Image

ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)

Published on 23 July, 2021
ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)
കോപ്പ അമേരിക്ക -കാത്തിരിപ്പിന്റെ കാലദൈർഘ്യം കൊണ്ട് വീര്യം കൂടിയവിജയത്തിന്റെ മുന്തിരി ചാറ് നിറഞ്ഞ വിജയ ചഷകത്തിൽ ലയണൽ മെസ്സിയും, കൂട്ടുകാരും ചുംബിച്ചപ്പോൾ ലോകം ആശ്വാസ നിശ്വാസമുതിർത്തു.ഫുട്‌ബോളിന്റെ മിശിഹാക്ക് കളം വിടുന്നതിന് മുൻപ് അങ്ങനെയൊരു കിരീടധാരണം വേണമെന്ന് ലോകം മോഹിച്ചിരുന്നു.വിജയോന്മഥത്തിന്റെ ആ നിമിഷത്തെയും നിഷ്പ്രഭമാക്കിയ
മറ്റൊരു മുഹൂർത്തം കൂടി ലോകം അന്ന് കണ്ടു.വിജയം ഘോഷിക്കുന്ന തന്റെ കൂട്ടുകാർക്കിടയിൽ നിന്നും വന്ന്, മെസ്സി തന്റെ എതിർ ടീം അംഗമായ നെയ്മറെ ആഴത്തിൽ പുണർന്നപ്പോൾ, ഏറെ നേരം അയാളുടെ  വിയർത്ത ഉടലിലും, ശിരസിലും തഴുകി ആശ്വസിപ്പിച്ചപ്പോൾ മത്സരങ്ങൾക്ക് അപ്പുറമുള്ള, മനുഷ്യസ്നേഹത്തിനു മുൻപിൽ ലോകം മിഴി നിറഞ്ഞു നിന്നു.

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അകം നിറഞ്ഞ അലിവോടെ, സ്നേഹത്തോടെ സ്പർശിക്കുമ്പോൾ  മനുഷ്യകുലം വിശുദ്ധി കൊണ്ട് ജ്ഞാനസ്നാനം ചെയ്യപ്പെടുന്നു.അന്നോളം ചെയ്ത പാപങ്ങൾ എല്ലാം പൊറുത്ത്, വീണ്ടുംജീവിക്കാനുള്ള അനുവാദം ദൈവം മനുഷ്യർക്ക് കൊടുക്കുന്നു.കാരണം മനുഷ്യ സ്നേഹത്തോളം ഭംഗിയുള്ള ഒന്ന് ദൈവം കണ്ടിട്ടേയില്ല.അത് കാണുമ്പോൾ ഒക്കെ
മനുഷ്യന്റെ മറ്റെല്ലാ തിന്മകളെയും പൊറുക്കുവാനുള്ള കാരുണ്യം ദൈവത്തിൽ നിറയുന്നു.

മനുഷ്യനോളം ഉള്ളറിഞ്ഞു തന്റെ സഹജീവിയെ സ്പർശിക്കുന്ന മറ്റൊരു ജീവവർഗം ഭൂമിയിൽ ഇല്ല. പരിണാമത്തിന്റെ പടവുകളിൽ, തങ്ങളെക്കാൾ പതിന്മടങ്ങു ശാരീരിക ശേഷികൾ ഉണ്ടായിരുന്ന ജീവവർഗ്ഗങ്ങളെ പ്രതിരോധിക്കാനും, സ്വന്തം വംശത്തിന്റെ നിലനിൽപ്പ് ഉറപ്പ് വരുത്താനും കൂടിച്ചേർന്ന് നിൽക്കേണ്ടത് മനുഷ്യന്റെ ആവശ്യമായിരുന്നു.സാമൂഹിക ജീവിയാകുക അല്ലെങ്കിൽ ഇല്ലാതാകുക എന്ന തിരഞ്ഞെടുപ്പ് മാത്രമേ അവർക്ക് നടത്തേണ്ടിയിരുന്നുള്ളൂ.ഒരുമിച്ച്
വേട്ടയാടി ആഹാരം കണ്ടെത്തുകയും, കൊല്ലാൻ ചീറിയെത്തുന്ന മൃഗങ്ങളോട് ഒന്നിച്ച് നിന്ന് എതിർക്കുകയും, കോപിക്കുന്ന പ്രകൃതിയെ കൂട്ടമായി നിന്ന് ഇണക്കുകയും ചെയ്ത മനുഷ്യന്റെ ആശയവിനിമയത്തിന്റെ ആദ്യ ഭാഷ സ്പർശനത്തിന്റേത് ആയിരുന്നു.

കോർത്തു പിടിച്ച കൈകളും,ചേർത്തു പിടിച്ച ഉടലുകളും കൊണ്ടാണ് പൂർവികർ മനുഷ്യസ്നേഹത്തിന്റെ സംസ്കാരത്തിന് ഊടും, പാവും പാകിയത്.മഞ്ഞു പൊഴിയുന്ന പുൽമേടുകളിൽ ,കാറ്റ് ചീറുന്ന സമതലങ്ങളിൽ ,തങ്ങൾക്ക് നേരെ നഖവും പല്ലും കൂർപ്പിച്ചെത്തുന്ന വലിയ ജീവികൾക്ക് മുന്നിൽ ചെറിയ മനുഷ്യർ തങ്ങളുടെ ചേർത്തു പിടിച്ച കൈകളുമായി സ്നേഹം കൊണ്ട് അതിജീവിച്ചു...സ്നേഹത്തിനു മാത്രം സാധ്യമാകുന്ന അതിജീവനം.

തീവ്രമായ വൈകാരികത തങ്ങളുടെ ഓരോ തൊടലുകളിലേക്കും മനുഷ്യർ ചേർത്ത് വയ്ക്കുന്നു.ഓരോ വിരൽ നീട്ടി തൊടലുകളും നമുക്ക് ഓരോ പ്രതിജ്ഞകൾ ആണ്.സ്പർശത്തിന്റെ കലയെ,എത്ര ഭംഗിയായിട്ടാണ് സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുള്ളത്.പരസ്പരം കാണുമ്പോൾ ഉള്ള ഹസ്തദാനങ്ങൾ, പാദനമസ്കാരങ്ങൾ, സ്നേഹാശ്ലേഷങ്ങൾ...

ഒരു ചേർത്തു പിടിക്കലിന് വേണ്ടി അത്രമേൽ കൊതിച്ച എത്ര ജീവിതമാത്രകൾ ഉണ്ടായിട്ടുണ്ട്.പണവും, പദവിയും, പ്രതാപവും എല്ലാം മാറ്റി വച്ച് മറ്റൊരാളിലേക്ക് താൻ മാത്രമായി ഒന്ന് ചാഞ്ഞിരിക്കാൻ മനുഷ്യർക്ക് എന്ത് മോഹമാണ്....

അത്രമേൽ ദാഹിച്ചു കാത്തു നിന്നിട്ടും , കിട്ടാതെ പോയ ഒരു ചുംബനത്തെ കുറിച്ചോർത്തു ആരും കാണാതെ കരയുന്നവർ, മുന്നിലേക്ക് നീട്ടി പിടിച്ചിട്ടും ഇഷ്ട്ടമുള്ള ഒരാൾ തൊടാതെ പോയ കൈത്തലങ്ങളിലേക്ക് നോക്കി നോക്കി നീറുന്നവർ.ഒരു സ്പർശം നമുക്ക് ചില ഉറപ്പുകൾ ആണ്...വാക്കുകൾ കൊണ്ട് മലിനപ്പെടാത്ത പൂർണതകൾ.

ഒരു ചേർത്തു നിർത്തലിൽ പെയ്ത് ഒലിച്ചു പോകുന്ന പക...ഒരു ചുംബനത്തിൽ ഉരുകി പോകുന്ന സങ്കടം...കയ്യൊന്നു കൂട്ടി പിടിക്കുമ്പോൾ പതഞ്ഞു നിറയുന്ന വിശ്വാസം... പതുക്കെ ഒന്ന് മുടിയിൽ തൊടുമ്പോൾ ഒഴുകി നിറയുന്ന സ്നേഹം, തോളിൽ ഒന്ന് മുറുക്കെ അമർത്തുമ്പോൾ പകർന്ന് കൊടുക്കുന്ന ആത്മവിശ്വാസം...എത്ര മഹിമയാർന്നത് ആണ് മനുഷ്യ സ്പർശം.

ഒന്ന് ചേർത്ത് നിർത്താൻ കഴിയുക എന്നതിനേക്കാൾ എന്ത് വലിയ വിപ്ലവമാണ് നമുക്ക് ഈ ജീവിതം കൊണ്ട് സാധ്യമാകുക... മനുഷ്യന്റെ വിരൽത്തുമ്പിൽ നിന്നാണ് സ്നേഹത്തിന്റെ നക്ഷത്രങ്ങൾ പിറവി കൊള്ളുന്നത്.

(തലക്കെട്ടിന് കടപ്പാട് : ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ആനന്ദധാര' എന്ന കവിത)
ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)
Join WhatsApp News
Rasika Bharathan 2021-07-25 02:07:41
You are a gentle person,your writing touches our hearts I love your writings stirring our souls and making people feel good
Thomas K Varghese 2021-07-26 19:25:56
നല്ല ഭാഷയിൽ ആത്മാവിനെ തൊട്ടുണർത്തുന്ന നല്ല ലേഖനം. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക