന്നാലുമെന്താ "വൃത്തി"യാണല്ലൊ എന്നു സമാധാനിച്ചു).

പിന്നെ കുറച്ചു കൂടി ബുദ്ധിപൂർവ്വം എത്ര ദിവസത്തെ ട്രെക്കിംഗ് ഉണ്ടോ അത്രയും സെറ്റ് ഡ്രസ്സ് കൊണ്ടു പോകുക എന്നാക്കി. ഉയരം കൂടുംതോറും ചായയുടെ സ്വാദ് മാത്രമല്ല കൂടുന്നത്, ചുമക്കാനുള്ള ബുദ്ധിമുട്ടും കൂടും. അങ്ങിനെ നിലവാരം അൽപ്പം താഴ്ത്തി രണ്ടു ദിവസം ഒരേ ഡ്രസ്സിടാം, എന്ന വിനയത്തിലെത്തി.

സർവൈവൽ ഇൻസ്റ്റിംഗ്റ്റ് എന്താണെന്നെന്നെ കൃത്യമായി പഠിപ്പിച്ചത് 2012ൽ ചെയ്ത എവറസ്റ്റ് ബേസ് ക്യാംപ് ട്രെക് ആയിരുന്നു.

ഏതാണ്ട് 18000 അടി മുകളിലേയ്ക്കാണ് യാത്ര. ഉയരത്തിലേയ്ക്ക് പോവുംതോറും സാധനങ്ങളുടെ വില എക്സ്പൊണെൻഷ്യലി ആണു കൂടുക. രണ്ടു സ്ലൈസ് ബ്രെഡ് 200 രൂപ; മൊബൈൽ 30 മിനിറ്റ് ചാർജ്ജ് ചെയ്യാൻ 100-150,  ഇങ്ങിനെ പോകും. ഒരു ഫ്ലാസ്ക് ചൂടുവെള്ളം 250 രൂപയോ മറ്റോ ആണ്. അതോടെ കുളി ഗോവിന്ദ!!! (വൃത്തിയും)

തടിയനങ്ങി പണിയെടുത്ത് ശീലമില്ലാത്തതിനാൽ നടപ്പൊക്കെ പതുക്കെയാണ്. സാധാരണ ഒരു പിട്ടു (ഷെർപ്പ, ചുമടെടുപ്പ്കാരൻ) വിനെ എല്ലായ്പോഴും കൂട്ടത്തിൽ കൂട്ടും. അതു കൊണ്ട് ഗ്രൂപ്പിലുള്ള ബാക്കി ആളുകൾക്ക് എന്നെ കുറിച്ച് ആധി വേണ്ട. എന്റെ സഹയാത്രികൻ റിൻസി ഷെർപ്പ എന്ന 15 വയസ്സുകാരനായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം ഹയർ സ്റ്റഡീസിന് പണമുണ്ടാക്കാനാണ് ചുമട്ടുപണി. 

അവനൊരു ദ്രുതകവിയാണ് എന്നൊരു ദ്രോഹം മാത്രമെ അവനെക്കൊണ്ടുള്ളു. ഇടയ്ക്കിടയ്ക്ക് അവനൊരു കവിത ചൊല്ലും, എന്നിട്ട് ഹിന്ദിയും ജർമ്മനും കലർന്ന, ഇംഗ്ലീഷ് എന്ന് അവൻ ധരിച്ചിരിയ്ക്കുന്ന നേപ്പാളിയിൽ എന്നോട് വർണ്ണന തുടങ്ങും. ആദ്യം 'വാഹ് വാഹ്' പറഞ്ഞു. പിന്നെ എനിക്ക് ചെവി കേൾക്കുന്നില്ല (കമ്പിളിപ്പു തന്നെ....) എന്നു പറഞ്ഞു, അവസാനം അതവനെന്നെക്കൊണ്ടു പറയിച്ചു.
"ഇനി നീ കവിതയെഴുതിച്ചൊല്ലിയാൽ നിന്നെ ഞാനീ വളവിൽ താഴേയ്ക്ക് തട്ടിയിടും" എന്ന് അതോടെ കവിത നിന്നു.

ഗൊരക് ഷെപ് ൽ (അവിടന്ന് 200 മി. ഉയരമേയുള്ളൂ Everest Base campലേയ്ക്ക്. ഏതാണ്ട് 2-3 മണിക്കൂർ കൂടി  വേണം കയറാൻ. അവിടെ  നിന്നും ലൊബു ചെയിലെയ്ക്കുള്ള യാത്രയിൽ ഞാനും റിൻസിയും ഗ്രൂപ്പിൽ നിന്നും ഒറ്റപ്പെട്ടു പോയി. 

പിന്നെ ഞങ്ങൾ ഞങ്ങൾക്കു തോന്നിയ പേസിലായി യാത്രയും താമസവും. അവനും ഞാനും ഖുശി. കുളി സ്വപ്നമായിത്തുടർന്നു. അഞ്ചാം ദിവസം ഫാക്ടിംഗ് എന്ന സ്ഥലത്ത് നല്ല മനസ്സുള്ള ദമ്പതികൾ നടത്തുന്ന home stayൽ അവരെനിയ്ക്ക് രണ്ട് ഫ്ലാസ്ക് വെള്ളം തന്നു കുളിയ്ക്കാൻ, for Rs. 150/- Per flask of hot water- Flask excluded (റിബേറ്റെഡ് റേറ്റിനാധാരം, വീട്ടുടമസ്ഥന്റെ അമ്മാവിയുടെ മകന്റെ അമ്മായിയച്ഛൻ ബാംഗ്ലൂർ കണ്ടിട്ടുണ്ട്; മൈസൂർ എന്ന് കേട്ടിട്ടുണ്ട്.) അന്നത്തെ കുളി - അതൊരാനന്ദമായിരുന്നു. കുളിയും ഉറക്കവും കഴിഞ്ഞ് പിറ്റേന്ന് റിൻസി പതിവുപോലെ കഥ പറഞ്ഞു കൂടെ നടക്കുന്നു.

എന്റെ മുഖം ചുളിയുന്നു, മൂക്കു ചുളിയുന്നു..
ഹോ, ഈ ചെക്കനെ നാറീട്ടു വയ്യ!!!
നീങ്ങി നടക്കെടാ...
അപ്പൊ വൃത്തീന്നു പറഞ്ഞാ ഇത്രയൊക്കെയേ ഉള്ളൂ.

നിങ്ങൾക്ക് afford ചെയ്യാൻ പറ്റുന്നതാണ് നിങ്ങളുടെ വൃത്തിയുടെ ലിമിറ്റ് നിർണ്ണയിക്കുന്നത്.
ഞങ്ങൾ അനാലിറ്റക്കൽ കെമിസ്റ്റുകൾ അതിനെ ബാക്ഗ്രൗണ്ട് നോയ്സ് എന്നു പറയും. അതായത്, BKG കൂടുതലായാൽ നാറ്റം ഫീൽ ചെയ്യില്ല.
#യാത്ര

Join WhatsApp News
Sudhir Panikkaveetil 2022-04-13 18:25:30
യാത്രാവിവരണം തുടരുമല്ലോ. മാഡം എഴുത്തുകാരിയാണെന്നു അറിഞ്ഞു സന്തോഷിപ്പിക്കാൻ ഷെർപ്പ കവിയായതും ആകാം. എവിടെ ചെന്നാലും സാഹിത്യകാരന്മാരെക്കൊണ്ട് ശല്യമായി. അമേരിക്കൻ മലയാളികൾ മുഴുവൻ എഴുത്തുകാരാണ്. ഷെർപ്പയുടെ സേവനം കഴിഞ്ഞു അവൻ പിരിഞ്ഞുപോകുമ്പോൾ ഫയർവെൽ സോങ് എഴുതിക്കാണും. കൂടുതൽ ബക്ഷീഷ് കിട്ടാൻ. അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
vayanakaaran 2022-04-14 00:15:12
അമേരിക്കൻ മലയാളികൾ മുഴുവൻ എഴുത്തുകാരായതുകൊണ്ടായിരിക്കുമോ ടെക്സാസ് യൂണിവേഴ്സിറ്റി മലയാളം വിഭാഗം തുടങ്ങാം എന്ന് കരുതിയത്. എന്തായാലും നല്ല കാര്യം.
Cyriac George 2022-04-14 08:27:07
നന്നായി എഴുതിയിട്ടുണ്ട്. ഓരോ ചെറിയതെന്ന് തോന്നുന്ന സംഭവങ്ങൾക്ക് ജീവൻ കൊടുത്തിരിക്കുന്നു. തുടരൂ. കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക